Friday, November 8, 2013

പുതിയ വെളിച്ചം


"നന്ദു വീട്ടില്‍ത്തന്നെ ഉണ്ടാവണേ ഗുരുവായൂരപ്പാ.." വേഗതയില്‍ നടന്നിരുന്ന സുഗതയുടെ ഹൃദയമിടിപ്പിനും വേഗത കൂടിത്തുടങ്ങി.

സന്ധ്യ മയങ്ങി. നിബിഡമായി വളര്‍ന്നു നില്‍ക്കുന്ന മരങ്ങളുടെ സാമീപ്യം ആ ഗ്രാമത്തെ സന്ധ്യയായപ്പോഴേ  കരിമ്പടം പുതപ്പിച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ ഏറെ കടന്നു പോയിട്ടും ആ നാടിനു ഒരു മാറ്റവും സംഭവിച്ചതായി അവള്‍ക്കു തോന്നിയില്ല. കുണ്ടും കുഴിയും നിറഞ്ഞ പഞ്ചായത്ത് റോഡില്‍ ഇപ്പോഴും ഒരു വഴിവിളക്കു പോലും ഇല്ല.  പെയ്തു തോര്‍ന്ന മഴയുടെ തുടര്‍മഴ എന്ന പോലെ മരങ്ങളില്‍ നിന്നും ഇറ്റുവീഴുന്ന ഇലത്തുള്ളികള്‍ മലയിറങ്ങി വരുന്ന കാറ്റിനെ കുളിരണിയിച്ചു കൊണ്ട്  അവരെ തഴുകിയപ്പോള്‍ തപിച്ച മനസ്സിനും തളര്‍ന്ന ദേഹത്തിനും ചെറിയൊരു ഉന്മേഷം പകര്‍ന്നു കിട്ടിയ പ്രതീതി.

ഒരു മണിക്കൂറോളം ആയി കാണും ഹൈവേയില്‍ ബസ്സിറങ്ങി ആ പഞ്ചായത്ത് പാതയിലൂടെ നടപ്പു തുടങ്ങിയിട്ട് . കാലുകള്‍ക്ക് തളര്‍ച്ച തോന്നിയെങ്കിലും ആ അരക്ഷിതാവസ്ഥയില്‍ മനസ്സിലുറച്ച ലക്ഷ്യബോധം അടികള്‍ വേഗത്തില്‍ മുന്നോട്ടു വയ്ക്കുന്നതില്‍ നിന്നും അവളെ ഒട്ടും പിന്തിരിപ്പിച്ചില്ല.

ദീര്‍ഘമായ യാത്രാക്ഷീണം മൂന്നു വയസ്സുള്ള ഇളയ മകനെ അമ്മയുടെ തോളില്‍ തല ചായ്ച്ചുറങ്ങാന്‍ പ്രേരിപ്പിച്ചിരിക്കുന്നു. അത്യാവശ്യം ഭാരമുള്ള ബാഗ് താങ്ങി പതിനൊന്നു വയസ്സുകാരന്‍ അനീഷും തളര്‍ന്നെന്നു തോന്നുന്നു. സുഗതയുടെ കിതപ്പ് കേട്ട് നടക്കുന്നതിനിടയില്‍ ഇടയ്ക്കിടെ അവന്‍ അമ്മയുടെ മുഖത്തേക്ക് പാളി നോക്കിക്കൊണ്ടിരുന്നു. 

