Friday, November 8, 2013

"ലോകാസമസ്താസുഖിനോഭവന്തു"

 
ഹൈവേയുടെ എട്ടാം വളവിനരികിലെ കാറ്റാടി മരക്കൂട്ടത്തിനിടയില്‍ ഇരുള്‍ മൂടിയ പ്രേതഗൃഹം പോലെ നില കൊണ്ട പോസ്റ്റ്‌മോര്‍ട്ടം ലാബിന്‍റെ തിണ്ണയില്‍ ഇരുട്ട് കട്ട പിടിച്ച കോലം പോലെ ഇരുന്ന  അജ്ഞാതന്‍ അസ്വസ്ഥനായിരുന്നു. അപ്പോള്‍ ഉണ്ടായ ഇടിമിന്നലില്‍ ആഗതമാകാന്‍ പോകുന്ന പ്രകൃതിക്ഷോഭത്തെ മനസ്സില്‍ മുന്‍കൂട്ടി അറിഞ്ഞു കൊണ്ട് വിറളി പൂണ്ട മൃഗസമാനം അയാളുടെ മുഖം ദൃശ്യമായി.
*****************************************************************************************************
"ഈ ലോകത്തിലുള്ള സര്‍വചരാചരങ്ങളുടെയും ക്ഷേമം കാംക്ഷിച്ചു കൊണ്ട്, അനേകം മഹാശയന്മാരുടെ മനോമുകുരങ്ങളിലെ ആലയില്‍ ആളിക്കത്തിയ  അഗ്നിയില്‍ നിന്നും പ്രതിഫലിച്ച പരമോത്തമകിരണങ്ങളുടെ കേന്ദ്രീകരണത്തില്‍ നിന്നുത്ഭവിച്ച ദിവ്യാശയമാണ് "ലോകത്തുള്ള എല്ലാത്തിനും സൗഖ്യമുണ്ടാകട്ടെ" എന്ന് സാരം വരുന്ന ഈ പരമ വാക്യം. ഏതെങ്കിലുമൊരു മതത്തിന്‍റെ, അല്ലെങ്കില് ഗോത്രത്തിന്‍റെ , അല്ലെങ്കില്‍ വര്‍ഗ്ഗത്തിന്‍റെ, അല്ലെങ്കില്‍ മനുഷ്യരുടെ മാത്രം സൗഖ്യത്തെയല്ല കാംക്ഷിക്കുന്നത് എന്നര്‍ത്ഥം. ഇത് ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങള്‍ക്കും വേണ്ടിയുള്ള അനുഗ്രഹസന്ദേശമാണ്. ഇതിന് സ്ഥലകാലങ്ങള്‍ ബാധകമല്ല. ഉച്ഛനീചത്വങ്ങള്‍ ദര്‍ശിക്കാതെ ലോകത്തെ മുഴുവന്‍ ഒന്നായി പരിഗണിച്ച് പല മാര്‍ഗങ്ങളിലൂടെയാണെങ്കിലും ഉദാത്തമായ ലക്‌ഷ്യം മാത്രം മുന്നില്‍ കണ്ടു ചരിച്ച പുണ്യാത്മാക്കളുടെ അതുല്യമായ ഏകത്വവീക്ഷണത്തില്‍ നിന്നാണ് ഈ സദ്സന്ദേശം സംക്ഷിപ്തമായത് .........................................."
 
"സുഖം.... എന്താണത്?... "തനിക്കും സഹജീവികള്‍ക്കും ഹിതമായി തോന്നുന്നതും നിത്യമായി സമീപസ്ഥമാവാന്‍ ഒരു ജീവി സദാ ആഗ്രഹിക്കുന്നതുമായ അവസ്ഥയാണ് സുഖം". സ്വഭാവസവിശേതകള്‍ക്കനുസൃതമായി ഓരോരുത്തരും വ്യത്യസ്തമായ തലങ്ങളിലും രൂപത്തിലും അവരവരുടെ സുഖം കണ്ടെത്തുന്നൂ. നമുക്ക് സുഖം പ്രദാനം ചെയ്യുന്ന പ്രവൃത്തി ലോകനന്മയ്ക്കും ഉതകുന്നതാണെങ്കില്‍ അതിനെ ഉത്തമമായ സുഖം എന്ന് പറയാമെങ്കില്‍ ഇതിന് വിപരീതഫലങ്ങള്‍ പുറപ്പെടുവിക്കുന്ന സുഖങ്ങളെ സ്വാര്‍ത്ഥമായ ആസുരസുഖങ്ങള്‍ എന്നും വിളിക്കുന്നു. താപത്രയങ്ങളില്‍ നിന്നുള്ള മോചനമാണ് യഥാര്ത്ഥ സുഖം.........................."
"അഹിംസാപരമോധര്‍മ്മ, പാപമേപരപീഡനം".... മനസ്സുകൊണ്ടോ, വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ ഹിംസയുണ്ടാകാം. അതിനാല്‍ ഈ മൂന്ന് വിധത്തിലുള്ള ഹിംസയിലും ദുഃഖിക്കുന്നവനായിരിക്കണം യഥാര്‍ത്ഥ മനുഷ്യന്‍. ഒരു വ്യക്തിയെ നമുക്ക് ഇഷ്ടമല്ലെങ്കില്‍ അയാളെ എങ്ങനെയെല്ലാം ഉപദ്രവിക്കാമെന്ന് ചിന്തിച്ചുകൊണ്ടിരിക്കുന്നതാണ് മനസ്സുകൊണ്ടുള്ള ഹിംസയ്ക്ക് ഉദാഹരണം...... ............................. ഒരു സമൂഹത്തിലിരിക്കുമ്പോള്‍ ഒരാളെ അതികഠിനമായി അധിക്ഷേപിക്കുകയോ, തേജോവധം ചെയ്യുന്നരീതിയിലുള്ള വാക്കുകള്‍ ഉപയോഗിക്കുകയോ ചെയ്യുന്നതിനെയാണ് വാക്കുകള്‍ കൊണ്ടുള്ള ഹിംസയെന്ന് പറയുന്നത്. അസത്യമായതും അപകീര്‍ത്തികരമായതുമായ വാക്കുകള്‍ ഒരു വ്യക്തിക്ക് മനസ്സില്‍ ആഴത്തിലുള്ള മുറിവുണ്ടാ‍ക്കും................. ധര്‍മ്മങ്ങളില്‍ ശ്രേഷ്ടമായ ധര്‍മ്മം അഹിംസയാണ്. ഏതുരീതിയിലുള്ള പരപീഡനവും അധര്‍മ്മമാണ്..............മനസ്സറിയാതെ ചെയ്യുന്ന ഹിംസ മൂലം ഒരു വ്യക്തിക്ക് ഉണ്ടാകുന്ന "പ്രത്യവായ ദോഷം" വലിയ ദോഷം ചെയ്യുന്നില്ല.  അറിഞ്ഞുകൊണ്ട് ഒരു ജീവിയേയും കൊല്ലരുത്.................................."
"എന്താണ് ധര്‍മ്മം?... "അനുഷ്ടിക്കേണ്ടതേതോ അത് ധര്‍മ്മമാകുന്നു". ജീവനുള്ളവയെല്ലാം അതിന്‍റെ ആത്യന്തിക ഉന്നതിക്കുവേണ്ടി ലൗകികജീവിതത്തില്‍ അനുഷ്ടിക്കേണ്ട കര്‍മ്മങ്ങള്‍ ഉണ്ട്. നല്ല രീതിയിലുള്ള മാതൃപിതൃ ഭാര്യാഭര്‍തൃപുത്രബന്ധങ്ങള്‍ മനുഷ്യരനുഷ്ടിക്കേണ്ട ധര്‍മ്മങ്ങളാകുമ്പോള്‍, സസ്യലതാദികള്‍ വേരും ഇലയും അനുഷ്ടിക്കുന്ന ധര്‍മ്മങ്ങളിലൂടെ ജീവനം സാധ്യമാക്കുന്നു.  ധര്‍മ്മങ്ങളുടെ മൂല്യച്യുതിയില്‍ ലോകത്തില്‍ ദുഖങ്ങളും അശാന്തിയും ജന്ന്യമാകുന്നു.........................."
ആത്മീയാചാര്യന്‍ സഹസ്രസമക്ഷം വിശദീകരിച്ചു കൊണ്ടിരിക്കുന്ന വിശ്വസത്യങ്ങള്‍ കൂര്‍മ്മതയോടെ ശ്രവിച്ചു കൊണ്ട് രമേശന്‍ പുരുഷാരത്തിലെ ഒരു കണികയായി നിലത്തെ പുല്ലില്‍ ചമ്രം പടിഞ്ഞിരുന്നു. വര്‍ഷങ്ങളേറെയായി മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന തീവ്രമായ അസ്വസ്ഥതക്ക് മാസങ്ങളുടെ ഉത്ബോധനം ആശ്വാസം പകര്‍ന്നിരിക്കുന്നു.

"ഇല്ല.. ഇനി താന്‍ പതറില്ല. ഈ ലോകവും അതിലെ ആഗ്രഹങ്ങളും വെറും നശ്വരം. ഇവിടെ ജീവിതം നയിക്കുന്ന നമ്മള്‍ക്ക് വെറും ഒരു വഴിയാത്രക്കാരന്‍റെ വേഷം മാത്രം. ഒരു ഗര്‍ഭ പാത്രത്തിലൂടെ ഏകനായി വന്നു കൂടെപ്പിറപ്പെന്ന എപ്പോഴും കൂടെയുള്ള കാലത്തിനൊപ്പം സഞ്ചരിച്ചു നിശ്ചിത സമയം വന്നു കഴിഞ്ഞാല്‍ നാം ഒറ്റയ്ക്ക് തന്നെ മടങ്ങുന്നു. നല്ല സുഹൃത്ബന്ധങ്ങള്‍ ആകുന്നു ആ യാത്രയിലെ തണല്‍ മരങ്ങള്‍. ഗുരു പറയുന്നത് എത്ര വാസ്തവം!... "

