Tuesday, October 31, 2017

അഭിനവകേരളം (തുള്ളല്‍പ്പാട്ട്)

അഴിമതിതന്നില്‍ മുങ്ങിയമര്‍ന്നൊരു, 
ലോകമതൊന്നില്‍ നാംമരുവുന്നു.
പത്രമതൊന്നില്‍ നോക്കുകിലെപ്പൊഴും,
പീഡനമുഖരിത വാര്‍ത്തകള്‍ മാത്രം.
വെട്ടിക്കൊലയും കുതികാല്‍വെട്ടും,
ഇല്ലാത്തൊരുദിനം കാണ്മാനില്ലാ.
കാക്കിയുടുത്തൊരു കാട്ടാളന്മാര്‍,
കാശിനുമുന്നില്‍ കേസുമറക്കും.
വോട്ടിനുവേണ്ടി നേതാക്കന്മാര്‍,
വാചകമടിയില്‍ മുഴുകീടുന്നു.
കേട്ടതുനില്ക്കും മണ്ടന്‍ജനമോ,
കള്ളനു കീജയ് ചൊല്ലീടുന്നു.
കേസുകളനവധി കോടതിതന്നില്‍,
ഊര്‍ദ്ധ്വശ്വാസം വലിച്ചീടുന്നു.
തെറ്റുകള്‍ചെയ്ത മാനവരവരോ,
നെഞ്ചുവിരിച്ചു നടന്നീടുന്നു.
തെറ്റുകള്‍ തെറ്റുകളല്ലാതാക്കാന്‍,
ഉണ്ടിഹ ക്രിമിനല്‍വക്കീലന്മാര്‍.
ഗാന്ധിത്തലകള്‍ ഉണ്ടായിടുകില്‍,
ഏതൊരുകള്ളനും ജാമ്യമതാവാം.
നിയമംതന്നുടെ നൂലാമാലയില്‍,
ഓട്ടകളനവധി വീഴ്ത്തീയനുദിനം,
കേസുവിധിക്കും ന്യായാധിപരെ,
മണ്ടന്മാരായ് മാറ്റുമതങ്ങനെ.
തെറ്റുകള്‍വീണ്ടും ചെയ്-വതിനാക്കം,
കൂട്ടാനൊത്തിരി കാരണമുണ്ടേ..
ഇന്റര്‍നെറ്റും ഷട്ടില്‍കോര്‍ട്ടും,
മദ്യവും ജയിലില്‍ സുലഭംപോലും!
റമ്മികളിക്കാന്‍ പോലീസ്കാരും,
ശിക്ഷകുറയ്ക്കാന്‍ ഏമാന്മാരും,
സംരക്ഷിക്കാന്‍ നേതാമാന്യരും,
കള്ളനുകഞ്ഞിക്കില്ലതു ക്ഷാമം.
ഇടതുംവലതും മാറിഭരിക്കിലും,
ഇല്ലൊരുമാറ്റവും ഭരണമതൊന്നില്‍.
പണമില്ലാത്തവരെന്നും ഭൂമിയില്‍,
പിണമായ്ത്തന്നെയിരിക്കും നൂനം.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment