വര്‍ഷം 1990. ബോംബെ സാന്താക്രൂസ് ഈസ്റ്റിലെ കാലിന എന്ന സ്ഥലത്തുള്ള ചേരിപ്രദേശം. പ്രവാസി മലയാളികളും ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും തിങ്ങിപ്പാര്‍ക്കുന്ന ഗള്ളികള്‍. സ്വാഭാവികമായും റൌഡികളുടെ വിഹാരരംഗവും.
"ശ്ശേ.. പണ്ടാരം.. ഒരു ദിവസമെങ്കിലും എന്‍റെ മുഖത്തുകൂടി ഓടാതെ ഈ അശ്രീകരങ്ങള്‍ക്ക് സമാധാനം കിട്ടില്ലാന്നു തോന്നുന്നു."
"എന്താടാ ബിജുവേ.. ഇന്നും ആ പോത്തനെലി നിന്‍റെ മോന്തയിലൂടെ പാഞ്ഞോ? ഹ ഹ ഹ... നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ ഭായി.. ക്ഷമീര്.."
ദേ തോമാച്ചാ.. നേരം വെളിച്ചാവുമ്പോത്തന്നേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ടാട്ടോ.. ഒരു ദിവസം കടയൊന്ന് മൊത്തത്തില്‍ വൃത്തിയാക്കി ഈ നശിച്ച എലികളെയെല്ലാം ഇവിടെനിന്നും തുരത്തണമെന്ന് എത്ര വട്ടമാണെന്നുവച്ചാ ഞാന്‍ ജോര്‍ജ്ജേട്ടനോട് പറയുന്നത്.. പുള്ളി കേക്കില്ലാ.. അന്നിവിടെ ഈ ചാക്കുകള്‍ക്കിടയില്‍ നമ്മുടെ കൂടെ കിടന്നുറങ്ങിയ സജിയുടെ കാലില്‍ എലി കടിച്ചില്ലേ? എന്നാണാവോ ഇവന്മാര്‍ ഇനി നമുക്കിട്ട് പണി തരുന്നത്... "
"എടാ ബിജ്വേ.. ഒരു ഒമ്പതുകൊല്ലായി ഞാനിവിടെ അന്തിയുറങ്ങുന്നു. ഒരെലിയും ഇന്നേവരെ എന്നെ കടിച്ചിട്ടില്ലാ. പിന്നേ ഇടയ്ക്കിടെ മേത്തൂടെ അവറ്റങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും തേര്‍വാഴ്ച്ച നടത്തുമെന്നത് നേര്. അവരുടെ വഴിക്ക് നമ്മളിങ്ങനെ കിടന്നാല്‍ ആ പാവത്തുങ്ങള്‍ പിന്നെ എതിലൂടെ ഓടും.."
"തോമാച്ചാ.. ങ്ങള് വീണ്ടുമെന്നെ ദേഷ്യം പിടിപ്പിക്കണ്ടാട്ടോ..ഹും ഒരു പാവങ്ങള്‍.. ഇവിടെയൊന്ന് ഒന്നുനല്ലരീതിയില്‍ വൃത്തിയാക്കാനായി പകലൊരുദിവസം കടയടച്ചിടാന്‍ അതിയാന് കഴിയില്ലാ.. അതന്നേകാര്യം.. എന്നാണാവോ ദൈവമേ ഈ എലികളുടെ കടിയുംകൊണ്ട് പ്ലേഗ് പിടിക്കാന്‍ പോകുന്നത്"
"മതീ.. എണീറ്റോ മാഷേ.. മണി നാലരയായിട്ടാ.. കടേടെ മുന്നില്‍ ഇപ്പോത്തന്നെ ഗിരാക്കോള് കാത്തുനിക്ക്ണ് ണ്ടാവും.. അഞ്ചുമണ്യായിട്ടും കടതൊറക്കാതെയിരിക്കണകണ്ടാല്‍ അതുമതി മൂപ്പരുടെ കുരുപൊട്ടാന്‍..."
"അങ്കിള്‍ സൌ ഗ്രാം സരസൂകാ തേല്‍ ദേദോ..
"പെഹലേ മുജേ ദേദോ അങ്കിള്‍ പച്ചാസ് ഗ്രാം ഹല്‍ദി..."
"ആട്ടാ ക്യാ ഭാവ് ഹൈ ഭായ്സാബ്?.."
"ഏയ് അണ്ണാ.... അര്‍ദ്ധാകിലോ ചാവല്‍ ദേദോരേ.. ജല്‍ദി.."
"ഡാ ബിജ്വേ... നീ പെട്ടെന്നാ ഷട്ടറൊന്നു പിടിച്ചുപൊന്തിച്ചേ.. അല്ലെങ്കീ ഇവറ്റകളിപ്പോ നമ്മളെ കൊല്ലും... ദേ ഈ അരിവാങ്ങാന്‍ നിക്കണോനെ കണ്ടില്ലേ.. കൊമ്പന്‍മീശ വച്ചപ്പോ ദാദയായി എന്നാ അവന്‍റെ വിചാരം.. നേരംവെളിച്ചാവുമ്പൊത്തന്നേ വയറിന്മേല്‍ രണ്ടുകാലും കൊളത്തിയിട്ട് ഇങ്ങട് എറങ്ങിക്കോളും... അവന്‍റെ അമ്മായിയമ്മേടെ ഒരു അരി... !@#$% ഹും"
"അല്ലാ തോമാച്ചാ... ഇവിടങ്ങളില്‍ വേറെത്രയോ കടേണ്ട്.. ഇവര്‍ക്കെന്താ അവിടെപ്പോയി സാധനം വാങ്ങിയാല്‍? ഇതിപ്പോ ഈ കടമാത്രമേ ഇവിടുള്ളൂ എന്ന മട്ടിലല്ലേ ഈത്തപ്പഴത്തിലീച്ച പൊതിഞ്ഞപോലെ ആളുകള്‍ നില്ക്കുന്നത്. മനുഷ്യനൊരു ചായ കുടിക്കാന്‍പോകാന്‍ വരെ സ്വൈര്യം തരാതെ"
"ഹ ഹ ഹ കൊല്ലം ഒമ്പതായി മോനേ ഞാനീ അങ്കംവെട്ട് തൊടങ്ങീട്ട്.. ജോര്‍ജ്ജേട്ടന്‍റെ കടേന്നുവാങ്ങ്യാ അവര്‍ക്ക് തൃപ്ത്യാ.. കാരണെന്താ?... മൂപ്പര് പറ്റിക്കില്ല്യല്ലോ... മായം ചേര്‍ക്കാത്ത ചരക്കുകള്‍.. പോരാത്തതിന് കടോം കൊടുക്കും... കടം വാങ്ങ്യവരോട് കണിശായിട്ട് പുള്ളി പണം തിരിച്ചുവാങ്ങേമില്ലാ.. പിന്നവര് വേറെ എങ്ങട് പോകാന്‍... ഹ ഹ ഹ .. ഒത്തിരിപേര് മൂപ്പരെ ഇതേപോലെ പറ്റിച്ചിട്ടുണ്ടേ "
"ങാ പിന്നേയ്,, ഒരുകാര്യം പറയാന്‍ മറന്നു.. ഇന്നലെ രാത്രി രണ്ടുമണിക്ക് ആ മഖന്‍ദാദ വന്ന് വാതിലില്‍മുട്ടി. കൈയിലയാളുടെ കൊച്ചിരുന്നുകാറുന്നുണ്ടായിരുന്നു. പാതിരായ്ക്ക് കുട്ടിക്ക് ഫൈവ് സ്റ്റാര്‍ ചോക്കലേറ്റ് വേണം പോലും.. എടുത്തുകൊടുത്തു. കാശോ ഇല്ലാ... പോട്ടേ ഒരു ശുക്രിയ പോലും പറയാതെ ആശാനൊരുപോക്കല്ലേ..."
"ഹും... അതിനൊക്കെ കാശ് ചോദിക്കാന്‍ പോയാല്‍ തടികേടാവുംട്ടാ.. ഇവറ്റങ്ങളെയൊക്കെ ഒരു പരുവത്തിലിങ്ങനെ അട്ജസ്റ്റ്ചെയ്ത് കൊണ്ടുപോവാനേ പറ്റൂ.. അയാള്‍ടെ കുട്ടിക്കാണെങ്കില്‍ എന്നും പാതിരാത്രിക്കാണ് ഗ്രഹണിയിളകുക.. സ്ഥിരമുള്ള സംഭവാ.. ജോര്‍ജ്ജേട്ടനും പറഞ്ഞു.. എന്താ വേണ്ടേച്ചാ എടുത്തുകൊടുത്തോളാന്‍... വഴക്കടിച്ചാല്‍ നഷ്ടം നമുക്ക് തന്നെയല്ലേ എന്ന്.."
"ഹോ ഒരുമണിയായോ!.. വിശന്നിട്ടുവയ്യാ... ഈ ജോര്‍ജ്ജേട്ടന്‍ എവിടെപ്പോയി... ഇന്ന് സണ്‍ഡേ അല്ലേ ചിലപ്പോളിന്ന് ആന്‍റി, വല്ല പോത്തോ പോര്‍ക്കോ ഒക്കെ ഉണ്ടാക്കുന്നുണ്ടാവും.. അതാ ചോറ് കൊണ്ടുവരാന്‍ നേരം വൈകുന്നുണ്ടാവാ... അങ്ങേര് പെട്ടെന്നൊന്നുവന്നെങ്കിലൊന്നു മുള്ളാന്‍ പോകാമായിരുന്നു.. നേരമെത്രയായെന്നറിയോ പിടിച്ചുനില്ക്കുന്നു..ഹുഹുഹൂ"
"ഹോ അതിനാണോ താനിത്ര വെഷമിക്കണേ ദേ നമ്മുടെ ആ കൊടയെടുത്ത് നിവര്‍ത്തി ഒന്ന് റിപ്പയര്‍ ചെയ്താ പോരേ.. സംഗതി ക്ലീന്‍ ക്ലീന്‍... അല്ലാതെ മുനിസിപ്പാലിറ്റി ടോയ്ലറ്റില്‍ പോയി വരുമ്പോഴേക്കും തെണ്ടിപ്പിള്ളേര് കൈയിട്ടുവാരി ഒരു രണ്ട് മിഠായിഭരണിയെങ്കിലും കാലിയാക്കീട്ടുണ്ടാവും. രണ്ടാളില്ലാതെ ഈ കടയില്‍ കച്ചോടം ചെയ്യാന്‍ പറ്റില്ല മോനേ.. ഒരാള്‍ സാധനങ്ങള്‍ എടുക്കാന്‍ തിരിയുമ്പോ മറ്റേയാളുടെ കണ്ണ് വാങ്ങാന്‍വന്നവരുടെ മേല് ഉണ്ടായില്ലേല്‍ ഈ കട മൊത്തത്തില്‍ത്തന്നേ അവര്‍ അടിച്ചോണ്ട് പോവും.. ന്നാ കൊട... നിവര്‍ത്തി, ആ മൂലയ്ക്കിരുന്നു റിപ്പയര്‍ ചെയ്തോളൂ.. വേഗമാവട്ടേ..ഹ ഹ ഹ "
"ഓക്കേ.. അങ്ങനെയെങ്കില്ലങ്ങനെ... തോമാച്ചാ... ആ കാലിക്കുപ്പിയിങ്ങെടുത്തേ... ഇപ്പൊ ശരിയാക്കിത്തരാം "
"ങാ ജോര്‍ജ്ജേട്ടന്‍ വന്നല്ലോ.. എന്താന്നുവൈക്യേ?.. ദേ ഇവിടൊരുത്തന്‍ വെശന്നിട്ടുചാവുന്നു..."
"അതുശെരി.. ദാ പോത്തിറച്ചി വരട്ടീത് ഉണ്ട്.. കൊടുക്ക്.. എന്നിട്ടവന്‍ എന്ത്യേ? കാണാനില്ലല്ലോ?.."
"ഹ ഹ ഹ ജോര്‍ജ്ജേട്ടാ.. അവനവിടെയിരുന്ന് നമ്മുടെയാ പഴയ കാലന്‍കുട റിപ്പയര്‍ ചെയ്യല്ലേ... ഈ തെരക്കിനിടേല് പൊറത്തേക്കുപോവാന്‍ ഒരു നിവൃത്തീമില്ലാ..."
"അ അ ആ.. അപ്പോ നീ നമ്മുടെയാ കൊടറിപ്പയര്‍ നമ്പര്‍ ഇവനേം പഠിപ്പിച്ചാ?... ഹ ഹ ഹ ഹ മിടുക്കന്‍... ആ കുപ്പിയെങ്ങാനും അവിടെ തട്ടിക്കളഞ്ഞ് കട കൊളമാക്കല്ലേന്ന് അവനോട് പറയ്... അപ്പോ ഞാന്‍ പോട്ടേ?,,,"
- ജോയ് ഗുരുവായൂര്‍
No comments:
Post a Comment