വിശ്വരൂപം
പുറത്തു അപ്പോഴും മഞ്ഞു വീഴുന്നുണ്ടായിരുന്നു. അടച്ചിട്ട കാരവനിലെ ദൃഷ്ടിഗോചരമല്ലാത്ത വിടവുകളിലൂടെ അരിച്ചു കയറുന്ന തണുപ്പില്‍ നിന്നും രക്ഷ നേടാന്‍ രമേശ് ഒരു സ്വെറ്റര്‍ എടുത്തു ധരിച്ചു.
"ബിംഗ്".. രമേശ് തുറന്നു വച്ചിരിക്കുന്ന ലാപ്ടോപ്പിലേക്ക് നോക്കി. തന്റെ ഇന്‍ബോക്സില്‍ ഏതോ മെയില്‍ വന്നിരിക്കുന്നു. ഈ വരണ്ട ജീവിതത്തില്‍ ആകെയുള്ള ഒരു ആശ്വാസം ഇന്റര്‍നെറ്റ് ആണ്. ജിജ്ഞാസയോടെ അവന് മെയില്‍ പരിശോധിച്ചു.
മനസ്സില്‍ ജിജ്ഞാസ കൂട് കൂട്ടാന്‍ തുടങ്ങി. അറിയാതെ 'ജോയിന്‍' എന്ന ബട്ടണില്‍ ക്ലിക്ക് വീണു.. അഡ്മിന് ചോദിച്ച വിവരങ്ങള്‍ എല്ലാം വാസ്തവവിരുദ്ധമായാണ് നല്‍കിയത്. ഈമെയിലും ഫോട്ടോയും ഒഴികെ. സ്വാഗത സന്ദേശങ്ങളുടെ പ്രവാഹം ഇന്‍ബോക്സില്‍. മീരാ നായര്‍ക്കു വേണ്ടിയുള്ള തിരച്ചിലിനിടയില്‍ അതൊന്നും ഗൌനിച്ചില്ല.
ഹൃദ്യമായ പുഞ്ചിരി തൂകിക്കൊണ്ടിരിക്കുന്ന മീര നായര്‍. ആ പ്രൊഫൈല്‍ അരിച്ചു പെറുക്കി. വളരെ സോഷ്യല്‍ ആയ പ്രകൃതം. ഭാവനാസമൃദ്ധമായ ഏതാനും ബ്ലോഗുകളും. എല്ലാത്തിന്റെയും പ്രമേയം സ്നേഹവും പ്രണയവും തന്നെ. ഒരു 'ഫ്രണ്ട് റിക്വസ്റ്റ്' അയച്ചു. നിമിഷ നേരത്തിനുള്ളില്‍ തന്നെ അത് സ്വീകരിച്ചു എന്നറിയിക്കുന്ന മെയില്‍. ഹൃദയം ഒന്ന് തുടിച്ചു. മരുഭൂമിയെ മൂടിപ്പൊതിഞ്ഞ ആകാശത്തില്‍ കാര്‍മേഘങ്ങളുടെ വരവറിയിക്കുന്ന പ്രത്യാശയുടെ ഇരുള് പടരുന്നുവോ?
പത്താം ക്ലാസ്സില്‍ മലയാളം പഠിപ്പിച്ച 'കുമാരന് മാഷ്' ഇതാ അനര്‍ഗളമായി തന്റെ പ്രൊഫൈലില്‍ ഒഴുകുന്നു. വര്‍ഷങ്ങളായി മനസ്സില്‍ പൊടി പിടിച്ചു മന്ദിച്ചു കിടന്ന മലയാളം അക്ഷരങ്ങള്‍ക്ക് നവജീവന്‍ ലഭിക്കുന്നുവോ? ഭാവനയില്‍ നിന്നും പ്രൊഫൈല്‍ പേജിലേക്ക് ഉതിര്‍ന്നു വീണ വരികള്‍ കണ്ടു രമേശ് കോരിത്തരിച്ചു. ജീവിതത്തിലെ വിജയങ്ങള്‍ക്കും പരാജയങ്ങള്‍ക്കും പുറകില്‍ തിരഞ്ഞു നോക്കിയാല്‍ ഒരു സ്ത്രീയുടെ ശക്തമായ പങ്കു വ്യക്തമായി കാണാം എന്ന് പറഞ്ഞു കേള്‍ക്കുന്നത് വെറുതെയല്ല. തന്റെ ഈ ചവിട്ടു പടി വിജയത്തിലേക്കുള്ളതോ അഥവാ പരാജയത്തിലെക്കോ?
ചാറ്റ് ബോക്സില്‍ ബഹളം. മിക്സിയില്‍ ധാന്യങ്ങള്‍ കുഴഞ്ഞു മറിയുന്നത് പോലെ വരികളും സ്മൈലികളും മുഖങ്ങളും കൂട്ടിക്കുഴഞ്ഞു അതിവേഗത്തില്‍ പറന്നു പോയിക്കൊണ്ടിരിക്കുന്നു. അതില്‍ സജീവമായി അവളുമുണ്ട്. പൊതുവേ ജനസമ്മതയാണെന്ന് തോന്നുന്നു. നിമിഷ നേരം കൊണ്ട് ഉത്തരങ്ങള്‍ കൊടുത്തുകൊണ്ട് ഒരു യുദ്ധം ജയിച്ചു മുന്നേറുന്ന പ്രതീതിയോടെ അവള്. ഒരു മരത്തിനു മറവില്‍ നിന്ന് വീക്ഷിക്കും പോലെ എല്ലാം നിശബ്ദമായി വീക്ഷിച്ചു. ചാറ്റിലേക്ക് ഇറങ്ങാന്‍ ഒരു അപകര്‍ഷതാബോധം. വേണ്ട ഒരു പേര്‍സണല്‍ മെസേജ് അയക്കാം.
"ഹലോ മീര? എന്നെ ഒരു സുഹൃത്തായി സ്വീകരിച്ചതിനു നന്ദി. വിരോധമില്ലെങ്കില്‍ മീരയെ പറ്റി കൂടുതല്‍ അറിയാനും സൗഹൃദം വളര്‍ത്താനും ആഗ്രഹിക്കുന്നു. ഞാന്‍ രമേശ്.. .......... " ഒരു ചുരുങ്ങിയ വിവരണം. മറുപടിയും പ്രതീക്ഷിച്ചു ജിജ്ഞാസയോടെ....
യെസ്.. അവളുടെ പ്രതികരണം. "നല്ല സൌഹൃദങ്ങള്‍ എന്നും എനിക്ക് സ്വീകാര്യം ആയിരുന്നു. ഇതും അങ്ങനെയാണെങ്കില്‍... എനിക്കെന്തു വിരോധം.. ഞാന്‍ മീര.. നന്ദിനി മേനോന് എന്ന് ആണ് ശരിക്കും ഉള്ള പേര്. ഞാനും ഇതേ വരെ ആരുടെ മുമ്പിലും കഴുത്തു നീട്ടിക്കൊടുത്തിട്ടില്ല. കോളേജു ജീവിതവും ബാച്ച്ലര് ജീവിതവും ഒക്കെ ഒന്ന് അടിച്ചു പൊളിക്കട്ടെ എന്ന് കരുതി. ജീവിതത്തിലൂടെ കടന്നു പോകുന്ന നല്ല നിമിഷങ്ങള്‍ തിരിച്ചു പിടിക്കാന്‍ നമുക്ക് ഒരിക്കലും സാധിക്കില്ലല്ലോ. ഇത്രയും ഇപ്പോള്‍.... ബാക്കി വഴിയെ പരിചയപ്പെടാമല്ലോ.."
കഴുത്തിനു പുറകിലൂടെ തലച്ചോറിലേക്ക് പോകുന്ന ഞരമ്പുകളില്‍ രക്തപ്രവാഹം വര്‍ദ്ധിച്ച് ഒരു വിസ്ഫോടനം തന്നെ നടക്കുമോ എന്ന് അവനു തോന്നി. ശ്യൂന്യത കൂട് കൂട്ടിയിരുന്ന തന്റെ മനസ്സിലും എവിടെ നിന്നോ പറന്നു വന്നൊരു ആറ്റക്കിളി കൂട് കൂട്ടാനോരുങ്ങുന്നുവോ? ഇനിയിവിടെ പുല്‍ത്തകിടികളും പൂങ്കാവനങ്ങളും പൂമ്പാറ്റകളും പ്രത്യക്ഷപ്പെട്ടേക്കാം. വരണ്ട നീര്‍ച്ചാലുകള്‍ക്ക് പുളകമുണ്ടാക്കാന് പുഴകള്‍ ചിരിമുത്തുകള്‍ പൊഴിച്ച് കൊണ്ട് ഒഴുകിയേക്കാം. അതില്‍ അരയന്നങ്ങള്‍ താമരനൂലും തേടി അലഞ്ഞു തിരിഞ്ഞെക്കാം. പിന്നെ പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന പൂമരത്തിന്റെ തണലില്‍ ഒരു നളനും ദമയന്തിയും..
മരുഭൂമിയില്‍ ഉരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ വൃഷ്ടി ആരംഭിച്ചു. മയങ്ങിക്കിടന്നിരുന്ന വിത്തുകള്‍ പൊട്ടി മുളച്ചു. വരണ്ടു പൊട്ടിയ മുറിവുകള്‍ മാറി മരുഭൂമിയുടെ ഹൃദയഭാഗം സ്നിഗ്ദതയേറിയതായി. പൂമ്പാറ്റകള്‍ പുതുമഴ മോഹിച്ച ഈയാം പാറ്റകളെ പോലെ സ്വപ്നങ്ങള്‍ എല്ലാം ഇതാ സഫലമാകുന്നു. സിരകളില്‍ ഉന്മാദലഹരി. "രമേശ്.. യു ആര് ഇന്‍ ലവ്" അന്തരംഗം മന്ത്രിച്ചു. ഇതേ വരെ തെടിയെത്താത്ത ഒരു അനുഭൂതി മനസ്സിനെ പുളകിതമാക്കുന്നു.
ദിവസവും ഒരു "ഹായ്..", ഒരു ഇന്‍ബോക്സ് മെസേജ് അല്ലെങ്കില്‍ ഒരു ഓഫ് ലൈന്‍ മെസേജ് ഇതെങ്കിലും കിട്ടിയില്ലെങ്കില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുന്നതല്ലാതെ വൃഷ്ടിയുണ്ടാവില്ല. പുഴയുടെ ഒഴുക്ക് കുറയും അരയന്നങ്ങള്‍ അലച്ചില്‍ നിര്‍ത്തി വാസസ്ഥലങ്ങളിലേക്ക് ഗമിക്കും.
എന്താ ഈയിടെ ഒരു മാറ്റം?!.. എന്തെങ്കിലും 'പ്രോബ്ലെംസ്'?!!.... ചിന്തകള്‍ കാട് കയറുന്നു.. ങേ.. എവിടെയോ ഒരു കുഴപ്പം ഉണ്ട്..
അപ്പോള്‍ നളനെ ദംശിക്കാനായി കാര്ക്കോടകന് പാഞ്ഞടുക്കുന്നു.... യെസ്.... തനിക്കു ഇപ്പോള്‍ കാണാം.. കണ്ണാടിയില്‍ നിന്നും തന്നെ നോക്കി ചിരിക്കുന്നു ബാഹുകനെ..
*******************************************
മീരയുടെ ഇമെയില്‍ ഇന്‍ബോക്സില്‍ ഒരു മെയില്‍... "വിനീത് മേനോന് തന്നെ ഒരു സുഹൃത്ത് ആയി തിരഞ്ഞെടുത്തിരിക്കുന്നു"
ആരാണ് ഈ പുതിയ അവതാരം? ജിജ്ഞാസയോടെ വിനീതിന്റെ പ്രൊഫൈലിലേക്ക് മീര എന്ന നന്ദിനി മേനോന്. അതാ സുന്ദരനും അരോഗദൃഡഗാത്രനുമായ വിനീത് മേനോന് 'റൊമാന്റിക്' ആയ പുഞ്ചിരിയുമായി നില്ക്കുന്നു. അറിയാതെ തന്നെ "ആക്സെപ്റ്റ്" ബട്ടണില്‍ ക്ലിക്ക് വീണു.
ബൂംറാങ്ങ് പോലെ വിനീതിന്റെ മെസേജ്.. "ഹായ് ഡിയര്‍.. സൊ നൈസ് ഓഫ് യു.. ലെറ്റ് അസ് ബി ക്ലോസ്.. എനിക്ക് ഓപ്പണ്‍ ഫ്രണ്ട് ഷിപ് ആണ് ഇഷ്ടം.. ഐ ഓള് വെയ്സ് സീകിംഗ് ഫോര്‍ സച് റിലേഷന്‍സ്.."
"വെരി പ്ലീസിംഗ് ഗയ്.." മീരയുടെ മനസ്സ് മനസ്സ് പറഞ്ഞു. താനും ഇതേ പോലുള്ള ഒരു വ്യക്തിത്വം ആണോ ഇത് വരെയും.... യെസ്.. കറക്റ്റ്.. മന്ദാകിനി ഒഴുക്ക് തുടങ്ങി. മേനോന്‍സ് ചങ്ങാത്തം പരമകോടിയില്‍..
