Friday, November 8, 2013

എന്നോട് ക്ഷമിക്കുക....

 
എന്നോട് ക്ഷമിക്കുക..
എന്‍റെ മക്കളെ നിങ്ങള്‍ക്കു തരാനിനിയു-
മെന്‍വശമെന്തവശേഷിപ്പൂ എന്നോടു ക്ഷമിക്കുക....
എന്‍റെ മുഖപ്രസാദവും, സിരകളിലെ രക്തവും, മാറിലെ മുഴുപ്പുകളും, മനസ്സിലെ മോഹങ്ങളും എല്ലാം
എന്റെ കണ്ണിലെ ചുടുനീരാക്കി മാറ്റിയതും, എന്നുമെന്‍ മേനി കുത്തിക്കീറുന്നതും, ശാപവാക്കുകള്‍ ചൊരിയുന്നതും, എണ്ണമില്ലാത്ത ആഘാതങ്ങളേകുന്നതും
എല്ലാം നീ മറന്നുവോ?
എന്‍റെ മുടിയില്‍ ചൂടിയ പൂവുകള്‍
എടുത്തെറിഞ്ഞു വീണ്ടുമുന്മത്തനായി
നീയെന്‍ തല മുണ്ഡനം ചെയ്തില്ലേ? എന്‍ശ്വാസനിശ്വാസങ്ങളില്‍ വിഷലിപ്തമാം
എണ്ണക്കറുപ്പു കലര്‍ത്തിയതും പോരാതെ, എന്‍നാഭിയിലേക്കുരുക്കിയൊഴിച്ചു നിന്‍റെ
എരിയുന്ന ചൂളയിലുരുകും രസങ്ങള്‍. 
എന്‍റെ നിസ്സീമമാം ഐശ്വര്യങ്ങള്‍  എണ്ണമിട്ടു വില പേശി,
കമ്പോളത്തില്‍ വിറ്റതും, എന്റെ ചാരിത്ര്യം,
ചുവന്ന തെരുവുകളിട്ട് കവര്‍ന്നെടുത്തതും, എന്‍റെ ശാലീനതയില്‍
നിന്റെ ക്രൌര്യം ഏറ്റിയ
കഠാരകളില്‍ ഞാന്‍ പിടഞ്ഞതും, എല്ലാം നീ മറന്നുവോ
 
എല്ലാത്തിനുമൊരന്ത്യമുണ്ടാകുമെന്നറിഞ്ഞിട്ടും,
എന്നിലൂറുംഅവസാന നിണത്തിനായല്ലേ
എന്നുമെപ്പോഴും നിന്റെയീ ദാഹം? എന്ത് ചെയ്താലുമെന്തിനെന്നാരായാത്ത എന്നോടെന്തിനു ചെയ്യുന്നു ഈ ക്രൂരത? എന്ത് കിട്ടിയാലാണിനിയൊടുങ്ങുക 
നിങ്ങളുടെയീ  എണ്ണിയാലൊടുങ്ങാത്ത
അതിമോഹ ചിന്തകള്‍?
എത്ര വാത്സല്യത്തോടെയാണ് ഞാന്‍ നിങ്ങളെ-
യെന്‍ ഉദരത്തില്‍ ചുമന്നു പ്രസവിച്ച-
തെന്നോര്‍ക്കുന്നുവോ മക്കളെയൊരു മാത്ര പോലും? എന്റെ മാറിടങ്ങള്‍
പിഴിഞ്ഞു പിഴിഞ്ഞു നിങ്ങളെന്‍ 
ചോരയുമൂറ്റിക്കുടിച്ചപ്പോഴും
നിങ്ങളോടെന്തെന്നില്ലാത്ത
സ്നേഹാതിരേകങ്ങളായിരുന്നു എന്നും
ഒരമ്മ തന്‍ പൈതലിനോടെന്ന വണ്ണം. 
എനിക്ക് വയ്യാതായി മക്കളെ
സഹിക്കാനിനിയുമീയെരിതീയില്‍
പൊരിഞ്ഞു വിലപിക്കുവാന്‍.
തരുവാനിനിയുമെന്തവശേഷിക്കുന്നൂ.. എന്‍മാറിലെയെണ്ണിയാലൊതുങ്ങാത്ത വ്രണങ്ങളോ?    
എല്ലാം നിങ്ങള്‍ പങ്കിട്ടെടുത്തിട്ടും മതി വരാതെ,
എന്തിനുമിനിയും ചോദിക്കുന്നു വൃഥാ?
എപ്പോഴും വറ്റാത്തൊരക്ഷയപാത്രത്തോടെന്ന പോല്‍, എന്നോട് ക്ഷമിക്കുക.. എന്നോട് ക്ഷമിക്കുക.
                                        -
ജോയ് ഗുരുവായൂര്‍

No comments:

Post a Comment