Friday, November 8, 2013

മഹത്മനസ്സ്


ഒറ്റത്തോര്‍ത്തുമുടുത്തു
പരിഷ്കാരികളെയെതിര്‍ക്കുമ്പോള്‍
പതറിയിരുന്നില്ലൊട്ടും      
ആ മനസ്സ്

മുഖത്തേറ്റയടിയില്‍
പല്ലുകള്‍ തെറിക്കുമ്പോള്‍
കോപിച്ചിരുന്നില്ലൊട്ടും
ആ മനസ്സ്

പരാജയങ്ങളൊന്നൊന്നായി 
വരി തീര്‍ത്തപ്പോള്‍
നിരാശാനായില്ലൊട്ടും
ആ മനസ്സ്

രാജ്യത്തങ്ങോളമിങ്ങോളം
പദയാത്ര നടത്തിയപ്പോള്‍
തളര്‍ന്നില്ലൊട്ടും
ആ മനസ്സ്

ശതലക്ഷം മനസ്സുകളില്‍
സ്വാതന്ത്ര്യബോധമേകിയപ്പോള്‍  
ഇടറിയില്ലൊട്ടും
ആ മനസ്സ്

പ്രശസ്തി ലോകമെങ്ങും
പടര്‍ന്നു പിടിച്ചപ്പോള്‍
അഹങ്കരിച്ചില്ലൊട്ടും  
ആ മനസ്സ്

അധികാരത്തിന്റെയപ്പക്കഷണം 
മുന്നില്‍ വച്ച് നീട്ടിയപ്പോള്‍
ആഗ്രഹിച്ചില്ലൊട്ടും
ആ മനസ്സ്
 
വിദേശി വെടിയുണ്ടകള്‍
പേമാരി തീര്‍ത്തപ്പോള്‍
ഭയന്നില്ലൊട്ടും
ആ മനസ്സ്


എന്നാല്‍.....
സ്വദേശി വെടിയുണ്ടകള്‍
നെഞ്ചകം പിളര്‍ന്നപ്പോള്‍
ഒട്ടൊന്നു വിതുമ്പിയിരിക്കാം

ആ മനസ്സ്...
ആ മഹത്മനസ്സ്...


No comments:

Post a Comment