മീരയുടെ ഓരോ "ഐ മിസ്സ് യു വിനീത്" സന്ദേശങ്ങളും ഇന്‍ബോക്സില്‍ വന്നു വീഴുമ്പോള്‍ ബാഹുകന് കണ്ണാടിയില്‍ നിന്ന് പൊട്ടിച്ചിരിച്ചു. "ഹും എന്നോടാ കളി.. ഹ ഹ ഹ"
****************************************************
"മീരാ.. ഇത് ഞാനാ രമേശ്.. എന്താ നീ ഈയിടെ എന്നോട് മിണ്ടാത്തെ? പിണങ്ങിയോ?"
"രമേശ്.. ഹായ്.. ക്ഷമിക്കണം.. ഞാന്‍ ഒരു വിഷമത്തില്‍ ആണ്. ഒരു ഉഷാറും ഇല്ല"
"എന്ത് പറ്റി മീരാ? എന്നോട് ഷെയര്‍ ചെയ്യാമോ? ലെറ്റ് മി സീ ഹൌ കാന്‍ വീ സോര്‍ട്ട് ഔട്ട് ദി ഇഷ്യൂ.."
"ഇല്ല രമേശ്.. യു കാന്‍ നോട്ട്.. എന്റെ ഒരു പ്രിയപ്പെട്ട ഫ്രണ്ട് എന്നോട് കുറച്ചു ദിവസമായി മിണ്ടുന്നില്ല"
"ഹോ അത്രയേ ഉള്ളൂ?.. ഞാനില്ലേ നിന്റെ ഫ്രണ്ട് ആയി? അവനു നിന്നെ വേണ്ടെങ്കില്‍ നിനക്കും അവനെ പിന്നെ എന്തിനാ?"
"ഇല്ല രമേശ്.. ഞാന്‍ അവനെ അവന് അറിയാതെ സ്നേഹിച്ചു പോയി.. ഇപ്പോള്‍ അവനെന്ത് പറ്റിയോ ആണോ..അവന് ഇവിടെ ഉണ്ട് എന്ന കാരണത്താല്‍ മാത്രം ആണ് ഞാന്‍ ഇവിടേയ്ക്ക് എന്നും ഓടിയെത്തുന്നത്. ഞാനറിയാതെ അത്രയ്ക്ക് എന്റെ രക്തത്തില്‍ അവന് അലിഞ്ഞു പോയി.. എന്നാല്‍ ഇപ്പോള്‍.. തുറന്നു പറയാനുള്ള ഒരവസരം പോലും തരാതെ.. എന്നില്‍ നിന്നും അകന്നുവോ.."
മീരയുടെ മോണിട്ടറില്‍ സിസ്റ്റം മെസേജ് >>> രമേശ് നായര്‍ ഹാസ് ബീന്‍ സൈന്‍ഡ് ഔട്ട്.....................
"ഹ ഹ ഹ ഹ ഹ ഹ ഹാ... ഹ ഹ ഹ ഹ ഹ ഹ ഹാ.. " കണ്ണാടിയില്‍ നിന്ന ബാഹുകന് വീണ്ടും അലറിയലറിച്ചിരിച്ചു....
"മിസ്റ്റര്‍ വിനീത് മേനോന്.. നിന്റെ മരണം ആസന്നമായി... ഹ ഹ ഹ... നിന്റെ എരിയുന്ന ചിതയില്‍ ചാടിയിട്ട് വേണം എനിക്കെന്റെ വിശ്വരൂപം തിരിച്ചെടുക്കാന്‍.. ഹ ഹ ഹ.."
"വെല്‍ക്കം വിനീത് മേനോന്.. യു ആര് നവ് ലോഗ്ഡ് ഇന്‍" ബാഹുകന്റെ മോണിട്ടറില്‍ സിസ്റ്റം മെസേജ്.
ഇന്‍ബോക്സില്‍ മീരയുടെ നൂറില്‍ കൂടുതല്‍ ഓഫ്ലൈന് സന്ദേശങ്ങള്‍ കണ്ടു ബാഹുലന്റെ ചുണ്ടില്‍ ഗൂഡ മന്ദസ്മിതം..
"വിനീത് മേനോന്.. നിനക്ക് ആത്മഹത്യ ചെയ്യാനുള്ള സമയമായി കുട്ടാ.. ഒരു പാട് ദിവസങ്ങള്‍ നീ ആര്മാദിച്ചില്ലേ? എന്റെ പൂങ്കാവനങ്ങള്‍ ശുഷ്കിച്ചതും അരുവികള്‍ വരളുന്നതും അരയന്നങ്ങള്‍ കരയുന്നതും നീ കണ്ടു രസിച്ചില്ലേ.. മതി മതി.. ഇനി വരുന്നത് എന്റെ ദിവസങ്ങള്‍.. സത്യം പറഞ്ഞാല്‍ എനിക്ക് നിന്നെ ഒരു ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതില്‍ വിഷമമില്ലാതില്ല. പക്ഷെ നീ ജീവിച്ചിരുന്നാല്‍ പിന്നെ നീയായിരിക്കും എനിക്ക് ഏറ്റവും വലിയ ഭീഷണി.. സോറി ബ്രദര്‍... "
ക്ലിക്ക്....
സിസ്റ്റം മെസേജ് [യു ആര് എബൌട്ട് ടു ഡിലീറ്റ് യുവര്‍ പ്രൊഫൈല്‍-- യെസ് ഓര് നോ?]
യെസ്...
ഹ ഹ ഹ ഹ ഹ അങ്ങനെ നിന്റെ കഥ കഴിഞ്ഞു.... ബാഹുലന് ചിരിച്ചു കുഴഞ്ഞു.. "മീരേ.. നീ എന്റേത് മാത്രമാണ്... ആര്‍ക്കും നിന്നെ ഞാന്‍ വിട്ടു കൊടുക്കില്ല. അതിനൊരു കൊലപാതകം നടത്തേണ്ടി വന്നാലും... നാളത്തെ സുപ്രഭാതത്തില്‍ നിനക്കുള്ള ദൂതുമായി ഞാന്‍ അരയന്നങ്ങളെ അയയ്ക്കും.. അതോടെ വീണ്ടും എന്റെ പൂങ്കാവനത്തിലേക്ക് വസന്തം മടങ്ങിവരും എന്റെ കിന്നരി വീണയിലേക്ക് സംഗീതവും... ഹ ഹ ഹ"
******************************
നഭസ്സ് അഡ്മിന് മെമ്പര്‍ രാവിലെ സൈറ്റില്‍ ലോഗിന്‍ ചെയ്തപ്പോള്‍ ഒരു വാസ്തവം കണ്ടു ഞെട്ടി. നാളുകളായി നഭസ്സിലെ സജീവസാന്നിദ്ധ്യമായിരുന്ന മീരാ മേനോന് തലേ രാത്രിയില്‍ ഒരു കാരണവും സൂചിപ്പിക്കാതെ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തു പോയിരിക്കുന്നു.
വാല്‍ക്കഷണം:
പ്രണയം അന്തരാത്മാവുകളില്‍ ഉരുത്തിരിയുന്ന ദിവ്യമായ ഒരു വികാരമാണ്. യഥാര്‍ത്ഥ പ്രണയം ആരില്‍ നിന്നും പിടിച്ചു വാങ്ങാന്‍ ഒരിക്കലും ആര്‍ക്കും സാധിക്കുകയില്ല.
പകരം വയ്ക്കാനില്ലാത്ത മനോഹരമായ വികാരമാണ് പ്രണയം...
പകര്‍ന്നു നല്‍കുന്നവരും ഏറ്റുവാങ്ങുന്നവരും മാത്രം മനസിലാക്കുന്ന ദിവ്യമായ അനുഭൂതിയാണ് പ്രണയം...
അനുഭവിച്ചാല്‍ മാത്രം മനസിലാവുന്ന സുഖമുള്ള നോവാണ് പ്രണയം....
പ്രണയം എന്ന അനിര്‍വചനീയ ദിവ്യമാസ്മരീകതയില് അലിഞ്ഞിരിക്കുന്നവരേ... നിങ്ങള്‍ക്ക് എന്റെ പ്രണയദിനാശംസകള്‍..!

സസ്നേഹം....
ജോയ് ഗുരുവായൂര്‍
പകര്‍ന്നു നല്‍കുന്നവരും ഏറ്റുവാങ്ങുന്നവരും മാത്രം മനസിലാക്കുന്ന ദിവ്യമായ അനുഭൂതിയാണ് പ്രണയം...
അനുഭവിച്ചാല്‍ മാത്രം മനസിലാവുന്ന സുഖമുള്ള നോവാണ് പ്രണയം....
പ്രണയം എന്ന അനിര്‍വചനീയ ദിവ്യമാസ്മരീകതയില് അലിഞ്ഞിരിക്കുന്നവരേ... നിങ്ങള്‍ക്ക് എന്റെ പ്രണയദിനാശംസകള്‍..!
സസ്നേഹം....
ജോയ് ഗുരുവായൂര്‍
കൊള്ളാം നല്ല എഴുത്ത്
ReplyDelete