ഒരുവണ്ടിതന്നുടെ മുരളിച്ച കേള്‍ക്കവേ,
ശുനകര്‍തന്‍ കുരകള്‍ കാതില്‍പ്പതിയവേ,
അറിയാതെയെന്നുമെന്‍ ദൃഷ്ടികള്‍ പായുന്നു,
പടിയടച്ചിട്ടൊരാ പടിവാതിലില്‍...
അറിയാതെയെന്നുമെന്‍ ദൃഷ്ടികള്‍ പായുന്നു,
പടിയടച്ചിട്ടൊരാ പടിവാതിലില്‍...
കണ്ണുകളൊന്നങ്ങടഞ്ഞീടുകില്‍, നിത്യം
കുഞ്ഞിന്‍ കാല്ത്തളക്കിങ്ങിണികള്‍,
കൊഞ്ചിക്കുഴഞ്ഞുള്ള സംസാരമേളവും,
മാറ്റൊലി കൊള്ളുന്നു ഹൃത്തില്‍....
കുഞ്ഞിന്‍ കാല്ത്തളക്കിങ്ങിണികള്‍,
കൊഞ്ചിക്കുഴഞ്ഞുള്ള സംസാരമേളവും,
മാറ്റൊലി കൊള്ളുന്നു ഹൃത്തില്‍....
തോളിലിരുത്തിയിട്ടെന്നുമെന്‍ യാത്രകള്‍,
മലീമസവസ്ത്രം കഴുകുന്നൊരമ്മയും,
തുമ്പം കലരാതെയെന്നുംനിന്‍ മാനസം,
ഇമ്പം പകര്‍ന്നേറ്റം പോറ്റി..
മലീമസവസ്ത്രം കഴുകുന്നൊരമ്മയും,
തുമ്പം കലരാതെയെന്നുംനിന്‍ മാനസം,
ഇമ്പം പകര്‍ന്നേറ്റം പോറ്റി..
വിദ്യതന്‍ പൊരുളിനെ ഉരുവിട്ടുതന്നും,
ധര്‍മ്മത്തിന്‍ പാതകള്‍ കാണിച്ചുതന്നും,
സ്നേഹത്തിന്‍പല്ലവി പാടാന്‍പഠിപ്പിച്ചും,
നിന്‍മനസ്സാക്ഷിയേ വാര്‍ത്തൂ..
ധര്‍മ്മത്തിന്‍ പാതകള്‍ കാണിച്ചുതന്നും,
സ്നേഹത്തിന്‍പല്ലവി പാടാന്‍പഠിപ്പിച്ചും,
നിന്‍മനസ്സാക്ഷിയേ വാര്‍ത്തൂ..
മൂക്കിന്നുതാഴേ പൊടിമീശവന്നപ്പോള്‍,
മുഖക്കുരുവന്ന് മുഖംവിങ്ങിനിന്നപ്പോള്‍,
മിണ്ടാതെമിണ്ടിയ പ്രണയമോഹങ്ങളെ,
കണ്ടങ്ങ് ഞങ്ങള്‍ ചിരിച്ചൂ...
മുഖക്കുരുവന്ന് മുഖംവിങ്ങിനിന്നപ്പോള്‍,
മിണ്ടാതെമിണ്ടിയ പ്രണയമോഹങ്ങളെ,
കണ്ടങ്ങ് ഞങ്ങള്‍ ചിരിച്ചൂ...
ജോലിതന്‍ചിറകില്‍ നീയന്നകന്നപ്പോള്‍,
ജ്വാലകളാധിയായുള്ളില്‍ വിടര്‍ന്നപ്പോള്‍,
സന്താനഗോപാല മന്ത്രങ്ങള്‍ ചൊല്ലി,
നിത്യേന നേര്‍ച്ചകള്‍ നേര്‍ന്നൂ..
ജ്വാലകളാധിയായുള്ളില്‍ വിടര്‍ന്നപ്പോള്‍,
സന്താനഗോപാല മന്ത്രങ്ങള്‍ ചൊല്ലി,
നിത്യേന നേര്‍ച്ചകള്‍ നേര്‍ന്നൂ..
നിന്നുടെ സ്നേഹമതൊന്നിനു വേണ്ടി,
എന്നും കരഞ്ഞുകൊണ്ടമ്മയും പോയി,
എന്നിട്ടും നിന്‍റെയാ പുഞ്ചിരിക്കും മുഖം,
ഒന്നങ്ങ് കാണുവാന്‍ മോഹം..
എന്നും കരഞ്ഞുകൊണ്ടമ്മയും പോയി,
എന്നിട്ടും നിന്‍റെയാ പുഞ്ചിരിക്കും മുഖം,
ഒന്നങ്ങ് കാണുവാന്‍ മോഹം..
മോനേ, വെറുക്കില്ലായൊട്ടൊരു നാളും,
മോനൊരു ദുഖവും വരികില്ലപാരില്‍,
അച്ഛനീവൃദ്ധര്‍തന്‍ അരുമയായെന്നെന്നും,
വഴിക്കണ്ണുമായ് ഇതാ നില്പ്പൂ..,
മോനൊരു ദുഖവും വരികില്ലപാരില്‍,
അച്ഛനീവൃദ്ധര്‍തന്‍ അരുമയായെന്നെന്നും,
വഴിക്കണ്ണുമായ് ഇതാ നില്പ്പൂ..,
ഒരുവണ്ടിതന്നുടെ മുരളിച്ച കേള്‍ക്കവേ,
ശുനകര്‍തന്‍ കുരകള്‍ കാതില്‍പ്പതിയവേ,
അറിയാതെയിന്നുമെന്‍ ദൃഷ്ടികള്‍ പായുന്നു,
പടിയടച്ചിട്ടൊരാ പടിവാതിലില്‍..
ശുനകര്‍തന്‍ കുരകള്‍ കാതില്‍പ്പതിയവേ,
അറിയാതെയിന്നുമെന്‍ ദൃഷ്ടികള്‍ പായുന്നു,
പടിയടച്ചിട്ടൊരാ പടിവാതിലില്‍..
- ജോയ് ഗുരുവായൂര്‍
No comments:
Post a Comment