എന്റെ പിറവി
അച്ഛനുമമ്മയും സ്നേഹം പങ്കു വച്ചൊരു ദിന -
മുരുവാക്കപ്പെട്ടമ്മയുടെ ഗര്‍ഭപാത്രത്തില്‍,
സ്നേഹ സ്പന്ദനങ്ങളേറ്റു വാങ്ങിക്കൊണ്ടൊരു,
ചെറുകോശമായ് ഉടലെടുത്തു ഞാനൊരു നാള്‍..
ആകാംക്ഷ മുറ്റിയ ദിവസങ്ങള്‍ മറിയവെ,
കേട്ടൊരു നാള്‍ ഞാനെന്നച്ഛന്റെ ചോദ്യം.
എന്റെ പുന്നാര മോന്‍ എന്ത് പറയുന്നു?
മോനല്ലിതെന്റെ പുന്നാര മോളെന്നമ്മയും.
കേട്ടൊന്നമ്പരന്നു ഞാനുമുടനെയെന്നെയാസകലം
ചുഴിഞ്ഞൊന്നു നോക്കാന്‍ ശ്രമിച്ചിട്ടു-
മാവാതെയൊട്ടൊന്നു പരിക്ഷീണിതമായെന്റെ
ലിംഗ നിര്‍ണ്ണയം നടത്താനാവാതെ സ്വയം.
ദിവസങ്ങള്‍ വീണ്ടും തള്ളി നീങ്ങവേ,
മുത്തശ്ശിയുടെ വിറങ്ങലിച്ച സ്വരമിതാ..
വയറു കണ്ടാലറിയാമിതവളല്ലവന്‍ തന്നെ.
വീണ്ടുമെന്‍ കൊച്ചു മനസ്സിനെ വിഷണ്ണമാക്കാന്‍.
അമര്‍ഷത്താല്‍ ഞാനൊന്ന് ചവിട്ടിയപ്പോള്‍,
ദാ എന്റെ കുഞ്ഞനങ്ങുന്നുവെന്നു വാത്സല്യത്താലമ്മ,
പറഞ്ഞത് കേട്ടെന്നുള്ളമാ മാതൃസ്നേഹത്തിലാര്‍ദ്രമായ്.
ആണായാലും പെണ്ണായാലും ഈ സ്നേഹമെനിക്ക് സ്വന്തം.
പിറവിയെടുത്താലുമില്ലെങ്കിലുമെനിക്കീയമ്മയെ,
മറക്കാനാവില്ലൊരിക്കലുമെന്നും നിര്‍ണ്ണയം.
അമ്മ തന്‍ ലാളനത്തിനായ് ഞാനവിരാമം,
ചവിട്ടിത്തിമിര്‍ത്തു ഗര്‍ഭപാത്രത്തില്‍ മന്ദമായ്.
വീര്‍ത്ത വയറില്‍ തലോടുമമ്മ തന്‍ കരത്തില്‍,
നെറ്റി ചേര്‍ക്കാനായ് കുതിച്ചു ഞാന്‍ വീണ്ടും.
സ്നേഹം പൊതിഞ്ഞ ശകാരങ്ങള്‍ കേള്‍ക്കാന്‍,
കൂര്‍പ്പിച്ചു വച്ചു ഞാനെന്‍ കര്‍ണ്ണങ്ങളനവരതം.
ഒരു ദിവസം കേട്ടുവെന്നമ്മ തന്നാര്‍ത്ത നാദം,
വീര്‍ത്ത വയറില്‍ ശക്തമായി തടവിക്കൊണ്ടും.
ആരുമില്ലെയിവിടെയെന്നമ്മയെ സാന്ത്വനിക്കാന്‍?
മനസ്സ് നൊന്തവസാനം ഞാന്‍ തന്നെ ഭൂജാതനായി.
എന്നെ കണ്ട നിമിഷം തന്നെയമ്മയുടെ കണ്ണീരില്‍,
സന്തോഷത്തിന്‍ മധുരം കലര്‍ന്നതറിഞ്ഞു ഞാന്‍.
ആണായാലും പെണ്ണായാലും അമ്മേ ഞാനെപ്പൊഴുമാ,
സ്നേഹവായ്പ്പുകള്‍ക്കെന്നും കടപ്പെട്ടിരിക്കും.
- ജോയ് ഗുരുവായൂര്‍
No comments:
Post a Comment