Tuesday, October 31, 2017

മലയാളത്തമ്മ

അന്നുഞാന്‍ ചൊന്നില്ലേ വന്നെത്തുമിന്നെന്‍റെ, 
ആരാമം പുല്കുവാന്‍ ജ്ഞാനം.
ഇനിയെന്നും നമ്മുടെ പൈതങ്ങളോരോന്നായ്,
ഈണത്തിൽ വാഴ്ത്തുമിതെന്നും.
ഉണ്മയോടെപ്പോഴും തെളിയുന്ന വാക്കുകള്‍,
ഊനം വരുത്താതെയെന്നും
ഋജുവാം വരകളില്‍ തൊട്ടുതൊട്ടീടാതെ,
എഴുതീടും ചാരുതയോടെ...
ഏറെക്കഴിയുമ്പോള്‍ മാനസക്കൊട്ടിലില്‍,
ഐക്യമോടെ,യെല്ലാവാക്കും
ഒന്നൊന്നായെന്നെന്നും ചിട്ടപ്പെടുത്തുന്നു,
ഓർമ്മതൻ ചെപ്പിലായ്‌ നമ്മൾ.
ഔന്നത്യംനേടുവാന്‍ വിദ്യയായ്, വാണിയായ്
അംബയായെത്തും മനസ്സിൽ ..
യത്നിച്ചു നമ്മൾ കുതിച്ചു മുന്നേറണം,
രചനതൻ വീഥിയിലെത്താൻ.
ലക്ഷ്യങ്ങള്‍ നേടുവാനുയരങ്ങള്‍പുല്കുവാൻ,
വന്നീടും രക്ഷയായ് ഭാഷ.
ശാന്തമായ് വീശീടും കാറ്റിലൊഴുകുന്ന,
ഷാഡവം പോലെയീ വിദ്യ.
സര്‍വ്വജനങ്ങളും മലയാളത്തമ്മയ്ക്ക്,
ഹാരങ്ങള്‍ ചാര്‍ത്തുക നിത്യം.
അമ്മക്കായ് അഞ്ജലി കൂപ്പിത്തൊഴുതീടാം
ആനന്ദചിത്തരായ് നമ്മൾ.
(ജോയ് ഗുരുവായൂര്‍)
ഷാഡവം = സംഗീതം
ലോകമാതൃഭാഷാദിനത്തില്‍ നമ്മുടെ പ്രിയഭാഷയ്ക്ക്‌ പ്രണാമങ്ങള്‍. അക്ഷരമാലയിലെ സ്വരാക്ഷരങ്ങളില്‍ തുടങ്ങുന്ന വരികള്‍കൊണ്ടൊരു കവിത സമര്‍പ്പിക്കുന്നു. വൃത്തം.. മാരകാകളി പോലൊന്ന്...

No comments:

Post a Comment