Tuesday, October 31, 2017

നാഗദേവി

ജീവിതാനുഭവങ്ങളിലൂടെ - 3 :
സ്കൂള്‍ സഹപാഠികളായിരുന്ന എനിക്കും ശിവനും അന്നേകദേശം ഒരിരുപതുവയസ്സുകാണും. പത്താംതരംകഴിഞ്ഞതോടെ അവന്‍ പഠിപ്പുനിറുത്തി ഒരു കടയില്‍ ജോലിക്കുപോയിത്തുടങ്ങി. സ്കൂള്‍ സഹപാഠികളില്‍വെച്ച്, അന്നും ഇന്നും അവനാണ് എന്‍റെ ഏറ്റവുംവലിയ സുഹൃത്ത്. ഒന്നുമുതല്‍ പത്തുവരെ രണ്ട് സ്കൂളുകള്‍ ഞങ്ങള്‍ മാറിയെങ്കിലും പത്താംക്ലാസ്സുവരെ ഡിവിഷന്‍പോലുംമാറാതെ, ഒരേ ബെഞ്ചിലിരുന്നു പഠിക്കാനുള്ള അപൂര്‍വ്വഭാഗ്യം ലഭിച്ചവര്‍!
കോളേജില്‍നിന്ന് വരുന്നവഴിയെന്നും ഞാന്‍ അവന്‍റെ കടയിലേക്കാണ് ചെല്ലുക. ഒന്നുരണ്ടുമണിക്കൂര്‍ വിശേഷങ്ങള്‍ പങ്കുവെച്ചതിനുശേഷം വീട്ടിലേക്കും. അവന്‍ നാട്ടിലെ ചൂടന്‍വിശേഷങ്ങള്‍ എന്നോടു പങ്കുവയ്ക്കുമ്പോള്‍ കോളേജിലെ രസകരമായ നിത്യസംഭവങ്ങള്‍ ഞാനുമവനോട് വിവരിക്കും. സ്വതവേ ഒരു തമാശക്കാരനായിരുന്ന ശിവന്, ഇന്നും അതേപ്രകൃതംതന്നെയാണ്.
അങ്ങനെയിരിക്കേ ഒരു സംഭവം ആ പ്രദേശത്ത് തരംഗമായി. വയലിനടുത്തുള്ള റോഡരികത്തൊരു നാഗദേവി-കല്പ്രതിമ ഒരു സുപ്രഭാതത്തില്‍ പ്രത്യക്ഷപ്പെട്ടു. ആളുകള്‍ ഭയഭക്ത്യാദരങ്ങളോടെ അതിനെ നോക്കിക്കാണാന്‍തുടങ്ങി. രാത്രിവൈകി അതിനുമുന്നിലൂടെ കടന്നുപോകുന്നവര്‍ എന്തൊക്കെയോ ചമത്കാരങ്ങള്‍ കാണുന്നൂ, സൈക്കിള്‍യാത്രക്കാരും മറ്റുവാഹനങ്ങളില്‍ പോകുന്നവരും ചെറിയചെറിയ അപകടങ്ങളില്‍ പെടുന്നു, ഉമ്പായിക്കാന്‍റെ പലഹാരവണ്ടിയുടെ ടയര്‍ വെടിതീര്‍ന്നു, അങ്ങനെയങ്ങനെ ഓരോരോ കഥകള്‍ പ്രചരിച്ചുതുടങ്ങി.
ഞങ്ങളുടെ ചര്‍ച്ചയിലും ഇക്കാര്യം വളരെ കാര്യമായിത്തന്നെ സ്ഥാനംപിടിച്ചു. പുറമ്പോക്കിലൊരു ക്ഷേത്രം കെട്ടിപ്പൊക്കാനുള്ള ആരുടെയോ കുത്സിതശ്രമത്തിന്‍റെ ഭാഗമായാണ് ആ പ്രതിമ അവിടെ പ്രത്യക്ഷപ്പെട്ടതെന്നുള്ള നിഗമനത്തില്‍ ഇരുവരും എത്തിച്ചേര്‍ന്നു. ആ ശ്രമം തടയണമെന്നും ഞങ്ങള്‍ തീരുമാനിച്ചു.
അന്നു രാത്രി എട്ടുമണിക്ക്, ശിവന്‍ കടയടയ്ക്കുന്ന നേരത്ത് ഞാനവിടെ ചെന്നു. ഞങ്ങളിരുവരും ഒരു സൈക്കിളില്‍ പ്രതിമയെ ലക്ഷ്യമാക്കി, അതിരിക്കുന്ന റോഡിലൂടെ പ്രയാണമാരംഭിച്ചു. ഞാന്‍ സൈക്കിളിന്‍റെ പുറകിലെ കാരിയറിലാണ് ഇരുന്നിരുന്നത്. പ്രതിമയിരിക്കുന്ന സ്ഥലം ഒരുവിധം വിജനമാണ്. മാത്രമല്ലാ, അതിനെ പേടിച്ച്, ആളുകള്‍ രാത്രിയിലതുവഴി പോകുന്നതും ഒഴിവാക്കിയിരുന്നു.
മൂത്രമൊഴിക്കാനാണെന്ന വ്യാജേന ഞങ്ങള്‍ സൈക്കിള്‍നിറുത്തി, പരിസരം സൂക്ഷ്മമായി വീക്ഷിച്ചു. ഇരുട്ടില്‍ മറ്റേതെങ്കിലും കണ്ണുകള്‍ തിളങ്ങുന്നുണ്ടാവാമല്ലോ. ആരുമില്ലാ. ഞാന്‍ പതിയെപോയി ആ പ്രതിമയെ പൊക്കിക്കൊണ്ടുവന്നു. അതിനെ മടിയില്‍വെച്ച് ശിവന്‍റെ സൈക്കിളിന്‍റെ കാരിയറില്‍ ഞാനിരുന്നു. സൈക്കിള്‍ കല്ലുത്തിക്കുളം ലക്ഷ്യമാക്കി പായാന്‍തുടങ്ങി.
ഞങ്ങള്‍ രണ്ടുപേരുടേയും നെഞ്ചുകള്‍ പടപടാ മിടിക്കുന്നുണ്ട്‌. ആരെങ്കിലുംകണ്ടാല്‍ അതുമതിയല്ലോ വിപ്ലവങ്ങള്‍ ഉണ്ടാവാന്‍. പ്രതിമയില്‍നിന്ന് മടിയിലേക്ക്‌ ചൂട് പ്രവഹിക്കുന്നതുപോലെയുള്ള ഒരു പ്രതീതി. ഭയംകൊണ്ടായിരിക്കണം... കുണ്ടുംകുഴിയുമുള്ള വഴിയിലൂടെ പായുന്ന സൈക്കിളില്‍നിന്നു തെറിച്ചുവീഴാതിരിക്കുവാന്‍, ഒരു കൈകൊണ്ട് ഏകദേശം ആറേഴുകിലോയോളം ഭാരമുള്ള ആ പ്രതിമയെയും മറുകൈകൊണ്ട് സീറ്റിനെയും മുറുക്കെപിടിച്ചുകൊണ്ട് ഞാനിരുന്നു.
കുഴപ്പങ്ങളൊന്നുംകൂടാതെ കല്ലുത്തിക്കുളമെന്ന ലക്ഷ്യസ്ഥാനത്ത് ഞങ്ങളെത്തി. കൈതക്കാടുകള്‍ അതിരിട്ട സാമാന്യംവലിയ ആ കുളം, ഭീകരമായ മൗനംപാലിച്ചുകൊണ്ട് ഞങ്ങളെ ഉറ്റുനോക്കി. വെള്ളത്തെ മൂടിക്കിടക്കുന്ന ആഫ്രിക്കന്‍പായലുകള്‍ക്കിടയിലവിടവിടെ മത്സ്യങ്ങള്‍ കുസൃതികാണിച്ചുണ്ടാക്കിയ സുഷിരങ്ങള്‍ കുളത്തിന്‍റെ കണ്ണുകള്‍പോലെ തോന്നിപ്പിച്ചു.
ഒന്നുകൂടി പരിസരവീക്ഷണം നടത്തിയശേഷം കുളത്തിന്‍റെ ഒത്തനടുഭാഗം ലക്ഷ്യമാക്കി ഞങ്ങള്‍ ആ പ്രതിമ വലിച്ചെറിഞ്ഞു. അപ്രതീക്ഷിതമായുണ്ടായ ആ വലിയശബ്ദംകേട്ട് മരങ്ങളില്‍ ചേക്കേറിയിരുന്ന കിളികള്‍ കലമ്പിപ്പറന്നു. അടുത്തുള്ള വേങ്ങമരങ്ങളില്‍ തലകീഴായി തൂങ്ങിക്കിടക്കാറുള്ള അസംഖ്യം വവ്വാലുകളും എങ്ങോട്ടെന്നില്ലാതെ പറന്നുകാണണം. കുളത്തിനോടുചേര്‍ന്നുള്ള വീടുകാക്കുന്ന ശ്വാവ് ഉച്ചത്തില്‍ കുരയ്ക്കാന്‍തുടങ്ങി. അതേറ്റുപിടിച്ച്, പല രാഗങ്ങളിലും പരിസരപ്രദേശത്തെ ശുനകസേനാനികള്‍ ഓരിയിടാന്‍തുടങ്ങിയ മുഹൂര്‍ത്തത്തെ സാക്ഷിയാക്കി ഞങ്ങള്‍ സൈക്കിളില്‍കയറി പറക്കാന്‍തുടങ്ങി.
വഴിവിളക്കുകളില്ലാത്ത ആ പഞ്ചായത്തുറോഡിലെ കരിങ്കല്‍ച്ചീളുകള്‍ രണ്ടുവശത്തേക്കും തെറിച്ചുവീണുകൊണ്ടിരുന്നു. ഒരു വളവുകഴിഞ്ഞതോടെ പുറകില്‍നിന്നാരോ സൈക്കിളിനെ പിടിച്ചുവലിക്കുന്നതുപോലെ!.. ഞാന്‍ പരമാവധിവേഗത്തില്‍ ചവിട്ടിയിട്ടും സൈക്കിളിന്‍റെ മുന്നോട്ടുള്ള ആക്കം കുറഞ്ഞുകുറഞ്ഞുവരുന്നു. ദൈവമേ.. ദേവി പണിതന്നുവോ?..
കുറ്റാക്കൂരിരുട്ടില്‍ സൈക്കിള്‍നിന്നു. എന്നാല്‍, പുറകിലിരുന്ന ശിവന്‍ ഇറങ്ങാതെ കാരിയറില്‍തന്നെയിരുന്നു. ധൈര്യംകൊണ്ടായിരിക്കാം.. സൈക്കിളിന്‍യും അവന്‍റെയും ഭാരങ്ങള്‍ എന്‍റെ കാലുകള്‍ക്ക് താങ്ങാന്‍വയ്യാതായപ്പോള്‍ സൈക്കിളിന്, ഒരുവശത്തേക്കു ചരിഞ്ഞുവീഴുകയല്ലാതെ നിര്‍വ്വാഹമൊന്നുമുണ്ടായില്ല. ഒപ്പം അവനും. കുത്തിക്കുലുങ്ങിയുള്ള യാത്രയില്‍, സൈക്കിളിന്‍റെ ചങ്ങലതെറ്റിയതായിരുന്നു സംഭവം. ചുമ്മാ ഞങ്ങളെ പേടിപ്പിക്കാനായിട്ട്.. ഹും.. ചങ്ങല നേരെയാക്കാന്‍ ഇരുട്ടില്‍നടത്തിയ ശ്രമങ്ങളൊക്കെ വിഫലമായി. പെട്രോള്‍തീര്‍ന്ന്, വിജനമായ ഹൈവേയില്‍ പാതിരാത്രി നിന്നുപോകുന്ന വണ്ടികളിലെ യാത്രക്കാര്‍ക്കുണ്ടാവുന്ന മനോവ്യഥയായിരുന്നു അപ്പോള്‍ ഞങ്ങള്‍ക്കും. സൈക്കിള്‍ തള്ളി, വിയര്‍ത്തുകുളിച്ച്, ഞങ്ങള്‍നടന്നു. അപ്പോഴേക്കും പ്രകൃതി ശാന്തസ്വഭാവം വീണ്ടെടുത്തിരുന്നു. "നോ മോര്‍ കുരകള്‍.." സമാധാനം.
അത്താഴംകഴിഞ്ഞ് കിടക്കാന്‍നേരം, പതിവുപ്രാര്‍ത്ഥനകള്‍ക്കുപുറമേ, ദേവീകോപമെങ്ങാനുമിനിയുണ്ടായാലോ എന്ന സന്ദേഹത്തില്‍, ഒന്നുരണ്ട് എക്സ്ട്രാ പ്രാര്‍ത്ഥനകളും ഉരുവിട്ടു. ദുരാത്മാക്കളെ പറപറപ്പിക്കുന്നജാതി പാട്രിയറ്റ് മിസൈലുകള്‍..
പിറ്റേദിവസംമുതല്‍ ദേവി അപ്രത്യക്ഷമായതായിരുന്നു ചായക്കടകളിലും ഓട്ടോറിക്ഷാസ്റ്റാന്റിലും വേറെപണിയില്ലാത്തവരിരുന്നു ബഡായിപറയുന്ന ആല്‍ത്തറകളിലേയും ഫ്ലാഷ്ന്യൂസ്. എല്ലാംകേട്ട്, ഞാനും ശിവനും പരസ്പരംനോക്കി ഗൂഢമായി ചിരിച്ചു.
പൊടിപ്പുംതൊങ്ങലുംകൂട്ടി ആളുകള്‍ ഈ സംഭവത്തെയും അതിന്‍റെ വരുംവരായ്കകളെയുംകുറിച്ചൊക്കെ കൂലംകഷമായി ചര്‍ച്ചചെയ്യുന്നതു കേള്‍ക്കുമ്പോള്‍ എന്തൊരു സുഖാനുഭൂതിയായിരുന്നെന്നോ ഞങ്ങളിരുവരും അനുഭവിച്ചിരുന്നത്‌. അവര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തി, സീന്‍ പരമാവധി ശക്തമാക്കാനായി ഞങ്ങളും സഹായിച്ചു. ആരുമില്ലാത്ത നേരത്ത് ഇതൊക്കെപ്പറഞ്ഞ് ചിരിച്ചുചിരിച്ച് ഞങ്ങളുടെ ഊപ്പാടുവന്നു.
രണ്ടേരണ്ടു ദിവസം.. സ്ഥിതിഗതികള്‍ ആകെ മാറിമറിഞ്ഞു...
റിട്ടേണ്‍ ടിക്കെറ്റെടുത്ത് പോയിവന്നതുപോലെ നമ്മുടെ ദേവിയതാ, പഴയ സ്പോട്ടില്‍തന്നെ ഒരു പൂമാലയുമണിഞ്ഞ് സുസ്മേരവദനയായി ഉപവിഷ്ഠയായിരിക്കുന്നു. ഞങ്ങള്‍പോയി നോക്കി. ദേവിക്കു കുടചൂടുന്ന സര്‍പ്പം ഞങ്ങളെനോക്കി കോപത്തോടെ ഫണമിളക്കുന്നതായി ഒരു തോന്നല്‍. ദേവിയുടെ തിരിച്ചുവരവ് അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളേയും ആശയക്കുഴപ്പത്തിലാക്കി. ആളുകള്‍ പതിന്മടങ്ങ്‌ ഭക്ത്യാദരങ്ങളോടെ ദേവിയെ സമീപിക്കാന്‍തുടങ്ങി. അതിനിടെ ആരോ സന്ധ്യാനേരങ്ങളില്‍ ദേവീസമക്ഷം ചെരാതും തെളിയ്ക്കാന്‍തുടങ്ങി.
ഞങ്ങളുടെ സായന്തനചര്‍ച്ചകളില്‍ വീണ്ടും നാഗദേവി നിറഞ്ഞുനിന്നു.
ഇതിങ്ങനെവിട്ടാല്‍ പറ്റില്ല. ഒടുവില്‍, വീണ്ടുമൊരു ഓപ്പറേഷനു ഞങ്ങള്‍ തയ്യാറായി. ഇപ്രാവശ്യം, ദേവീജിയെ ഏകദേശം ആറേഴുകിലോമീറ്റര്‍ ദൂരത്തുള്ള പരല്‍ക്കുളത്തില്‍ത്തന്നെ നിമജ്ജനംചെയ്യുവാന്‍ തീരുമാനിച്ചു. ആദ്യതവണ ഉണ്ടായപോലുള്ള വിഘ്നങ്ങളൊന്നും ഉണ്ടായില്ലാ. കൃത്യം നിറവേറ്റിയതിനുശേഷം അടുത്തുകണ്ട ചായക്കടയില്‍നിന്ന് ഇറച്ചിയും പൊറോട്ടയും കടുപ്പത്തിലൊരു ചായയും കഴിച്ച് ഞങ്ങള്‍മടങ്ങി.
പിന്നീടൊരിക്കലും ദേവി മടങ്ങിവന്നില്ല. മനസ്സിലെന്തോനിനച്ച്, എവിടെയോനിന്നോ ദേവിപ്രതിമകള്‍ വാങ്ങിവന്ന ആ പാവത്തിന്‍റെ സ്റ്റോക്ക് അതോടെ തീര്‍ന്നുകാണും. കാശും.. ദേവിയുടെ ശാപം ലഭിച്ചിരിക്കില്ലായെങ്കിലും, കാശുപോയ, അജ്ഞാതനായ ആ മനുഷ്യന്‍റെ പ്രാക്ക് ഉറപ്പായും ഞങ്ങള്‍ക്കു കിട്ടിയിരിക്കും.
തുടരും...
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment