Friday, November 8, 2013

മനസ്സില്‍ ഒരു മഴ

 

മനസ്സില്‍ ഒരു മഴ

കാറും കോളും തിങ്ങി നിറഞ്ഞ്,
കന്മഷമാണ്ടു കരള്‍‍, വിങ്ങി-
ക്കരയാനായി വിതുമ്പി വലയും 
കണ്ണുകളെന്തേ വലിഞ്ഞീടുന്നൂ!

ഇടനെഞ്ചില്‍ മിടിക്കും ഹൃദയത്തി-
ലിടം നേടാനാവാതെ, മൃദുല വികാരങ്ങ-
ളടഞ്ഞു നില്‍‍‍ക്കുമീ ധമനികളി-
ലുടനൊഴുകുമോ, ഒരു തുള്ളി സാന്ത്വനം!

തകര്‍‍‍ത്തു പെയ്യാനാവാത്ത മഴതന്‍‍‍, 
ഉതിര്‍‍ന്നു വീഴും മോഹമതെല്ലാം,
തിമിര്‍‍‍ത്തുയരും കോമരങ്ങളായ്,
തകര്‍‍‍ന്നു വീഴുന്നൂ!

നഭസ്സില്‍ തിങ്ങും കാര്‍‍‍മേഘമേ നീ,
മനസ്സില്‍ വിങ്ങും കളങ്കം തീര്‍‍‍ത്ത   
തമസ്സില്‍‍‍, മുങ്ങിയ കാനനം പോല്‍‍‍,
ഉരസ്സില്‍ കങ്ങി കിടപ്പതല്ലോ!

മുകുരം മങ്ങിയ മാനവരേ,
തുയരം മാറ്റി വരള്‍‍‍ച്ചയകറ്റാന്‍‍‍,
വികരം മരുവും സ്വാന്തമതില്‍‍‍,
വിവരം അരുളൂ അനവരതം.
ബന്ധനങ്ങള്‍ തകര്‍‍‍ന്നടിയാന്‍‍‍,
ഇന്ധനങ്ങള്‍ എകൂ മനസ്സില്‍‍‍.
സാന്ത്വനങ്ങള്‍ മഴമേഘങ്ങളായ്,
ദുന്ദുഭി ഉയര്‍ത്തട്ടെ 
തളിര്‍‍‍ത്ത മനസ്സില്‍ വിരിയും സ്നേഹം 
വിടര്‍‍ന്ന മണ്ണില്‍ നിറയും മഴ പോല്‍
പടര്‍‍ന്ന അഴലിന്‍ നിഴലിനെ മാറ്റാന്‍
തകര്‍‍ത്ത് പെയ്യട്ടെ, മഴ തിമിര്‍‍‍ത്തു പെയ്യട്ടെ 

കന്മഷം = കളങ്കം, ദോഷം, അഴുക്ക് ധമനി = ശുദ്ധരക്തക്കുഴല്‍ കോമരം = ഭൂതാവേശമുണ്ടായ വ്യക്തി നഭസ്സ് = ആകാശം ഉരസ്സ് = നെഞ്ച്, മാറിടം കങ്ങല്‍ = കരിച്ചില്‍, എരിച്ചില്‍   മരുവുക = പാര്‍ക്കുക, സ്ഥിതി ചെയ്യുക മുകുരം = മുഖക്കണ്ണാടി  തുയരം = ദുഃഖം വികരം = രോഗം സ്വാന്തം = മനസ്സ്
വിവരം = വിസ്താരം, അറിവ്
അനവരതം = തുടര്‍ച്ചയായി, അനന്തമായി
ദുന്ദുഭി = പെരുമ്പറ, ഇടി മുഴക്കം
അഴല്‍ =  ദുഃഖം

No comments:

Post a Comment