അകലേ, മൊട്ടക്കുന്നുകളില്‍ അവിടവിടെയായി നിലകൊണ്ട കാറ്റാടിമരങ്ങളുടെ ചില്ലകള്‍, കലിതുള്ളുംഭൂതങ്ങളെപ്പോലെ കാറ്റിലുലയുന്നത് അലസമായിവീക്ഷിച്ചുകൊണ്ട് സന്ധ്യ, തന്റെ കൊച്ചുകുടിലിന്റെ ഉമ്മറത്തിണ്ണയിലെരിയുന്ന ദീപത്തിന്റെ ഇത്തിരിവെട്ടത്തില്‍ ഇരുന്നു.
കുന്നിറങ്ങി, അനസ്യൂതം പ്രവഹിക്കുന്ന മന്ദമാരുതന്, പ്രകാശത്തിനു വലയംവെക്കുന്ന ചെറുപ്രാണികള്‍ നിയന്ത്രണംവിട്ട് നാളത്തിനിരയാകുമ്പോഴുണ്ടാകുന്ന ഗന്ധത്തെ, എരിയുന്ന എണ്ണയുടേതുമായി ലയിപ്പിച്ച്, ഒരു പുതിയഗന്ധം സൃഷ്ടിച്ചു.
അവളുടെ, വിടര്‍ത്തിയിട്ട, ഈറനണിഞ്ഞ കാര്‍ക്കൂന്തലില്‍കുരുങ്ങിയ ചില പേരറിയാപ്രാണികള്‍ രക്ഷപ്പെടാനായി അശ്രാന്തപരിശ്രമം നടത്തി.
ഇരതേടിവലഞ്ഞ് ഉമ്മറത്തിന്റെ ഇരുണ്ടൊരു മൂലയിരുന്ന കരിമ്പൂച്ചയുടെ ആര്‍ത്തിക്കണ്ണുകള്‍
അവളുടെ മനസ്സില്‍ ഭീതിയുടെ വിത്തുകള്‍പാകി.
അവളുടെ മനസ്സില്‍ ഭീതിയുടെ വിത്തുകള്‍പാകി.
കാമുകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്സുകതയും ജിജ്ഞാസയുംമൂലം അവളുടെ മനോഹരനയനങ്ങള്‍ പനിനീര്‍ദളങ്ങളിലെ മഞ്ഞുതുള്ളിപോലെ തിളങ്ങി.
കുന്നിന്‍ചരുവിലെ ശ്രീകോവിലില്‍നിന്നൊഴുകിയ സന്ധ്യാവന്ദനശീലുകള്‍ അവസാനഘട്ടത്തിലേക്കു പ്രവേശിച്ചു.
തിണ്ണയിലിരുന്ന ദീപം അരണ്ടരണ്ടൊടുവില്‍ കരിന്തിരികത്തി.
വിളക്കു വലംവച്ച പേരറിയാപ്രാണികള്‍ ദൌത്യം മതിയാക്കി, എവിടേക്കോ അപ്രത്യക്ഷമായി.
മന്ദമാരുതപ്രവാഹം ശക്തികുറഞ്ഞുകുറഞ്ഞ് വൃക്ഷങ്ങളിലെ ഇലകളെ സുഷുപ്തിയിലേക്കു നയിച്ചു.
ഉറക്കംതൂങ്ങിയിരുന്ന പൂശകന്‍, പുറത്തുകണ്ട ഏതോ ചലനത്തെ പിന്തുടര്ന്ന് പുറത്തേക്കുപാഞ്ഞു.
കരിങ്കല്മടയുടെ കിഴക്കുവശത്തിന്നഴകായിനിന്ന പാലയുടെ വെള്ളപ്പൂക്കള്‍ പരത്തിയ മാദകഗന്ധം പ്രതീക്ഷയുടെ അവസാനയാമമായെന്നു അവളോടു വിളിച്ചോതി.
അദൃശ്യനായിവന്ന പ്രിയകാമുകന്റെ മാറില്‍ തലചായ്ച്ച്, അവന്റെ ആര്‍ദ്രഹൃദയത്തിലലിഞ്ഞ്, അവള് സ്വയം മറഞ്ഞു.
- ജോയ് ഗുരുവായൂര്‍
No comments:
Post a Comment