കുമരകത്തെ കായല്‍നിശബ്ദതയ്ക്ക് തുരങ്കങ്ങള്‍സൃഷ്ടിച്ചുകൊണ്ട് ആധുനികസൌകര്യങ്ങളുള്ള ഹൌസ്ബോട്ടിലെ ദര്‍ബാര്‍ഹാളില്‍നിന്നു അര്‍ദ്ധരാത്രിയില്‍, കര്‍ണ്ണകഠോരമായ റോക്ക്മ്യൂസിക്കും ആര്‍പ്പുവിളികളും ആക്രോശങ്ങളും റോക്കറ്റുകള്‍കണക്കേ പുറത്തേക്കു ചീറിപ്പായുന്നുണ്ടായിരുന്നു.
ഒരു മള്‍ട്ടിനാഷണല്‍കമ്പനിയുടെ ലോഞ്ച്പാര്‍ട്ടി അരങ്ങേറുകയാണ്.
ബോട്ടിന്‍റെ ലൈറ്റിനാല്‍ സ്വര്‍ണ്ണവര്‍ണ്ണംപുല്കുന്ന കുഞ്ഞോളങ്ങളെ ശ്രദ്ധിച്ചെന്നോണം തിരക്കില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി, ആ യാനത്തിന്റെ പൂമുഖത്ത് വിദ്യാധരന്‍ ഇരുന്നു.
"വിദ്യേട്ടാ... എന്തായിവിടെ ഒറ്റക്കിരുന്നു ചെയ്യുന്നേ? ദേ.. അവിടെ സാമുവല്‍സര്‍ അന്വേഷിക്കുന്നു." ബോട്ടിന്‍റെ മുകളിലെനിലയില്‍നിന്നു നിഷ ഇറങ്ങിവന്നു.
തണുത്ത നിശയിലെ നിലാവില്‍നെയ്ത പുതപ്പിനോടൊപ്പം അയാള്‍ നിഷയെ ചേര്‍ത്തുപിടിച്ചു ചുംബിക്കാന്‍ശ്രമിച്ചപ്പോള്‍ അവളുടെ അധരങ്ങളില്‍നിന്നു ബീയറിന്റെ ഗന്ധം മൂക്കിലേക്ക് തുളച്ചുകയറി.
അവള്‍ മദ്യപിച്ചിരിക്കുന്നു. അവളുടെ മുഖത്ത് ശരിക്കും മദാലസഭാവങ്ങള്‍ സ്ഫുരിച്ചുനില്ക്കുന്നു.
"ങേ.. നീ കുടിച്ചിട്ടുണ്ടോ?.." നെറ്റിചുളിച്ചുകൊണ്ട് അയാള്‍ ചോദിച്ചു.
"അതുപിന്നേ.... ഷേര്‍ളിമേഡം നിര്‍ബന്ധിച്ചപ്പോള്‍... അവര്‍ക്കൊരു കമ്പനിക്കുവേണ്ടി.... എന്‍റെ വിദ്യേട്ടാ.. അവിടെയിപ്പോള്‍ കുടിക്കാത്തോരായി ആരുമില്ലെന്നേ... "
"അപ്പോള്‍ ഈ ഞാനോ?... "
"വിദ്യേട്ടാ പ്ലീസ്... മൂരാച്ചിത്തരം കാണിക്കല്ലേ.. എല്ലാവരും അവിടെ അടിച്ചുപൊളിക്കുമ്പോള്‍ ഇവിടെയിങ്ങനെ ചുമ്മാ ഒറ്റയ്ക്കിരുന്ന്... അത് മോശമല്ലേ?.."
"നിഷേ.. ഇത്രയുംകാലം കുടിക്കുന്നതില്‍നിന്നു കര്‍ശനമായെന്നെ വിലക്കിയിരുന്ന നിന്‍റെ വായില്‍നിന്നുതന്നെ ഞാനിതു കേള്‍ക്കണം!..."
ഭാര്യയുടെ നിര്‍ബന്ധത്തിനു ഴങ്ങി ദര്‍ബാര്‍ഹാളിലേക്കുള്ള പടികള്‍കയറുമ്പോള്‍ അയാള്‍ ഓര്‍ത്തു.
'വിലക്കുകള്‍' എന്നാല്‍ അവരവരുടെ സുഖസൌകര്യങ്ങള്‍ക്കുവേണ്ടി മറ്റുള്ളവരെ ബന്ധിച്ചുനിറുത്തുവാനും സൗകര്യംപോലെ സ്വയം ഭേദിക്കുവാനുമായി കൗശലപൂര്‍വ്വം മറ്റുള്ളവരെ അണിയിക്കുന്ന വിലങ്ങുകളാണ്'.
- ജോയ് ഗുരുവായൂര്‍
No comments:
Post a Comment