ഓണ്‍ലൈന്‍ സൗഹൃദങ്ങളായി തുടങ്ങിയ പലതും കാലക്രമേണ സാധാരണ സൗഹൃദങ്ങളായി മാറിക്കഴിഞ്ഞുവെങ്കിലും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലൂടെയാണവ തുടങ്ങിയതെന്ന കാരണത്താല്‍ "ഓണ്‍ലൈന്‍ സൗഹൃദം" എന്നുതന്നെ വിളിക്കാം. നേരിട്ടുള്ള സൗഹൃദങ്ങള്‍ ഇക്കാലത്ത് ഉണ്ടാവുന്നില്ലാ.. അല്ലെങ്കില്‍ വളരെ വിരളമായിരിക്കുന്നുവെന്നു പറയാം. എന്നാല്‍, ഓണ്‍ലൈനിലൂടെ അതിശക്തമായ സൗഹൃദങ്ങളാണ് അനുദിനം നമ്മള്‍ നേടിക്കൊണ്ടിരിക്കുന്നതും. ചില ബന്ധങ്ങള്‍, ദൈനംദിന ജീവിതത്തിന്‍റെ അവിഭാജ്യഘടകങ്ങളെന്നപോലെ, ഒന്നോരണ്ടോ ദിവസങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടില്ലെങ്കില്‍ത്തന്നെ, നമ്മില്‍ ആകുലത സൃഷ്ടിക്കുകയും ചെയ്യുന്നു. കഴിഞ്ഞ പത്തുവര്‍ഷക്കാലത്തിനിടെ എന്‍റെ മനസ്സിനെ സ്വാധീനിച്ച ചില വ്യക്തിത്വങ്ങളെയാണ് ഈ പംക്തിയിലൂടെ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നത്.
=========================================
=========================================
ജോസഫ് ബോബി
************************
ജോസഫ് ബോബി എന്ന ബോബിച്ചായനെ ഞാനാദ്യമായി പരിചയപ്പെടുന്നത് "മനസ്സ്" എന്ന ഒരു ഓണ്‍ലൈന്‍ മലയാളി കൂട്ടായ്മ്മയിലൂടെയായിരുന്നു. താമസിയാതെ അദ്ദേഹം ആ കൂട്ടായ്മ്മയുടെ ഞാനടങ്ങുന്ന അഡ്മിന്‍പാനലിലും അംഗമായതോടെ ബന്ധം ഒന്നുകൂടെ ദൃഢമാവുകയും ചെയ്തു. പിന്നീട്, പ്രശസ്ത കലാകാരനും ശില്പിയും മനസ്സ്-കൂട്ടായ്മ്മയുടെ ബ്രാന്‍ഡ്‌അംബാസഡറുമായിരുന്ന ശ്രീ. ഡാവിഞ്ചി സുരേഷിന്‍റെ കൊടുങ്ങല്ലൂരിലുള്ള വസതിയില്‍വെച്ച്, 2014,നവംബര്‍ 2നു നടന്ന മനസ്സ്-മീറ്റില്‍, ബോബിച്ചായനെയും പ്രിയതമ വിമലച്ചേച്ചിയേയും നേരില്‍ക്കാണാനുള്ള അവസരവും ലഭിച്ചു. മനസ്സ് എന്ന അതുല്യമായ ആ മലയാളം കൂട്ടായ്മ്മ ഇന്ന് കാലയവനികക്കുള്ളില്‍ മറഞ്ഞുവെങ്കിലും, അതിലൂടെ നേടിയെടുത്ത സൗഹൃദങ്ങളിലേറെയും ഇന്നും കോട്ടംതട്ടാതെ നിലകൊള്ളുന്നു. കനല്‍ എന്ന ഈ ഫേസ്ബുക്ക് കൂട്ടായ്മ്മയുടെ അമരക്കാരില്‍ ഭൂരിഭാഗവും അന്ന് മനസ്സിനെ നയിച്ചിരുന്നവര്‍തന്നെയാകുന്നു.
************************
ജോസഫ് ബോബി എന്ന ബോബിച്ചായനെ ഞാനാദ്യമായി പരിചയപ്പെടുന്നത് "മനസ്സ്" എന്ന ഒരു ഓണ്‍ലൈന്‍ മലയാളി കൂട്ടായ്മ്മയിലൂടെയായിരുന്നു. താമസിയാതെ അദ്ദേഹം ആ കൂട്ടായ്മ്മയുടെ ഞാനടങ്ങുന്ന അഡ്മിന്‍പാനലിലും അംഗമായതോടെ ബന്ധം ഒന്നുകൂടെ ദൃഢമാവുകയും ചെയ്തു. പിന്നീട്, പ്രശസ്ത കലാകാരനും ശില്പിയും മനസ്സ്-കൂട്ടായ്മ്മയുടെ ബ്രാന്‍ഡ്‌അംബാസഡറുമായിരുന്ന ശ്രീ. ഡാവിഞ്ചി സുരേഷിന്‍റെ കൊടുങ്ങല്ലൂരിലുള്ള വസതിയില്‍വെച്ച്, 2014,നവംബര്‍ 2നു നടന്ന മനസ്സ്-മീറ്റില്‍, ബോബിച്ചായനെയും പ്രിയതമ വിമലച്ചേച്ചിയേയും നേരില്‍ക്കാണാനുള്ള അവസരവും ലഭിച്ചു. മനസ്സ് എന്ന അതുല്യമായ ആ മലയാളം കൂട്ടായ്മ്മ ഇന്ന് കാലയവനികക്കുള്ളില്‍ മറഞ്ഞുവെങ്കിലും, അതിലൂടെ നേടിയെടുത്ത സൗഹൃദങ്ങളിലേറെയും ഇന്നും കോട്ടംതട്ടാതെ നിലകൊള്ളുന്നു. കനല്‍ എന്ന ഈ ഫേസ്ബുക്ക് കൂട്ടായ്മ്മയുടെ അമരക്കാരില്‍ ഭൂരിഭാഗവും അന്ന് മനസ്സിനെ നയിച്ചിരുന്നവര്‍തന്നെയാകുന്നു.
വളരെ സരസവും ലളിതവുമായി, മലയാള ഭാഷയെയും ഭാഷയുടെ കൃത്യമായ പ്രയോഗങ്ങളെയുംകുറിച്ചുള്ള അറിവുകള്‍, ഫേസ്ബുക്ക് കൂട്ടായ്മ്മകളിലൂടെ പ്രതിഫലേച്ഛയില്ലാതെ നിരന്തരം പങ്കുവെച്ചുകൊണ്ടിരിക്കുന്ന ബോബിച്ചായനെ അറിയാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. വികൃതിക്കുട്ടികളെപ്പോലെ, പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും സ്വന്തം ഭാഷയെ കുറ്റമറ്റതാക്കാനുള്ള പരിശ്രമത്തിനുള്ള മടികൊണ്ടും ഈര്‍ഷ്യകൊണ്ടും ചിലര്‍, തെറ്റുകള്‍തിരുത്തികൊടുക്കുന്ന ഇച്ചായനെ ഒരു ശത്രുവിനെപോലെ കാണുന്നതായും നമുക്കറിയാം. ഇത്തരമുള്ള 'മടിയരായ വിദ്യാര്‍ത്ഥി'കളാണ് കാലക്രമേണ, മലയാള ഭാഷയുടെ ശവക്കുഴി തോണ്ടിക്കൊണ്ടിരിക്കുന്നത് എന്ന് പറയാനില്ലല്ലോ. പ്രതികൂല സാഹചര്യങ്ങളുടെ മുന്നില്‍ ഒട്ടുംതളരാതെ, ഈ അക്ഷരസപര്യ തുടര്‍ന്നുകൊണ്ടുപോകാനുള്ള അദ്ദേഹത്തിന്‍റെ നിശ്ചയദാർഢ്യത്തെ അഭിനന്ദിക്കുന്നു.
ബോബിച്ചായന്‍ എന്ന വ്യക്തിയെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ ഇത്രയെങ്കിലും വൃത്തിയായി മലയാളമെഴുതാന്‍ എനിക്ക് സാധിക്കുമായിരുന്നില്ലയെന്നതില്‍ ഒരു സംശയവുമില്ല. അതുകൊണ്ടുതന്നെ, മലയാളം ടൈപ്പ് ചെയ്യാന്‍തുടങ്ങിയാല്‍ത്തന്നെ ഇച്ചായന്റെ മുഖം മനസ്സിലേക്കോടിയെത്തും!.. ഒരുപാട് നന്ദിയോടെയും കടപ്പാടോടെയുംകൂടെ മാത്രമേ ഈ പ്രിയഗുരുവിനെ എനിക്ക് ജീവിതകാലംമുഴുവനും സ്മരിക്കാനാവുകയുള്ളൂ. പ്രിയപ്പെട്ട ഗുരുനാഥന് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും ആശംസിക്കുന്നു.
സ്നേഹാദരങ്ങളോടെ,
പ്രിയ ശിഷ്യന്‍ - ജോയ് ഗുരുവായൂര്‍
==========================================
പ്രിയ ശിഷ്യന്‍ - ജോയ് ഗുരുവായൂര്‍
==========================================
ബോബിച്ചായന്‍ നമ്മളോട് മനസ്സുതുറക്കുന്നു.....
ഞാനൊരു കോട്ടയംസത്യക്രിസ്ത്യാനി, ആറുമക്കളിൽ നാലാമൻ, ഇടത്തരം കുടുംബം. ഭാര്യ, വിമല തൃശൂർ സ്വദേശിനി. യാഥാസ്ഥിതികമേനോൻകടുംബം. മകൻ വിവാഹിതൻ, രണ്ടുപേരും സോഫ്റ്റ് വെയർ പ്രോഗ്രാമേഴ്‌സ്, ലണ്ടനിൽ. എട്ടുമാസം പ്രായമായ പേരക്കുട്ടി.
എഴുപതുകളുടെ അവസാനമാണ് എനിക്കു ബാങ്കിൽ ജോലി കിട്ടിയത്. പിന്നാലെ പലരും വന്നുചേർന്ന കൂട്ടത്തിൽ വിമലയും വന്നു. തെക്കോട്ട് അധികം ശാഖകളില്ലാത്തതിനാലും ജോലിക്കുവരുന്നവരൊക്കെ തെക്കന്മാരായതിനാലും വരുന്നവരൊക്കെ തെക്കോട്ടുപോകാൻ ധിറുതികൂട്ടുന്നതിനാലും ആദ്യമായി ജോലികിട്ടുന്നതൊക്കെ കോഴിക്കോട്ടായിരുന്നു.
ഞങ്ങളുടെ ബാങ്കിൽ ട്രെയിനിങ് സെന്റർപോലെയായിരുന്നു കോഴിക്കോട് ശാഖ. നേരത്തെ വന്ന എന്റെ, ശിഷ്യന്മാരായി നാലഞ്ചുപേരുണ്ടായിരുന്നു. അക്കൂട്ടത്തിൽ വിമലയും. മൂന്നു വർഷത്തെ പരിചയം വച്ചുകൊണ്ട് പേടിച്ചുപേടിച്ചാണെങ്കിലും ഒരു ദിവസം ഞാൻ ചോദിച്ചു : എന്റെ കൂടെ പോരുന്നോ എന്ന്. ചോദിക്കേണ്ടതാമസം, ചോദ്യം കാത്തിരുന്നെന്നപോലെ ആൾ തലകുത്തിവീണു. എന്റെ വീട്ടിൽ അവതരിപ്പിച്ചു. കനത്ത എതിർപ്പ്. വിമലയുടെ വീട്ടിലും അതുതന്നെ. പക്ഷേ, അതെല്ലാം തൃണവല്ഗണിച്ചുകൊണ്ട് ഞങ്ങൾ രെജിസ്റ്റർ വിവാഹം കഴിച്ചു.
കാലണ രണ്ടുപേരുടെയും കൈയിലില്ല. ബാങ്കിലെ ഒരോഫീസർ രണ്ടായിരം രൂപ കടംതന്നു. അതുകൊണ്ടാണ് ജീവിതം തുടങ്ങിയത്. പിന്നീട് പ്രശ്നങ്ങൾ ഓരോന്നോരോന്നായി തുടങ്ങി. രണ്ടുപേരുടെയും വീട്ടിൽ കനത്ത എതിർപ്പ്. ആരുടേയും സഹായമില്ല. ബാങ്കിൽ ബന്ധുക്കളായ രണ്ടുപേരെയും ഒരിടത്തിരിത്തുകയില്ല. പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയേയും കൂട്ടി പരിചയക്കാരൊന്നുമില്ലാത്ത എറണാകുളത്തേക്കു സ്ഥലംമാറിപ്പോകണമെന്നു കേട്ടപ്പോള്‍ ആകെ അന്ധാളിച്ചു. പക്ഷേ പിന്നെയും ജീവിച്ചു. എങ്ങനെയൊക്കെയോ കുട്ടിയെ വളർത്തി. അതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതിന് എന്റെയൊരു കൂട്ടുകാരന്റെ വീട്ടുകാർ സഹായിച്ചു. ഒന്നര വയസ്സുമുതൽ അവരാണ് മകനെ വളർത്തിയത്. അതുവരെ ഞാനും ഭാര്യയും മാറിമാറി ലീവെടുത്തു. ജോലിക്കാരെ നിയമിച്ചിട്ടൊന്നും ഫലപ്രദമായില്ല. പട്ടിണിയും പരിവട്ടവുമൊക്കെ രണ്ടുപേരുംകൂടെ സഹിച്ചു. ആരോടും ഒന്നും പറഞ്ഞില്ല. കുരുത്തക്കേട് കാണിച്ചിട്ട് പറഞ്ഞിട്ടു കാര്യമില്ലല്ലോ.
ഏതാനുമുണ്ടങ്കിൽ ആരാനുമുണ്ട് എന്നു പറഞ്ഞതുപോലെ ഇപ്പോൾ, മകൻ പഠിച്ച് നല്ലനിലയിലായപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയുണ്ട്. ആരുടെയെങ്കിലും ഒരാളുടെ വീട്ടുകാരുടെ സഹായമില്ലാതെ, പ്രേമവിവാഹത്തിനു പോകുന്നവരോട് അതു ചെയ്യല്ലേ ചെയ്യല്ലേ എന്നു ഞാൻ പത്തുവട്ടം പറയും. എന്റെ നടു ഒടിഞ്ഞില്ലെന്നേയുള്ളൂ. തന്റെടംകൊണ്ട് ഇത്രവരെ എത്തിയതാണ്. ഇപ്പോൾ സ്വസ്ഥം. കഴിഞ്ഞതൊക്കെ വേണ്ടിയിരുന്നോ എന്നൊരു സന്ദേഹം ഇപ്പോളുണ്ട്. അന്നത്തെ മാനസികാവസ്ഥ അതല്ലല്ലോ. പ്രേമം തലയ്ക്കുപിടിച്ചാൽ പിന്നെ കണ്ണുകാണില്ല എന്നു കാരണവന്മാർ പറയുന്നത് ശരിയാണ്. ഇന്നാണെങ്കിൽ ഇങ്ങനെയൊരു സാഹസത്തിനു ഞാൻ ചാടിപ്പുറപ്പെടുകയില്ല. ഇന്നത്തെ പക്വത അന്നില്ലാതെപോയി !! പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചുകിട്ടില്ലല്ലോ.
സസ്നേഹം,
ബോബി ജോസഫ്
ബോബി ജോസഫ്
No comments:
Post a Comment