അന്നും എന്തെങ്കിലുമൊക്കെ മനസ്സ് സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ കുത്തിക്കുറിക്കണം എന്ന് നിശ്ചയിച്ചാണ് രമേശന്‍ ഓഫീസിലെത്തിയത്.
വന്നവഴി മിക്ക ദിവസത്തെയും പോലെ 'ഗുഡ് മോര്‍ണിങ്ങില്' തന്നെ പണി കിട്ടി
ഈ മനുഷ്യന്‍ (ബോസ്സ്)എപ്പോഴാണാവോ വീട്ടില്‍ പോകുന്നത് ഈശ്വരോ..! വൈകീട്ട് പോകുന്ന നേരത്തും രാവിലെ വരുന്ന നേരത്തും പുള്ളിക്കാരന്‍ ഓഫീസില്‍ തന്നെയുണ്ടാവും... എങ്ങനെയാണാവോ അയാളുടെ ഭാര്യ അയാളെ സഹിക്കുന്നത്....!! രാവിലെ അയാളെ കണ്ടു ഗുഡ് മോര്‍ണിംഗ് പറയേണ്ട താമസം ഇല്ല.. ഫയല്‍ തുറന്ന്.. "രമേശ്.. കോള്‍ ആന്‍ഡ് ആസ്ക് ടു ദീസ് പീപ്പിള്‍.... ഹൌ .. വൈ ... വെന്‍... വാട്ട് ... " എന്നിങ്ങനെയുള്ള കാര്യങ്ങള്‍ തുടങ്ങും.. കമ്പ്യൂട്ടറില്‍ നിന്നും ഒരു വേള കണ്ണെടുക്കാന്‍ വരെ അയാള്‍ സാവകാശം തരില്ല. മുരടന്‍ ...ശുംഭന്‍... (കോടതിയലക്ഷ്യമാവില്ലല്ലോ?).
ഓഫീസില്‍ പല രാജ്യക്കാരും ഭാഷക്കാരുമൊക്കെയായി ഒരു പാട് പേര്‍ വേറെയും ഉണ്ടെങ്കിലും ലബനന്‍ കാരനായ ബോസ്സിന് അയാളുടെ ജോലികള്‍ രമേശന്‍ തന്നെ ചെയ്താലേ തൃപ്തിയാവൂ.. കഷ്ട്ടം.. അഞ്ചു കൊല്ലമായി രമേശന്‍ ഇതനുഭവിക്കുന്നു. എങ്ങാനും ഒരു ദിവസം അയാള്‍ വന്നില്ലെങ്കിലോ.. അതതിലും വലിയ പുലിവാല്‍ ആകും കാരണം .. ഓരോ പത്തു മിനുട്ടിലും
മൊബൈലില്‍ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കും.. ജോലികള്‍ കൊടുത്തു കൊണ്ടിരിക്കും.. എന്നാല്‍ സന്തോഷപ്രതീകമായി ഒരു 'അപ്പ്രീസിയെഷന്‍'.... ഹേയ്.. അങ്ങനെയൊരു പരിപാടിയൊന്നും പുള്ളിക്കില്ല. എന്ത് ചെയ്തു കൊടുത്താലും 'ഉം....' എന്നൊരു മൂളല്‍ ആണ് മാക്സിമം പ്രോത്സാഹനമായി കിട്ടുക.
ഭയങ്കര ചൂടന്‍ ആയതു കാരണം യാതൊരു ജോലിയും ചെയ്യാതെ എന്നാല്‍ സര്‍വ ജോലികളും തങ്ങളുടെ തലയ്ക്കു മീതെകൂടെയാണ് നടക്കുന്നത് എന്ന ഭാവത്തില്‍ ഇരിക്കുന്ന മറ്റു ഭൂരിഭാഗം ജോലിക്കാരും അയാളുടെ ഇട്ടാവട്ടത്തില്‍ വരെ പോകാറില്ല. അയാള്‍ക്കും അവരോടു പുച്ഛം ആണെന്ന് തോന്നുന്നു.
ഈ മനുഷ്യന്‍ എപ്പോഴാണ് ഭക്ഷണം കഴിക്കുന്നത് എന്ന് ഒരിക്കല്‍ പോലും രമേശന്‍ കണ്ടിട്ടില്ല. എപ്പോഴും ജോലി.. ജോലി എന്നതില്‍ മാത്രം മുഴുകി ജീവിക്കുന്ന ഒരു അപൂര്‍വ ജന്മം. പക്ഷെ, തന്നെ ഒരിക്കല്‍ പോലും അയാള്‍ തെറി വിളിക്കുകയോ ചൂടാകുകയോ ഒന്നും ചെയ്തിട്ടില്ല എന്നതും ഒരു അതിശയമാണ്. അങ്ങനെയൊരുനാള്‍ രമേശന്‍ റൂമില്‍ നിന്നിറങ്ങുമ്പോഴേ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചു.. ഇന്ന് എന്തായാലും തന്‍റെ ശമ്പളം കൂട്ടേണ്ട ആവശ്യകതയെക്കുറിച്ചയാളുടെ മുമ്പില്‍ അവതരിപ്പിക്കണം. ഓഫീസില്‍ ചെല്ലുമ്പോള്‍ അയാള് എം. ഡി യുമായി മീറ്റിംഗില്‍.
"ഛെ.. കുഴഞ്ഞുവല്ലോ കാര്യം.. ഇനിയെപ്പോഴാണാവോ അദ്ദേഹം പുറത്തിറങ്ങുന്നത്. തന്‍റെ തയ്യാറെടുപ്പെല്ലാം വെള്ളത്തിലായല്ലോ. ങാ.. പോട്ടെ പിന്നീടൊരിക്കലാവാം. താന്‍ പണ്ടേ ഒരു നിര്‍ഭാഗ്യവാന്‍ തന്നെ.. ഒന്നും നേരെ ചൊവ്വേ നടക്കില്ല്യാ... " എന്നൊക്കെ കരുതി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാനുള്ള തയ്യാറെടുപ്പില്‍ സീറ്റില്‍ വന്നിരുന്നപ്പോഴാണ് കീ ബോര്‍ഡിന്‍റെ മുകളില്‍ ഒരു മഞ്ഞ സ്റ്റിക്കറില്‍ ഒരു കുറിപ്പ്. "രമേശ്.. പ്ലീസ് കം ടു മീറ്റിംഗ് റൂം".
രമേഷിന്‍റെ തല ശരിക്കും ചൂടായി. "എന്തൊരു മനുഷ്യന്‍.. രാവിലെ തന്നെ തനിക്കിട്ട് പണിതില്ലെങ്കില്‍ ഈയാള്‍ക്ക് ഒരു സമാധാനവും കിട്ടില്ലല്ലോ ഭഗവാനെ.. ഇനി എന്ത് ജോലിയാണാവോ തരാന്‍ പോകുന്നത്.. പോരാത്തതിന് എം. ഡിയും ഉണ്ട്"
ഒരു റയിറ്റിംഗ് പാഡും എടുത്തു മുഖത്ത് ഒരു 'ഫ്രെഷ്നെസ്' ഒക്കെ വരുത്തി നേരെ മീറ്റിംഗ് റൂമിലേക്ക് നടന്നു. അടഞ്ഞു കിടന്ന വാതിലില്‍ മുട്ടി.
"യെസ് കം ഇന്‍... " ബോസ്സിന്‍റെ പതിഞ്ഞ സ്വരം.
"ഗുഡ് മോര്‍ണിംഗ് സര്‍.." അകത്തു കടന്ന വഴി രണ്ടു പേരെയും ഭവ്യതയോടെ നോക്കിക്കൊണ്ട് രമേശന്‍.
"മോര്‍ണിംഗ് ജെന്റില്‍ മാന്‍.. മോര്‍ണിംഗ്.." എന്ന് എം. ഡി തിരിച്ചും വിഷ് ചെയ്തു.
ബോസ്സ് രമേശനെ അടുത്ത് വിളിച്ചു അടക്കിയ സ്വരത്തില്‍ പറഞ്ഞു. "എം.ഡി ക്ക് നിന്നോട് നേരിട്ട് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. നീ പത്തു മിനുട്ട് കഴിഞ്ഞു വീണ്ടും വരിക."
അവിടെ നിന്നിറങ്ങുമ്പോള്‍ രമേശ് ആകെ സമ്മര്‍ദ്ദത്തിലായി. "ഇത് ആരോ എനിക്ക് പാര വച്ചത് തന്നെ. അതായിരിക്കും 'എംഡി' എന്ന 'തെണ്ടി' ഇപ്പോള്‍ തന്‍റെ പിന്നാലെ കൂടിയിരിക്കുന്നത്. പീയാറോ മഹമൂദും അയാളും ഒരേ നാട്ടുകാര്‍ ആണ്. അവനാണെങ്കില്‍ എന്നെ ഒട്ടും പിടിക്കില്ല്യ... അവന്‍ തന്നെ യായിരിക്കും ഇതിനു പുറകില്‍. കഴിഞ്ഞ മാസം ഇതേ പോലെ അകത്തേക്ക് വിളിച്ചാണ് ഡോക്യുമെന്റ് കണ്ട്രോളര്‍ സുനിലിനു എംടി പണി കൊടുത്തത്. പാവം ഇപ്പോള്‍ പിരിച്ചു വിടല്‍ ഭീഷണിയിലാണ്.. അതിനു പുറകിലും മിശ്രി തെണ്ടി മഹമൂദ് തന്നെയായിരുന്നു".
പത്തു മിനിട്ട് കഴിഞ്ഞു ഓഫീസ് ബോയ് വന്നു പറഞ്ഞു. "ആപ് കോ അന്തര്‍ ബുലാരേ സാബ്ജി"
വാതില്‍ തുറന്നു അകത്തേക്ക് കടന്ന വഴി ഫത്തി അല്‍ അബ്ദുല്‍ ലത്തീഫ് എന്ന് പേരുള്ള എംടി, "മിസ്റ്റര്‍ രമേശന്‍.. മബ്രൂക്... മബ്രൂക്..* ടേക്ക് ദിസ് " എന്ന് പറഞ്ഞു ഒട്ടിക്കാത്ത ഒരു കവര്‍ രമേഷിന് കൊടുത്തു. രമേശ് ഉടനെ അത് തുറന്നു അതിലെ ലെറ്റര്‍ എടുത്തു വായിച്ചു. അതിലെ വരികള്‍ ഇങ്ങനെ തുടങ്ങുന്നു... "ഡിയര്‍ മിസ്റ്റര്‍ രമേശന്‍ പുളിത്തറയില്‍.. ഗ്രീറ്റിങ്ങ്സ് ഓഫ് ദി ഡേ... അക്നോളെട്ജിംഗ് യുവര്‍ സിന്‍സിയര്‍ എഫോര്‍ട്ട്സ് ആന്‍ഡ് കണ്സിടെറിംഗ് മിസ്റ്റര്‍ നബീല്‍ സൈദാന്‍' സ് റെക്കമന്‍റെഷന്‍..
യു ഹാവ് ബീന്‍ പ്രൊമോട്ടട് ആസ് അസിസ്റ്റന്റ് മാനേജര്‍ അഡ്മിന്‍ വിത്ത് എ സാലറി റിവിഷന്‍ ആസ് മേന്ഷണ്ട് ബിലോ..."
(ശുഭദിനാശംസകള്‍.. നിങ്ങളുടെ ആത്മാര്‍ഥമായ പ്രയത്നങ്ങളെ അംഗീകരിച്ചു കൊണ്ടും താങ്കളുടെ ബോസ്സ് ആയ നബീലിന്‍റെ ശുപാര്‍ശ പരിഗണിച്ചും നിങ്ങളെ അസിസ്റ്റന്റ് മാനേജര്‍ അഡ്മിന്‍ തസ്തികയിലേക്ക് താഴെ കൊടുത്തിരിക്കുന്ന പുതുക്കിയ ശമ്പളത്തില്‍ സ്ഥാനക്കയറ്റം നടത്തിയിരിക്കുന്നു..)
അത് വായിച്ചു രമേഷിന്‍റെ കണ്ണുകളില്‍ നിന്നും സന്തോഷത്തിന്‍റെയും സംതൃപ്തിയുടെയും ബഹിര്‍സ്ഫുരണങ്ങള്‍ പോലെ അശ്രുകണങ്ങള്‍ ധാരധാരയായി ഒഴുകി.
ഗുണപാഠം: നമ്മുടെ വിശ്വസ്തതയും കഠിനാദ്ധ്വാനവും ഒരിക്കലും പാഴാവില്ല...
ജീവിതത്തില്‍ എന്തൊക്കെ കുത്തൊഴുക്കില്‍ പെട്ടാലും വിശ്വാസ്യതയും ആദര്‍ശങ്ങളും
മനസാക്ഷിയും എവിടെയും പണയം വക്കരുത്.. ശരിയായി പഠിക്കാതെ മറ്റുള്ളവരെ
വിലയിരുത്തരുത്. അദ്ധ്വാനത്തിന്‍റെ ഫലം എന്നും മധുരതരം തന്നെയായിരിക്കും.
* അഭിനന്ദനം (അറബിക്കില്‍) - ജോയ് ഗുരുവായൂര്‍
No comments:
Post a Comment