Friday, November 8, 2013

വികൃതി


വികൃതി
ഒരു കുന്നിക്കുരു തേടിയലഞ്ഞു ഞാന്‍
കാഴ്ച്ച മങ്ങിയെന്‍ കണ്ണുകളാല്‍.  
ഒരു കുഴിയാനയെ തിരഞ്ഞു ഞാന്‍
വിറയ്ക്കും കൈയ്യിലെ ഉണക്കക്കമ്പിനാല്‍. ‍  

കോളാമ്പിപ്പൂവഴകിടും പാതയെവിടെ? 
പിച്ചകത്തോരണമിടും വേലിയെവിടെ?
കാക്കക്കുയിലിന്‍ ഗാനമെവിടെ?
ഈറ്റക്കാടിന്‍ ഈണമെവിടെ?  

കാട്ടാറേ നിന്‍ പാദസരമെവിടെ?
മാറില്‍ ചിരി തൂകും ആമ്പലെവിടെ?
മുങ്ങാങ്കുഴിയിടും പരല്‍‍ക്കൂട്ടമെവിടെ?
മുങ്ങിപ്പറക്കും പൊന്മാനെവിടെ?

കേരവൃക്ഷമേ നിന്‍ പച്ചപ്പെവിടെ? ‌
കൊന്നമരമേ നിന്‍ കൂട്ടുകാരെവിടെ? 
കറുകപ്പൂക്കളും കുറുന്തോട്ടിയും,
തൊട്ടാവാടിയും തുമ്പയുമെവിടെ? ‌             

വടക്കിനിയില്‍ സദാ ആവസിച്ചീടും
കുളിര്‍ പേറും മാരുതനെങ്ങു പോയ്?‌
കാക്കയിരുന്നു വിരുന്നു വിളിക്കുന്ന
കദളിവാഴക്കയ്യുകളെങ്ങു പോയ്‌? ‌

മൈതാനപ്പച്ചയില്‍ മേഞ്ഞു നടക്കുമാ- 
പ്പയ്യിന്‍ കൂട്ടങ്ങളെങ്ങു മറഞ്ഞു പോയ്? 
മനുഷ്യാ നിന്‍ മുഖത്തിന്‍ ശ്രീയാം   
നിഷ്ക്കളങ്ക മന്ദഹാസമെങ്ങു പോയ്‌?

നിന്‍ കുസൃതികളൊക്കെയും കേവലം 
ബാലചാപല്ല്യമായ് കരുതി ഞാനെന്‍  ‍
കുരുതിക്ക് വഴി വച്ചതാണെന്നറിയാന്‍, 
വ്യാഴവട്ടങ്ങളേറെ വേണ്ടി വന്നു.      

എന്‍ കൂന്തലാം മനോഹരതരുക്കള്‍ ‍
വെട്ടി നിരത്തിയില്ലേ നീ നിര്‍ദ്ദയം?  
എന്‍ സിരകളാമരുവിയും തോടും, 
മണലൂറ്റിയൂറ്റി പാടേ തകര്‍ത്തു നീ  
    
പകലവന്‍ നിത്യവും പൊന്നണിയിക്കുമെന്‍  
സുന്ദരമാറിടം പാടേ നിരത്തി നീ.
നിര്‍ന്നിന്മേഷമായൊന്നു ശ്വാസം വലിക്കുവാന്‍
ശുദ്ധവായു പോലും വച്ചില്ല ബാക്കി നീ.   

മക്കളേ നിങ്ങളെയൊത്തിരി ലാളിച്ച
സ്നേഹാനുഭൂതിയില്‍ ഞാനുറങ്ങീടവേ,    ‍
കാഴ്ച വച്ചല്ലോ നീ ഭസ്മാസുരര്‍ക്കെന്‍
അമ്മിഞ്ഞയൂറുന്ന മാതൃശരീരം.

നിന്‍ വികൃതിയാല്‍ വികൃതമായെന്നാലും,
വൈകൃതങ്ങളൊട്ടുമരുതേ ഇനിയും.
നൊന്തുപെറ്റ പൊന്‍മക്കള്‍ തന്‍ പട്ടട,
കാണ്മതിന്നായിനി ശേഷിയില്ലൊട്ടുമേ.        
ചിത്രം കടപ്പാട് : ഗൂഗിള്‍                                          ജോയ് ഗുരുവായൂര്‍

No comments:

Post a Comment