Tuesday, October 31, 2017

പ്രണയനഷ്ടം = ലാഭം!

കേട്ടോ കൂട്ടരേ..
എന്നിലെ പ്രണയം വറ്റിപ്പോയി..
മുക്കുറ്റിപ്പൂ മുതല്‍ മൂവാണ്ടന്‍മാവ് വരേ
എന്‍റെ പ്രണയത്തെ കട്ടെടുത്തു.
എന്‍റെ ഓരോ കോശങ്ങളും
പ്രണയത്തിനുവേണ്ടിയായിരുന്നു
തുടിച്ചിരുന്നത്..
എന്‍റെ ഓരോ മിഴിചിമ്മലും
പ്രണയവര്‍ണ്ണങ്ങള്‍ കാണാനായിരുന്നു
ഓരോ ശ്വാസനിശ്വാസങ്ങള്‍ക്കും
പ്രണയതാളമുണ്ടായിരുന്നു....
ഒരക്ഷയപാത്രജലധാരപോലെ
എന്നിലെ പ്രണയനിള ഒഴുകിയിരുന്നു.
കുറച്ചുദിവസത്തോളമായിരുന്നു
ആ സംശയമെന്നെ പിടികൂടിയിട്ട്‌.
വച്ചിരുന്നാല്‍ അധികരിക്കും
രക്തം പരിശോധിപ്പിക്കണം
സുഹൃത്തേ ഭയക്കാനൊന്നുമില്ലാ
രക്തത്തിലെ, പ്രണയത്തിന്‍റെ കൌണ്ട്
ക്രമാതീതമായി കുറഞ്ഞിരിക്കുന്നു
മറ്റുകുഴപ്പങ്ങളൊന്നുമില്ലാ
ഡോക്ട്ടര്‍സാറേ കുഴ പ്പമാവുമല്ലോ|?
എന്ത് കുഴപ്പം?..
ഒന്ന് ബേജാറാവാതെയിരിക്കെടോ
പ്രണയമൊരു തുള്ളിപോലുമില്ലാത്തവര്‍
എത്രയോയിവിടെ ജീവിക്കുന്നു.
ഈ ഞാന്‍വരേ!...
പ്രണയം വാരിക്കോരിക്കൊടുക്കുമ്പോള്‍
ഞാനും ഓര്‍ത്തിരുന്നില്ലാ..
ഇങ്ങനെയൊരു പ്രതിസന്ധിവരുമെന്ന്.
സത്യംപറഞ്ഞാല്‍ ഇനിയാണെടോ ജീവിതം..
ആരേയും ഗൗനിക്കാതെ പരിഭവം കാണാതെ,
വിഷമങ്ങള്‍ പകുത്തെടുക്കാതെ,
ആര്‍ക്കുവേണ്ടിയും കാത്തിരിക്കാതെ,
ഹൃദയത്തെ കൂടുതല്‍ മിടിപ്പിക്കാതെ,
ഉറക്കം ഒഴിക്കാതെ,
കൂടുതല്‍ ചിന്തിക്കാതെ,
ഹാ എന്ത് സുഖമാണെന്നോ?!...
പ്രണയം ഇല്ലാതിരിക്കുന്നതാണ് സുഖം.
കാരണം, അവ പ്രസവിക്കുന്നത്
ദുഃഖങ്ങളെ മാത്രമാകുന്നു.
അവ മനസ്സില്‍ നിറയ്ക്കുന്നത്
സ്വാര്‍ത്ഥതയും അന്തര്‍മുഖത്വവും.
പ്രണയമെന്നൊരു വികാരമാസ്വദിക്കാന്‍
സുഹൃദ്ബന്ധങ്ങള്‍വരേ ബലികൊടുക്കണം
സമയങ്ങളെത്രയോ കുരുതികൊടുക്കണം
താങ്കളിന്നൊരു ഭാഗ്യവാന്‍ തന്നേ...
കീമോയും ഡയാലിസിസു മില്ലാത്തന്നേ,
രക്തശുദ്ധിയും മാനസികാരോഗ്യവും...
ഇനി ജീവിക്കൂ പച്ചമനുഷ്യനായിട്ട്..
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment