Friday, November 8, 2013

മാര്‍വാഡി തോമ സ്പീക്കിംഗ്

മാര്‍വാഡി തോമ സ്പീകിംഗ്..
1990 കളില്‍ ഞാന്‍ മുംബൈ (പഴയ ബോംബെ) നഗരത്തില്‍ ജോലിയും ചെയ്തു ബാച്ച്ലര്‍ ആയി താമസിക്കുന്ന കാലത്തെ ചില രസകരമായ നിമിഷങ്ങള്‍ ഈ നര്‍മ്മ മുകുളങ്ങളിലൂടെ പങ്കുവക്കട്ടെ. അല്‍പ്പം നീണ്ടതാണെങ്കിലും വിരസമാവില്ല എന്ന് പ്രതീക്ഷിക്കുന്നു.  

ബോംബയില്‍ കാലുകുത്തി അധികം കാലം ആവുന്നതിനു മുമ്പേ തന്നെ എനിക്ക് അന്നത്തെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഒന്നായ വേള്‍ഡ് ട്രേഡ് സെന്റ്റെറിലെ ഇരുപത്തി ഏഴാം നിലയിലെ ടെല്‍കോ (ഇന്നത്തെ ടാറ്റാ മോട്ടോര്‍സ്)യില്‍ അഡ്മിന്‍ അസിസ്റ്റന്റ്‌ ആയി ജോലി കിട്ടി. സത്യമായും ചില ശുപാര്‍ശകളുടെ സഹായം അതിനുണ്ടായിരുന്നു. എങ്കിലും ഒരു ഫോര്‍മല്‍ ഇന്റര്‍വ്യൂനു വേണ്ടി എന്നോട് അവിടെ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന ആളും എന്നെ ശുപാര്‍ശിച്ച മാന്യദേഹവുമായ ജോസഫ് സര്‍ ഒരു ദിവസം രാവിലെ അവിടെ ചെല്ലാന്‍ പറഞ്ഞു. ബോംബെ വീ.ടി. ബസ്  സ്റ്റേഷനില്‍ നിന്നും  138 എന്ന നമ്പര്‍ ഉള്ള ബസ് പിടിച്ചു ലാസ്റ്റ് സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ അതിനടുത്തു തന്നെ ആണ് ഈ 'വേള്‍ഡ് ട്രേഡ് സെന്റ്റര്‍' എന്നും അദ്ദേഹം  പറഞ്ഞതനുസരിച്ച് രാവിലെ തന്നെ ദൈവത്തെ മനസ്സില്‍ ധ്യാനിച്ച്‌ കൊണ്ട്  അറിയാവുന്ന ഹിന്ദിയും ഇംഗ്ലീഷും ഒക്കെ മനസ്സിലിട്ടു ഒന്ന് പോളിഷ് ചെയ്ത് ഏറ്റവും ലേറ്റസ്റ്റ് റിലീസ് ഷര്‍ട്ടും പാന്റും ധരിച്ചു ഞാന്‍ കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു ലോക്കല്‍  ട്രെയിന്‍ പിടിച്ചു അവസാന സ്റ്റേഷന്‍ ആയ വീ.ടി.യില്‍ വണ്ടിയിറങ്ങി.

ബോംബെ ലോക്കല്‍ ട്രെയിനിലെ തിരക്ക് എല്ലാവര്‍ക്കും അറിയാമല്ലോ. അടുത്ത് നിന്ന് യാത്ര ചെയ്യുന്ന ഏകദേശം സമപ്രായക്കാരനായ പയ്യനോട് "ഡാ തെണ്ടീ.. രാവിലെ ഞാന്‍ പോളിഷ് ചെയ്തു മിനുക്കിയ എന്റെ ഷൂവിന്റെ  മുകളിലാടാ നീ  നിന്റെ പന്ന  കാലുകൊണ്ട്‌ ചവിട്ടി മെതിക്കണേ" എന്ന് പറയാന്‍ തോന്നിയെങ്കിലും ഒരു ശുഭകാര്യത്തിനിറങ്ങിത്തിരിചിരിക്കുകയാണെന്ന ബോദ്ധ്യവും ഹിന്ദിയിലെ എന്റെ  പ്രാവീണ്യക്കുറവും കണക്കിലെടുത്ത് ഞാന്‍ ഒന്നും പറഞ്ഞില്ല.  വണ്ടിയിറങ്ങുമ്പോഴേക്കും  തിരക്കില്‍ ഞെരിഞ്ഞമര്‍ന്നു സകല ഗ്ലാമറും പോയി. പുറത്തേക്കുള്ള യാത്രയില്‍ പിന്‍പോക്കറ്റ് തപ്പി നോക്കിയപ്പോള്‍ അതിലെ ചീര്‍പ്പ് വീണ്‌ പോയതായി മനസ്സിലായി. എങ്കിലും കൈ കൊണ്ട് മുടിയൊക്കെ ഒന്ന് കോതിയോതുക്കാം എന്ന് കരുതി  അവിടെ  കണ്ട ഒരു കണ്ണാടി കാബിനിന്റെ മുമ്പില്‍ നിന്ന് കയ്യിലെ ഫയല്‍ കാലുകള്‍ക്കിടയില്‍  ഇറുക്കി പിടിച്ചു കൊണ്ട് രണ്ടു കൈ കൊണ്ടും മുടി കോതിയോതുക്കാനുള്ള   ശ്രമം ഏതാണ്ട് ഒരു പത്തു മിനിട്ടോളം എടുത്തു കാണും. അപ്പോഴുണ്ടെടോ ചില്ല് കേബിനുള്ളില്‍ നിന്നും കൊമ്പന്‍ മീശ വെച്ച ഒരു റെയില്‍വേ പോലീസുകാരന്‍ ഇറങ്ങി വന്നു "ക്യാരെ ഗോച്ചൂ... ക്യാ നാട്ടക് കര്‍ത്തെ.. സുഭ സുഭാ ഹമാരെ സാമ്നേ?.."  അപ്പോഴാണ്‌ മനസ്സിലായത്‌ ഒരു സൈഡില്‍ സണ്‍ ഫിലിം ഒട്ടിച്ച ഗ്ലാസ് കേബിനുള്ളില്‍ നിന്ന് അയാള്‍ എന്നെ പത്തു മിനി റ്റോളമായി വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന്. ഒരു പച്ചച്ചിരിയില്‍ ഇതിനുള്ള മറുപടി ഒതുക്കി അവിടെ നിന്നും ഉടനെ തടി തപ്പി.

 പറഞ്ഞ പോലെ തൊട്ടടുത്ത്‌ തന്നെയുള്ള ബസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍  അവിടെ റേഷന്‍ കടയുടെ മുമ്പില്‍ ഉണ്ടാകാറുള്ള ക്യൂ കണക്കു നാലഞ്ചു വരികളിലായി ആളുകള്‍ നില്‍ക്കുന്നു. കുറച്ചു നേരം പരിസരം ഒന്ന് വീക്ഷിച്ചതിന് ശേഷം ധൈര്യസമേതം മലയാളിയെന്നു തോന്നിക്കുന്ന ഒരു മദ്ധ്യവയസ്കനോട് മലയാളത്തില്‍ തന്നെ "ഇവിടെ നിന്നാല്‍ വേള്‍ഡ് ട്രേഡ് സെന്ടരിലെക്കുള്ള ബസ്‌ കിട്ടുമോ?" എന്നു ചോദിച്ചു. ഉടനെ അയാള്‍ "ക്യാ.. ക്യാ.. ക്യാ പൂച്ഛ?.. ക്യാ മാങ്ങ്തെ?.. മദരാസി ഹേ ക്യാ? ഇഡ്ഡലി സാമ്പാര്‍.. റണ്ട്.. മൂണ്.. അഞ്ച്.. ഈള്... റൊമ്പ റാമ്പ ബപ്പ..ബപ്പ .കട്കട്കട് ഗുടു ഗുട് ഗുട് അണ്ടു കുണ്ടു അണ്ടു കുണ്ടു”  എന്നൊക്കെ പറഞ്ഞു എന്നെ പരിഹസിക്കാന്‍  തുടങ്ങിയപ്പോള്‍,  അതേറ്റു പിടിച്ച് ക്യൂവിലെ ആണ്‍പെണ്‍ ഭേദമെന്ന്യേ എല്ലാവരും എന്നെ നോക്കി പരിഹാസച്ചിരി തുടങ്ങി. ഞാന്‍ എന്തോ മഹാപാതകം  ചെയ്ത  പോലുള്ള  അവരുടെ  പരിഹാസം  കേട്ട് തല ചൊറിഞ്ഞു വന്നെങ്കിലും  ഭാഷാപരിമിതി വീണ്ടും എന്നെ പ്രതികരിക്കാന്‍  അനുവദിച്ചില്ല.  മലയാളികളുടെ  മുഖമുദ്രയായ കട്ട മീശയും ഫിറ്റ്‌ ചെയ്തുള്ള  അതിയാന്റെ നില്‍പ്പ് കണ്ടപ്പോള്‍ മലയാളിയാണെന്ന ധാരണയില്‍ ചോദിച്ചു പോയത് അബദ്ധമായി. എന്റെ നിസ്സഹായാവസ്ഥ കണ്ടു ഒരു മലയാളി മേഡം എന്നോട് മലയാളത്തില്‍ തന്നെ,  ലക്ഷ്യത്തിലേക്ക്  പോകുന്ന ബസ്സിന്റെ വരി കാണിച്ചു തന്നു.
 
അവരെ കൃതജ്ഞതയോടെ ഒന്ന് നോക്കി  ചമ്മലും അടക്കി കൊണ്ടു ദയനീയമായി ഞാന്‍ അവിടെ നിന്നും 'സ്കൂട്ടായി' അവര്‍ നിര്‍ദ്ദേശിച്ച വരിയില്‍ നിന്നു. അപ്പോഴുണ്ടെടോ  ദോണ്ടേ വരുന്നു ഒരു ഡബിള്‍ ഡെക്കര്‍ ബസ്സ്‌!.. എല്ലാവരും അതില്‍  പൊത്തിപിടിച്ച്‌  കയറാന്‍ തുടങ്ങി.  മുകളിലത്തെ നിലയിലേക്ക് കയറാനുള്ള  ജിജ്ഞാസ മൂലം  ഞാനതിനു ട്രൈ ചെയ്തപ്പോള്‍ കണ്ടക്ടര്‍ "കാലി ഗേലോ.." (താഴെ പൊക്കോ)എന്ന് ഉച്ചത്തില്‍ മറാത്തിയില്‍ പറഞ്ഞു  എന്നെ  താഴത്തെ  നിലയിലേക്ക് ചൂണ്ടി വിട്ടു.  ങാ.. പോട്ടെ അടുത്ത സമയം  ശ്രമിക്കാമെന്നു  കരുതി കാലിയായ ഒരു സീറ്റില്‍ പോയിരുന്നു. കയ്യിലുള്ള ഫയല്‍ തുറന്നു വെറുതെ  മറിച്ച്  നോക്കുന്നതിടയില്‍ എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു ഭാരം എന്റെ തുടയില്‍ വന്നു വീണു. വേറൊന്നുമല്ല ഉയരം കുറഞ്ഞു തടിച്ചു കുറുകിയ ഒരു പാര്‍സി മേഡം തന്റെ ആസനം എന്റെ  അടുത്ത് സീറ്റില്‍വിശ്രമിപ്പിച്ചതായിരുന്നു അത്.  ഓരോ വളവു തിരിയുമ്പോഴും ബസ്സിന്റെ ബോഡിയുമായി അമര്‍ന്നു എന്റെ വാരിയെല്ലുകള്‍ ഒടിയല്ലേ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു കൊണ്ടിരുന്നു. അത്രമാത്രം ഭാരമായിരുന്നു  ഇരുന്ന വഴി ഉറക്കം പിടിച്ച ആ മദാമ എന്റെ ശുഷ്ക്കിച്ച ശരീരത്തിന് കൊടുത്തു കൊണ്ടിരുന്നത്!

ലാസ്റ്റ് സ്റ്റോപ്പില്‍ ബസ് നിന്നു ആളുകള്‍ എല്ലാം ഇറങ്ങി പോയിട്ടും ഡ്രൈവര്‍ എഞ്ചിന്‍ ഓഫ്‌ ചെയ്തു ഇറങ്ങി അടുത്തുള്ള ചായ കടയിലേക്ക് കയറിയപ്പോഴാണ് ഇതവസാന സ്റ്റോപ്പ്‌ തന്നെയാണ് എന്ന് മനസ്സിലുറപ്പിച്ചു ഞാന്‍ ബസ്സില്‍ നിന്നും ഇറങ്ങിയത്‌. ഇറങ്ങി ചുറ്റുപാടും വീക്ഷിച്ചപ്പോള്‍ എന്റെ കണ്ണ് തള്ളി പോയീ. ചുറ്റുപാടും അംബരചുബികളായകെട്ടിടങ്ങള്‍. അവയുടെ കൂട്ടത്തില്‍ ഒരു സൈഡില്‍ ഒരമ്മ പെറ്റ പോലുള്ള രണ്ടു കെട്ടിടങ്ങള്‍ മറ്റുള്ളവയെക്കാള്‍  ഉയരത്തില്‍  തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. ഒരെണ്ണത്തിന് മറ്റേതിനേക്കാള്‍ കുറച്ചു ഉയരക്കുറവുണ്ട്. രണ്ടിന്റെയും പേര് വേള്‍ഡ് ട്രേഡ് സെന്റര്‍ എന്ന് തന്നെ.  ഏതായാലും വലുതില്‍ തന്നെ ട്രൈ ചെയ്യാം എന്ന് കരുതി അതിനെ ലക്ഷ്യമാക്കി  നടന്നു. ജോസഫ് സാറിനെ വിളിച്ചു ചോദിച്ചു സംശയദുരീകരണം നടത്താം എന്ന് വച്ചാല്‍ അന്ന് ഇന്നത്തെ പോലെ പിച്ചക്കാരുടെ കയ്യില്‍ വരെ മൊബൈല്‍ ഉള്ള കാലം അല്ലല്ലോ?..

അവിടേക്ക് പോകുന്ന വഴിക്ക് യാത്രയിലുടനീളം എന്റെ ഉപബോധ മനസ്സ് അന്വേഷിച്ചിരുന്ന ബോര്‍ഡ് എന്റെ കണ്ണുകള്‍ കണ്ടു പിടിച്ചു - "ടോയിലറ്റ്". വേള്‍ഡ് ട്രേഡ് സെന്റര്‍ ഷോപ്പിംഗ്‌ മാളിലെ ടോയിലെറ്റില്‍ കയറി വാതിലടച്ച്‌ പോക്കറ്റില്‍ ഭദ്രമാക്കി കെട്ടി മടക്കി വച്ചിരുന്ന ടൈ എടുത്തു തുടയില്‍  വച്ചുരച്ചു ചൂടാക്കി ചുളിവു നികത്തി കഴുത്തില്‍ കുടുക്കി, കണ്ണാടിയില്‍ ഒന്ന് നോക്കി. "ഹമ്പടാ.. നിനക്ക് ഒടുക്കത്തെ ഗ്ലാമര്‍ ആണല്ലോടെ.. ഗൊച്ചു ഗള്ളന്‍.. അടി.. അടി.." എന്ന്  സ്വയം  പുകഴ്ത്തി കൊണ്ട് മാക്സിമം എയര്‍ പിടിച്ചു.. പിന്നെ ചന്തിയിലെ മസില്‍സ് ഒക്കെ ഒന്ന് ടയിറ്റ് ആക്കി ബില്‍ഡിംഗ് ലക്ഷ്യമാക്കി നടന്നു. ആദ്യമായാണ്‌ ടൈ ഒക്കെ കെട്ടി  ഒരു ഇന്റര്‍വ്യൂനു പോകുന്നതേ.. നടന്നു നടന്നു  ലിഫ്ടുകളുടെ അരികിലെത്തി.  അവിടത്തെ ആളുകളുടെ വരികള്‍ കണ്ടു അത്  ലിഫ്ടിലേക്കു ള്ളതാണെന്ന് ഞാന്‍ ഊഹിച്ചു. എട്ട് പത്തു പേരുടെ കൂട്ടത്തില്‍  ഞാനും ലിഫ്റ്റില്‍ കയറിപറ്റി. ഓരോ നിലകളിലും ലിഫ്റ്റ്‌ നില്‍ക്കുകയും  ഓരോരുത്തരായി   ഇറങ്ങുകയും ചെയ്തു കൊണ്ടിരുന്നു.

ജീവിതത്തില്‍ ആദ്യമായാണ്‌ ലിഫ്റ്റില്‍ കയറുന്നത്. അതും ഇന്ത്യയിലെ ഏറ്റവും വലിയ കെട്ടിടത്തിലെ ലിഫ്റ്റില്‍!.. അതിനു മുമ്പ് ഗുരുവായൂര്‍ എലൈറ്റ് ഹോട്ടലിലെ ലിഫ്റ്റ്‌ (ജയില്‍ അഴി പോലെ തോന്നിക്കുന്നതു) മാത്രമേ കണ്ടിട്ടുള്ളൂ. ചെറുപ്പത്തില്‍  അതിലൊന്ന് കേറിക്കോട്ടെ എന്ന് ചോദിച്ചതിനു പരുക്കന്‍ ഭാഷയില്‍ നിരസിച്ചു ഓടിച്ചു വിട്ടതായിരുന്നു  അവിടത്തെ ലിഫ്റ്റ്‌ മാന്‍. എല്ലാവരും ഇറങ്ങി പോയി. ഞാന്‍ എന്താ  ചെയ്യേണ്ടത്, എവിടെയാ  ഇറങ്ങേണ്ടത് എന്നൊക്കെ ഓര്‍ത്തു വരുമ്പോഴേക്കും ദോണ്ടേ  വാതിലടഞ്ഞു ലിഫ്റ്റ്‌ അതിന്റെ ഗ്രൌണ്ട് ഫ്ലോറിലേക്കുള്ള പ്രയാണം തുടങ്ങി. ശ്ശടെന്നു അത് താഴെ എത്തി. വാതില്‍ തുറന്നപ്പോള്‍ ഗത്യന്തരമില്ലാതെ ഞാന്‍ ഇറങ്ങി. പിന്നെ അപ്പോള്‍ തന്നെ തിരിച്ചു കയറുന്നത്  മോശമല്ലേ എന്ന് കരുതി കെട്ടിടത്തിനു  ചുറ്റും ഒന്ന് നടന്നു തൊട്ടടുത്തുള്ള  കടലിന്റെ  ഭംഗി ഒക്കെ ഒന്നാസ്വദിച്ച് തിരിച്ചു വന്നു വീണ്ടും ഒന്നുമറിയാത്തവനെ പോലെ ലിഫ്റ്റില്‍ കയറി പറ്റി.

"ആപ്  കോന്‍സ മാലെ മെ ജായേഗ.. തേയീസ്?.." (അയാള്‍ പോകുന്ന ഇരുപത്തി മൂന്നാം നിലയിലെക്കാണോ താനും പോകുന്നത്?) അടുത്ത് നിന്ന ഒരു മനുഷ്യന്‍ ചോദിച്ചു. സംഭവം  മനസ്സിലാവാതെ ഞാന്‍ തലയാട്ടി. അയാള്‍ ഏതോ ഒരു ബട്ടണ്‍ അമര്‍ത്തി. ഒരു നിലയില്‍ ലിഫ്റ്റ്‌ നിന്നപ്പോള്‍ അയാള്‍ ഇറങ്ങി. പുറകെ ഞാനും.

ആ ഫ്ലോറിലൊന്നും ടെല്‍കോ ഓഫീസിന്റെ പൊടിപോലുമില്ല. ധൈര്യം അവലംബിച്ച് ഒരു ഓഫീസിന്റെ റിസപ്ഷനിലേക്ക് കയറി അവിടെയിരുന്ന തരുണീ മണിയോട് ഇംഗ്ലീഷില്‍ ചോദിച്ചു "കാന്‍ യു പ്ലീസ് ടെല്‍ മി വേര്‍ ടെല്‍കോ ഈസ്‌? അവള്‍ മറുപടി പറഞ്ഞു "ഒഫ്കൊഴ്സ് ജെന്റില്‍ മാന്‍.. ഗോ ടു ഡൌണ്‍ സ്റ്റെയെര്‍സ് ആന്‍ഡ്‌ ഫസ്റ്റ് ഓഫീസ് ഫ്രം ലെഫ്റ്റ്" അവളോട്‌ നന്ദി പറഞ്ഞു ചവിട്ടു  പടി  വഴി താഴത്തെ നിലയിലെത്തി  ഇടതു  വശത്തുകണ്ട ഓഫീസിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനു മുമ്പ് അവിടെ പാറാവിലുണ്ടായിരുന്ന മറാത്തി വാച്ച്മേന്‍ "മിത്രാ കായ്‌ പാഹിജേ? (എന്താ വേണ്ടേ സുഹൃത്തെ?) എന്ന് മറാത്തിയില്‍ ചോദിച്ചപ്പോള്‍ ഞാന്‍ അന്തം വിട്ടു നില്‍ക്കുന്നത് കണ്ടു മറ്റൊരു സര്‍ദാര്‍ വാച്മാന്‍... "അരേ.. യെ മല്ലു ഹായ്.. ഹിന്ദി മറാത്തി നഹി ആത്തീ ഹോഗീ.. മൈ അംഗ്രേസീ മെ പൂച്ച്താ ഹൂം" (ഇയാള്‍ മലയാളി ആണ് ഞാന്‍ ഇംഗ്ലീഷില്‍ ചോദിക്കാം)എന്ന് പറഞ്ഞു ഒന്ന് കണ്ട്ടശുദ്ധി വരുത്തിയതിനു ശേഷം "ഭായ്.. ബാട്ട് ഈജ് ജുവര്‍ നെയിം? ഹൂം ജൂ ബാണ്ട് ടു മീറ്റ്‌?" (പഞ്ചാബി സ്ലാങ്ങില്‍ ഉള്ള ഇംഗ്ലീഷ് - എന്താ നിന്റെ പേര്? ആരെ കാണാന്‍ ആഗ്രഹിക്കുന്നു?) ഇത്രയും പറഞ്ഞു എന്റെ മറുപടിക്ക് കാക്കുന്നതിനു  മുമ്പ് ഒരു  വിജയഭാവത്തോടെ  അയാള്‍ മറാത്തി കാവക്കാരനെ നോക്കി. "ഐ ഹാവ് ആന്‍  അപ്പോയിന്റ്മെന്റ് വിത് യുവര്‍ ബോസ്സ്" ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍ അയാള്‍ "ഓക്കേ.. ബാജ് (ബോസ്)ബില്‍ കം ലേറ്റ്.. ആപ് തബ് തക്  തോടാ ഘൂം ഫിര്‍കെ.. ചായ് വായ്‌, സിഗരറ്റ്മഗരറ്റ് നാസ്താപീസ്താ കര്‍കെ ആജാ.." (ബോസ് വരാന്‍ സമയമായിട്ടില്ല, അതിനാല്‍ താഴെ പോയി ചായയോ ലഘുഭക്ഷണമോ പുകവലിയോ ഒക്കെ കഴിഞ്ഞു മെല്ലെ വാ) എന്ന് പറഞ്ഞു എന്നെ ലിഫ്റ്റ്‌  ചൂണ്ടിക്കാണിച്ചു തന്നു.

വീണ്ടും ലിഫ്റ്റില്‍ കയറി  പുലിവാല് പിടിക്കേണ്ടല്ലോ എന്നോര്‍ത്ത്  ഞാന്‍ പറഞ്ഞു "ഐ വില്‍ വെയിറ്റ് റ്റില്‍ ഹി കം". അപ്പോള്‍ അയാള്‍   
റിസെപ്ഷനിലെ സോഫയില്‍  ഇരിക്കാന്‍ ആംഗ്യം കാണിച്ചു. ഏകദേശം ഒരു  മണിക്കൂറോളം കഴിഞ്ഞപ്പോള്‍ കോട്ടും ടൈയും ഒക്കെ ധരിച്ച ഒരു വെള്ളക്കാരന്‍  അവിടെ  കയറി വന്നു. കാവല്‍ക്കാര്‍ അയാളെ  സല്യൂട്  ചെയ്തത് കണ്ടപ്പോള്‍ ഞാന്‍ ഊഹിച്ചു ഏതോ വലിയ പുള്ളിയായിരിക്കും എന്ന്. അകത്തു കയറിയ ഉടനെ  അയാള്‍ "യെസ്..?" എന്ന് ചോദിച്ചു എന്റെ അടുത്ത് വന്നു. പെട്ടെന്ന് ഒരു നിമിഷം.. ഒന്നും  പറയാനാവാതെ ഞാന്‍ “ഐ.. മൈ... ഇന്റര്‍വ്യൂ.. ജോസഫ് സര്‍.. ജോബ്‌.. " എന്നിങ്ങനെ ആകെ  വിയര്‍ത്തു കൊണ്ട് പിറുപിറുക്കാന്‍ തുടങ്ങി. കയ്യിനും  കാലിനുമൊക്കെ   ആകെയൊരു വിറയല്‍.. ഓര്‍ത്തു വച്ച ഇംഗ്ലീഷ് ഒന്നും ഒരു തുള്ളി പോലും  പുറത്തേക്കു ഒഴുകുന്നില്ല.. അപ്പോള്‍ അയാള്‍ "സോറി..?" എന്ന് പറഞ്ഞു അയാളുടെ ചെവിക്കു പിന്നില്‍ കൈ വച്ച് കൊണ്ട് ഒന്ന് കൂടി എന്റെ അടുത്തേക്ക് കുനിഞ്ഞു വന്നു എന്റെ  ഉത്തരത്തിനായി  കാത്തു. എന്റെ ടെന്‍ഷന്‍ വീണ്ടും കൂടി. ഹോ ഇനി രക്ഷയില്ലാ എന്നോര്‍ത്ത് അപ്പോള്‍ തോന്നിയ  ഒരു  ഐഡിയയില്‍ ഞാന്‍ പറഞ്ഞു "സോറി സര്‍.. ഐ തിങ്ക്‌ ഐ കം ടു റോങ്ങ്‌ പ്ലേസ്..  ഈസ്‌  ദിസ്‌ നോട്ട് ടെല്‍കോ?.. (ക്ഷമിക്കണം ഞാന്‍ തെറ്റായ സ്ഥലത്താണ് വന്നത് എന്ന് തോന്നുന്നു.. ഇത് ടെല്‍കോ അല്ലെ?) എന്റെ പ്രതികരണത്തിന് മറുപടിയായി അയാള്‍ "ജെന്റില്‍ മാന്‍ ദിസ്‌ ഈസ്‌ ടെലികോം എന്ട്ടര്‍പ്രയിസ്.. നോട്ട് ടെല്‍കോ.. ദാറ്റ്‌ ഈസ്‌ ഇന്‍ ട്വന്റി സെവെന്‍ത് ഫ്ലോര്‍" (ഇത് ടെലികോം എന്റെര്പ്രയിസ് ആണ് ടെല്‍കോ ഇരുപത്തി ഏഴാം നിലയില്‍ ആണ്) എന്ന് പറഞ്ഞു അകത്തേക്ക് പോയീ. ഹാവൂ രക്ഷപ്പെട്ടു... ഒരു നിമിഷം പോലും കളയാതെ ഞാന്‍ പുറത്തുള്ള കാവല്‍ക്കാര്‍ എന്തോ ചോദിക്കുന്നതിനൊന്നും ചെവി കൊടുക്കാതെ നേരെ ഗോവണി വഴി മുകളിലത്തെ നിലയിലേക്ക് കയറി. ലിഫ്റ്റില്‍ ഒന്നും കയറി വീണ്ടും കണ്‍ഫ്യൂഷന്‍ ആവണ്ട എന്ന് കരുതി.. പണ്ടാരമടങ്ങാന്‍ ഗോവണി വഴി തന്നെ ഇരുപത്തി ഏഴാം നില വരെ പോകാന്‍  തീരുമാനിച്ചു.

അങ്ങനെ കയറി കയറി ടെല്‍കോയില്‍ എത്തുമ്പോഴേക്കും ഞാന്‍ ആകെ ക്ഷീണിച്ചു വിയര്‍ത്തു കുളിച്ചു പോയീ. അവിടത്തെ റിസപ്ഷനില്‍ പോയി  ജോസഫ് സാറിന്റെ പേര് പറഞ്ഞപ്പോള്‍ മേഡം വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. എസി മുറിയില്‍ വിയര്‍ത്തു കുളിച്ചിരിക്കുന്ന എന്നെ അതിനു ശേഷം വന്ന പലരും തെല്ലൊരു അസ്വാഭാവികതയോടെ നോക്കിയിരുന്നതൊന്നും ഞാന്‍ അപ്പോള്‍ മൈന്‍ഡ് ചെയ്യാന്‍ പോയില്ല.

ഏകദേശം ഒരഞ്ചു മിനുറ്റ് കഴിഞ്ഞപ്പോള്‍ ഇരിങ്ങാലക്കുടക്കാരനായ നമ്മുടെ കക്ഷി പുറത്തേക്കു വന്നു. എന്നെ കണ്ട പാട് തനി തൃശ്ശൂര്‍ ഭാഷയില്‍ "തെന്താണ്ട.. നന്നെ വല്ലോരും തല്ല്യാ.. ആകെ വെശര്‍ത്തിട്ട്ണ്ടല്ലോ..?" എന്ന് ചോദിച്ചു.  അതിനുള്ള മറുപടി ഞാന്‍ ഒരു മഞ്ഞച്ചിരിയിലൊതുക്കി ഭവ്യതയോടെ നിന്ന്. "കം" എന്ന് പറഞ്ഞു അകത്തേക്ക് നടന്നു തുടങ്ങിയ അതിയാന്റെ പുറകെ ഞാനും നടന്നു. നേരെ ജീ.എം ന്‍റെ മുറിയിലേക്ക്.

"മിസ്ടര്‍ ഗോയല്‍.. ദിസ്‌ ഈസ്‌ മിസ്റ്റര്‍ ജോയ്.. ഔര്‍ ന്യൂ റിക്രൂട്ട്.. " എന്ന് പറഞ്ഞു എന്നെ ജീയെമ്മിനു  പരിചയപ്പെടുത്തി.  "ഹായ് വെല്‍കം" എന്ന് പറഞ്ഞു അയാള്‍ എനിക്ക് കൈ തന്നു. പിന്നെ അവര്‍ പരസ്പരം ഓഫീസ് കാര്യങ്ങള്‍ സംസാരിച്ചു തുടങ്ങി. എന്റെ  പ്രാര്‍ത്ഥന ദൈവം കേട്ടിട്ടുണ്ടാവണം കമാന്നൊരക്ഷരം ജി. എം എന്നോട് ചോദിച്ചില്ല്യ. കാരണം ജോസഫ് മൂപ്പിലാന്‍ അവിടത്തെ ഒരു മുഖ്യപുലി ആയിരുന്നു.

പിന്നെ ഞാന്‍ എന്റെ ആ ഗോഡ് ഫാദറിന്‍റെ കേബിനിലേക്ക് അദ്ദേഹത്തെ അനുഗമിച്ചു. അയാള്‍ക്കഭിമുഖമായി ഇരുന്നു.. "എന്തൂട്ടാണ്ടാ  വേണ്ടേ കുടിക്കാന്‍..?" എന്നെന്നോട് ചോദിച്ചതിനു ഹേയ്.. ഒന്നും വേണ്ട സര്‍ എന്ന് പറഞ്ഞെങ്കിലും.. അദ്ദേഹം പ്യൂണിനെ  വിളിച്ചു ചായക്ക്‌ ഓര്‍ഡര്‍ കൊടുത്തു. പിന്നെ ചില കുശലപ്രശ്നങ്ങള്‍ക്ക് ശേഷം ജോലിയെ പറ്റി വിശദീകരിച്ചു തന്നു.

”ഓക്കേ.. അപ്പോ.. ഇന്നന്നെ ജോല്യങ്ങട് തൊടങ്ങ്യാലാ..?" അദ്ദേഹം തുടര്‍ന്നു "നനക്കു നരിമാന്‍ പോയന്റ് അറിയോ?" ഉണ്ടെന്നു ഞാനങ്ങു തട്ടിവിട്ടപ്പോള്‍ അയാള്‍ പറഞ്ഞു "ഞാന്‍ ഒരു ലെറ്റര്‍ തരാം  അത് നീ..  മ്മടെ നരിമാന്‍ പോയന്റിലെ ഓഫീസിലങ്ങട് കൊടുത്തു പിന്നെ നേരെ വീട്ടിലേക്കു പൊക്കോ.. നാളെ കാലത്ത് എട്ടു മണിക്ക് ഓഫീസില്‍ക്ക് വന്നോ"

ഞാന്‍ അദ്ദേഹം തന്ന ലെറ്റര്‍ എടുത്തു താഴെ ബസ് സ്റ്റോപ്പില്‍ വന്നു ഏതെങ്കിലും മലയാളി വരുന്നതും നോക്കി കുറെ നേരം നിന്നു. അപ്പോള്‍ ഒരു തമിഴന്‍ അത് വഴി വന്നു.  അറിയാവുന്ന തമിഴ് വച്ച് അവിടെ നിന്ന ബസ് നരിമാന്‍ പോയിന്റ്‌ പോകുമോ എന്ന് ചോദിച്ചു. ഉവ്വ് എന്ന മറുപടി കേട്ട വഴി അതില്‍ പൊത്തി പിടിച്ചു കയറി..  കാലിയായ  ഡബിള്‍ ഡെക്കര്‍ ബസ്സിന്റെ മുകളിലത്തെ നിലയിലേക്ക് തന്നെ കയറി ഏറ്റവും മുന്നിലെ സീറ്റില്‍ പോയി ഇരുന്നു. ആനപ്പുറത്തിരിക്കുന്ന പ്രതീതി. കണ്ടക്ടര്‍ വന്നു.. രണ്ടു രൂപയുടെ ടിക്കറ്റ്‌. ഏകദേശം പത്തു മിനിട്ടോളം യാത്ര കഴിഞ്ഞപ്പോള് "നരിമാന്‍ പോയിന്റ്‌.. മന്ത്രാലയ.. " എന്ന് കണ്ടക്ടര്‍ വിളിച്ചു പറയുന്നത് കേട്ട് ചാടിയെഴുന്നേറ്റു ഞാന്‍ ആ സ്റ്റോപ്പില്‍  ഇറങ്ങി.

കുറച്ചൊന്നു ചുറ്റും നോക്കിയതിനു ശേഷം ആ വഴിയെ വന്ന ഒരു പാഴ്സി മനുഷ്യനോടു “കാന്‍ യു പ്ലീസ് ടെല്‍ മി വേര്‍ നരിമാന്‍ പോയിന്റ്‌ ഈസ്‌?" എന്ന് ചോദിച്ചു. അയാള്‍ പറഞ്ഞു "ദിസ്‌ ഈസ്‌ നരിമാന്‍ പോയിന്റ്‌" . ഉത്തരത്തില്‍  തൃപ്തനാവാതെ ഞാന്‍ വീണ്ടും അയാളോട് "...നരിമാന്‍ പോയിന്റ്‌.. നരിമാന്‍ പോയിന്റ്‌.." എന്നിങ്ങനെ പിറുപിറുത്തു  സംശയത്തോടെ ചോദിച്ചപ്പോള്‍ അത് മനസ്സിലാക്കി അയാള്‍ വീണ്ടും പറഞ്ഞു "മൈ ഫ്രണ്ട്.. ദിസ്‌ ഈസ്‌ നരിമാന്‍ പോയിന്റ്‌ ഏരിയ.. ഇഫ്‌ യു ആര്‍ ലുക്കിംഗ്  ഫോര്‍ എക്സാക്റ്റ് പോയിന്റ്‌.... സോറി.. ഐ ആം ആള്‍സോ നോട്ട് എവയര്‍  ഓഫ് ഇറ്റ്... ഹ ഹ ഹ" എന്ന് രണ്ടും കൈയും സൈടിലേക്കു ഉയര്‍ത്തി ഉറക്കെ ചിരിച്ചു കൊണ്ട് നടന്നു നീങ്ങി. എനിക്ക് അപ്പോള്‍ ദേഷ്യം വരാതിരുന്നില്ല.  

                                                      *****************

അങ്ങനെയിരിക്കെയാണ് എന്റെ കലീനയിലെ (സാന്താക്രൂസ് ഈസ്റ്റ്) മുറിയില്‍ എന്റെ സുഹൃത്തായ ബിജു വരുന്നത്. ഉള്ള പിടിപാട് വച്ച് അവനു ഞാന്‍ തന്നെ ഒരു സ്ഥലത്ത് ചെറിയ ജോലി വാങ്ങി കൊടുത്തു. അപ്പോഴാണ്‌ അവന്റെ ഒരു അപേക്ഷ.. അവന്റെ ചില ബന്ധത്തിലുള്ള ഒന്ന് രണ്ടു പേരെ ബോംബെയിലേക്ക് കൊണ്ട് വരാന്‍ അവനെ സഹായിക്കാമോ എന്ന്. വിശാലമനസ്കനായ ഞാന്‍ അതിനു സന്നദ്ധത പ്രകടിപ്പിച്ചതനുസരിച്ചു ഒരു വിശ്വാസും (ഒട്ടും വിശ്വസിക്കാന്‍ കൊള്ളാത്തവന്‍) ഒരു വിവേകും (വിവേകം ലവലേശം പോലും തൊട്ടു തീണ്ടാത്തവന്‍)  നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടു ഞങ്ങളുടെ കൂട്ടത്തില്‍ താമസമായി. രാവിലെ ഉണരാ.. പുട്ടടിക്ക്യാ.. ഉറങ്ങാ.. ഇതല്ലാതെ അതുങ്ങള്‍ക്ക് കുറച്ചു കാലത്തേക്ക് വേറൊരു ജോലിയും ഉണ്ടായിരുന്നില്ല്യ...രണ്ടു പേരും ഒന്നിനൊന്നു മടിയന്മാരും വിരുതന്മാരും.  സ്മാള്‍ അടിക്കാന്‍ പൈസയില്ലാതെ വന്നപ്പോള്‍ ആഹാരം വയ്ക്കുന്ന അലൂമിനിയപാത്രങ്ങള്‍ ആക്രിക്കടയില്‍ കൊടുത്ത് ആ പൈസ കൊണ്ട് അരക്കുപ്പി ഓള്‍ഡ്‌ മങ്ക് റം വാങ്ങിയടിച്ച ടീമുകളാ.. അവരെ പറ്റി ഇനി കൂടുതലൊന്നും പറയേണ്ടല്ലോ              
 
അപ്പോഴാണ്‌ വിവേകിന്റെ നാട്ടുകാരനായ മാര്‍വാടി തോമ എന്ന ചെല്ലപ്പേരില്‍ (അല്ലറ ചില്ലറ പലിശപരിപാടിയൊക്കെയുണ്ട്)  ബോംബെയിലെ ജോഗേശ്വരിയില്‍ താമസിക്കുന്ന തോമാസേട്ടന്റെ കയ്യില്‍ അയാള്‍ നാട്ടില്‍ നിന്നും വരുന്ന വഴി അവന്റെ അമ്മ കുറച്ചു ഉണക്ക മീനും ചമ്മന്തിപ്പൊടിയും എല്ലാം കൊടുത്തു വിട്ടിട്ടുണ്ട് എന്ന കത്ത് കിട്ടുന്നത്. അത് പ്രകാരം ഒരു ഞായറാഴ്ച ഞങ്ങള്‍ നാല് പേരും ജോഗേശ്വരിയില്‍ എത്തി. മുസ്ലീങ്ങള്‍ ധാരാളമായി തിങ്ങിപ്പാര്‍ക്കുന്നസ്ഥലമാണ് ജോഗേശ്വരി. പര്‍ദ്ദയിട്ട സ്ത്രീകളും താടി നീട്ടി വളര്‍ത്തിയ പുരുഷന്മാരും ഒക്കെയായി ആകെ ഒരു പാക്കിസ്ഥാന്‍ ലുക്ക്‌ ഉള്ള സ്ഥലം.

സ്റ്റേഷനില്‍ നിന്നുള്ള റോഡിന്റെ ഇരു വശങ്ങളിലും പച്ചക്കറിക്കാരും മറ്റു പല ലൊട്ടുലൊടുക്കു കച്ചവടക്കാരും നിരന്നിരിക്കുന്നു. അതിനിടയില്‍ നെല്ലിക്ക പരത്തിയിട്ട പോലെ കുട്ടികള്‍ തലങ്ങും വിലങ്ങും ഓടിക്കളിക്കുന്നു. ആകെ തിക്കും തിരക്കും... ചെറുതായി മഴയും പൊടിയുന്നുണ്ട്.. അങ്ങനെ നടക്കുമ്പോഴുണ്ടെടോ എന്റെ ചുമലില്‍ കാക്ക തൂറിയത് പോലെ എന്തോ വന്നു വീണു. മുകളിലേക്ക് നോക്കിയപ്പോള്‍ ഒരു വീടിന്റെ ഒന്നാം നിലയില്‍ നിന്നും ഒരു ചെറുക്കന്‍ നോക്കി പരിഹസിക്കുന്നു. ആ കീടാ..എന്തോ വൃത്തി കെട്ട ദ്രാവകം എന്റെ മേലോട്ട് കരുതിക്കൂട്ടി ഒഴിച്ചതായിരുന്നു അത്. അത് കണ്ടു ദേഷ്യം വന്ന ഞാന്‍ ചുറ്റും നോക്കിയപ്പോള്‍ കണ്ടത് ഒരു പച്ചക്കറിക്കാരനെയാണ്. അയാളുടെ പച്ചക്കറി കൂട്ടത്തില്‍ നിന്നും ഒരു കടച്ചക്ക (ശീമ ചക്ക) എടുത്തു ആ ചെക്കനെ ലക്ഷ്യമായി ഒരൊറ്റയേറ് വച്ച് കൊടുത്തു. എന്നാല്‍ ലക്‌ഷ്യം തെറ്റി ഒരു  ടെലിഫോണ്‍ പോസ്റ്റില്‍ തട്ടി തെറിച്ച് അത് വഴി നടന്നു പോയിരുന്ന ഒരു വയസ്സന്‍ മൊല്ലാക്കയുടെ മുതുകിലാണ് അത് ലാന്‍ഡ്‌ ചെയ്തത്. മുകളില്‍ നിന്ന കുരുത്തം കെട്ട ചെക്കന് ഇതില്‍ പരം സന്തോഷം  വേറെ  ഉണ്ടാവാനുണ്ടോ..  ഞെട്ടിത്തിരിഞ്ഞ മൊല്ലാക്ക താഴെ വീണ കടച്ചക്കയുമെടുത്തു അതിന്റെ ഉറവിടം തിരയുന്ന നേരത്ത് ആ ചെറുക്കന്‍ "കാക്കാ.. ഉദര്‍ ദേഖോ .. ഉന്‍ ലോഗോനെ ആപ്കോ വോ ഫേക്കാ.."  എന്ന് പറഞ്ഞു ഞങ്ങളെ ചൂണ്ടിക്കാണിച്ചു കൊടുത്തു. ദേഷ്യത്തോടെ അയാള്‍ ഞങ്ങള്‍ക്ക് നേരെ വരുന്നത് കണ്ടു "തോമസ് കുട്ടീ.. വിട്ടോടാ.. എന്ന് പറഞ്ഞ പോലെ ഞങ്ങള്‍ വച്ച് പിടിച്ചു.. ഞങ്ങളുടെ പിന്നാലെ മൊല്ലാക്കയും.. പിന്നെ കടച്ചക്ക പോയ പച്ചക്കറിക്കാരനും.. ഞങ്ങളുടെ ഭാഗ്യത്തിന് അവര്‍ ഞങ്ങളെ അധികം നേരം പിന്‍തുടര്‍ന്നില്ല.

ഒരു സ്ഥലത്ത് നിന്ന് കിതപ്പ് മാറ്റിയതിനു ശേഷം മാര്‍വാടി തോമക്കായുള്ള അന്വേഷണം ഞങ്ങള്‍ ആരംഭിച്ചു. പലരോടും ചോദിച്ചിട്ടും ആര്‍ക്കും ഒരു ഐഡിയയും തരാന്‍ സാധിക്കുന്നില്ല. അയാളുടെ പേര് അവിടെ വേറെ എന്തോ ആയിരുന്നു. ഞങ്ങള്‍ ആകെ കുഴങ്ങി പോയി.. ശ്ശെടാ.. ഇനി എന്ത് ചെയ്യും.. അങ്ങനെ ഏകദേശം ഒരു രണ്ടു മണിക്കൂറോളം നടന്നു കാണും. അപ്പോള്‍ ഒരു സഞ്ചിയും തൂക്കി പിടിച്ചു കൊണ്ട് ലുങ്കിയുമുടുത്തു എതിരെ വരുന്ന മലയാളിയോട് വിവേക് ചോദിച്ചു. "ചേട്ടാ ചേട്ടാ.. ഈ മാര്‍വാടി തോമ.. മാര്‍വാടി തോമ എന്ന് വിളിക്കണ ആളെ അറിയാമോ?" ചോദ്യം കേട്ട് അയാള്‍ സഡന്‍ ബ്രേക്കിട്ടു നിന്നു.

“മക്കള്‍  എവിടെന്നാ വരണേ? എന്താ കാര്യം? എന്ന് ചോദിച്ചു. അപ്പോള്‍ വീണ്ടും വിവേക്.. "ചേട്ടാ ഈ മാര്‍വാടി തോമ.. മാര്‍വാടി...." എന്ന് ചോദിച്ചു മുഴുവനാക്കുന്നതിനും മുമ്പ് ഭയങ്കര  ഗൌരവത്തില്‍ അയാളുടെ മറുപടി "ഈ തോമാ.. തോമാ എന്ന് പറയുന്ന ആള്  ഞാന്‍ തന്ന്യാണ്... പക്ഷെ  മാര്‍വാടി നന്‍റെ അപ്പന്‍.. എന്തേ?.." ഇത് കേട്ട് വിവേകിന്റെ മോന്ത മൂത്രം  മണത്ത മൂരിയുടേതു പോലെയായി.ഞങ്ങള്‍ ഞെട്ടി തരിച്ചു  നില്‍ക്കുന്നതിനിടയില്‍  അയാള്‍  നടന്നകന്നു. ഇനി ഉണക്ക മീനും വേണ്ട ചമ്മന്തിപ്പൊടിയും വേണ്ട എന്ന് വച്ച് ഇളിഭ്യരായി ഞങ്ങള്‍  സാന്താക്രൂസിലോട്ടു  വച്ച് പിടിച്ചു.
                                                                                                         - ജോയ് ഗുരുവായൂര്‍

No comments:

Post a Comment