ഓണംവന്നോണം വന്നോണംവന്നേ
അറബീന്റെ നാട്ടിലുമോണം വന്നേ
ഓണംവന്നോണം വന്നോണംവന്നേ
കടലൊന്നു താണ്ടിയിങ്ങോണംവന്നേ
അറബീന്റെ നാട്ടിലുമോണം വന്നേ
ഓണംവന്നോണം വന്നോണംവന്നേ
കടലൊന്നു താണ്ടിയിങ്ങോണംവന്നേ
ഓണത്തിന്നവധിക്കായെന്തുചെയ്യും
ഓണമുള്ളവരൊട്ടുമില്ല താനും
അറബിയാം ബോസ്സിന്‍റെ മുന്നില്‍പ്പോയി
തലയും ചൊറിഞ്ഞങ്ങ് നിന്നിടേണം
ഓണമുള്ളവരൊട്ടുമില്ല താനും
അറബിയാം ബോസ്സിന്‍റെ മുന്നില്‍പ്പോയി
തലയും ചൊറിഞ്ഞങ്ങ് നിന്നിടേണം
ശൂ ഹാദാ* ശൂ ഹാദായെന്നു ചൊല്ലി
ചോദ്യങ്ങളായിരം ചോദിച്ചീടും
കണ്ണുരുട്ടിയുള്ള നോട്ടത്തിലേ
ഉള്ള ജീവനങ്ങു പോയിപ്പോകും
ചോദ്യങ്ങളായിരം ചോദിച്ചീടും
കണ്ണുരുട്ടിയുള്ള നോട്ടത്തിലേ
ഉള്ള ജീവനങ്ങു പോയിപ്പോകും
അവധിയൊന്നെങ്ങാനും കിട്ടിയാലോ
ഷാര്‍ജ വരെയൊന്നു പോയിടേണം
നാട്ടിലെ കൂട്ടരെച്ചെന്നു കണ്ട്
ഓണവിശേഷങ്ങള്‍ ചൊല്ലിടേണം
ഷാര്‍ജ വരെയൊന്നു പോയിടേണം
നാട്ടിലെ കൂട്ടരെച്ചെന്നു കണ്ട്
ഓണവിശേഷങ്ങള്‍ ചൊല്ലിടേണം
ഓണസദ്യയൊന്നു ബുക്കു ചെയ്ത്
വരിയില്‍ നിന്നങ്ങു മുഷിഞ്ഞീടേണം
വരിയങ്ങു ചെന്നങ്ങിരുന്നീടിലോ
ചറപറ ചോറു വിളമ്പലായി
വരിയില്‍ നിന്നങ്ങു മുഷിഞ്ഞീടേണം
വരിയങ്ങു ചെന്നങ്ങിരുന്നീടിലോ
ചറപറ ചോറു വിളമ്പലായി
തിക്കും തിരക്കിലും ബഹളത്തിലും
കാളനും ഓലനും മാറിപ്പോകും
നാക്കില് വയ്ക്കുന്ന കറികള്‍ക്കെല്ലാം
രുചിയേതാണ്ടോക്കെയൊന്നു തന്നേ.
കാളനും ഓലനും മാറിപ്പോകും
നാക്കില് വയ്ക്കുന്ന കറികള്‍ക്കെല്ലാം
രുചിയേതാണ്ടോക്കെയൊന്നു തന്നേ.
പാലടയാണെന്ന പേരും ചൊല്ലി
കോപ്പയിലെന്തോ ഒഴിച്ചുവെക്കും
ഒന്നോ രണ്ടോ പിടി ഉണ്ടീടുകില്‍
ഉടനേയെണീക്കാനും തോന്നിപ്പോകും
കോപ്പയിലെന്തോ ഒഴിച്ചുവെക്കും
ഒന്നോ രണ്ടോ പിടി ഉണ്ടീടുകില്‍
ഉടനേയെണീക്കാനും തോന്നിപ്പോകും
സോഡാ വീര്‍പ്പിച്ച വയറുമായി
പുല്ലിലൊരിത്തിരി കുത്തിരിക്കും
മൊബൈലെടുത്ത് കുത്തിക്കുത്തി
ഹാപ്പി ഓണങ്ങള്‍ ആശംസിക്കും.
പുല്ലിലൊരിത്തിരി കുത്തിരിക്കും
മൊബൈലെടുത്ത് കുത്തിക്കുത്തി
ഹാപ്പി ഓണങ്ങള്‍ ആശംസിക്കും.
ഔപചാരികങ്ങള്‍ തീര്‍ന്നിടുകില്‍
ബസ്റ്റാണ്ടിലേക്കങ്ങു ഓടിച്ചെല്ലും
ബസ്സില്‍ക്കേറാനുള്ള വരികള്‍ക്കണ്ടാല്‍
കണ്ണുകള്‍ രണ്ടങ്ങു തള്ളിപ്പോകും
ബസ്റ്റാണ്ടിലേക്കങ്ങു ഓടിച്ചെല്ലും
ബസ്സില്‍ക്കേറാനുള്ള വരികള്‍ക്കണ്ടാല്‍
കണ്ണുകള്‍ രണ്ടങ്ങു തള്ളിപ്പോകും
കഷ്ടപ്പെട്ടൊരുവിധം കയറിപ്പറ്റി
കൂര്‍ക്കം വലിച്ചങ്ങുറങ്ങിടേണം
മാവേലി തന്നിങ്ങു വന്നീടിലും
മാറ്റങ്ങളൊന്നുമേ കാണുകില്ലാ.
കൂര്‍ക്കം വലിച്ചങ്ങുറങ്ങിടേണം
മാവേലി തന്നിങ്ങു വന്നീടിലും
മാറ്റങ്ങളൊന്നുമേ കാണുകില്ലാ.
ഓണംവന്നോണം വന്നോണംവന്നേ
അറബീന്റെ നാട്ടിലുമോണം വന്നേ
ഓണംവന്നോണം വന്നോണംവന്നേ
കടലൊന്നു താണ്ടിയിങ്ങോണംവന്നേ
അറബീന്റെ നാട്ടിലുമോണം വന്നേ
ഓണംവന്നോണം വന്നോണംവന്നേ
കടലൊന്നു താണ്ടിയിങ്ങോണംവന്നേ
- ജോയ് ഗുരുവായൂര്‍
ശൂ ഹാദാ* = എന്താണത്? (അറബിക്)
No comments:
Post a Comment