Friday, November 8, 2013

പുതുവത്സര ചിന്തകള്‍

 
പുതുവത്സര ചിന്തകള്‍ 
ആശകളും പ്രതീക്ഷകളും വഹിക്കുമീ, 
ഈ യാനപാത്രം തകര്‍ന്നു വീഴാതിരിക്കട്ടെ.
വചനങ്ങള്‍ വളച്ചൊടിച്ചു മനുഷ്യര്‍,
കല്‍പ്പിക്കുന്ന ലോകാവസാനങ്ങളെയും,
രക്തസാക്ഷികളായ പഴയ നല്ല മനുഷ്യരുടെ,
അന്നത്തെ തത്വശാസ്ത്രങ്ങളെയും,   
അപഗ്രഥിച്ചു മുന്നെറട്ടെ പുതിയ ചിന്തകള്‍.
ലെനിനും കര്‍ഷകനും ആദാമിന്റെ മകന്‍ അബുവും,
നല്ല സമരിയാക്കാരനും അഹിംസാചിന്തകളും,   
നല്ല മനസ്സുകളില്‍ അമരങ്ങളാവട്ടെ.
പഴയ സംഭാരത്തിന്റെ പുളിയും,
മുതുനെല്ലിക്കയുടെ പിന്മധുരവും,
മുത്തുകുടിയന്‍ മാമ്പഴത്തിന്റെ മാധുര്യവും,
മഷിത്തണ്ടിന്റെ ആര്‍ദ്രതയും,
മഞ്ചാടിക്കുരുവിന്റെ തിളക്കവും,
മയില്‍പീലിയുടെ മോഹങ്ങളും,
കാക്കയുടെ വിരുന്നു വിളിയും, 
തൊട്ടാവാടിയുടെ നാണവും,
പുതുമനസ്സുകളിലെന്നും അനശ്വരങ്ങളാവട്ടെ.
ഒരു മുത്തശ്ശിക്കഥ പോലെ ക്ഷണികമാമീ-
നശ്വരജീവിതം അതിഭാവുകങ്ങളാല്‍,
ക്ഷിപ്രക്ഷണികമാകാതിരിക്കട്ടെ.
മനസ്സിലെ കതിരിന്‍ നെന്മണികള്‍,
പതിരാവാതെ കാത്തു സൂക്ഷിക്കാന്‍,
ആധുനികതയുടെ കീടങ്ങള്‍ക്ക്
വിളനിലമാകാതിരിക്കട്ടെയെന്നും  
കറ പറ്റാത്ത സന്മനസ്സുകള്‍. 
എല്ലാ കൂട്ടുകാര്‍ക്കും ശുഭപ്രതീക്ഷകളുടെ പുതുവത്സരം ആശംസിക്കുന്നു... ഒത്തിരി സ്നേഹത്തോടെ  
ജോയ് ഗുരുവായൂര്‍

No comments:

Post a Comment