Tuesday, October 31, 2017

ബലിക്കാക്ക

നിരന്തരം നീയത് വെള്ളത്തില്‍മുക്കുന്നു,
പാറമേലുരച്ചു മൂര്‍ച്ചവരുത്തുന്നു,
കൈകൊട്ടലുകള്‍ക്കിപ്പുറം,
ജനിമൃതികളുടെ പാപഭാരങ്ങള്‍
കരിങ്കല്ലിനേക്കാള്‍ കഠിനമാക്കിയ ,
എള്ളുകുഴച്ചയുണക്കലരിയുരുളകളെ,
കൊത്തിപ്പൊട്ടിച്ചുവിഴുങ്ങാന്‍....
പുഴയില്‍നിന്നൊഴുകിവരും കാറ്റിനെതിരെ
വീശിവീശി, ചിറകുകള്‍ ദൃഢമാക്കുന്നു,
ജീവിച്ചിരിക്കേ ഒരു ചെറുരുളപോലും
സ്നേഹത്തോടെ നീട്ടാന്‍മറന്ന,
തലമുറകളുടെ പശ്ചാത്താപഭാരങ്ങളെ,
ചിറകേറ്റി മോക്ഷത്തിലേക്ക് പറക്കാന്‍..
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment