Friday, November 8, 2013

ഋതുഭേദങ്ങള്‍

 
ഋതുഭേദങ്ങള്‍
സമയം പാതിരാത്രിയോടടുത്തിരിക്കുന്നു. ബാംഗ്ലൂര്‍ - ഹൊസ്സൂര്‍ ദേശീയപാതയുടെ വിജനമായൊരു സര്‍വ്വീസ് റോഡില്‍ പാര്‍ക്ക് ചെയ്ത കറുത്ത ഹോണ്ട സിറ്റി കാറിന്‍റെ ഡ്രൈവിംഗ് സീറ്റ് പരമാവധി പുറകിലോട്ടു ചായ്ച്ചു വച്ച് കൈപത്തികള്‍ രണ്ടും തലയ്ക്കു താങ്ങായി കൊടുത്ത് മലര്‍ന്നു കിടക്കുമ്പോഴാണ് ഹൈവേയിലൂടെ ഇടതടവില്ലാതെ പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റുകളുടെ വെട്ടത്തില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ രമേഷ് കൃഷ്ണന്‍റെ ദൃഷ്ടി ഡാഷ്‌ബോര്‍ഡില്‍ കിടന്നിരുന്ന ആ പൊട്ടിക്കാത്ത കത്തില്‍ ചെന്ന് പതിച്ചത്.

“ഛെ.. താന്‍ എന്തൊരു മനുഷ്യനാ.. ഇന്നലെ ഉച്ചക്ക് കിട്ടിയ ഈ കത്ത് ഇത് വരെ തുറക്കാന്‍ വരെ തനിക്കു ആയില്ല.. കഷ്ടം.. കുറച്ചു കാലം മുമ്പ് വരെ ശ്രീലേഖയുടെ കത്ത് വരുന്നതും കാത്തു അക്ഷമനായി എത്രയോ തവണ താന്‍ ഇരുന്നിട്ടുണ്ട്. ഇപ്പോള്‍ തനിക്കു എന്ത് പറ്റി? മനസ്സാക്ഷിയോട്‌ ചോദിച്ചതിനു മറുപടി ഉടനെ കിട്ടി. ഈ സൈബര്‍ താഴ്വരയിലെ ജീവിതം തന്‍റെ രീതികള്‍ തന്നെ മാറ്റി മറിച്ചിരിക്കുന്നു. പൂക്കളുടെ പുഞ്ചിരിയും പറവകളുടെ മധുരനാദവും സാധാരണക്കാരുടെ മുഖത്തു വിരിയുന്ന നിഷ്ക്കളങ്കതയും പ്രഭാതങ്ങളില്‍ അമ്പലങ്ങളില്‍ നിന്നുയരുന്ന ശംഖൊലികളും ഒക്കെ ശ്രദ്ധിക്കാനോ ആസ്വദിക്കാനോ ഉള്ള സഹൃദയത്വം ഏതാനും കൊല്ലത്തെ യാന്ത്രീകമായ ആഡംബര ജീവിതത്തില്‍ തനിക്കു കൈമോശം വന്നിരിക്കുന്നു.   

സോഫിയ ഉറക്കത്തിലേക്ക് വഴുതി വീണിരിക്കുന്നു. തുറന്ന കുപ്പായക്കുടുക്കുകള്‍ക്കിടയിലൂടെ തന്‍റെ  മാറിലെ രോമരാജികളില്‍ വിശ്രമിക്കുന്ന അവളുടെ രത്നമോതിരങ്ങളണിഞ്ഞ വെളുത്ത കൈത്തലം വളരെ ശ്രദ്ധയോടെ എടുത്തു മാറ്റി കത്തെടുക്കാനായി മുന്നോട്ടാഞ്ഞപ്പോള്‍ താഴെ ബ്രേക്ക് പെഡലിനരികെ കിടന്നിരുന്ന ഒഴിഞ്ഞ ബീയര്‍ കാനുകള്‍ ഞെരിഞ്ഞമര്‍ന്നു ശബ്ദമുണ്ടാക്കിയെങ്കിലും അത് അവളുടെ ഗാഡനിദ്രയ്ക്കു ഭംഗം വരുത്തിയില്ല..

തന്റെ കൂടെയുള്ളപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും അനുഭവിക്കാത്തത്ര സുരക്ഷിതത്വബോധം ആണ് സോഫിയ അനുഭവിക്കുന്നത്. സ്ഥാനം കൊണ്ട് തന്‍റെ ടീം ലീഡര്‍ ആണെങ്കിലും വളരെ കുറച്ചു കാലത്തിനിടയില്‍ തന്നെ തന്നോട് അവള്‍ എത്രയോ അടുത്തു കഴിഞ്ഞിരിക്കുന്നു. അളവറ്റ സമ്പത്ത്, മാതാപിതാക്കളുടെ ഏക സന്താനം. എന്നിട്ടും  അനാഥത്വം അനുഭവിക്കാന്‍ വിധിക്കപ്പെട്ട പാവം പെണ്‍കുട്ടി. ഡാഡി അമേരിക്കയില്‍ പണം കൊയ്യുമ്പോള്‍ മമ്മ സ്വിറ്റ്സര്‍ലാന്‍ഡില്‍ അന്താരാഷ്ട്ര സംഘടനയോട് ബന്ധപ്പെട്ട ഓഫീസ്സില്‍ ജോലി. ബാംഗ്ലൂര്‍ ജെ.പി. നഗറിലെ അംബരചുംബിയായ പടുകൂറ്റന്‍ കെട്ടിടത്തിലെ റിട്ടയര്‍ഡ് ദമ്പതിമാരുടെ പേയിംഗ് ഗസ്റ്റ് ആയി താമസിച്ചു പ്രശസ്തമായ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി നോക്കിക്കൊണ്ട്‌ സോഫിയയും. വല്ലപ്പോഴും ഡാഡിയോ മമ്മയോ അവധിക്കായി എത്തുമ്പോള്‍ അവരോടൊപ്പം ബോംബെയിലെ സ്വന്തം ഫ്ലാറ്റില്‍ കുറച്ചു ദിവസം. രണ്ടുപേരെയും ഒരുമിച്ചു കണ്ടു മുട്ടിയ കാലം തന്നെ അവള്‍ ഓര്‍ക്കുന്നില്ല. അവളുടെ പേര്‍സണല്‍ റെക്കോര്‍ഡ്‌ പരിശോധിച്ചപ്പോള്‍ മറ്റൊരു കാര്യവും കൂടി ബോധ്യമായി. തന്നെക്കാള്‍ ഒന്നര വയസ്സ് മുതിര്‍ന്നതാണ് സോഫിയ. അതവള്‍ക്കും ചിലപ്പോള്‍ അറിയാമായിരിക്കും. അതായിരിക്കും ചിലപ്പോഴൊക്കെ ഒരു ചെറിയ കുട്ടിയോട് കാണിക്കുന്ന രീതിയിലുള്ള ലാളനം അവള്‍ തന്നോട് പ്രകടിപ്പിക്കുന്നതും.

“പ്രിയപ്പെട്ട കിച്ചേട്ടന്,

സുഖല്ലേ? ആദ്യമേ പറയട്ടെ.. ഞാന്‍ പിണക്കാ.. എത്ര നാളായി ഒന്ന് നാട്ടിലേക്ക് കാലു കുത്തിയിട്ട്? ഇടയ്ക്കിടെ ഓരോ കത്തെങ്കിലും അയക്കുമായിരുന്നു പണ്ട്.. ഈയിടെ അതും നിര്‍ത്തി.. നാണമില്ലാതെ ഇനിയും ഞാന്‍ എഴുതിക്കൊണ്ടിരിക്കും എന്നാണു വിചാരിക്കുന്നുണ്ടാവാന്ന് ഇനിക്കറിയാം. എങ്കില്‍ ഇനി അത് പ്രതീക്ഷിക്കണ്ടാട്ടോ. ഇനിക്കും ഉണ്ട് വാശി. വല്ല്യ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ആണെന്ന ഭാവം ആണെങ്കില്‍ ഇനി ശ്രീക്കുട്ടാ.. ശ്രീമോനെ.. ശ്രീ.. എന്നൊക്കെ വിളിച്ചു കൊഞ്ചാന്‍ എന്റടുത്തു വാ.. അപ്പോള്‍ ഞാന്‍ കാണിച്ചു തരാം.”

രമേഷിന്റെ ചുണ്ടില്‍ വിരിഞ്ഞ ചെറുമന്ദഹാസം അയാളെ ഗതകാലത്തേക്ക് നയിച്ചു. ദേവകിമാമിയുടെ ഏക മകളായ ശ്രീ സദാസമയവും തന്‍റെ നിഴലായിരുന്നു. ആണ്‍പെണ്‍ വ്യത്യാസമറിയാതെ കൌമാരം വരെ ഒരുമിച്ചു ഉണ്ടു, ഒന്നിച്ചു കളിച്ചു, ഒരുമിച്ചു ഉറങ്ങി. പിന്നീട് എന്നോ ഒരിക്കല്‍ അവളുടെ മുഖത്തു നാണം ഉദിച്ച ദിവസം മുതല്‍ പരസ്പ്പരം സ്വതന്ത്രമായി ഇടപഴകാനുള്ള  അവസരം നിഷേധിക്കാന്‍ തക്കം പാര്‍ത്തു നടന്ന തങ്ങളുടെ മാതാപിതാക്കള്‍ അവള്‍ക്കും തനിക്കുമിടയില്‍ പൊടുന്നനെ നിര്‍മ്മിച്ചുയര്‍ത്തിയ അദൃശ്യമായ മതില്‍ക്കെട്ടില്‍ തട്ടി ഉത്തരം കിട്ടാത്ത തന്‍റെ മൂക സംശയങ്ങള്‍ അലക്ഷ്യമായി പ്രതിധ്വനിക്കുകയായിരുന്നു. പിന്നീട് ഒരിക്കലും അവള്‍ തന്നോട് പഴയ പോലെ പെരുമാറിയിരുന്നില്ല. എന്തിലും ഏതിലും ഒരു സ്വകാര്യതയും ഒതുക്കവും ഒക്കെ അവള്‍ക്കു പൊടുന്നനെ വന്നു എന്നു മാത്രമല്ല പല സന്ദര്‍ഭങ്ങളിലും അവള്‍ നാണം കൊണ്ട് വികാര തരളിതമായ രീതിയിലായിരുന്നു തന്നോട് സംസാരിച്ചിരുന്നതും. ഈ സമസ്യയുടെ ഉത്തരം കിട്ടാന്‍ തനിക്കു മൂക്കിനു താഴെ പൊടിമീശ മുളക്കുന്നത്‌ വരെ വീണ്ടും ഒരു പാട് കാലം കാത്തിരിക്കേണ്ടി വന്നു.

“പിന്നേ.. കിച്ചേട്ടാ നമ്മുടെ പറമ്പിന്‍റെ കിഴക്കേ മൂലയിലെ മുത്തുക്കുടിയന്‍ മാവുണ്ടല്ലോ.. അത് അച്ഛന്‍ മുറിപ്പിച്ചു ട്ടോ. കഴിഞ്ഞ മാസം നമ്മുടെ കേശു മുത്തച്ഛന്‍ മരിച്ചപ്പോള്‍ ഉണ്ടായ ആവശ്യത്തിന്. ഇനിക്ക് സങ്കടായി കിച്ചേട്ടാ.. നമ്മള്‍ എത്ര നാള്‍ ആരും കാണാതെ അതിന്‍റെ വേരില്‍ ഇരുന്നു വര്‍ത്താനം പറയാറുള്ളതാ. അതിന്റെ പഴുത്ത മാങ്ങകള്‍ നമ്മള്‍ ചീമ്പിക്കുടിച്ചിരുന്നതും മാവിലിരിക്കാറുള്ള കള്ളിക്കുയിലിന്റെ മൂളലിനോടൊത്തു അതിനെ ദേഷ്യം പിടിപ്പിക്കാനായി നമ്മളും ഉച്ചത്തില്‍ മൂളിയിരുന്നതും ഒക്കെ ഓര്‍മ്മയുണ്ടോ കിച്ചേട്ടാ... ഒരിക്കല്‍ പഴുത്ത മാങ്ങ വീഴ്ത്താനായി കിച്ചേട്ടന്‍ എറിഞ്ഞ കല്ല്‌ പോയി വീണു ഗോപി വാരസ്യാരുടെ വീടിന്‍റെ ഓടു പൊട്ടിയതും.. അച്ഛന്റെ കയ്യില്‍ നിന്ന് കരിവള്ളിക്കോലു കൊണ്ട് നമുക്ക് രണ്ടു പേര്‍ക്കും പൊതിരെ അടികിട്ടിയതും ഒക്കെ ഓര്‍ക്കുന്നുണ്ടോ. അത് മുറിക്കുന്നതു വരെയും അതിന്‍റെ ചുവട്ടില്‍ ഞാന്‍ എന്നും പോകുമായിരുന്നു. നമ്മുടെ പഴയ കാലം അയവിറക്കാന്‍. നല്ല രസാ ഒറ്റക്കിരുന്നു അതൊക്കെയിങ്ങനെ ഓര്‍ക്കാന്‍. എല്ലാം പോയില്ല്യെ?..”

ഡിഗ്രി രണ്ടാം വര്‍ഷത്തിനു പഠിക്കുന്ന വിദ്യാര്‍ഥിനിയായിട്ടും ഇപ്പോഴും ശ്രീ ആ മുത്തുക്കുടിയന്‍ മാങ്ങകള്‍ ചപ്പിക്കുടിക്കുന്ന പഴയ കുട്ടി തന്നെ. വീടിനടുത്ത് കൂട്ടുകാരൊന്നും ഇല്ലാതിരുന്നതിനാല്‍ തങ്ങള്‍ രണ്ടു പേരും തന്നെയായിരുന്നു കളിക്കൂട്ടുകാര്‍. കിച്ചേട്ടാ എന്ന് വിളിച്ചു ഏതു നേരവും തന്‍റെ പുറകില്‍ തന്നെയുണ്ടാവും അവള്‍. ദേവകിമാമിക്കും തന്‍റെ അച്ഛനും ഓരോ കുട്ടികള്‍ മാത്രം. ശ്രീയും താനും. വലിയ നാലുകെട്ടില്‍ ഒരുമിച്ചു തന്നെ താമസവും. കൌസല്ല്യമാമിക്ക് ഒരു ആണും (വേണുഗോപാല്‍)  രണ്ടു പെണ്ണും (ശ്രീലത, ശ്രീദിവ്യ). ചിറ്റപ്പന്‍ തഹസില്‍ദാര്‍ ആയതിനാല്‍ പണ്ടേ മുതല്‍ അവര്‍ ടൌണിലെ കൊട്ടേര്‍സില്‍ ആണു താമസം. അതിനാല്‍ ആ കുട്ടികളുമായി തങ്ങള്‍ക്കു അധികം കൂട്ട് ഇല്ല. വല്ലപ്പോഴും ഓരോ ആവശ്യങ്ങള്‍ക്ക് വരുമ്പോള്‍ കണ്ടു മുട്ടും അത്ര തന്നെ.

“കിച്ചേട്ടാ.. ആ വേണ്വേട്ടന്‍ ഗള്‍ഫില്‍ നിന്നും വന്നിട്ടുണ്ട് ട്ടോ.. ഇന്നലെ അച്ഛനെ കാണാന്‍ വന്നിരുന്നു. ആരും ഇല്ലാത്ത നേരം നോക്കി എന്നോട് പറയാ ചിലത് പറയാനുണ്ടെന്ന്. പിന്നെ പറയാമത്രെ. ഇനിക്ക് പണ്ടേ മുതല്‍ ഇഷ്ടല്ല്യ വേണ്വേട്ടനെ. എപ്പോഴും ഇങ്ങനെ കുത്തിക്കുത്തിയെ അതിനു സംസാരിക്കാന്‍ അറിയൂ. ആ നോട്ടം തന്നെ എനിക്ക് പിടിക്കില്ല്യ. ഇനിക്ക് പേടിയാവുന്നു കിച്ചേട്ടാ. കൌസല്ല്യമാമിയിനിയെങ്ങാനും കല്യാണാലോചനയുമായി അമ്മയുടെ  അടുത്തു വരുമോ എന്നാണു പേടി. ഇനിക്ക് കിച്ചേട്ടന്റെ പെണ്ണായി മാത്രം ജീവിച്ചാല്‍ മതി. കിച്ചേട്ടാ ഒന്ന് വേഗം വരുമോ.. ഇനിക്ക് ഒരു സമാധാനവുമില്ല്യ. അമ്മയെങ്ങാനും ഇനി മാമിയോടു സമ്മതം മൂളിയാല്‍.. പിന്നെ എനിക്ക് ഒട്ടും പിടിച്ചു നിക്കാനാവില്ല്യ. കിച്ചേട്ടന് ഞാന്‍ പറയുന്നത് മനസ്സിലാവുന്നുണ്ടാവുമല്ലോ. പ്ലീസ് കിച്ചേട്ടാ... ഒന്ന് വേഗം വരണേ.”

അതേ.. വേണു ആള് ശരിയല്ല. അച്ഛന്റെ കയ്യില്‍ നിന്നും അടിച്ചു മാറ്റുന്ന പണം കൊണ്ട് അവന്‍ കൂട്ടുകാരോടൊത്ത് അടിച്ചു പൊളിക്കുന്നതൊന്നും ശ്രദ്ധിക്കാന്‍ മാമിക്കും ചിറ്റപ്പനും നേരമില്ല. കോളേജില്‍ തന്നെ എത്ര അടിപിടി കേസുകളാ അവന്‍ ഉണ്ടാക്കിയിട്ടുള്ളതെന്നതിനു കയ്യും കണക്കുമില്ല. അവന്‍റെ വിലസല്‍ അതിര് കടന്നപ്പോളാണ് കോഴ്സ് കഴിയുന്നതിനു മുമ്പേ തന്നെ ചിറ്റപ്പന്‍ അവനെ ദുബായിലോട്ടു കയറ്റി അയച്ചത്. ഇപ്പോഴും അവന്‍റെ  സ്വഭാവത്തിന് മാറ്റമൊന്നും വന്നിരിക്കില്ല. ദുബായ് അല്ലെ സ്ഥലം. അവനു വിളയാടാന്‍ പറ്റിയ ഇടം തന്നെ. ചെറുപ്പം മുതലേ അവന്‍റെ മുഖത്തു സൂക്ഷിച്ചു നോക്കിയാല്‍ ഒരു കള്ളലക്ഷണം കാണാമായിരുന്നു. ഒരിക്കല്‍ അവന്‍ അയച്ച ഈമെയിലില്‍ ശ്രീലേഖയുടെ മേല്‍ അവനുള്ള മോഹത്തെക്കുറിച്ച് സൂചിപ്പിച്ചത് ശരിക്കും  തന്നെ  ദിവസങ്ങളോളം വിഷമവൃത്തത്തിലാക്കിയിരുന്നു. അന്ന് താന്‍ അതിനു വലിയ പ്രാധാന്യം കൊടുക്കാത്ത പോലെ അവനോടു ഭാവിച്ചു. പക്ഷെ, ഇന്ന് ശ്രീയുടെ കത്തില്‍ അവള്‍ തന്ന ഈ സൂചനകള്‍ കണ്ടിട്ടും തന്‍റെ മനസ്സ് പണ്ടത്തെ പോലെ ആകുലമാവാത്തതെന്തു കൊണ്ട്?!..

“മണി രാത്രി ഒന്നരയായി.. അച്ഛന്‍ ഉണര്‍ന്നാല്‍ മുറിയിലെ വെളിച്ചം കണ്ടു വന്നു അന്വേഷിക്കും. കൂടുതല്‍ പിന്നെ എഴുതാം ട്ടോ. പിന്നെ, അന്ന് കിച്ചേട്ടന്‍ വീട്ടിലേക്കയച്ച പിക്നിക് ഫോട്ടോസ് ഞാന്‍ കണ്ടുട്ടോ. അയ്യേ.. എന്താ ഇത് ഊശാന്‍ താടിയൊക്കെ വച്ച്. കണ്ടപ്പോള്‍ എനിക്ക് തന്നെ ഒരു വല്ലായ്മ തോന്നി. പിന്നെ ആരൊക്കെയാ ജീന്‍സ് പാന്‍റ്സ് ഒക്കെ ഇട്ടു ചുറ്റിലും കുറെ മദാമ്മമാര്‍? ഹും.. വല്ലാണ്ട് തമാശ കളിയും പഞ്ചാരയടിയും ഒന്നും വേണ്ടാട്ടോ... കള്ളക്കൃഷ്ണനാവണ്ടാട്ടോ. മൂക്ക് പിടിച്ചു ഞാന്‍ വളച്ചു കളയും ങാ.. ആല്‍ബത്തില്‍ നിന്നും കിച്ചേട്ടന്റെ അമ്മ കാണാതെ ഒരു ഫോട്ടോ അടിച്ചു മാറ്റാന്‍ ഞാന്‍ ആദ്യം ചിന്തിച്ചതാ.. പക്ഷെ ആ ഊശാന്‍ താടിയും മദാമ്മമാരെയും ഒക്കെ കണ്ടപ്പോള്‍ മനസ്സിന് പിടിച്ചില്ല. എന്റെ കയ്യില്‍ ഉണ്ടല്ലോ കിച്ചേട്ടന്റെ പത്താം ക്ലാസിലെ പരീക്ഷയുടെ ഹോള്‍ ടിക്കറ്റില്‍ നിന്നും പറിച്ചെടുത്ത പൊടിമീശ കിളിര്‍ത്ത മുഖമുള്ള ഫോട്ടോ. എനിക്ക് ആ കിച്ചേട്ടന്‍ മതീട്ടോ.

ആരോഗ്യം നോക്കണേ കിച്ചേട്ടാ. ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം ഒക്കെ കഴിച്ചു വല്ല അസുഖവും വരാതെ നോക്കണേ. അടുത്ത പതിനൊന്നാം തീയതിയല്ലേ കിച്ചേട്ടന്റെ പിറന്നാള്‍. അന്ന് ഏതെങ്കിലും അമ്പലത്തില്‍ പോകാന്‍ മറക്കല്ലേ. ഏതു ഭാഷയില്‍ വിളിച്ചാലും ഭഗവാന് മനസ്സിലാവും. ഞാന്‍ അന്ന് ഇവിടെ കിച്ചേട്ടന്‍റെ ദീര്‍ഘായുസ്സിനും ഐശ്വര്യത്തിനും വേണ്ടി പുഷ്പാര്‍ച്ചന നേരുന്നുണ്ട്ട്ടോ.

വേറെ പ്രത്യേകിച്ച് ഒന്നും ഇല്ല. എഴുതാനാണെങ്കില്‍ ഒരുപാടുണ്ട്. തല്‍ക്കാലം നിര്‍ത്തുന്നു. ഇതിനെങ്കിലും ഒരു മറുപടി അയക്കണേ. പിന്നെ ഞാന്‍ പറഞ്ഞ കാര്യം മറക്കല്ലേ. ഞാന്‍ കാത്തിരിക്കും.
എന്ന് കിച്ചേട്ടന്റെ സ്വന്തം ശ്രീ”.

പുറത്തു മഴ പെയ്തു തുടങ്ങിയിരിക്കുന്നു. ഹൈവേയിലൂടെ പാഞ്ഞു പോകുന്ന വാഹനങ്ങളുടെ പ്രകാശം കാറിന്റെ ചില്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന  വെള്ളത്തുള്ളികളില്‍ അപൂര്‍ണ്ണങ്ങളായ കൊച്ചു കൊച്ചു മഴവില്ലുകള്‍ തെളിയിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. രമേഷ് കൃഷ്ണന്‍ വാച്ചിലേക്ക് നോക്കി. രാത്രി ഒന്നര മണി. സീറ്റ് നേരെയാക്കി വച്ച് ഇടത്തേക്ക് തലതിരിച്ചു സോഫിയയെ നോക്കി. തണുത്ത അന്തരീക്ഷത്തില്‍ കൈകാലുകള്‍ ചുരുക്കി തനിക്കു അഭിമുഖമായി സുരക്ഷിതബോധത്തില്‍ ഒരു ചോദ്യചിഹ്നം പോലെ സുഖസുഷുപ്തിയിലമര്‍ന്നു ചരിഞ്ഞു കിടക്കുന്ന അവളുടെ നിഷ്ക്കളങ്കത തുളുമ്പുന്ന മുഖം കണ്ടു അവന്‍ നെടുവീര്‍പ്പിട്ടു.
                                                                               - ജോയ് ഗുരുവായൂര്‍

No comments:

Post a Comment