എവിടെ?.. എന്‍റെ വല്യേട്ടന്‍ എവിടെ?.. എന്തോ അദൃശ്യമായ ദൃഢമൈത്രിയില്‍ സ്ഥാവരമായി  തന്‍റെ വിദൂര നിഴലായി പിന്തുടര്‍ന്നിവിടെ തന്നെ എത്തിച്ച ആ മൂകാത്മാവിനെ രമേശന്‍ പുരുഷാരത്തില്‍ തിരഞ്ഞ് ഒരു വേള നിരാശപ്പെട്ടു. ആത്മനിയന്ത്രണം വിട്ടു അലഞ്ഞ തന്നെ ഒരു അംഗരക്ഷകന്‍ എന്ന വണ്ണം സമദൂരത്തില്‍ പിന്തുടര്‍ന്ന ആ അപരിചിതന്‍റെ തത്പ്രവൃത്തി വളരെക്കാലം അയാള്‍ക്കൊരു അലോസരം തന്നെയായിരുന്നു. കാലങ്ങള്‍ കടന്നു പോയതോടെ അറിയാതെ തന്നെ രമേശന്‍റെ കണ്ണുകള്‍ ഭ്രമണപഥത്തില്‍ ആ താടിക്കാരന്‍റെ സാമീപ്യം തിരയുമായിരുന്നു. എന്നാല്‍ ഭൌതീകാത്മകതയുടെ പാരമ്യതയിലെന്ന പോലെ  മൃത്യുവിനെ സത്കരിക്കാന്‍ പ്രജ്ഞയറ്റ് കിടന്ന രമേശന്‍റെ പ്രസ്ഥാനം നിലച്ച ശരീരം താങ്ങി ആ ആശ്രമത്തിലെത്തിക്കുന്നതുവരെയും ഒരിക്കല്‍ പോലും  അവര്‍ കണ്‌ഠവിനിമയം നടത്തിയിരുന്നില്ല എന്നതാണ് വിസ്മയകരം.  ആശ്രമത്തിലെത്തിച്ച് വേണ്ടും വിധം പരിചരിച്ചു മന്ദം ആത്മബോധത്തിലേക്ക് ആനയിക്കുന്ന ദിവസങ്ങളില്‍ ഒന്നില്‍ രമേശന്‍റെ ഉപബോധമനസ്സ്  അധരവിസ്മയം സൃഷ്ടിച്ചു. "വല്യേട്ടന്‍.. ന്‍റെ വല്യേട്ടന്‍.." അത് ശ്രവിച്ച മാത്രയില്‍ ഒന്ന് ത്രസിച്ച വൃദ്ധശരീരത്തില്‍ നിന്നും ഉത്ഭവിച്ച ആഹ്ലാദാശ്രുക്കള്‍ പകര്‍ന്ന കുളിരില്‍ കുതിര്‍ന്ന്  രമേശന്‍ കണ്ണ് തുറന്നപ്പോള്‍ കണ്ട ദിവ്യപ്രകാശത്തിന്‍റെ തീക്ഷ്ണത ആത്മാവിലേക്കിറങ്ങിച്ചെന്നു പുതു ജീവന്‍റെ നാമ്പുകള്‍ കിളിര്‍പ്പിക്കുകയായിരുന്നു. നിഗൂഢതയെ അര്‍ത്ഥശ്യൂന്യമാക്കിക്കൊണ്ട് അവര്‍ ഏകോദരസഹോദരന്മാരായി. തന്‍റെ മനസ്സില്‍ സ്നേഹത്തിന്‍റെയും നന്മയുടേയും രേതസ്സുകള്‍ പാകി ആത്മവിശ്വാസത്തിന്‍റെ വന്മരം വളര്‍ത്തിയ 'വല്യേട്ടനെ ' അയാള്‍ ഒരിക്കല്‍ കൂടി അയാള്‍ ജനക്കൂട്ടത്തില്‍ തിരഞ്ഞു.

"വല്യേട്ടന്‍ എപ്പോഴും അങ്ങനെത്തന്നെയായിരുന്നു. നിഗൂഢതകള്‍ ബാക്കി വച്ച് പ്രത്യക്ഷാപ്രത്യക്ഷവിസ്മയങ്ങള്‍ തീര്‍ക്കും. യഥാര്‍ത്ഥ ഊരും പേരും അറിയില്ല. ചോദിച്ചില്ല എന്നതാണ് ശരി. സംസര്‍ഗ്ഗത്തിനിടയില്‍ എന്തേ താന്‍ അത് ചോദിക്കാന്‍ മറന്നൂ?!!.. ചില സമയത്ത് മനസ്സുകളുടെ പ്രവര്‍ത്തികള്‍ അസാധാരണം തന്നെ..! ങാ.. ഇനിയും തന്‍റെ മുമ്പില്‍ ഒരു വിസ്മയമായി ഒരിക്കല്‍ അദ്ദേഹം അവതരിക്കാതിരിക്കില്ല".  അസ്തമനസൂര്യന്‍ മൊട്ടക്കുന്നുകളുടെ നിറുകയില്‍ പൊന്നുരുക്കിയൊഴിച്ചു തഴുകുന്ന കാഴ്ചയും കണ്ടു ഏകനായി ആശ്രമപ്പടിയിറങ്ങുമ്പോള്‍ രമേശന്‍റെ മുഖം ഉദയസൂര്യനെ പോലെ ശോഭിക്കുന്നുണ്ടായിരുന്നു.
*******************************************************************************************************
ഡാ ഗെട്യേ.. ന്‍റെ രമേശാ.. നീ എന്തൂട്ടാണ്ടാ ഈ കുന്തം മിണ്ങ്ങ്യെ പോലെങ്ങനെ നിക്കണേ?.. കിളികളിങ്ക്ട് പറന്നു വരുംബ്ലേക്കും ഈപ്പണ്ടാറൊന്നു കെട്ടിയടക്കണോന്ന് വല്ല വിചാരോണ്ടഡാ നനക്ക്? ... എന്തൂട്ട് നിപ്പാണ്ടയ്യ്‌ നിക്കണേ?..

മെഡിക്കല്‍ കോളേജിലെ പ്രവേശനോത്സവത്തിന്‍റെ ബാന്നര്‍ കാമ്പസ്സിന്‍റെ കവാടത്തില്‍ വലിച്ചു കെട്ടാന്‍ പരിശ്രമിച്ചു കൊണ്ടിരുന്ന സഹപാഠിക്കൂട്ടത്തില്‍ നിന്നും തൃശ്ശൂര്‍ പുതിയങ്ങാടിയുടെ ഓമനപ്പുത്രനായ ടോണി പുലിക്കോടന്‍ വിളിച്ചു കൂവുന്നത് കേട്ട് ചിന്താനിമഗ്നനായി നിന്നിരുന്ന രമേശന്‍ അവരുടെ അടുത്തേക്ക്‌ ചെന്ന് പരിശ്രമത്തില്‍ പങ്കാളിയായി.
മെഡിക്കല്‍ പ്രവേശനത്തിന് മുന്നോടിയായി മാനേജ്മെന്റുമായുള്ള ഉള്ള കൂടിക്കാഴ്ച്ചക്കായി ദിവസങ്ങള്‍ക്കു മുമ്പ് വന്നിരുന്നൊരു പെണ്‍കൊടി ദൂരക്കാഴ്ചയില്‍ നിന്ന് തന്നെ അവന്‍റെ മനം കവര്‍ന്നിരുന്നു. ജീവിതത്തില്‍ അതേ വരെ ജനിക്കാതിരുന്ന ഒരു ചേതോവികാരത്തിനു തിരികൊളുത്തിയ അവളെ എങ്ങനെയെങ്കിലും സുഹൃത്താക്കിയെടുക്കണം എന്ന ചിന്തകള്‍ മസ്തിഷ്ക്കത്തില്‍ ചീനവല നെയ്യവേ കലാലയമാകുന്ന പൂങ്കാവനത്തിലെ ഒരു പുഷ്പമാവാന്‍ അവളെത്തുന്ന സുദിനം ഇതാ സമാഗതമായിരിക്കുന്നൂ. ഉദ്ദീപകമായ ഉത്സാഹത്തില്‍ രമേശന്‍ പുതിയ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളില്‍ തകൃതിയായി പങ്കെടുത്തു.
അനുപമമായ സൌന്ദര്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും പെട്ടെന്ന് തന്നെ അനിലയെ തന്‍റെ ആഗ്രഹങ്ങള്‍ക്കനുസരിച്ചു ഭ്രമണപഥത്തിലേക്കെത്തിക്കാന്‍ അവനു സാധിച്ചു. അവര്‍ണ്ണനീയമായ ആകാരവടിവുകളേക്കാള്‍ അവളുടെ അതിശക്തമായ വ്യക്തിമുദ്രകളും ശരീരഭാഷയുമാണ് ആണ് രമേശനെ അവളുടെ ശക്തനായ ഉപാസകനായിത്തീര്‍ത്തത്. പഠിപ്പില്‍ രമേശന്‍റെ പോലെ തന്നെ അനിലയും ശുഷ്ക്കാന്തിയുള്ളവര്‍ തന്നെ. തങ്ങളുടെ ഇടയിലുള്ള ഒരു പാട് സാമ്യതകള്‍ സ്വയം ചികഞ്ഞെടുത്തു ചര്‍ച്ച ചെയ്ത് താമസിയാതെ തന്നെ അവര്‍ പ്രണയബദ്ധരായി ചിത്രശലഭങ്ങളെ പോലെ കാമ്പസ്സില്‍ പറന്നു നടന്നു.

****************************************************************************************
അവസാന സെമസ്റ്ററിലെ പ്രവര്‍ത്തിപരിചയ പരീക്ഷയെഴുതാനായി കോളേജിലെത്തി മോട്ടോര്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്യാന്‍ പതിവ് പോലെ അവളുടെ സ്കൂട്ടറിന്‍റെ ചാരത്തേക്ക് നീങ്ങിത്തുടങ്ങിയ രമേശന്‍ ദൂരെ നിന്ന് തന്നെ ഹരീഷുമായി സംസാരിച്ചു നിന്ന അനിലയെ ശ്രദ്ധിച്ചു. അവരുടെ ശ്രദ്ധയില്‍ പെടാതെ അവന്‍ അവരെ ജിജ്ഞാസയോടെ വീക്ഷിച്ചു.

'എന്താ അവള്‍ക്കു ഇത്ര കാര്യമായി അവനോടും തിരിച്ചും പറയാനുള്ളത്..!' പത്തു മിനുട്ടോളം  സംസാരത്തിലെ ആംഗ്യങ്ങള്‍ ദൂരെ നിന്നും ശ്രദ്ധിച്ചു കൊണ്ടിരുന്ന രമേശന്‍റെ മനസ്സില്‍ ക്രാധപാരവശ്യത്തിന്‍റെ അമിട്ടുകള്‍ പൊട്ടിത്തുടങ്ങി. ഖിന്നനായി സമാഗമശ്രമം ഉപേക്ഷിച്ച് ഇരുവരും കാണാതെ അവന്‍ കൂട്ടുകാരുടെ അടുത്തേക്ക്‌ പോയി. പരീക്ഷ കഴിഞ്ഞു പാര്‍ക്കിങ്ങിലേക്ക് വരുമ്പോള്‍ ഒരു ചോദ്യചിഹ്നം പോലെ കാത്തു നിന്നിരുന്നു അനില.
"എന്താ സാറേ മുഖത്തു കടന്നല്‍ കുത്തിയ പോലെ?... പരീക്ഷ മോശമായിരുന്നോ? " അവളുടെ അന്വേഷണങ്ങള്‍ ഗൌനിക്കാതെ അവന്‍ ബൈക്കില്‍ കയറിയിരുന്നു അത് സ്റ്റാര്‍ട്ട്‌ ആക്കിയപ്പോള്‍ അവള്‍ ഇച്ഛാഭംഗത്തോടെ അവന്‍റെ അരികിലേക്ക് ചെന്ന് മൂക്കില്‍ പിടിച്ചു തിരുമ്മി.
"നിനക്കിപ്പോള്‍ ഒന്നിനും നേരമില്ല്യല്ലോ.. ഞാനൊരു പാവം.. ങ്ങനെ ജീവിച്ചു പൊക്കോട്ടെ മേഡം.."  അത് പറയുമ്പോള്‍ അവന്‍റെ മുഖം കാര്‍മേഘം മൂടിയ ആകാശം പോലെ കൂടുതല്‍ മ്ലാനമാവുകയും തൊണ്ടയില്‍ ഗദ്ഗദങ്ങള്‍ കൂട് കൂട്ടുകയും ചെയ്തു തുടങ്ങി.
"എന്താ കണ്ണാ ഇങ്ങനെ ദേഷ്യപ്പെടാന്‍ ഉണ്ടായേ?.. ഞാനെന്തു ചെയ്തിട്ടാ.. ഈ ശിക്ഷ?.. " അതിനു മറുപടി 'നാളെ കാണാം' എന്ന വാക്കില്‍ ഒതുക്കി വണ്ടി തിരിച്ചു അകന്നു പോകുമ്പോള്‍ അസ്തപ്രജ്ഞയായി അവള്‍ നില്‍ക്കുന്നത് കണ്ണാടിയിലൂടെ അവന്‍ ശ്രദ്ധിച്ചു. നേരെ ടൌണിലെ ബീയര്‍ പാര്‍ലറിലേക്ക് ചെന്ന് ബീയര്‍ നുണഞ്ഞു കൊണ്ടിരിക്കവേ മൊബൈല്‍ ഫോണ്‍ ഇടതടവില്ലാതെ ശബ്ദിച്ചു. ബിയറിലെ നുരകള്‍ പോലെ അവന്‍റെ മനസ്സില്‍ അവളുടെ പ്രവൃത്തിയോടുള്ള അതൃപ്തി നുരഞ്ഞു. 'തന്നെക്കാള്‍ സൌന്ദര്യം മാത്രമല്ല‍ നല്ല ആരോഗ്യവും ഉയര്‍ന്ന ജാതിയും ആയ സമ്പന്ന കുടുംബാംഗവുമാണ് ഹരീഷ്. പെണ്‍കുട്ടികളെ കാമക്കണ്ണോടു കൂടി മാത്രം വീക്ഷിക്കുന്ന അവനുമായി അവള്‍ക്കു എന്താ ഇത്ര സംസാരിക്കാനുള്ളത്. ഇനി അവന്‍ അവളെ.....' കയ്യിലുള്ള ഗ്ലാസ് പൊട്ടിക്കാനെന്ന പോലെ അവന്‍ ഞെരിച്ചു.
     
പിറ്റേ ദിവസം വണ്ടി പാര്‍ക്ക് ചെയ്യാന്‍ ചെല്ലുമ്പോള്‍ അവനെയും കാത്തു വിവര്‍ണ്ണമായ മുഖവുമായി അവള്‍ നിന്നിരുന്നു. കണ്ണീരില്‍ കുതിര്‍ന്ന ചോദ്യശരങ്ങള്‍ക്കൊടുവില്‍ അവന്‍ പ്രതികരിച്ചു.
"നിനക്കെന്താ ഹരീഷുമായി ബിസിനസ്?" 

"ഹോ അതാണോ കാര്യം?!.." കണ്ണുനീര്‍ സ്വയം തുടച്ചു കൊണ്ട് അവള്‍ തുടര്‍ന്നു. "അവന്‍ എന്‍റെ ഒരു നല്ല കൂട്ടുകാരനെ പോലെയല്ലേ.. അല്ലാതേ..."
"അല്ല അവന്‍ നല്ലവനല്ല.. കൂടേക്കിടന്നവര്‍ക്കെ രാപ്പനി അറിയൂ.. എനിക്കിഷ്ടല്ല്യാ നീയവനുമായി ശൃംഗരിക്കുന്നത്.. അവന്‍ ആള് ശരിയല്ലാ.." രമേഷിന്‍റെ അധിനിവേശാവേശം മറ നീക്കി പുറത്തു വന്നു.

"ആര് പറഞ്ഞു ഞാന്‍ ശൃംഗരിച്ചൂന്ന്? അവന്‍ അത്തരക്കാരന്‍ ആണെന്ന് എനിക്ക് ഒരിക്കലും തോന്നീട്ടില്ല്യ.. വെറുതെ ആ പാവത്തിനെക്കുറിച്ച് വേണ്ടാതീനം പറയല്ലേ.. ഞാന്‍ സമ്മതിക്കില്ല്യ.. അവനല്ല നിനക്കായിരിക്കും രാപ്പനി.. ഇത്തരം വിചാരങ്ങള്‍ ആണ് നിന്‍റെ മനസ്സില്‍ അല്ലേ.. ഛെ.. എനിക്കിപ്പോള്‍ നിന്നോട് വെറുപ്പ്‌ തോന്നുന്നൂ."

"ങാ.. നീ വെറുക്കും.. എനിക്കത് അറിയാം.. അവനാവുമ്പോള്‍ നിന്‍റെ അച്ഛന്‍ ഒന്നും പറയില്ലല്ലോ.. എന്‍റെ പോലെ ഒരു താഴ്ന്ന ജാതിക്കാരന്‍ അല്ലല്ലോ അവന്‍.. എന്നെക്കാള്‍ ഗ്ലാമറും ഉണ്ട്.. ഇനി നിനക്ക് ഒരു ശല്യമായി ഇടയില്‍ ഞാന്‍ വരില്ല്യ.. നീയായി നിങ്ങളുടെ പാടായി. ഒരു ദിവസം അവന്‍ നിന്നെ ചതിക്കുമ്പോള്‍ നീ എന്നെ ഓര്‍ക്കും.. അന്ന് ഇന്നത്തെ പോലെ എനിക്ക് നിന്നോട് പറയാന്‍ വാക്കുകള്‍ ഉണ്ടായി എന്ന് വരില്ല്യ. എനിക്ക് നിന്നോട് ഇപ്പോള്‍ വെറുപ്പാണ് എങ്കിലും എന്‍റെ ഹൃദയത്തില്‍ നീ എന്നും ഉണ്ടാവും. അതിനു നിന്‍റെ അനുവാദം വേണ്ടാ. ഒരിക്കല്‍ വീണ്ടും ഒന്നിക്കും എന്ന പ്രതീക്ഷയാല്‍ ഒന്നും അല്ല മറിച്ച് നീയില്ലെങ്കില്‍ എന്നില്‍ ശൂന്യത നിറയുമോ എന്ന് ഭയപ്പെടുന്നത് കൊണ്ട്."

"ഞാന്‍ ഒന്നും പറയുന്നില്ല രമേശ്‌.. എല്ലാം ഇഷ്ടം പോലെ ചെയ്യുക. എങ്കിലും ഇപ്പോഴെങ്കിലും എനിക്ക് നിന്‍റെ യഥാര്‍ത്ഥ ചിന്തകള്‍ മനസ്സിലായല്ലോ. അത് നന്നായി. ഇനി ഒരിക്കലും നമ്മള്‍ ഒരു നേര്‍രേഖയില്‍ കണ്ടു മുട്ടാതിരിക്കട്ടെ. നന്ദി.. ഇത് വരെ എന്നോട് കാണിച്ച അടുപ്പത്തിനും സംയമനത്തിനും. ഈ ലോകവാസത്തില്‍ ഒരിക്കലും ഇനി നമ്മള്‍ കണ്ടു മുട്ടാതിരിക്കട്ടെ. അഥവാ അഭിമുഖീകരിക്കേണ്ടി വന്നാല്‍ തന്നെ എന്‍റെ കണ്ണുകളില്‍ നിന്‍റെ രൂപം പതിയാതിരിക്കട്ടെ. ആ നിമിഷങ്ങള്‍ ബധിരമൂകങ്ങളാവട്ടെ. ഇനിയൊരിക്കലും നിന്നെ എനിക്ക് പഴയ രമേശ്‌ ആയി കാണാനും സ്നേഹിക്കാനും സാധിക്കില്ല്യ. നിന്‍റെ മനസ്സില്‍ ഞാന്‍ മരിച്ചത് പോലെ എന്‍റെ മനസ്സില്‍ നിന്‍റെയും ചിത ഉയര്‍ന്നു കഴിഞ്ഞു. ഇവിടെ നമ്മള്‍ പിരിയുന്നു. ബൈ.. എന്നെന്നേക്കുമായി.."
കറുത്ത പുള്ളികള്‍ ഉള്ള വെളുത്ത ചുരിദാര്‍ ധരിച്ച് അകന്നു പോകുന്ന അവളെ കാമ്പസ്സില്‍ നിറഞ്ഞു നിന്ന കടപ്പാവുട്ട മരങ്ങള്‍ മറയ്ക്കുന്നത് വരെ അവന്‍ ഇതികര്‍ത്തവ്യാമൂഢനായി നോക്കി നിന്നു.
 
*****************************************************************************                  

ദൂരെ ആകാശത്തു നക്ഷത്രകുമാരികളുമായി ഉല്ലസിക്കുന്ന പൂര്‍ണ്ണചന്ദ്രനെ വിഴുങ്ങാന്‍ അസൂയ മൂത്ത കാര്‍മേഘങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചു കൊണ്ട് തന്‍റെ മദ്യക്കുപ്പിയിലെ അവശേഷിച്ച തുള്ളികളും വായിലേക്ക് കമഴ്ത്തി അത് താഴെയുള്ള കല്ല്‌ വെട്ടാങ്കുഴിയിലേക്ക് വലിച്ചെറിഞ്ഞു കൈപ്പത്തികള്‍ സിരസ്സിനു കൈമെത്തയായി വച്ച് ഡോക്റ്റര്‍ രമേശ്‌ പാറമേല്‍ മലര്‍ന്നു കിടന്നു.
 
"ഫൂ.. ഡോക്ടര്‍ ആണ് പോലും ഡോക്ടര്‍.. ആര്‍ക്കു വേണ്ടി?.. എന്തിന്?.. കാപട്യം നിറഞ്ഞ ഭൌതീക പിണ്ഡങ്ങളില്‍ ഏച്ചുപണികള്‍ നടത്തി ആയുസ്സിന്‍റെ നീളം കൂട്ടാന്‍ പരിശ്രമിക്കുന്ന എഭ്യെന്മാര്‍.. ഹ ഹ ഹ ഹ.. ഒരുവന്‍ ജീവിതത്തില്‍ എന്തൊക്കെ നേടിയാലും സ്വയം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ എന്ത് പ്രയോജനം?.. ഹാ യേശൂ.. നീയാണ് മിടുക്കന്‍.. അതേ..  ഇത് വചിച്ച നീയാണ് മിടുമിടുക്കന്‍.. ഹാറ്റ്സ് ഓഫ് മൈ ഡിയര്‍.. ഹാറ്റ്സ് ഓഫ്.. പത്തു കൊല്ലമായി എന്‍റെ പ്രതികാരമൊടുക്കാനായി വെട്ടിക്കീറിത്തുന്നപ്പെട്ട ജഡങ്ങളുടെ ആത്മാവുകളേ നിങ്ങള്‍ക്ക് സ്വസ്തീ....  കമോണ്‍.. രമേശ്‌ ഹിയര്‍...‍ ടു ചാറ്റ് വിത്ത്‌ യു ഓള്‍.. ശ്രദ്ധിക്കൂ.. നിങ്ങളെ പേറി നടന്ന ജഢങ്ങളെ കഷണം കഷണമായി നിര്‍ദ്ദയം വെട്ടി മുറിക്കുന്ന ഈ രമേശ്‌ അല്ലാതെ ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനും നിങ്ങളെ ഗൌനിക്കുമെന്നു കരുതണ്ടാ..   ഹ ഹ ഹ ഹ ഹ ഹ ഹ... കൂയ്....   വരൂ കടന്നു വരൂ.. നിങ്ങളെ ദ്രോഹിച്ചു കൊണ്ട് ജീവിച്ചിരുന്ന ശവങ്ങളുടെ കഥകള്‍ എന്നോട് പറയൂ... നിങ്ങള്‍ക്ക് ഞാന്‍ ശാന്തിവചനങ്ങള്‍ ഏകാം..ഹ ഹ ഹ ഹ ഹാ.."

"സര്‍.. രമേശ്‌ സര്‍.." പോസ്റ്റ്‌മോര്‍ട്ടം ലാബിലെ രമേഷിന്‍റെ അനുയായി സക്കറിയാ അല്‍പ്പ ദൂരെയായി പാര്‍ക്ക് ചെയ്ത ആംബുലന്‍സില്‍ നിന്നും ഇറങ്ങി വന്നു  ഭയഭക്തിയോടെ രമേഷിനെ പുറകില്‍ നിന്നും വിളിച്ചു.

"ഹ ഹ ഹ ഹ.. നിങ്ങളും തുടങ്ങിയോ ഔപചാരികതകള്‍?... മനുഷ്യരുടെ ജഡിക ജീവിതത്തിലെ വൃത്തികെട്ട ഔപചാരികതകള്‍ ആത്മാക്കളായ നിങ്ങളും.... കഷ്ടം.. കഷ്ടം.. നിങ്ങളും നശിക്കും എനിക്കുറപ്പാ.. എവിടെ നോക്കിയാലും കൃത്രിമത്വം.. നന്നാവില്ല്യാ.. നിങ്ങളും...ഹ ഹ ഹ ഹ " കണ്ണ് തുറക്കാതെ രമേശ്‌ അട്ടഹസിച്ചു.

"സാര്‍.. ഇത് ഞാനാ സക്കറിയാ.. ഒരു ആത്മഹത്യ കേസ് വന്നിട്ടുണ്ട്.. സാറൊന്നു വരൂ.. ഒരു ലേഡി ഡോക്ട്ടര്‍ ആണ്. ബന്ധുക്കളായി ആരുമില്ല്യ.. പോലീസ് കാത്തു നില്‍ക്കുന്നു.. എനീക്ക് സാറേ.. വണ്ടി കൊണ്ട് വന്നിട്ടുണ്ട്.. " സക്കറിയ വ്യക്തമാക്കി.

********************************************************************************************************

"സക്കറിയാ.. എന്‍റെ ഇരയെ വേഗം വിവസ്ത്രമാക്കൂ.. അവളുടെ നെഞ്ചിന്‍ കൂട് എനിക്ക് തന്നെ വെട്ടിപ്പൊളിക്കണം.. എവിടെ എന്‍റെ സ്പിരിറ്റ്‌?.. വേച്ചു വേച്ചു പോസ്റ്റ്‌മോര്‍ട്ടം റൂമില്‍ കയറിയ രമേശ്‌ അലമാരിയിലിരുന്ന കുപ്പി തുറന്നു അല്‍പ്പം സ്പിരിറ്റ്‌ എടുത്തു കുടിച്ച് ഭ്രാന്തമായ ആവേശത്തില്‍ ആടിയാടി ജഢത്തിനരികിലേക്ക്  നീങ്ങി. ഗൂഢമായ ഒരു പുഞ്ചിരിയോടെ  ശവം മൂടപ്പെട്ടിരുന്ന വെള്ളത്തുണിയുടെ ഒരു മൂലയില്‍ പിടിച്ച് അത് അയാള്‍  ദൂരേക്ക്‌ വലിച്ചെറിഞ്ഞു.

"നീയൊക്കെ എന്‍റെ അടുത്തു തന്നെ വരും.. അതാണ്‌ ഡോക്ട്ടര്‍ രമേശ്‌.. മരിച്ചവരുടെ  ആത്മാക്കള്‍ക്ക് സാന്ത്വനമേകുന്നവന്‍... ഹ ഹ ഹാ..." 
ഒരു നിമിഷം...
മൂകമായി അയാള്‍ ജഢത്തിന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. നഗ്നമായി കിടന്ന ഡോക്ട്ടര്‍ അനിലയുടെ തൂങ്ങി മരിക്കപ്പെട്ട ശരീരത്തിലെ കണ്ണുകള്‍ പാതി തുറന്ന അവസ്ഥയിലായിരുന്നു.                                                      

"മൈ ഗോഡ്..... " എന്ന ഒരു ആര്‍ത്തനാദം രമേഷില്‍ നിന്നുമുയര്‍ന്നൂ.. പിന്നെ വേച്ചു വേച്ചു പുറത്തേക്ക് വന്നു തിണ്ണയിലിരുന്നു. ജീവന്‍ പിടി വിട്ടു പോകുന്ന അവസ്ഥ ഒരു വൈദ്യുത തരംഗം പോലെ രമേശിനെ അടിമുടി പുല്‍കിക്കൊണ്ടിരുന്നു. 

"ഈ ലോകവാസത്തില്‍ ഒരിക്കലും ഇനി നമ്മള്‍ കണ്ടു മുട്ടാതിരിക്കട്ടെ. അഥവാ അഭിമുഖീകരിക്കേണ്ടി വന്നാല്‍ തന്നെ എന്‍റെ കണ്ണുകളില്‍ നിന്‍റെ രൂപം പതിയാതിരിക്കട്ടെ. ആ ശപിക്കപ്പെട്ട നിമിഷങ്ങള്‍
ബധിരമൂകങ്ങളാവട്ടെ"

അനില അവസാനമായി പറഞ്ഞ വാക്കുകള്‍ അയാളുടെ കര്‍ണ്ണപടങ്ങളില്‍ ഇടിവെട്ട് പോലെ പതിച്ചു കൊണ്ടിരുന്നു. ശരീരം തളരുന്നൂ.. ആയുധങ്ങളെടുക്കാന്‍ അകത്തേക്ക് പോയിരുന്ന സക്കറിയായെ വിളിക്കാന്‍ അയാള്‍ ഒരു വിഫലശ്രമം നടത്തി.. ജീവിതത്തിന്‍റെയും മരണത്തിന്‍റെയും അതിര്‍വരമ്പത്ത്  നിന്ന് രമേഷിന്‍റെ ശുഷ്ക്കിച്ച ശരീരം വിറച്ചു. അയാള്‍ തറയിലേക്കു പതിക്കാന്‍ തുടങ്ങുന്നതോടെ മുറ്റത്ത് ആവരണം ചെയ്ത ഇരുട്ടില്‍ ഒരു കരിങ്കല്‍ പ്രതിമ പോലെ നിലയുറപ്പിച്ചിരുന്ന ഇരുണ്ട മനുഷ്യരൂപം അനങ്ങി.

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment