Tuesday, October 31, 2017

മൗഢ്യമുപേക്ഷിക്കുക, മനുഷ്യരാവുക..

ജന്മനാ ബധിരരും, നിങ്ങളോടുള്ള 
പ്രതികരണശേഷിയില്ലാത്തവരുമായ
ഞങ്ങള്‍ നേരിടുന്ന,
ചൂഷണങ്ങളെയും പീഡകളെയും,
കണ്ടില്ലെന്നു നടിക്കുവാനും,
അറിഞ്ഞില്ലെന്നു ഭാവിക്കുവാനുമാണ്
നിങ്ങള്‍ പഠിച്ചിരിക്കുന്നത്.
ഞങ്ങളിലുമുണ്ട് മാതാപിതാക്കളും,
സഹോദരിസഹോദരന്മാരും,
പിഞ്ചുകുഞ്ഞുങ്ങളും.
മുറിവേറ്റാല്‍ നിണമൊലിക്കും ശരീരവും,
കഷ്ടതകളില്‍ നുറുങ്ങുന്ന ഹൃദയവും,
ഞങ്ങളിരോരുത്തര്‍ക്കുമുണ്ട്.
അമൂല്യമായ ജീവനും,
അതിനെ നയിക്കുന്ന ആത്മാവും,
വൈകാരികകേന്ദ്രങ്ങളും,
നിങ്ങള്‍ക്കുള്ളത്‌ പോലെത്തന്നെ,
ഞങ്ങളിലുമുണ്ടെന്നറിയുക.
ചിരിച്ചും കരഞ്ഞും ഉപദ്രവിച്ചും,
പ്രതികരിക്കുന്നവരെ മാത്രമേ,
നിങ്ങള്‍ മുഖവിലയ്ക്കെടുക്കൂ.
മനുഷ്യാ, നിന്‍റെ നിലനില്പ്പിനുതന്നെ
ആധാരമായ, ഞങ്ങള്‍ക്കുവേണ്ടിയും
നിന്‍റെ നാക്കൊന്നു ചലിപ്പിക്കൂ..
നാല്ക്കാലികളില്‍മാത്രം
മാതാപിതാക്കളെ ദര്‍ശിക്കാതെ,
പ്രപഞ്ചത്തിലെ സകലജീവനുകളെയും
അഹോരാത്രം സംരക്ഷിച്ചുവരുന്ന,
എന്നും രക്തസാക്ഷികളാവാന്‍ വിധിക്കപ്പെടുന്ന,
ഈ മൗനജന്മങ്ങളെയും ഗൗനിക്കൂ..
ഒന്നു കരയുവാനെങ്കിലുമായിരുന്നെങ്കില്‍,
ഞങ്ങളുടെ വിലാപക്കൊടുങ്കാറ്റില്‍,
ഈ പ്രപഞ്ചവും നീയുംതന്നെ,
ഒരു ചരിത്രമായെന്നേ മാറിയേനെ!
ഞങ്ങളെ നിര്‍ദ്ദയം അരിഞ്ഞുവീഴ്ത്തിയും,
കൊന്നുഭക്ഷിച്ചും, ജനിതകമാറ്റം വരുത്തിയും,
പാഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍,
ഒരിറ്റുശ്വാസത്തിനായി നീ വലയുന്ന,
കാലം അതിവിദൂരമല്ലെന്നറിയുക.
നിന്‍സുരക്ഷയെയോര്‍ത്തെങ്കിലുമിനിയീ,
മൗഢ്യമുപേക്ഷിക്കുക, മനുഷ്യരാവുക..
- ജോയ് ഗുരുവായൂര്‍
(കവിതയല്ലാ.. ഒരു കുറിപ്പ്)

No comments:

Post a Comment