Friday, November 8, 2013

പൈതൃകം

 
ചെമ്പന്‍മലയുടെ നിറുകയില്‍ ശോണ വര്‍ണ്ണം തേച്ചു കൊണ്ട് അസ്തമനസൂര്യന്‍ ഏതോ ഗര്‍ത്തത്തിലേക്ക് ഊളയിട്ടത് പോലെ അപ്രത്യക്ഷമായി. മലമുകളിലുള്ള കാറ്റാടി മരങ്ങളെല്ലാം കറുത്ത കമ്പിളിപ്പുതപ്പുടുത്ത് സുഖസുഷുപ്തി തുടങ്ങാന്‍ തയ്യാറെടുത്തിരിന്നു. മലയിറങ്ങി വന്ന മന്ദമാരുതന്‍ കള്ളക്കാമുകനെ പോലെ അവയുടെ ഹരിതാഭ മുറ്റും ശിഖരങ്ങള്‍ക്കിടയിലേക്ക് ചേക്കേറാനൊരു വിഫലശ്രമം നടത്തി. ചെമ്പകപുതുശ്ശേരി ഇല്ലത്തിലെ പള്ളിക്കുളക്കടവില്‍ പരല്‍ മീനുകള്‍ക്ക് വേണ്ടി ഒറ്റക്കാലില്‍ മണിക്കൂറുകളോളം തപസ്സിരുന്നു മടുത്ത കൊറ്റി അരവയറുമായി തന്‍റെ പാര്‍പ്പിടം ലക്ഷ്യമാക്കി പറന്നുയര്‍ന്നു.

"ചമ്പ്രാ.. ചമ്പ്രാ.. ഓയ്...." 
നാലുകെട്ടിലെ താമരക്കുളത്തിന്  അഭിമുഖമായി ഇട്ട ചാരുകസേരയില്‍ ഇരുന്ന് ഭൃത്യന്‍ രാമന്‍റെ കയ്യിലെ രാമച്ചവീശറിയില്‍ നിന്നും ശരീരത്തില്‍ പതിക്കുന്ന സുഗന്ധമോലും കാറ്റിന്‍റെ കുളിര്‍മ്മ ആസ്വദിച്ചു കൊണ്ടിരുന്ന ഇളയ തിരുമേനി ചവച്ചു കൊണ്ടിരുന്ന മുറുക്കാന്‍ പുറത്തേക്ക് തൂവാതിരിക്കാന്‍ പണിപ്പെട്ടു കൊണ്ട് നീട്ടി വിളിച്ചു.

"അടിയന്‍..... ന്താ...മ്പ്രാളേ... "

തെക്കേ പുറത്തുള്ള പുരാതനമായ കളപ്പുരയില്‍ ചാക്കുകളില്‍ ധാന്യങ്ങള്‍ കോരി നിറക്കുകയും അവ തുന്നിക്കെട്ടി  അട്ടിയിടുകയും ചെയ്തിരുന്ന ചമ്പ്രന്‍ പുലയന്‍ ഓടിക്കിതച്ചെത്തി ഇളയ തമ്പുരാനെ വണങ്ങി നിന്നു.

"എന്താത്.. നേരോശ്ശീ ആയീലോ .. പണ്യങ്ങട് കഴിഞ്ഞില്ല്യാന്നുണ്ടോ?.. അറപ്പുരയുടെ താക്കോല് തരാന്‍ ന്നെന്താത്ത്ര അമാന്തം?.. " രാമന്‍ നീട്ടിയ ഓട്ടു കോളാമ്പിയില്‍ മുറുക്കാന്‍ ചവച്ച നീര് തുപ്പിയ ശേഷം തിരുമേനി ആരാഞ്ഞു.

"പണി കൈഞ്ഞില്ല്യമ്പ്രാ.. ചങ്കരനും യാനകീം .. പ്പഴും പണി ഒത്ക്കാണ് മ്പ്രാ..." ഭവ്യതയോടെ ചമ്പ്രന്‍ മൊഴിഞ്ഞു.

"ന്നാ ഒരു കാര്യങ്ങട് ചെയ്യാ.. കളപ്പൊര  പൂട്ടി താക്കോലിങ്ങട് എടുത്തോളോ.. ശിഷ്ടള്ള പണി നാളേം ചെയ്യാലോ ?... ങാ.. പിന്നെ ജാനകിയോടു അവടെ നിക്കാന്‍ പറ്യാ.. അകത്തിച്ചിരി പണീണ്ടേ... അത് കഴിഞ്ഞ വഴിമ്പടെ  രാമനവളെ നെന്‍റെ ചെറ്റേല് കൊണ്ടാക്കിക്കോളേയ്...
ന്നാ.....   ഇതെടുത്തോളാ.... നെനക്കും ചങ്കരനും അന്തിക്കള്ള് മോന്താനുള്ള വഹാ.."
ഒരു ഗൂഡമന്ദസ്മിതത്തോടെ ഇളയ തിരുമേനി അരികിലെ പീഡത്തില്‍ ഇരുന്ന മുറുക്കാന്‍ ചെല്ലത്തിന്‍റെ ഒരു അറ തുറന്നു അതില്‍ നിന്നും അഞ്ചാറു ഓട്ടക്കാലണകള്‍ എടുത്തു നാലുകെട്ടിന്‍റെ മുറ്റത്ത് കുമ്പിട്ടു നിന്നിരുന്ന ചമ്പ്രന്‍റെ മുന്നിലേക്കെറിഞ്ഞു കൊടുത്തു.

"അടിയന്‍.."  മണ്ണില്‍ ചിതറിക്കിടന്ന നാണയങ്ങള്‍ എടുത്തു കൊണ്ട് ചമ്പ്രന്‍ നാലുകെട്ടിനു പുറത്തേക്ക് പോയി.                                       

ഉണങ്ങിയ ഓലക്കുടി കൊണ്ട് ജാനകി കെട്ടിക്കൊടുത്ത ചൂട്ടുകറ്റ കത്തിച്ച് അതില്‍ നിന്നൊരു ബീഡിയും കൊളുത്തി ചമ്പ്രനും അളിയനായ ചങ്കരനും അറപ്പുരയുടെ താക്കോല്‍ അവളെ ഏല്‍പ്പിച്ച് ഇല്ലത്ത് നിന്നിറങ്ങുമ്പോള്‍ ദൂരെ ചെമ്പന്‍ മല കരിമ്പടം പുതച്ചു കിടക്കുന്നത് കാണായി. മലമുകളിലെ നാഗദേവീക്ഷേത്രത്തിനു മുമ്പിലെ വലിയ കല്‍വിളക്കില്‍, കൂരിരുട്ടില്‍ ഇഴയുന്ന നാഗത്താന്മാര്‍ പേറുന്ന മാണിക്യങ്ങള്‍ പോലെ  ദീപങ്ങള്‍ ജ്വലിച്ചു നിന്നു.

"അംബ്രാള്‍ക്കീയിടെ അകത്തെ വേലകളിച്ചിരി തോന്ന്യാണല്ലോ ചമ്പ്രാ?.."
മുന്നില്‍ ചിന്താനിമഗ്നനായി തലയും താഴ്ത്തി വീതി കുറഞ്ഞ പാടവരമ്പിലൂടെ നടന്നിരുന്ന ചമ്പ്രന്‍ ചങ്കരന്‍റെ ചോദ്യത്തിനുത്തരമെന്നോണം നിര്‍വ്വികാരനായി ഒന്ന് മൂളി. അത് ചങ്കരനെ ഒന്ന് ചൊടിപ്പിച്ചു.

"ഇങ്ങന്യാച്ചാ.. അവളോട്‌ അവടെത്തന്നെ അങ്ങ് താമയിച്ചോളാന്‍ പറ. വേളി കയിഞ്ഞിട്ടൊരൂസേങ്കിലും വൈന്നേരം നെനക്കൊരു കഞ്ഞീണ്ടാക്കിത്തരാന്‍ ഓളുക്കായിട്ടിണ്ടാ?  പാരാത്രിക്കല്ലേ എന്നും മനേന്നോളേം കൊണ്ടാ ചെണ്ണക്കാലന്‍ നായര് വരണേ.. "           

"ങ്ങും.." ചമ്പ്രന്‍റെ നിസ്സംഗഭാവത്തിലുള്ള അടുത്ത മൂളല്‍ കേട്ട് ചങ്കരന്‍റെ നീരസം അണപൊട്ടിയൊഴുകി. 

"ദേ.. ഒരൂട്ടണ്ട്.. ന്‍റെ ഒടേപ്പെറന്നോളാ യാനകി.. നിക്കുംണ്ടാവും കൊറേ ദണ്ണം.. അതാ ഞാന്‍.... നെനക്കു പുത്തിമുട്ടാച്ചാ..ഞാന്‍ നാളെ അംബ്രാനോട്‌ ചോയിക്കാ.. എന്നും യാനകിക്ക് മോന്തിക്കെന്താത്ര തോനെ വേല ആത്ത് ന്ന്.. വെളിച്ചത്ത് അടുക്കളേക്കാച്ചാ ഓളെ അമ്പ്രാട്ടി കേറ്റൂംല്ല്യ.. ഹും..  മിന്നു കെട്ട്യോനു കൊണംല്ല്യാച്ചാ ഞാനിപ്പെന്താ ചീയ്യാ?.."  

"നെനക്കെന്തിന്‍റെ എടെങ്ങറാ.. ന്‍റെ ചങ്കരാ..? അംബ്രാനോടൊക്കെ ഏനെങ്ങന്യാതൊക്കെ ചോയിക്ക്യാ.. യ്യ് മിണ്ടാണ്ടിരി... നെനച്ചോ.. അമ്പ്രാന് ഈറ വന്നാലപ്പിടി തീരും.. പിന്നെ വ്ടുന്നങ്കട് പോണ്ട്യന്നെ വരും.. ന്യെതെങ്കിലും പൊലയക്കുടീലെ മംഗലം നടക്കണ വരെ..ത്നെന്ത് നിമൃത്ത്യാള്ളേ?.."

ചമ്പ്രന്‍റെ വാക്കുകള്‍ കേട്ട് കോപം കൊണ്ട് വിറച്ചു തന്‍റെ തലയിലെ പാളത്തൊപ്പി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു അയാളെ ഒന്ന് ദേഷ്യത്തോടെ നോക്കി, കല്ലുത്തിപ്പാറയിലെ കുഞ്ഞടിമൂന്‍റെ കള്ള്ഷാപ്പ് ലക്ഷ്യമാക്കി ചങ്കരന്‍ അതിവേഗം നടന്നകന്നു.
************************************************************
"അളിയാ........ യാനകി പെറ്റൂ.. ആങ്കുട്ട്യാ.." അവിടെക്കോടി വന്ന ചങ്കരന്‍റെ വായില്‍ നിന്നും ഇത് കേട്ടയുടന്‍ ഇരുളില്‍ കട്ട പിടിച്ച ഇരുട്ട് പോലെ കുടിലിനടുത്തുള്ള പാറമടയുടെ അഗാധതയിലേക്ക്‌ അലക്ഷ്യമായി വീക്ഷിച്ചു ചിന്താനിമഗ്നനായി പാറവക്കത്തിരുന്നിരുന്ന ചമ്പ്രന്‍റെ മുഖം വികസിച്ചു പൂര്‍ണ്ണചന്ദ്രനെപ്പോലെ തിളങ്ങി. 

"അവക്ക്‌ ദണ്ണമൊന്നൂല്ല്യല്ലോടാ...." അതിനുള്ള ചങ്കരന്റെ മറുപടി പാതി കേട്ട് പാതി കേള്‍ക്കാത്ത പാട് ചമ്പ്രന്‍ തന്‍റെ കുടിലിലേക്കോടിച്ചെന്ന് കോലായിലേക്ക് കയറുമ്പോള്‍ മണ്ണെണ്ണ ചിമ്മിനിയുടെ അരണ്ട വെട്ടത്തില്‍ മുറുക്കാന്‍ ചെല്ലവുമായി ഇരുന്നിരുന്ന വയറ്റാട്ടിത്തള്ള പറഞ്ഞു.

"ആങ്കുട്ട്യാഡാ...   ന്നന്റൊരു കോലോംല്ല്യാ.. ന്നാ ഓള്‍ടെ ന്നെറാ... തൂവാവെള്ള.. ങ്ങനെപ്പോയാ ശ്ശി കഴിഞ്ഞാ പെലേന്മാരോക്കെയങ്ങട് വെളുത്ത് പോവാലോ.. ന്‍റെ മുത്തപ്പാ.. ഹി ഹി ഹി.. " ചുരുട്ടിയ മുറുക്കാന്‍ കൂട്ട് വായിലേക്ക് തിരുകി ചുറ്റും മൂളിപ്പറന്നൊരു കൊതുകിനെ രണ്ടു കൈ കൂട്ടി അടിച്ചു കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ ശബ്ദം ഒരു ഇടിമുഴക്കം പോലെ ചമ്പ്രന്റെ ചെവികളില്‍ പതിച്ചു.  അകത്തേക്കായാന്‍ ഒരുങ്ങിയ ചമ്പ്രന്‍ ഒരു നിമിഷം കട്ടിളപ്പടിക്കല്‍ ആരോ കയറിട്ടു പിടിച്ചപോലെ  ഒരു നിമിഷം നിന്നു. പിന്നെ പ്രസരിപ്പ് വീണ്ടെടുത്തു കുട്ടിയെ കാണാനുള്ള ഉത്സാഹത്തോടെ അരണ്ട വെളിച്ചം നിറഞ്ഞ മുറിയിലേക്ക് കുതിച്ചു.

********************************************************************
ചമ്പ്രന്‍ തന്‍റെ ഏക മകനുമായി ഇല്ലത്തിന്‍റെ പടി കടന്നു വരുമ്പോള്‍ ഇളയ തമ്പുരാന്‍ പൂമുഖത്ത് ഉലാത്തുന്നുണ്ടായിരുന്നു.

"അംബ്രാ..." നരച്ചു തുടങ്ങിയ തലയില്‍ കെട്ടിയിരുന്ന മുഷിഞ്ഞ തോര്‍ത്തുമുണ്ട് അഴിച്ചു അരയില്‍ വരിഞ്ഞു കെട്ടി ചമ്പ്രന്‍ വണങ്ങി നിന്നു.

"ഹ്മം.. ന്താപ്പോ.... ഈ കരിപ്പാവണ നേരത്ത് കോലോത്തെക്ക്" 

"മ്പ്രാ.. ന്‍റെ മോന്‍ പത്താം തരം ജയ്ച്ചൂ... അവനാണത്രേ പള്ളിക്കൂടത്തില്‍ ഏറ്റോം തോനെ മാര്‍ക്ക്‌.. പാതിരി കല്‍പ്പിച്ചേക്ക്ണൂ.. ഓനെ കൊച്ചിക്ക്‌ വിട്ടു വല്ല്യ പള്ളിക്കൂടത്തില് പഠിപ്പിക്കണന്ന്..."    തമ്പുരാന്‍റെ പ്രതികരണം കാത്ത് ചമ്പ്രന്‍ തലയും ചൊറിഞ്ഞു കൊണ്ട് ഭവ്യതയോടെ നിന്നു. അല്‍പ്പനേരം ഒന്നും ഉരിയാടാതെ തമ്പുരാന്‍ ഉലാത്തല്‍ തുടര്‍ന്നു.

"ത്ഫൂ.... ദ്ധാണ് ഇപ്പള്‍ത്തെ പിള്ളേര്‍ടെ കൊഴപ്പം... അവനാന്‍റെ നെല മറന്ന് ഓരോന്നങ്ങട് പഠിച്ചോളും... ന്താപ്പോ ഓനിതിന്റ്റ്യോക്കെ ആവിശ്യം?... നെനക്കോ വയസ്സായി വരുന്നു... പള്ളിക്കൂടത്തിലൊക്കെ പോണ നേരം കൊണ്ട് നെന്നെ കളപ്പൊരേലെ വേലയ്ക്ക് സഗായിച്ചാലെന്താ ആ എഭ്യന്.." വായിലെ മുറുക്കാന്‍ കൂട്ട് അവജ്ഞയോടെ മുറ്റത്തെ തെങ്ങിന്‍റെ കടയ്ക്കലോട്ടു തുപ്പിയിട്ട് അയാള്‍ ചോദിച്ചു...

"അത് മ്പ്രാ..... " ഒന്നും പറയാനാവാതെ ഒന്നു കൂടി കുനിഞ്ഞു വണങ്ങി ചമ്പ്രന്‍ നിന്നു.. പരിഭ്രമത്തോടെ രാമകൃഷ്ണനും..

"ഹ്സ്ര്ര്ര്‍...  ന്താ ഓന്റെ പേര്?.."  ഒന്ന് മുരടനക്കി തമ്പുരാന്‍ ചോദിച്ചു.

"രാമേഷ്ണന്‍ ന്നാ..മ്പ്രാ..."  അല്‍പ്പം അഭിമാനം സ്ഫുരിക്കുന്ന മുഖഭാവത്തോടെ ചമ്പ്രന്‍.

ഭേഷ്... വന്നു വന്നു തമ്പ്രാക്കന്മാരുടെ പേരും പൊലയച്ചെക്കന്മാര്‍ക്ക് ഇട്ടൊടങ്ങീ..  അസത്തുകള്‍.. അവനെ തുപ്രന്‍ന്നു വിളിച്ചാല്‍ മതീട്ടോ... ചമ്പ്രന്റെ മോന്‍ തുപ്രന്‍..  ഒരു രാമേഷ്ണന്‍... ത്ഫൂ... ഓനെ കൊച്ചിക്കും കൊയിലാണ്ടിക്കും ഒന്നും വിടണ്ടാ... നാളെ മുതല്‍ രാമന്‍നായരുടെ കൂടെ തേങ്ങേടെ കണക്കെഴുതാന്‍ കൂടിക്കോളാന്‍ പറയ്‌... മാസം ഒരമ്പതു രൂഫാ അങ്ങട് തരും... പിന്നെ കുശിനീന്ന് മൂന്നു നേരോം കിട്ടണത് വെട്ടി വിഴുങ്ങാന്‍ നെന്‍റെ പോലെ അവനും മോശാവില്ല്യല്ലോ?" പെട്ടെന്ന് പ്രതീക്ഷകള്‍ അസ്തമിച്ച മുഖഭാവത്തോടെ നിന്ന ചമ്പ്രന്‍റെ ചെവികളില്‍ തമ്പുരാന്‍റെ വാക്കുകള്‍ ഒരു കല്‍പ്പന പോലെ പതിച്ചു.

"ശരീ..മ്പ്രാ.. " ഒന്നു കൂടി അയാളെ വണങ്ങി ചമ്പ്രന്‍ പടിയിറങ്ങുമ്പോള്‍ അമര്‍ഷത്തോടെ തമ്പുരാന്‍ ഉച്ചത്തില്‍ പുലമ്പുന്നത് പുറകില്‍ നിന്നും കേള്‍ക്കാമായിരുന്നു.

"പഠിച്ചു പഠിച്ചു വല്ല്യേ മൈസ്രേട്ട് ആവുംന്നാവും വിചാരം.. കണ്ണീക്കണ്ട വരത്തന്‍ പാതിരിമാര് പറേണതു കേട്ട് അവനോന്റെ നെല മറന്ന് വ്ടെ വന്നു തുള്ള്യാണ്ടല്ലോ...ന്നെ ക്കൊണ്ടോന്നും പറേപ്പിക്കണ്ടാ... ത്ഫൂ..."   

*****************************************************************************************************************
"യ്യ് തമാനീക്ക് ന്റെ ചമ്പ്രാ... പാതിരി പറഞ്ഞത് കേട്ടില്ല്യെ... ഓന്‍ വെവരൊള്ളോനാ.. വേണ്ടാതീനോന്നും ചെയ്യില്ല്യാന്നെ... ഈറ വന്നു എങ്കടെങ്കിലും പോയതാവും... തന്നെത്താന്‍ ബന്നോളും.. ബാ... കുടീലവള്‍ എടെങ്ങറായി ഇരിക്ക്ണൂണ്ടാവും.. "  

പള്ളിമേടയുടെ പടിയിറങ്ങുമ്പോള്‍ ചങ്കരന്‍ ചമ്പ്രനെ ആശ്വസിപ്പിച്ചു. തലേ ദിവസം രാത്രി മുതല്‍ രാമകൃഷ്ണനെ കാണാനില്ല. ആ തിരോധാനത്തിന്റെ വല്ല സൂചനയും ലഭിക്കുമോ എന്നറിയാന്‍ പള്ളിമേടയില്‍ എത്തിയതായിരുന്നു അവര്‍. 
*********************************************************************************************************************
ആംസ്റ്റര്‍ഡാം എയര്‍പോര്‍ട്ടിനടുത്തുള്ള വിശാലമായ ഫാം ഹൌസിന്റെ മട്ടുപ്പാവിലെ ഈസി ചെയറില്‍ ഇരുന്നു ചുവരില്‍ മാലയിട്ടു വച്ചിരുന്ന ജാനകിയുടെ ഛായാചിത്രത്തില്‍ ഉറ്റുനോക്കിക്കൊണ്ട്  'മിസ്റ്റര്‍. ചാന്ഫെര്‍ കുറുന്തോട്ടിഫീല്‍ഡ്' നെടുവീര്‍പ്പിട്ടു. ജാനകിയുടെ വിയോഗത്തിനു പതിനഞ്ചു കൊല്ലം തികയുകയാണ്  മറ്റന്നാള്‍.

ജീവിതത്തില്‍ ഇപ്പോള്‍ താന്‍ അനുഭവിക്കുന്ന സുഖങ്ങള്‍ ഒന്നും തന്നെ അനുഭവിക്കാന്‍ സാധിക്കാതെ, തന്റെ മകന്റെ ഉയര്‍ച്ചകളില്‍ ഒന്ന് സ്വയം അഭിമാനിക്കാന്‍ വരെ സമയം കൊടുക്കാതെ ദൈവം അവളെ മുകളിലേക്ക് വിളിപ്പിച്ചു. ഏകാന്തതയും ദുഖവും കൂടുകൂട്ടിയ മനസ്സുമായി ദിവസങ്ങള്‍ കഴിച്ചു കൂട്ടിയിരുന്ന തന്നെ തേടി നാട് വിട്ടു പോയിരുന്ന മകന്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു രാത്രിയില്‍ കോട്ടും സ്യൂട്ടും ഒക്കെ ധരിച്ചു നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ണുകളെ വിശ്വസിക്കാനായില്ല. അത് അവളുടെ ആത്മാവിന്റെ നിയോഗം പോലെ തന്നെ സംഭവിച്ചതാവാം എന്ന് താന്‍ ഇന്നും വിശ്വസിക്കുന്നു. തന്നോടുള്ള അവളുടെ സ്നേഹം അത്രയ്ക്കായിരുന്നല്ലോ.
അമ്മ നഷ്ടപ്പെട്ടതറിഞ്ഞു പൊട്ടിക്കരഞ്ഞ രാമകൃഷ്ണന്‍ തന്നെ തന്റെ കൂടെ നെതെര്‍ലാന്ടിലേക്ക് പറിച്ചു നട്ടു. പുതിയ നാടും ഭാഷയും സംസ്കാരവും ഒക്കെയുമായി  താനും ഇപ്പോള്‍ അനുരമിച്ചിരിക്കുന്നു. തമ്പുരാന്റെ കളപ്പുരയിലെ ജോലികള്‍ ചെയ്തിരുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ തനിക്കും ഇങ്ങനെയൊരു യോഗം!! പാവം ജാനകി.. അവള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ എത്രമാത്രം സന്തോഷിച്ചേനെ..

"ഡാഡ്... ഗെറ്റ് റെഡി.. വീ ഹാവ് ടൂ റഷ് ടൂ എയര്‍പോര്‍ട്ട് നവ്.. ടൈം ഈസ്‌ ഓള്‍മോസ്റ്റ്‌ അപ് ഡാഡ്.." രാമകൃഷ്ണന്റെ സ്വരം ചമ്പ്രനെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. കണ്ണുകളില്‍ പൊടിഞ്ഞ കണങ്ങള്‍ കൈ കൊണ്ട് തുടച്ചു കസേരയോട് ചാരി വച്ചിരുന്ന മനോഹരമായൊരു ഊന്നു വടിയുടെ സഹായത്തോടെ ആയാസപ്പെട്ട്‌ അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ മകന്‍ കൈ പിടിച്ചു സഹായിച്ചു കൊണ്ട് ചോദിച്ചു.

"ഡാഡ്.. ആര്‍ യു ക്രയിംഗ്?.... ഐ നോ ഡാഡ്.. യു മസ്റ്റ്‌ ഹാവ് തോട്ട് എബൌട്ട്‌ മമ്മി... "

**********************************************************************************           
ചെമ്പാശ്ശേരിയിലെ ആദ്യത്തെ സ്കൂള്‍ ആയ ജാനകി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഉല്‍ഘാടനമഹാമഹത്തിനായുള്ള തകൃതിയായുള്ള തയ്യാറെടുപ്പുകള്‍ ഒരു വിധം അവസാനിച്ചിരിക്കുന്നു. വിദേശത്തു നിന്നും എത്തിയ ഇന്ത്യക്കാരായ കുറെ ഓഫീസര്‍മാരെ കൂടാതെ നാട്ടില്‍ നിന്നും സ്കൂളിലേക്ക് സ്റ്റാഫ് ആയി നിയമിക്കപ്പെട്ടിരുന്ന വ്യക്തികളും ചടങ്ങ് വിജയകരമാക്കിത്തീര്‍ക്കുവാന്‍ തങ്ങളുടേതായ ഉത്തരവാദിത്വങ്ങളില്‍ മുഴുകി സജീവമായിത്തന്നെയുണ്ടായിരുന്നു.

രാഷ്ട്രീയപ്രമാണികളും  വിശിഷ്ട വ്യക്തികളും മതനേതാക്കളും അടങ്ങുന്ന അതിഥിവൃന്ദം മനോഹരമായി അലങ്കരിച്ചിരുന്ന വേദിക്ക് ഒരു അഭിമാനമെന്നോണം നിരന്ന് ഇരുന്നു. അവരുടെ കൂട്ടത്തില്‍ മോഡിയേറിയ വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട് വേദി അലങ്കരിച്ച ചമ്പ്രനെയും രാമകൃഷ്ണനെയും പഴയവര്‍ ആരും തിരിച്ചറിഞ്ഞില്ല.

ഏതോ ധനവാനായ പ്രവാസി വന്നു കുഗ്രാമത്തിന്റെ പകുതി ഭൂമിയും വാങ്ങിക്കൂട്ടുകയും ഇവിടത്തെ കുട്ടികള്‍ക്ക് സൌജന്യ വിദ്യാഭ്യാസം നല്‍കും എന്ന വിളംബരത്തില്‍ ഈ വിദ്യാലയം പണിയിപ്പിച്ചെന്നതിനും ഉപരിയായി ആര്‍ക്കും ഒന്നും അറിയില്ല. പ്രശസ്തി കേട്ട ചെമ്പകപുതുശ്ശേരി മന വരെ പുതിയ തലമുറയില്‍ നിന്നും ഈ വേന്ദ്രന്‍ മോഹവില കൊടുത്ത് വാങ്ങിയെന്നും ദാരിദ്ര്യം കൊണ്ടും വാര്‍ദ്ധക്യം കൊണ്ടും മക്കളുടെ അവഗണന കൊണ്ടും അവശരായിരുന്ന അവിടത്തെ നമ്പൂതിരിയേയും അന്തര്‍ജനത്തെയും സൌജന്യമായി അവിടത്തെ കളപ്പുരയില്‍ കഴിയാന്‍ അനുവദിച്ചു എന്നും ഒക്കെയുള്ള വാര്‍ത്തകള്‍ നാട്ടില്‍ പരന്നിരുന്നു. 

ഉല്‍ഘാടനച്ചടങ്ങുകള്‍ തുടങ്ങിയപ്പോള്‍ രാമകൃഷ്ണന്‍ എഴുന്നേറ്റു മൈക്ക് കയ്യില്‍ എടുത്തു അഭിമാനത്തോടെ തന്‍റെ പ്രസംഗം ആരംഭിച്ചു.

"ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മെന്‍... ഈ സ്കൂള്‍ എന്റെ ഒരു ജീവിതാഭിലാഷം ആയിരുന്നു. കാരണം.. സമൂഹം നിഷ്കര്‍ഷിച്ച വിലക്കുകള്‍ അതിജീവിച്ചും പഠിക്കാനുള്ള അടങ്ങാത്ത ആവേശത്തില്‍ മൈലുകള്‍ കാല്‍നടയായി താണ്ടി പഠിക്കേണ്ടി വന്ന ഒരു വിദ്യാര്‍ഥിയായിരുന്നു ഞാന്‍ എന്നുമാത്രം ഇപ്പോള്‍ ബഹുമാനപ്പെട്ട സദസ്സ് മനസ്സിലാക്കുക. ഇവിടെ ചേര്‍ന്ന് പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത നിലവാരത്തിലുള്ള സൌജന്യ വിദ്യാഭ്യാസം നല്‍കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് എന്നെയും എന്‍റെ അച്ഛനെയും വിട്ടു പിരിഞ്ഞു പോയ എന്റെ പ്രിയ മാതാവ് ജാനകിക്കുട്ടിയുടെ പേരിലുള്ള ഈ വിദ്യാലയം നടത്തിക്കൊണ്ടു പോകാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്ന എന്റെ വ്യക്തിപരമായ നേതൃത്വത്തില്‍ രൂപം കൊടുത്ത ജാനകി പൂവര്‍ വെല്‍ഫെയര്‍ ട്രസ്റ്റ്‌ എന്ന സഹായസമിതി  ബാധ്യസ്ഥമാകുന്നു എന്ന സന്തോഷവാര്‍ത്തയും ഞാന്‍ നിങ്ങളെ അറിയിക്കാന്‍ താല്‍പ്പര്യപ്പെടുന്നു......... "
 പിന്നെയും തന്‍റെ ഉദ്ദേശ്യശുദ്ധിയേയും മഹത്വത്തേയും കുറിച്ച് ഘോരഘോരം കുറെയധികം പ്രസംഗിച്ച ശേഷം വേദിയില്‍ മൌനമായി ഇരുന്നിരുന്ന ചമ്പ്രന്റെ നേരെ തിരിഞ്ഞു കൊണ്ട്...
"സൊ... ഐ പ്രൌഡ് ലി  ഇന്‍വയിറ്റ്  മൈ ബിലവ്ഡ്  ഫാദര്‍ ടൂ ഇനോഗറേറ്റ് ദിസ്‌ ഇന്‍സ്ടിട്ട്യൂഷന്‍.... ഡാഡ്.. പ്ലീസ് കം ആന്‍ഡ്‌ ബ്ലെസ് ദിസ്‌ ഒക്കേഷന്‍.." 
കയ്യടികളുടെ ഘോഷത്തിനിടയില്‍ വേദിയില്‍ വികാരാധീനനായി  ഇരുന്ന ചമ്പ്രനെ രാമകൃഷ്ണന്‍ മൈക്കിനടുത്തേക്കു ആദരവോടെ ആനയിച്ചു.
മൈക്ക് കയ്യിലെടുത്ത ചമ്പ്രന്‍ സദസ്സിനെ ഒന്നാകെ ഒന്ന് വീക്ഷിച്ചു. പെട്ടെന്ന് ഒരു അസാധാരനമായ ഭവ്യത ബാധിച്ച പോലെ അയാള്‍ ഒന്ന് പരുങ്ങി. സദസ്സിന്‍റെ ഒരു മൂലയില്‍ കുപ്പായം ധരിക്കാതെ കേവലം ഒരു ഒറ്റമുണ്ടും ഉടുത്തു ഇരുന്നിരുന്ന തന്‍റെ പഴയ യജമാനനായിരുന്ന കൊച്ചമ്പ്രാനെ കണ്ടു അയാളുടെ കണ്ണുകള്‍ ജ്വലിച്ചു... പാദങ്ങള്‍ വിറച്ചു.

"അമ്പ്രാ .. ഒന്നിങ്ങട് വര്വോ...?"  അയാളെ ശ്രദ്ധിച്ച വഴി സ്വയം മറന്ന പോലെ ഉച്ചത്തില്‍ സദസ്സിനെ നോക്കി ചമ്പ്രന്‍ അത് വിളിച്ചു ചോദിച്ചപ്പോള്‍ രാമകൃഷ്ണനും വേദിയില്‍ ഉള്ളവരും മാത്രമല്ല തമ്പുരാനും ഞെട്ടി.

"അമ്പ്രാ....... ന്നെ മറന്നോ?.. ഏന്‍ ചമ്പ്രന്‍... അമ്പ്രാനന്നെ ഈ സ്കോളിന്‍റെ ഉല്‍ഘാടനം കയിക്കണം. എല്ലാം പൊറുക്കണം... രാമേഷ്ണനെ  അറീല്ല്യേ .. മ്ബ്ടെ മോനാ മ്പ്രാ...ഇങ്ങട് വര്വോ... പ്ലീസ് മ്പ്രാ..."

എല്ലാവരും തരിച്ചു നില്‍ക്കെ, പെരുവിരലില്‍ നിന്നും തലച്ചോറിലേക്ക് പാഞ്ഞു പോയ ഒരു മിന്നലിന്റെ ആഘാതം അതിജീവിച്ചു വയസ്സനും രോഗിയുമായ ആ ജീവച്ഛവം, തല കുമ്പിട്ടു മുടന്തി മുടന്തി വേദിയിലേക്ക് നീങ്ങുമ്പോള്‍ പെട്ടെന്ന് കര്‍ണ്ണങ്ങളില്‍ മുഴങ്ങിയ ഒരു അശരീരി കേട്ട് വെട്ടിയിട്ട വാഴ പോലെ നിലം പതിച്ചു...

"അമ്പ്രാ... ന്നെ വിടൂ... ന്‍റെ വേളി കയിഞ്ഞന്നന്നെ വേണോ..മ്പ്രാ... ന്‍റെ പൊലയന്‍ വരെ ന്നെ തൊട്ടിട്ട്ല്ല്യാമ്പ്രാ..":  

അന്തരാത്മാവില്‍ മുഴങ്ങിയ ആ കരളലിയിക്കുന്ന രോദനം കേട്ട് അസ്തപ്രജ്ഞനായി വീണു കിടക്കുമ്പോള്‍ മൃതപ്രായനായ കുട്ടന്‍ തമ്പുരാന്‍റെ ശക്തി ക്ഷയിച്ച മനസ്സില്‍ ഒരുമിച്ച് എരിഞ്ഞ ആയിരം ചൂട്ടുകറ്റകളുടെ ചൂടേറ്റു അയാളുടെ ദുരാത്മാവിന്‍റെ ചിത ആളിക്കത്താന്‍ തുടങ്ങിയിരുന്നു. 

- ജോയ് ഗുരുവായൂര്‍
അവസര പ്രസക്തമായ ചില നാടന്‍ പറച്ചിലുകള്‍..
അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ?
സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കും..
അല്പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിക്കും കുടപിടിക്കും..
ജാത്യാലുള്ളതു തൂത്താല്‍ പോകുമോ?
കൊടുത്താല്‍ കൊല്ലത്തും കിട്ടും..

No comments:

Post a Comment