നിന്നെ കാന്‍വാസില്‍ വരച്ചു തുടങ്ങിയപ്പോള്‍ ആയിരുന്നു ഇത്ര സുന്ദരിയാണ് നീ എന്ന് എനിക്ക് ആദ്യമായി മനസ്സിലായത്.
ഒരിക്കല്‍ പോലും എന്റെ കണ്ണുകള്‍ നിന്‍റെ ആ മുഖകാന്തി ഒപ്പിയെടുത്തിരുന്നില്ല. നിന്‍റെ ആ തരളിത ഹൃദയവും മനസ്സുമായിരുന്നല്ലോ തന്നെ കീഴടക്കിയിരുന്നത്.
ഞാന്‍ ഒരു ഭാഗ്യവാന്‍ തന്നെ അല്ലെ?..
അവസാനം ഒരു പൊട്ടു കൂടി ചാര്‍ത്തിക്കൊടുത്തപ്പോള്‍ ഇതാ തന്റെ മുമ്പില്‍ അപ്സരസിനെ വെല്ലുന്ന ഒരു സ്ത്രീ രൂപം.!..
എന്നെ ഇത്ര മാത്രം സ്നേഹിക്കാന്‍ എന്നില്‍ എന്താണ് നീ കണ്ടെത്തിയത്? എന്‍റെ സൌന്ദര്യം ആണ് നിന്നെ എന്നിലേക്ക് അടുപ്പിച്ചത് എന്ന് വിശ്വസിക്കാന്‍ എനിക്ക് ഇഷ്ടമില്ല. കാരണം ഞാന്‍ ഒരിക്കലും ഒരു സൗന്ദര്യോപാസകന്‍ ആയിരുന്നില്ലല്ലോ..
പിന്നെ എന്തായിരിക്കും നിന്റെ ഹൃദയത്തിന്‍റെ ശ്രീകോവില്‍ നീ എനിക്കായി തുറന്നിട്ടതിന്റെ പിന്നില്‍?..
ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.. നമ്മുടെ ബന്ധത്തിന് തുടക്കമിട്ടു കൊണ്ട് നീ എനിക്ക് ആദ്യമായി തന്ന 'ഹായ്' . അന്നത് നെറ്റ് വര്‍ക്ക് സൌഹൃദത്തിലെ വെറും ഒരു 'ഹായ്' മാത്രമായാണ് എനിക്ക് തോന്നിയതും.
പിന്നെ പിന്നെ നീ എന്നില്‍ ഒരു ലഹരിയായി പടര്‍ന്നു കയറുകയായിരുന്നില്ലേ?.. ഒരിക്കല്‍ പോലും നിന്നോട് ഞാന്‍ നിന്റെ മുഖം കാണിക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. കാരണം എനിക്ക് നിന്റെ മുഖം നിന്റെ വാക്കുകളിലൂടെ വ്യക്തമായിരുന്നു.
നീയും ചിലപ്പോള്‍ എന്റെ വാക്കുകളില്‍ നിന്നും എന്റെ രൂപം മനസ്സില്‍ വരച്ചിരിക്കണം..
ഞാന്‍ ഒരു സുന്ദരന്‍ ആണെന്ന് നീ ആദ്യമായി പറഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ അത് വരെയും എന്‍റെ സൌന്ദര്യത്തെക്കുറിച്ച് തരിമ്പും ബോധവാന്‍ അല്ലായിരുന്ന ഞാന്‍ ആത്മാര്‍ഥമായി കണ്ണാടിയില്‍ നോക്കി. അതെ.. ഞാനും ഒരു സുന്ദരന്‍ തന്നെ. നിന്റെ മനസ്സിന്‍റെ വീക്ഷണകോണില്‍ മാത്രമായിരിക്കാം ചിലപ്പോള്‍ ഞാന്‍ സുന്ദരന്‍.. എന്റെ വിരൂപത നിനക്ക് സൌന്ദര്യമായി തോന്നി എങ്കില്‍ നിന്റെ മനസ്സില്‍ എന്നോടുള്ള പ്രണയം പൂവിട്ടിരിക്കും എന്ന് ഞാന്‍ ഊഹിച്ചതില്‍ തെറ്റില്ലല്ലോ? ..
അതെ .. ഞാനും ഇപ്പോള്‍ ഒരു സുന്ദരന്‍ തന്നെ എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കും ഇപ്പോള്‍ ഇഷ്ടം.. കാരണം നിന്റെ മനസ്സില്‍ ഞാന്‍ അങ്ങനെ തന്നെ എപ്പോഴും ഉണ്ടാവണം.. അതെന്‍റെ ജീവിക്കാനുള്ള മോഹങ്ങള്‍ക്ക് പ്രസരിപ്പേറ്റുന്നു.
നീ പറയുന്നത് ഞാന്‍ വിശ്വസിക്കട്ടെ.. .
കണ്ണാ നിന്നെ കാണാതെ എനിക്ക് വയ്യാ..എന്ന് ഒരു ദിവസം പ്രണയ പരവശയായി നീ പറഞ്ഞപ്പോഴും "നിന്നെ കാണാതെ എനിക്ക് വയ്യ" എന്ന് പറയുവാന്‍ എനിക്കെന്തേ തോന്നാഞ്ഞൂ?!!.. അതെങ്ങനെ?.. എന്റെ മനസ്സില്‍ നീയൊരു പൂനിലാവ് പോലെ എന്നും നിറഞ്ഞു നില്‍ക്കുകയായിരുന്നല്ലോ?
നിന്റെ സൌന്ദര്യം ഞാന്‍ എന്‍റെ മനസ്സില്‍ ആവാഹിച്ചു കഴിഞ്ഞിരുന്നു. ഇനി നീ എന്ത് വിരൂപയായാലും എനിക്ക് മറ്റൊരു രൂപത്തെ മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ സാധ്യമായിരുന്നില്ലല്ലോ.
ഇന്നലെ നീ പറഞ്ഞു. കണ്ണാ നിനക്ക് നന്നായി വരയ്ക്കാന്‍ അറിയും എന്ന് നീ തന്നെയല്ലേ പറഞ്ഞെ?
ഹും.. ഞാന്‍ ഒരു വിധം നന്നായി തന്നെ വരച്ചിരുന്നു. ഇപ്പോള്‍ ബ്രഷ് കൈ കൊണ്ട് തൊട്ടിട്ടു വര്‍ഷങ്ങള്‍ എത്രയോ കടന്നു പോയിരിക്കുന്നു. ഇനി എനിക്ക് വരക്കാന്‍ ആവും എന്ന് തോന്നുന്നില്ല.
ഓക്കേ.. നീ നിന്റെ ഫോട്ടോ അയച്ചു തരൂ ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കട്ടെ എന്ന് എന്നെ കൊണ്ട് പറയിച്ചത് എന്റെ നാവു മാത്രമായിരുന്നു. ഒരിക്കലും എന്‍റെ മനസ്സായിരുന്നില്ല.
അപ്പോള്‍ നീ പറഞ്ഞു..
എന്നെ വരയ്ക്കാന്‍ ഇനി ഒരു ഫോട്ടോ അയച്ചു തരേണ്ട ആവശ്യം ഉണ്ടോ? കണ്ണാ നീ വരയ്ക്കൂ.. നിന്റെ ഭാവനയില്‍ ഉള്ള നിന്റെ കണ്ണന്‍കുട്ടിയെ... ഞാന്‍ ഒന്ന് കാണട്ടെ.. നിന്റെ മനസ്സിലുള്ള കണ്ണന്‍ കുട്ടിയെ.
അതെ.. ഞങ്ങള്‍ പരസ്പ്പരം വിളിച്ചിരുന്നത് കണ്ണന്‍ എന്നായിരുന്നു. ഞാന്‍ അവളുടെ കണ്ണന്‍ അവള്‍ എനിക്കും...
ഇപ്പോള്‍ ഞാന്‍ എന്‍റെ മനസ്സില്‍ നിന്നും വരച്ച അവളുടെ ഈ ഛായാ ചിത്രം എന്നില്‍ ഇതേ വരെ ഇല്ലായിരുന്ന ജഡിക മോഹങ്ങള്‍ ഉണര്‍ത്തുന്നുവോ? അതെ ഞാന്‍ തെറ്റ് ചെയ്തു.. ഞാന്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നു. എന്തിനാണ് ഞാന്‍ അവളെ വരച്ചത്.. എനിക്ക് ഒരിക്കലും അവളുമായുള്ള ലൌകീക സംഗമത്തിന് ആഗ്രഹമുണ്ടായിരുന്നില്ലല്ലോ..
ഇനി അവള്‍ എന്നില്‍ നിന്നും അങ്ങനെയുള്ള വല്ലതും ആഗ്രഹിക്കുന്നുണ്ടാവുമോ? എന്നാല്‍ പിന്നെ പ്രണയം എന്ന വാക്കിന്‍റെ വിശുദ്ധിക്ക് തന്നെ എന്തര്‍ഥം?.. ഇനി ഇതും പ്രണയത്തിന്റെ ഭാഗം ആയിരിക്കുമോ? ഇതാണോ യഥാര്‍ത്ഥ പ്രണയം?!
മരുഭൂമി പോലെ കിടന്നിരുന്ന എന്റെ മനസ്സില്‍ നീ പ്രണയ മഴ പെയ്യിച്ചത് എന്തിനായിരുന്നു? നീ എന്റെ സ്വരം കേള്‍ക്കാന്‍ വേണ്ടി വെമ്പിയപ്പോള്‍ നീ തന്ന നമ്പറില്‍ ഞാന്‍ വിളിക്കുമ്പോള്‍ ഒരു കുറ്റബോധം എന്നെ പിറകില്‍ നിന്നും കൊളുത്തി വലിച്ചിരുന്നത് ഞാന്‍ ഓര്‍ക്കുന്നു.
ഞാന്‍ മറ്റുള്ളവര്‍ നിനക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സ്നേഹത്തില്‍ നിന്നും കുറച്ചെടുത്ത് അവരെ മാനസീക വിഷമത്തില്‍ ആഴ്ത്തുകയാണോ? എന്ന ഒരു ചിന്ത.
ഞാന്‍ ഒരിക്കലും നിന്‍റെ മേല്‍ പൊസ്സസ്സീവ് ആയിരുന്നില്ല. പക്ഷെ നിന്റെ വാക്കുകളില്‍ നിന്നും നീ എന്റെ മേല്‍ പോസ്സസ്സീവ് ആണെന്ന് ഞാന്‍ അറിഞ്ഞു. അങ്ങനെ അവസാനം ഞാനും എന്‍റെ ആ വികാരം ഇപ്പോള്‍ അറിയുന്നു.
എത്രയോ കാതങ്ങള്‍ അകലെയുള്ള നിന്നെ കാണുന്നവരോട് അത് നിന്റെ മാതാപിതാക്കളോ സഹോദരരോ തന്നെയായാലും എനിക്ക് അവരോടു അസൂയയാണ് ഇപ്പോള്‍.. ഒരു നോട്ടം കൊണ്ട് വരെ നിന്റെ ഈ അഭൌമ സൌന്ദര്യം അവര്‍ ഒപ്പിയെടുക്കുന്നത് എനിക്ക് സഹിക്കുന്നില്ല.
ഞാന്‍ ശരിക്കും ഇപ്പോള്‍ ഒരു ഭ്രാന്തന്‍ ആവുകയാണോ?
പക്ഷെ ഒന്ന് എനിക്കറിയാം.. നീ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്റെ സ്നേഹം മാത്രമാണ്. എന്‍റെ അളവറ്റ സമ്പത്തില്‍ നീ ഒരിക്കലും മോഹിച്ചിരുന്നില്ല എന്ന് നിന്റെ വാക്കുകളില്‍ നിന്നും ഞാന്‍ എത്രയോ തവണ മനസ്സിലാക്കിയിട്ടുണ്ട്. അപ്പോള്‍ നിന്നെ വേറെ ആരും സ്നേഹിക്കുന്നില്ലേ? സ്നേഹം എന്ന വികാരം നീ എന്നിലൂടെ മാത്രം ആണോ ആദ്യമായി അനുഭവിക്കുന്നത്. അതും എന്നെ ആദ്യമായി സ്നേഹിക്കാന്‍ പഠിപ്പിച്ച നീ?!!!!!!!!!!!
ഇപ്പോള്‍ എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയരുന്നു..
ആരാണ് നീ? എന്താണ് വാസ്തവത്തില്‍ നീ എന്നില്‍ നിന്നും ആഗ്രഹിക്കുന്നത്?
ഇതിനു നീ ഉത്തരം പറഞ്ഞേ പറ്റൂ...
- ജോയ് ഗുരുവായൂര്‍
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞു
എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ
No comments:
Post a Comment