Tuesday, October 31, 2017

ഉഷ്ണം

ഉഷ്ണം ഉഷ്ണം എങ്ങും ഉഷ്ണം 
ഉടുക്കുംചേലകള്‍ നനയ്ക്കും ഉഷ്ണം.
ഉണ്ണാനുറങ്ങാനൊരുവേള കഴിയാന്‍,
ഒക്കാതെവലച്ചീടുമുഷ്ണം ഉഷ്ണം.
കത്തിക്കരിയുന്നു പാടങ്ങളൊക്കെയും
വറ്റിവരളുന്നു കിണറുകളേറെയും.
മുറ്റത്തെമുല്ലതന്‍ പുഞ്ചിരിമായ്ക്കുന്നു,
അര്‍ക്കന്‍റെയുഗ്രമാം രശ്മിതന്‍ താഡനം.
ഒരുതുള്ളിവെള്ളവും തേടിയലയുന്നു,
തൊണ്ടവരണ്ട ചെറുകിളിക്കൂട്ടങ്ങള്‍.
വായില്‍നുരയുമായ് നാല്ക്കാലിക്കൂട്ടങ്ങള്‍
വേച്ചുവേച്ചങ്ങു നടന്നുനീങ്ങീടുന്നു.
പങ്കകറക്കിയാല്‍ ചുടുകാറ്റുതള്ളുന്നു,
വസ്ത്രമുരിയാനായ് മാനസംവെമ്പുന്നു,
മരച്ചുവടൊന്നുമേയില്ലായീചുറ്റിലും,
ഇലകള്‍തന്‍ ലാളനമേറ്റൊന്നുവാങ്ങുവാന്‍.
വെള്ളംകുടിച്ചുവീര്‍ത്തൊരുവയറുമായ്,
അന്നംകഴിക്കുവാനാകാതെ മാനവര്‍,
ഗുളികകള്‍മാത്രം വിഴുങ്ങിജീവിക്കുന്നു,
ഉദരരോഗങ്ങള്‍ത്തന്‍ വക്താക്കള്‍പോല്‍.
കൃത്രിമമഴയെങ്കിലങ്ങനെയെങ്കിലും,
മഴയൊന്നുഭൂമിയില്‍ വീഴ്ത്തീടുവാന്‍,
കനിവുണ്ടാകണേ വാഴുന്ന കൂട്ടരേ,
വറുതിയില്‍നിന്നൊന്നു രക്ഷനേടാന്‍.
- ജോയ് ഗുരുവായൂര്‍.

No comments:

Post a Comment