Friday, November 8, 2013

പതിരുകള്‍


പതിരുകള്‍

വിളഞ്ഞു നില്‍ക്കും നെല്‍പ്പാടത്തിലെ,
കളങ്കമായ് കരിവാളിച്ചു നില്‍ക്കുന്ന, 
വയറൊട്ടി വികാരശ്യൂന്യമായൊരു,   
പതിര് ഞാന്‍.. വെറുമൊരു പതിതന്‍.

സ്ത്രീജന്മത്തിന്‍ പൊക്കിള്‍ക്കൊടിയി-
ലൂടാരുടേയോരക്ഷരത്തെറ്റായി, 
ഉടലെടുത്ത നാള്‍ മുതല്‍ വട്ടമിട്ടു,
കഴുകുകളെന്നെ നിരന്തരം.

കുപ്പയിലെ തേരട്ടകളോടൊപ്പം കിടത്തി,
കടക്കും മുമ്പ് മാതൃതാപത്തിലുരുവായി,    
എന്‍റെ മാറിലേക്ക്‌ കുറ്റബോധത്തിന്‍റെ,  
രണ്ടശ്രുകണങ്ങള്‍ വീണിരുന്നുവോ?

എച്ചില്‍ തേടി തൊട്ടിയിലേക്കു നീണ്ട ദംഷ്ട്രങ്ങള്‍,
എനിക്ക് കൌതുകമായ കറുത്ത ദിനത്തില്‍, 
എന്നെ വാരിയെടുത്തൊരാ മെലിഞ്ഞ കൈകള്‍,
എന്നെ പഠിപ്പിച്ചതോ കുരയ്ക്കാനും കടിക്കാനും.

മാതാപിതാഗുരുദൈവമെന്തെന്നറിയാതെ,  
വിളഞ്ഞു നില്‍ക്കും നെല്‍വയലിലൊരു,
നെല്ലിന്നാകാരമുള്ള പതിരായി ഞാന്‍,  
കാറ്റിലും കോളിലും പതറി നിന്നതെന്തിന്?

നെല്ലായി ജനിച്ചയുടന്‍ അമ്മിഞ്ഞപ്പാലൂറ്റി,
എന്നെ പതിരാക്കിയ സമൂഹമേ എന്‍റെ
പിതാമഹര്‍ നിങ്ങളോട് ചെയ്ത,
തെറ്റിന്‍റെ ശിക്ഷയാണോ ഈ ജീവിതം?

സ്നേഹവാത്സല്ല്യപരിലാളനങ്ങളെന്നും,
നിരാശകള്‍ തന്നു കൊണ്ട് കണ്മുന്നിലൂടെ,
നിര്‍വികാരരായി കടന്നു പോകുന്നതെന്‍ 
ജാതകനക്ഷത്രങ്ങള്‍ കാണുന്നുണ്ടാവുമോ?

എനിക്കിനി കടിക്കണ്ടാ കുരയ്ക്കണ്ടാ..,
എന്‍റെയൊഴിഞ്ഞ മനസ്സിന്‍തടത്തിലിത്തിരി,
ആശകളാം വെള്ളവും വളവും മാത്രം നല്‍കൂ..
വികാരങ്ങള്‍ വളരാന്‍.. നിരാശകളകലാന്‍..      

 - ജോയ് ഗുരുവായൂര്‍

No comments:

Post a Comment