Tuesday, October 31, 2017

ഇന്നലത്തെ സ്വപ്നം!..



നമ്മള്‍ മരിച്ചാലും ആളുകള്‍ 
കരയുമായിരിക്കുമല്ലേ..
അല്ലാ.. 
ഇന്നലെ കണ്ട സ്വപ്നത്തില്‍ 
അങ്ങനെയായിരുന്നു..
ഒരു വീട്ടുമുറ്റം... 
അതില്‍ക്കുറേയാളുകള്‍..
അടക്കം പറയുന്നവരും, 
മാറിനിന്നു ബീഡിവലിക്കുന്നവരും..
അകത്തുനിന്നൊരു രോദനം.. 
മാതാവിന്‍റെയാണതെന്നറിഞ്ഞു!
പോയിനോക്കാം..
ചന്ദനത്തിരികളുടെ ദുഷിച്ചഗന്ധം.. 
ശ്വാസംമുട്ടുന്നു..
ശവത്തിനുചുറ്റും ശവംപോലെ 
കിടക്കുന്ന ആത്മാക്കള്‍.. 
എല്ലാവരും 
കരഞ്ഞുതളര്‍ന്നവര്‍..
കരയാനെനിക്കുപക്ഷേ മനസ്സില്ലാ..
ആരുംകാണാതെ ഞാനാ, 
ശവശരീരത്തില്‍ കയറിയൊളിച്ചു!..
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment