Friday, November 8, 2013

ജോസപ്പേട്ടന്‍ ദി ഗ്രേറ്റ്


"ഹാവൂ ഭാഗ്യം.. ജോസപ്പിനോടാ കളി.. ഹി ഹി ഹി" 

തന്റെ ഭാര്യയും മകനായ ടോണിക്കുട്ടനും തന്നെ കാണാന്‍ വന്നവരുമൊക്കെ വരാന്തയില്‍ നിന്ന് വര്‍ത്തമാനം പറയുന്നതിനിടയിലൂടെ അവരുടെ ശ്രദ്ധയാകര്‍ഷിക്കാതെ രാജ്യാതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ നുഴഞ്ഞു കയറ്റക്കാരനെ പോലെ അതിവിദഗ്ദമായി ആശുപത്രിയില്‍ നിന്നും നുഴഞ്ഞു പുറത്തു കടന്ന ജോസപ്പേട്ടന്‍ ഒന്ന് നെടുവീര്‍പ്പിട്ടു കൊണ്ട് സ്വയം ചിരിച്ചു. 

ആറുമാസമായി ഒരു സ്വാതന്ത്ര്യവും ലഭിക്കാതെ താന്‍ ഇവരാല്‍ ബന്ധനസ്ഥനായി ആശുപത്രിക്കിടക്കയില്‍ കിടക്കുന്നു. ഇന്ന് ഉത്രാടം... എന്തൊക്കെ വന്നാലും ഇന്ന് രണ്ടെണ്ണം വീശിയിട്ട്‌ തന്നെ കാര്യം എന്ന് ഇന്നലെ രാത്രി കിടക്കുമ്പോഴേ തീരുമാനിച്ചതാണ്.

"ദൈവമേ നന്ദി.. നീ എത്രയോ കാരുണ്യവാന്‍.. ഇവര്‍ക്ക് പിടി കൊടുക്കാതെ കാത്തു എന്റെ പ്രാര്‍ത്ഥന നീ കേട്ടല്ലോ"  

ആശുപത്രിപ്പടി കടന്ന വഴി അയാള്‍ തോര്‍ത്തു മുണ്ട് കഴുത്തില്‍ ചുറ്റിപ്പുതച്ച്  കൊണ്ട് അവിടെ സൂചികളും മറ്റു ചികിത്സാ ഉപകരണങ്ങളും ഒക്കെ തുളച്ചു കയറ്റിയുണ്ടായ മുറിവുകളില്‍ ഒട്ടിച്ച ബാന്‍ഡേജുകള്‍ പൊതുജനത്തിന് ദൃഷ്ടി ഗോചരമല്ലാതാക്കിത്തീര്‍ത്തു. കൈത്തണ്ടയിലേയും തുടയിലേയും കാല്‍പ്പാദത്തിലേയും ബാന്‍ഡേജുകള്‍ അങ്ങനെ പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍ പെടില്ല.

തിരക്കുള്ള നഗരമദ്ധ്യത്തിലെ ദേവലോകം ബാറിനെ ലക്ഷ്യമാക്കി തത്രപ്പെട്ടു വേച്ചുവേച്ചു നടന്നു പോകുന്ന വിളക്കാട്ടില്‍  ജോസഫിന്റെ കഷണ്ടിത്തലയില്‍ ഉച്ച നേരത്തെ വെയില്‍ അടിച്ചുണ്ടായ ക്ഷീണത്തിന് ഒന്നും അയാളുടെ ലക്ഷ്യബോധത്തെ ഒട്ടും കൂച്ചുവിലങ്ങ് ഇടാനായില്ല. വിയര്‍പ്പുചാലുകള്‍ തലയില്‍ നിന്നും ചെവിച്ചാലിലൂടെ ഒഴുകി കഴുത്തില്‍ ചുറ്റിയിരുന്ന വെള്ളത്തോര്‍ത്തിനെ  ഭാഗികമായി കുതിര്‍ത്തു കൊണ്ടിരുന്നു.

അടുത്ത സിഗ്നലില്‍ നിന്നും  മുന്നോട്ടു പോകുമ്പോള്‍ വലത്തുവശത്തെ രണ്ടാമത്തെ പോക്കറ്റ് റോഡിലുള്ള സിംപ്ലെക്സ് ബില്‍ഡിംഗിന്റെ രണ്ടാം നിലയിലാണ് പ്രശസ്തമായ ദേവലോകം ബാര്‍.  കച്ചവടച്ചരക്കുകള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ആഴ്ചതോറും പട്ടണത്തില്‍ വരുന്ന ജോസപ്പേട്ടന്റെ സായാഹ്ന നികേതം. സ്കൂട്ടറില്‍ വരുന്ന അദ്ദേഹം മിക്കപ്പോഴും ബാറുകാര്‍ വാടകയ്ക്ക് വിളിച്ചു കയറ്റി വിടുന്ന കാറില്‍ ആയിരിക്കും അര്‍ദ്ധബോധാവസ്ഥയില്‍ രാത്രി നേരത്ത് സ്വന്തം വീടണയുക.

ജോസപ്പേട്ടന്‍ വന്നു കഴിഞ്ഞാല്‍ ആ ബാര്‍ ശരിക്കും ഒരു ദേവലോകം ആയി മാറുകയായി. രണ്ടെണ്ണം അങ്ങോട്ട്‌ പറ്റിച്ചു കഴിഞ്ഞാല്‍ പിന്നെ ജോസപ്പേട്ടന്റെ പിശുക്ക് എന്ന 'സത്ഗുണം' ധാരാളിത്വം എന്ന ദുര്‍ഗുണത്തിന് വഴിമാറും. മദ്യശാലയില്‍ ഒരു രാജാവിനെ പോലെ ഇങ്ങനെ ഞെളിഞ്ഞിരുന്നു കാണുന്നവരുമായെല്ലാം ചങ്ങാത്തം കൂടലും സാമ്പത്തീക പരാധീനതകള്‍ അടക്കം അവരുടെ പലവിധത്തിലുള്ള  ബുദ്ധിമുട്ടുകള്‍ക്ക് പോംവഴി കണ്ടെത്തി പരിഹാരം ഉണ്ടാക്കലും കുടിയന്മാരുടെ വിഷമങ്ങള്‍ പങ്കു വയ്ക്കാന്‍ അവരോടോത്തു കരയലും സന്തോഷത്തില്‍ പങ്കു ചേര്‍ന്ന് കൊണ്ട് പൊട്ടിച്ചിരിക്കലും നിര്‍ദ്ധനരായ കുടിയന്മാര്‍ക്ക് മദ്യം 'സ്പോണ്‍സര്‍' ചെയ്തു ബാറുകാരുടെ കീശയ്ക്കു കനം വയ്പ്പിക്കലും അടക്കം ആകെ ഒരു ജഗപൊഗയാണ് ജോസഫേട്ടന്‍ ദേവലോകത്ത് കാലു കുത്തിയാല്‍ ഉണ്ടാവുന്നത്.     

ജോസപ്പേട്ടന്‍ കരള്‍ വീക്കമായി മിഷന്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയിരുന്ന കഴിഞ്ഞ ആറുമാസം അക്ഷരാര്‍ത്ഥത്തില്‍ ദേവലോകം ഒരു  അസുരലോകം ആയ പ്രതീതിയില്‍ ആയിരുന്നു. ആഘോഷത്തിമിര്‍പ്പുകളില്ല നാടന്‍ പാട്ടുകളില്ല, കരച്ചിലുകള്‍ ഇല്ല ആകെ ശാന്തം. പോക്കറ്റ് ഒട്ടിയ മദ്യപാനി സുഹൃത്തുക്കള്‍ ഉള്ള കാശ് കൌണ്ടറില്‍ വച്ച് "ഈ രണ്ടു പെഗ്ഗ് കൊണ്ട് എന്നെ ഒന്ന് ഫിറ്റ്‌ ആക്കിത്തരണേ ഫഗവാനേ" എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് 'ഡ്രൈ' ആയി [വെള്ളമൊഴിക്കാതെ] രണ്ടെണ്ണം 'നിപ്പന്‍' [നിന്ന നില്‍പ്പില്‍] ആയി വീശി അകത്തേക്ക് ഒന്ന് പാളി നോക്കുക പോലും ചെയ്യാതെ കോണിപ്പടി ഇറങ്ങിപ്പോകുന്നത് കണ്ടു സങ്കടം സഹിക്കാതെ ബാര്‍ ഉടമയും കാഷ്യറും ആയ പീതേട്ടന്‍ എന്ന പീതാംബരന്‍ വെള്ളി രോമങ്ങള്‍ എഴുന്നു നില്‍ക്കുന്ന തന്‍റെ നെഞ്ചുഴിയും.

പീതേട്ടന്‍ ഇപ്പോള്‍ ശനിയാഴ്ച തോറും കടപ്പുറത്ത് പോയി ഫ്രഷ്‌ ആയ മീന്‍ ലേലത്തില്‍ പിടിച്ചു കിച്ചണിലേക്ക് വാങ്ങിക്കൊണ്ട് വരാനൊന്നും മിനക്കെടാറില്ല. മീന്‍കാരന്‍ വേലായുധന്‍ കാവില്‍ ഏറ്റിക്കൊണ്ട് വരുന്ന ചീഞ്ഞ മീനില്‍ എരിവുള്ള മസാല കട്ടിക്ക് പുരട്ടി കരുവാളിച്ച എണ്ണയില്‍ പൊരിച്ചു കൊടുത്താല്‍ നെറ്റി ചുളിക്കാതെ കഴിച്ചു എണീറ്റ് പോകുന്ന നിലവാരത്തിലുള്ള കസ്റ്റമര്‍മാരേ ഈയിടെ ദേവലോകം സന്ദര്‍ശിക്കാറുള്ളൂ. പക്ഷെ മീനും ഇറച്ചിയും ഒക്കെ ഫ്രഷ്‌ ആയിത്തന്നെ കിട്ടണം എന്ന് ജോസപ്പേട്ടനു നിര്‍ബന്ധം ആയിരുന്നു..

"ഡാ പീത്വോ.. ഇയ്യ്‌ നാലുറുപ്പ്യ കൂടല് ഇന്റെന്നു വാങ്ങ്യാലും ഇനിക്കതു പ്രശ്നല്ല്യാ.. പക്ഷെ ചീഞ്ഞ മീനെങ്ങാനും തന്നാലുണ്ടല്ലോ അടിച്ചു നന്റെ മോന്തയുടെ ഷേപ്പങ്ങട് ഞാന്‍ മാറ്റും.. പിന്നെ ജോസപ്പേട്ടന്‍ ന്നെ തല്ലി.. ജോസപ്പേട്ടന്‍ ന്നെ തല്ലിന്നു പറഞ്ഞട്ട് നെലോളിച്ചിട്ടോന്നും ഒരു കാര്യോണ്ടാവില്ല്യ..  കേട്ടോടാ മൂര്യെ.. ഹും.. "   

ജോസപ്പേട്ടന്റെ ഈ സ്ഥിരം പല്ലവി കേട്ട് കേട്ട് പീതാംബരന് അതൊരു ശീലവുമായി. ബാറിന്റെ വരുമാനത്തിന്റെ ഒരു പ്രധാന സ്രോതസ്സും അവശരുടെ കഷ്ടപ്പാടുകള്‍ കണ്ടു വേദനിക്കുന്ന വിശാല ഹൃദയമുള്ള കോടീശ്വരനും ആയ ജോസപ്പേട്ടന്‍ എന്തൊക്കെ ആരെയൊക്കെ വിളിച്ചാലും അത് ബഹുമാനത്തോടെയല്ലാതെ അന്നാരും ശ്രവിച്ചിരുന്നില്ല.      

ഒരു കാര്യത്തില്‍ മാത്രമേ ജോസപ്പേട്ടന്‍ ആശ്രിതന്മാരായ സഹകുടിയന്മാരോട് നിഷ്കര്‍ഷ വച്ചിരുന്നുള്ളൂ.. പുകവലി. അതിന്റെ മണം കേട്ടാല്‍ അയാള്‍ ദേഷ്യം കൊണ്ട് വിറയ്ക്കും.

"എതു പിശാശാണ്ടാ മനുഷ്യനെ കൊല്ലാനായിട്ടു ഇവടെ വെഷപ്പോക അടിച്ചു കേറ്റണേ.. "

പിന്നെ ഇടയ്ക്കിടെയുള്ള തുമ്മലിനോടൊപ്പം തനി തൃശ്ശൂര്‍ ഭാഷയില്‍ ഉള്ള ഭരണിപ്പാട്ടും [തെറികള്‍]. പുകവലിയുടെ ദുര്‍ഗന്ധം അയാള്‍ക്ക്‌ അലര്‍ജി ഉണ്ടാക്കിയിരുന്നു. അതിനാല്‍ ജോസപ്പേട്ടന്‍ അവിടെ കാലു കുത്തിയ വഴി എല്ലാ പുകയന്മാരോടും പുറത്തുള്ള വരാന്തയില്‍ പോയി ആത്മാവിനു പുക  കൊടുത്ത് തിരിച്ചു വരാന്‍ എളിമയോടെ   പീതേട്ടനും സപ്ലയര്‍ പയ്യന്മാരും താണുകേണു അപേക്ഷിക്കും.

അടിച്ചു ഫിറ്റ്‌ ആയി ബാറില്‍ ഇരിക്കുന്ന ജോസപ്പേട്ടന്റെ നേരെ വിപരീത സ്വഭാവമാണ് അദ്ദേഹത്തിന്‍റെ നാട്ടിലും വീട്ടിലും അതിനടുത്തുള്ള സ്വന്തം സൂപ്പര്‍ മാര്‍ക്കറ്റിലും ഇരിക്കുന്ന ജോസപ്പേട്ടന്റെത്. അതിനു പ്രധാന കാരണം ശകലം ബി പി യുടെ അസ്കത [ഭാര്യയെ പേടി] തന്നെയായിരുന്നു. ഭര്‍ത്താവിന്റെ എല്ലാ കാര്യത്തിലും ശ്രദ്ധ പതിപ്പിച്ചു കൊണ്ട് എപ്പോഴും അടുത്തുള്ള റീത്തച്ചേടത്തി. കച്ചവടത്തിലും ഭക്ഷണ കാര്യത്തിലും ഒക്കെ അവര്‍ കല്‍പ്പിച്ച നിഷ്കര്ഷയെ ഭേദിക്കാന്‍ ഉള്ള ചങ്കൂറ്റം ജോസപ്പെട്ടനില്ല എന്നതാണ് വാസ്തവം. ആഴ്ചയിലൊരിക്കല്‍ പട്ടണത്തിലേക്ക് ചരക്കെടുക്കാന്‍ പോകുന്ന ദിവസം മാത്രം ആ ലക്ഷ്മണരേഖയില്‍ നിന്നും ഒരു പരോള്‍. ആദ്യമാദ്യം റീത്തച്ചേടത്തിയില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നെങ്കിലും അടിച്ചു ഫിറ്റ്‌ ആയി വരുന്നത് സ്ഥിരം പരിപാടി ആയപ്പോള്‍ ആഴ്ചയില്‍ ഒരിക്കലല്ലേ, എന്തെങ്കിലും ആയിക്കോട്ടെ എന്ന രീതിയില്‍ അവരും പുള്ളിക്കാരന്റെ ഈ വാരാന്ത്യ വിളയാട്ടത്തിനു മൌനാനുവാദം കൊടുത്തു.

സഹായം ചോദിച്ചു വരുന്നവരെ റീത്തച്ചേടത്തിയുടെ മുന്നില്‍ വച്ച് ശകാരിച്ചു വിടുമെങ്കിലും പിന്നീട് ചേച്ചി അറിയാതെ വന്നവരുടെ വീട് തേടിപ്പോയി കാര്യം തിരക്കി കഴിയാവുന്ന സഹായം ചെയ്തു കൊടുത്ത് അതില്‍ മാനസീക ആനന്ദം കണ്ടെത്താന്‍ ശ്രമിക്കുന്ന  ജോസപ്പേട്ടനെ നാട്ടുകാര്‍ക്ക് ബഹുമാനം ആയിരുന്നില്ലെങ്കില്‍ അല്ലെ അത്ഭുതമുള്ളൂ.

ചേച്ചി കാണാതെ നല്ല വാറ്റുചാരായം കടയിലേക്ക് പാര്‍സല്‍ ആയി കൊണ്ട് വന്നു കൊടുക്കാന്‍ ശിങ്കിടികളും അദ്ദേഹത്തിനു ഉണ്ടായിരുന്നു. ഉച്ച ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു പോകുന്നതിനും മുമ്പ് കടയുടെ പുറകിലെ സ്റ്റോക്ക് മുറിയില്‍ ഇരുന്നു നാലഞ്ചെണ്ണം പടപടാന്നു വീശി ഒരൊറ്റ നടത്തം വീട്ടിലേക്ക്. ചെല്ലുമ്പോഴേക്കും മേശമേല്‍ ഉച്ച ഭക്ഷണം റെഡി ആയിരിക്കും. ആരോടും ഒന്നും മിണ്ടാതെ കയ്യും കാലും മുഖവും ഒക്കെ കഴുകി നല്ലൊരു ഊണ്. പിന്നെ ഷര്‍ട്ട് ഊരി അഴയില്‍ തൂക്കി ഉമ്മറത്തെ തിണ്ണയില്‍ ഇളം കാറ്റേറ്റ് രണ്ടു മണിക്കൂര്‍ മയക്കം. ഇതാണ് ജോസപ്പേട്ടന്റെ പതിവ് മുറകള്‍.  ഉച്ചയ്ക്ക് അകത്തെ മുറിയിലെ കിടക്കയിലുള്ള കിടപ്പ് ഒഴിവാക്കുന്നത് കൊണ്ട് ഉച്ചയ്ക്കുള്ള ഈ 'വാറ്റു'കലാപരിപാടി പറ്റി റീത്തച്ചേടത്തി ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല.

"ഡാ.. പീത്വോ.." ബാറില്‍ എത്തിയ വഴി അയാള്‍ വിളിച്ചു. 

"അല്ലാ.. ആരിത്.. മ്മടെ  ജോസപ്പേട്ടനല്ലേ...!!!"

കോണിപ്പടികള്‍ കയറി അവശനായി വിയര്‍ത്തു കുളിച്ചു വരുന്ന ജോസപ്പേട്ടനെ കണ്ട വഴി പീതാംബരന്‍ കേഷ് കൌണ്ടറില്‍ നിന്നും ചാടിയിറങ്ങി ഓടിവന്നു ആശ്ലേഷിച്ചു അകത്തേക്ക് കൊണ്ട് പോയി.

"എന്താണ്ടാ ഘടികളെ വിശേഷങ്ങള്‍.. ഞാന്‍ ദേ..അപ്രത്തുള്ള മിഷനാശൂത്രീല് ആറുമാസം കാലും മേപ്പട്ടായി ബോറടിച്ചു കെടന്നട്ട് ഒരു ശവ്യോളെയും അങ്ങട് കണ്ടില്ലല്ലോ?..." ജോസപ്പേട്ടന്‍ പരിഭവിച്ചു. 

"പോട്ടെ ന്റെ ജോസപ്പേട്ടാ.. എല്ലാര്‍ക്കും അവരാര്‍ടെ കാര്യല്ലേ വല്‍ത്..  മ്പടെ കൂട്ടാരോക്കെ ഇപ്പോള്‍ അന്ന് ജോസപ്പെട്ടനുമായി കലിപ്പ് ഉണ്ടാക്കിയ ആ ബ്ലേഡ് വര്‍ക്കിയുടെ കൂട്ടത്തിലാ.. ഇങ്ങടുള്ള വരവ് അവര്‍ നിര്‍ത്തി.. ഇപ്പൊ ആ ചാണ്ടീടെ ടോപാസ് ബാറിലാ അവരുടെ കേന്ദ്രം. ആ കുരിശ് എഴുന്നെള്ളിയാ പിന്നെ അവരൊന്നും നെലത്തല്ല. അങ്ങേര്‍ക്കു വേണ്ടി മാമാപണിയും ഗുണ്ടാപണിയും ചെയ്തു കൊടുക്കലും അയാള് കൊടുക്കണ നക്കാപ്പിച്ച വാങ്ങി സോപ്പിടലും ഒക്കെയാണ് അവരുടെ പണി. ആ ചെറ്റേടെ മോന്ത കണ്ടാ തന്നെ ഇനിക്ക് കലിപ്പ് കേറും.  എത്രയോ സഹായങ്ങള്‍ ചെയ്ത ജോസപ്പേട്ടനെയൊക്കെ അവര്‍ എപ്പൊഴെ മറന്നു. ഇങ്ങടെ കുറ്റം പറഞ്ഞാണ് അയാളുടെ കാലു നക്കാന്‍ അവര് പോണത്. അമേധ്യം ഉള്ളിടത്തെ ഈച്ച ആര്‍ത്തു പറക്കൂ.. നന്ദീല്ലാത്ത വര്‍ഗ്ഗങ്ങള്‍.. ത്ഫൂ.."   

പീതാംബരന്‍ പറഞ്ഞത് കേട്ട് ഒന്ന് മന്ദഹസിച്ചു കൊണ്ട് ജോസപ്പേട്ടന്‍ പറഞ്ഞു

"അതൊന്നും സാരല്ല്യ പീതൂ.. ഇനിക്കൊരു സഗായം അവരീന്നു ഉണ്ടാവുംന്ന് കരുതീട്ടോന്നും അല്ല ഉമ്ബ്ലു അവറ്റങ്ങളെ സഗായിച്ചത്.   അവര്‍ക്കിഷ്ടള്ള പോലെ അവര്‍ നടന്നോട്ടെ. ഇനിക്കിപ്പോ വ്ടെ നിക്കാന്‍ നേരല്ല്യാ.. ഇയ്യ്‌ വേഗം രണ്ടു ലാര്‍ജ് ഇങ്ങട് എടുത്തെ.. പെട്ടന്ന്‍ പോണം."   

എന്താ കയ്യില്‍ ബാന്‍ഡേജ് എന്ന് ചോദിച്ചതിനു പ്രതികരിക്കാതെ, രണ്ടു ലാര്‍ജ് വിസ്കി വെള്ളം ചേര്‍ക്കാതെ ഒറ്റവലിക്ക് കുടിച്ചു തിരക്കിട്ട് പടിയിറങ്ങിപ്പോകുന്ന ജോസപ്പേട്ടനെ അതിശയവും വിഷാദവും കലര്‍ന്ന ഭാവത്തോടെ പീതാംബരന്‍ നോക്കി നിന്നു.

തിരിച്ചു അതിവേഗത്തില്‍ നടന്നു ആശുപത്രിയുടെ തിരക്ക് കുറഞ്ഞ ഗേറ്റിലൂടെ അകത്തു കടന്നു ആരും ശ്രദ്ധിക്കാത്ത രീതിയില്‍ ഒരു ഗൂഡമന്ദസ്മിതത്തോടെ  ഒന്നാം നിലയിലേക്കുള്ള പടികള്‍ കയറി തന്‍റെ കിടയ്ക്ക ലക്ഷ്യമാക്കി അയാള്‍ നീങ്ങി.

ങേ.. എവിടെ പോയി എന്റെ കിടക്കവിരി? എവിടെ തലയിണകള്‍? എവിടെ അവളും ടോണിക്കുട്ടനും?!.. അയാള്‍ ബാല്‍ക്കണിയില്‍ നിന്നും താഴേക്കു നോക്കി. ഒരു ആംബുലന്‍സ് നില്‍ക്കുന്നു. അതില്‍ ആരുടെയോ ശവം കയറ്റുന്നു.

"അയ്യോ ആ കരയുന്ന സ്ത്രീ റീത്തയല്ലേ... ആരോ വടിയായി പ്പോയതിനു അവളെന്തിനു കരയണം.. ങേ ടോണിക്കുട്ടനാണല്ലോ അവളെ വീഴാതെ താങ്ങിപ്പിടിച്ചിരിക്കുന്നത്?!.. കര്‍ത്താവേ.. ഇനി വയ്യാണ്ട് കെടക്കണ മ്ബ്ടെ വല്ല്യളിയനെങ്ങാനും തട്ടിപ്പോയോ? ഒന്ന് പോയി നോക്കാം"

കഴിച്ച മദ്യത്തിന്റെ മണം ആരും ശ്രദ്ധിക്കാതിരിക്കാന്‍ കഴുത്തില്‍ ചുറ്റിയിരുന്ന തോര്‍ത്തു മുണ്ട് വായ്‌ വഴി ചുറ്റി അയാള്‍ പടികള്‍ ഇറങ്ങി ആംബുലന്‍സിന്റെ ചാരത്തേക്ക്‌ നടന്നു. കരയുന്ന ഭാര്യയുടെയും മകന്റെയും ഇടയിലൂടെ വണ്ടിയുടെ അകത്തേക്ക് എത്തി നോക്കുമ്പോള്‍ അടുത്തു നിന്നിരുന്ന അയല്‍വാസി കൂടിയായ അന്തോണി ചേട്ടന്‍ ആരോടോ പറയുന്നത് ജോസപ്പേട്ടന്‍ ഞെട്ടലോടെ ശ്രവിച്ചു.

"മ്ബ്ടെ ജോസപ്പേട്ടനാ.. എന്തൊരു നല്ല സ്വഭാവള്ള ആളായിരുന്നു. കുടിച്ചു കുടിച്ചു കരള്‍ ദ്രവിച്ചു ഇന്ന് രാവിലെ കാഞ്ഞു പോയി. പാവം ഭാര്യയും മോനും. അവര്‍ക്കിനി വേറെ ആരാ ഉള്ളെ?.. കഷ്ടം.."

- ജോയ് ഗുരുവായൂര്‍ 

No comments:

Post a Comment