അടുത്ത വളവു തിരിഞ്ഞാല്‍ കേശവന്‍ മാഷിന്‍റെ വീടായി. പണ്ട് എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് എന്തോ കാര്യത്തിനായി അവിടെ പോയപ്പോള്‍ അവിടത്തെ അല്‍സേഷന്‍ നായ അവളുടെ ദേഹത്തേക്ക് ചാടിയത് അവള്‍ പെട്ടെന്ന് ഓര്‍ത്തു. മാഷ് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ലോകത്ത് നിന്നും വിട പറഞ്ഞു പോയതായി പത്രത്തില്‍ വായിച്ചിരുന്നു. നന്മകള്‍ ചെയ്യാന്‍ മാത്രം പഠിച്ച മാഹാനുഭാവന്‍.  അദ്ദേഹത്തിന്‍റെ മകന്‍ രമേഷ് തന്‍റെ കോളേജ് മേറ്റ് ആയിരുന്നു. താനും രമേഷും നന്ദുവും ത്രിമൂര്‍ത്തികള്‍ എന്ന് കാമ്പസില്‍ അറിയപ്പെട്ടിരുന്നു. അവന്‍ ഇപ്പോള്‍ എവിടെയാണോ ആവോ.

പഴയ ഓടിട്ട നാലുകെട്ട് പൊളിച്ചു അവിടെ ഒരു വലിയ ബംഗ്ലാവ് പണിതിരിക്കുന്നു. ഗേറ്റില്‍ ആലേഖനം ചെയ്ത അറബിക് സൂക്തങ്ങള്‍ കണ്ടപ്പോള്‍ മാഷിന്‍റെ വീട്ടുകാര്‍ അത് ഏതോ ഗള്‍ഫുകാരന് വിറ്റു നാട് വിട്ടിരിക്കും എന്ന് അവള്‍ ഊഹിച്ചു. വീട്ടു കണക്ക് ചെയ്യാത്തതിനൊക്കെ നല്ല തല്ലു വച്ച് തരുമായിരുന്നെങ്കിലും മാഷിനു തന്നോട് ഉണ്ടായിരുന്ന പ്രത്യേക വാത്സല്യത്തെക്കുറിച്ച് അവള്‍ സ്നേഹബഹുമാനങ്ങളോടെ സ്മരിച്ചു. 

മുന്നോട്ടു നടക്കുമ്പോള്‍ വഴിയരുകിലെ ആ തടിയന്‍ കുന്നിവാക മരത്തിന്‍റെ  പിറകില്‍ അവ്യക്തമായി നന്ദകുമാറിന്റെ ചെറിയ വീട്  ദൂരെ നിന്നും അവള്‍ക്കു ദൃശ്യമായി. ഒരു നെടുവീര്‍പ്പ് അവളില്‍ നിന്നും പുറത്തു വന്നു.

പടിക്കല്‍ നിന്നും ചെങ്കല്ലുകള്‍ രണ്ടുവരിയായി വച്ച് മുറ്റത്തെക്കുണ്ടാക്കിയ ആ വീഥിയും അതെ പോലെ തന്നെയുണ്ട്‌. ആ ഇടുങ്ങിയ വഴിയുടെ ഇരുവശത്തും മഴവെള്ളം തളം കെട്ടിക്കിടക്കുന്നു. മുറ്റത്തും പരിസരത്തും കട്ട പിടിച്ച ഇരുട്ട്. ഇനിയും നന്ദുവിന്റെ വീട്ടില്‍ വൈദ്യുതി എടുത്തിട്ടില്ലായിരിക്കും.

അന്നേ വളരെ ദരിദ്രര്‍ ആയിരുന്നു അവര്‍. രോഗിയായ അമ്മയും അവനും മാത്രം. കോളേജില്‍ നിന്നും വന്ന വഴി അവന്‍ പുറം ജോലികള്‍ ചെയ്തുണ്ടാക്കുന്ന വരുമാനം അന്നൊക്കെ അവരുടെ ജീവിതം കഷ്ടിച്ച് മുന്നോട്ടു തള്ളി നീക്കി.

പഠിക്കാന്‍ മിടുക്കനായിരുന്ന നന്ദകുമാര്‍ ഇപ്പോള്‍ നല്ലൊരു നിലയില്‍ എത്തിക്കാണണം.

പറഞ്ഞറിയിക്കാന്‍ വയ്യാത്ത വിധത്തില്‍ ഉള്ള ഒരു സൌഹൃദം.. അതായിരുന്നു അന്ന് അവനുമായി ഉണ്ടായിരുന്നത്. സ്വതവേ അധികമാരോടും സംസാരിക്കാത്ത തന്‍റെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് എപ്പോഴും ഒരു സുരക്ഷയും താങ്ങും തണലും ഒക്കെയായി നിഴല്‍ പോലെ കോളേജ് ദിവസങ്ങളില്‍ അവന്‍ അടുത്തുണ്ടാകും. അന്ന് തനിക്കു അവന്‍റെ മനസ്സ് വിഷമിപ്പിക്കേണ്ടി വന്നത് മനപ്പൂര്‍വ്വമായിരുന്നില്ലല്ലോ. എങ്കിലും അകാരണമായ ഒരു കുറ്റബോധം അവളെ നീറ്റി.

രമേഷിനെ തനിക്കു വളരെ ഇഷ്ടമായിരുന്നു. പക്ഷെ അവനു തന്നോട് പ്രണയം ആയിരുന്നു എന്ന് സങ്കല്‍പ്പിക്കാന്‍ പോലും തനിക്കു ആവുമായിരുന്നില്ല. ഒരു വാക്ക് കൊണ്ടോ നോക്കു കൊണ്ടോ വരെ അവന്‍ അത് തന്നെ അറിയിച്ചിട്ടും ഉണ്ടായിരുന്നില്ല. അവനുമായുള്ള തന്റെ തുറന്ന സൗഹൃദം അവന്‍ തെറ്റിദ്ധരിച്ചിരിക്കണം. അതാണല്ലോ അവന്‍ കോളേജില്‍ നിന്നും പിരിയുന്ന അവസാന ദിനത്തില്‍ സന്ദേശവാഹകനായി തന്റെ ഉറ്റസുഹൃത്തായ നന്ദുവിനെ തന്‍റെ അടുത്തേക്ക്‌ അയച്ചത്.

പതിവില്ലാതെ സംസാരത്തിനിടയില്‍ നാണം കൊണ്ടു മുഖം ചുവന്നു നന്ദു തന്നോട് രമേഷിന്റെ മനസ്സിലെ മോഹം അവതരിപ്പിച്ചപ്പോള്‍ തികച്ചും അവിശ്വസനീയമായി തോന്നി. രമേഷിന് തന്നെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട് എന്ന് നന്ദു അറിയിച്ചപ്പോള്‍ മനോമുകുരത്തില്‍ തെളിഞ്ഞ, അതു വരെ തങ്ങള്‍ തമ്മിലുണ്ടായിരുന്ന സുഹൃത്ബന്ധം നിര്‍വ്യാജവും നിര്‍മ്മലവും തന്നെയായിരുന്നോ എന്ന ചിന്തയും തന്നെ അസ്വസ്ഥയാക്കി.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഉണ്ടാകുന്ന നല്ല സൌഹൃദങ്ങള്‍ പില്‍ക്കാലത്ത് പ്രണയ ബന്ധങ്ങള്‍ ആയി രൂപാന്തരം പ്രാപിക്കുന്നത് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഈ ത്രിമൂര്‍ത്തികളുടെ ഇടയിലുള്ള ബന്ധത്തില്‍ അത്തരത്തില്‍ പ്രണയക്കറ പുരളും എന്ന് സ്വപ്നേപി ചിന്തിച്ചിരുന്നില്ല.  

മനസ്സിന് ഒട്ടും അംഗീകരിക്കാനാവാതിരുന്ന ആ അപേക്ഷ നിരസിക്കുകയല്ലാതെ വേറെ ഒരു വഴിയും തോന്നിയില്ല. അന്ന് ആദ്യമായി നന്ദു തന്നോട് ദേഷ്യം കാണിച്ചു. രമേഷിന്റെ ഗുണഗണങ്ങളെക്കുറിച്ച് ആവോളം വിവരിച്ചു. എന്നിട്ടും ആ അപേക്ഷയ്ക്ക് വഴങ്ങാതിരുന്നത്‌ നന്ദുവില്‍ ഒരുപാട്  അമര്‍ഷം ഉണ്ടാക്കി. 'താന്‍ പറഞ്ഞതെല്ലാം അനുസരിച്ച് നടക്കുന്ന, തന്നെ പൂര്‍ണ്ണമായി മനസ്സിലാക്കുന്ന ഒരു ഉത്തമ സുഹൃത്ത്' എന്നുള്ള സ്ഥായിയായ അവന്‍റെ തോന്നലില്‍, തന്‍റെ ആ പ്രതികരണം സുനാമികള്‍ സൃഷ്ടിച്ചിരിക്കുമോ? താനല്ല, ഇനി  അച്ചടക്കമുള്ള ഒരു വീട്ടിലെ  ഏതു പെണ്‍കുട്ടിയായാലും പെട്ടെന്ന് അതിനൊരു തീരുമാനം എടുക്കാന്‍ അപ്രാപ്തയായിരിക്കും. കാവി നിറമുള്ള ഖദര്‍ ജുബ്ബയണിഞ്ഞു ദേഷ്യത്തില്‍ എന്തോ പിറുപിറുത്തു കൊണ്ട് ചവിട്ടിത്തുള്ളി പോകുന്ന രമേഷിന്റെ രൂപം. അതാണ്‌ അവസാനമായി ഇപ്പോള്‍ ഓര്‍മ്മയില്‍.

മാതാപിതാക്കള്‍ കാണിച്ചു തന്ന, മനുഷ്യത്വം മുരടിച്ച ആ ധനവാനായ പുരുഷന്റെ കഴുത്തില്‍ വരണമാല്യം അണിയിച്ചിട്ട്‌ ഇപ്പോള്‍ വര്‍ഷം പന്ത്രണ്ടു കഴിഞ്ഞിരിക്കുന്നു. അന്തസ്സ് കാത്തു സൂക്ഷിക്കാനുള്ള ചെറുത്തു നില്‍പ്പില്‍ അയാളുടെ ഭാര്യാപട്ടത്തില്‍ നിന്നും സ്വയം നിഷ്ക്കാസിതയായ താന്‍ രണ്ടു കുഞ്ഞുങ്ങളുമായി ഇന്നിതാ അനിശ്ചിതത്വത്തിന്റെ നൂല്‍പ്പാലത്തില്‍.

അനുജനെ തന്റെ കച്ചവടസ്ഥാപനങ്ങളുടെ മേല്‍നോട്ടക്കാരനാക്കിയപ്പോള്‍ അച്ഛനും അമ്മയും അയാളുടെ ആരാധകരായി. തന്‍റെ വീട്ടിലെ ഏതു കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ നിന്നിരുന്ന അയാള്‍ നാട്ടുകാര്‍ക്കും പ്രിയങ്കരനായിരുന്നു. കോടതിയില്‍ തനിക്കെതിരെ സാക്ഷ്യം കൊടുക്കാന്‍ തന്റെ അച്ഛനമ്മമാരെയും അനുജനെയും പ്രേരിപ്പിച്ചത് അയാളുടെ കോടികളിലുള്ള അവരുടെ കണ്ണ് ആയിരുന്നു. രക്തബന്ധങ്ങള്‍ക്ക് മൂല്യച്യുതി സംഭവിക്കുന്നത്‌ കണ്ടു സഹിക്കാതെ അന്ന് കുടുംബ കോടതിയില്‍ തല കറങ്ങി വീണ തനിക്കു ആ മാനസീകാഘാതം ഏല്‍പ്പിച്ചത് ഒരു സ്ത്രീക്കും താങ്ങാനാവാത്ത പിരിമുറുക്കങ്ങള്‍ ആയിരുന്നു. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള ആ നിമിഷങ്ങളില്‍ ഒരു ആത്മഹത്യയെ കുറിച്ച് എന്തെ അന്ന് താന്‍ ഓര്‍ക്കാതിരുന്നു?. അമ്മയില്ലാതെ വിലപിക്കുന്ന കുഞ്ഞുങ്ങളെ കാണാനുള്ള ആന്തരീകശക്തി ചിലപ്പോള്‍ തന്റെ ആത്മാവിനു ഉണ്ടായിരിക്കില്ല.

പക്ഷെ ആ ആഘാതത്തെ പ്രതിരോധിച്ച തന്റെ മനസ്സ് ഇന്ന് ധീരം ആണ്. അത് കൊണ്ട് തന്നെ ആണ് രോഗാതുരമായ രക്തബന്ധങ്ങളെയൊക്കെ  ഉപേക്ഷിച്ചു ആട്ടിന്‍തോലണിഞ്ഞ സമൂഹവുമായി ഒരു ചാവേറിനെ  പോലെ പടപൊരുതി ജീവിക്കാനായുള്ള ഒരു ഉല്‍പ്രേരക ശക്തിയായി അത് തന്നെ ഇതേ വരെ നയിച്ചതും. ഇനിയുള്ള തന്റെ പ്രയാണത്തിനു ഒരു ആണ്‍ തുണ കൂടിയേ തീരു എന്ന് മനസ്സാക്ഷി പറയുന്നു.

തന്റെ മനസ്സ് ഒരിക്കലും പുരുഷവര്‍ഗ്ഗത്തിന് എതിരായിരുന്നില്ല. വാസ്തവത്തില്‍  ആണത്വം ഉള്ള ഒരു ആണ്‍തുണയുടെ കരലാളനത്തില്‍ അമര്‍ന്നു അവനു വിധേയമായി ജീവിക്കുക എന്നതായിരുന്നു തന്റെ മനസ്സിലെ ഏറ്റവും വലിയ മോഹം. പക്ഷെ പുരുഷത്വം പോയിട്ട്  മനുഷ്യത്വം വരെ അന്ന്യമായ ഒരു കാര്‍ക്കോടകന് അടിമപ്പണി ചെയ്യാനായിരുന്നു ഇത്ര നാളും തന്റെ വിധി. വിധിയെ മാത്രം പഴിച്ചു കൊണ്ട് അയാള്‍ക്ക്‌ വേണ്ടി പന്ത്രണ്ടു വര്‍ഷം അടിമത്വം താന്‍ അനുഭവിച്ചു. തന്റെ സ്വഭാവഹീനതകള്‍ മറച്ചു വക്കാന്‍ വേണ്ടി ഒരു മിണ്ടാപ്രാണിയെ ആക്രമിക്കുന്നത് പോലെ ആ നികൃഷ്ട ജന്മം എന്നും പെരുമാറുമ്പോഴും അവിടത്തെ ഒരു സാന്ത്വനം മാത്രം മതിയായിരുന്നു തനിക്കു  അയാളുടെ സകലാപരാധങ്ങളും പൊറുത്തു അയാള്‍ക്കടിമയായി തന്നെ ജീവിതകാലം മുഴുവനും കഴിയാന്‍ എന്ന യഥാര്‍ത്ഥ്യം സങ്കുചിത മനസ്സിനടിമയായ അയാള്‍ക്ക് ഒരിക്കലും ബോധ്യപ്പെട്ടിരുന്നില്ല.                    

ആ ചെറിയ വീടിന്‍റെ ഇരുണ്ടു കിടന്ന ഉമ്മറത്തിണ്ണയില്‍ നിന്നും ആരോ പുക വലിക്കുന്നത് പോലെ തോന്നി.

"ആരാത്?" ഇരുട്ടില്‍ ഇടവിട്ട്‌ എരിഞ്ഞിരുന്ന തീപ്പൊരികളുടെ ഉറവിടത്തില്‍ നിന്നും സുഗതെയെ ലക്ഷ്യമാക്കി വന്ന ചോദ്യം..
 
"നന്ദുവുണ്ടോ?.. ഞാന്‍ സുഗത" 
 
"ആര്??......" ചോദ്യകര്‍ത്താവിന് സുഗതയെ പെട്ടെന്ന് മനസ്സിലായില്ല. പക്ഷെ ഒരിക്കല്‍ ചിരപരിചിതമായിരുന്ന ആ സ്വരം അവള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു.

"നന്ദൂ...  ഇത് ഞാനാടാ... സുഗീ..... നിന്റെ പഴയ കൂട്ടുകാരി.. എന്നെ നീ  മറന്നുവോ?.."

ആര്.. സുഗതയോ?!!.. വലിച്ചു കൊണ്ടിരുന്ന ബീഡി മഴപെയ്തു വെള്ളം കെട്ടി നില്‍ക്കുന്ന ഇറയത്തേക്ക് എറിഞ്ഞു അയാള്‍ മുറ്റത്തേക്കു ഇറങ്ങി.  
 
താടിയും മുടിയും നീട്ടി വളര്‍ത്തിയ ആ മനുഷ്യരൂപത്തെ നിലാവെട്ടത്തില്‍ കണ്ടു അവള്‍ ഒന്ന് അമ്പരന്നു.
 
ഒരു വക ദുസ്വഭാവങ്ങളും ഇല്ലാതിരുന്ന നന്ദു സംസാരിച്ചപ്പോള്‍ ബീഡിയുടെയും ചാരായത്തിന്റെയും സമ്മിശ്ര ദുര്‍ഗന്ധം അവളുടെ നാസാരന്ദ്രങ്ങളിലേക്ക് ഇരച്ചു കയറി. ഉണങ്ങിയമരുന്ന മനസ്സിലെ അവസാന മുകുളവും വാടാന്‍ പോകുന്നതായി അവള്‍ക്കു അപ്പോള്‍ തോന്നി.

നന്ദകുമാര്‍... ഈ ലോകത്തില്‍ തന്നെ മനസ്സിലാക്കാന്‍ കഴിയും എന്ന് താന്‍ ഉറച്ചു വിശ്വസിച്ചിരുന്ന ഒരേയൊരു വ്യക്തി. ഇതാ സ്വയം നിയന്ത്രണം വിട്ട രീതിയില്‍ തന്റെ മുന്നില്‍. കണ്ണുകളില്‍ നിന്നും ഒഴുകി വീണ തുള്ളികളുടെ നനവ്‌ തോളില്‍ കിടന്നുറങ്ങിയിരുന്ന അഭയിനെ ഉണര്‍ത്തി. ഉണര്‍ന്നു പരിഭ്രമിച്ച ആ കുഞ്ഞു കരയാന്‍ തുടങ്ങി. 

"നന്ദൂ.. എന്താടാ നീ ഇങ്ങനെ?..നിനക്കെന്താ പറ്റിയത്?"
 
"എന്തിനാടീ നീയിപ്പോ ഈ നേരത്ത് ഇവിടേയ്ക്ക്?... എന്റെ ശവം കാണാന്‍ വന്നതാണോ?.. ഹ ഹ ഹ എന്നാല്‍ ദേ നില്‍ക്കുന്നു.. കണ്ടോളൂ .. മനസ്സ് നിറയെ കണ്ടോളൂ... കണ്ടോളൂ.......... " 

അയാളിലെ മദ്യപന്‍ അവളോട്‌ സംസാരിക്കുന്നതിനിടയില്‍ വിതുംബി.

നന്ദൂ.. എനിക്ക് പേടിയാവുന്നു. എന്താ നീ ഇങ്ങനെയൊക്കെ?.. പറയൂ എന്താ നിനക്ക് പറ്റിയെ?...

"ഹ ഹ ഹ ഇവിടെ എന്റെ വീട്ടില്‍ കേറി വന്നിട്ട് എനിക്കെന്താ പറ്റിയെ എന്നോ... ഹ ഹ  ഹ കൊള്ളാം കുഞ്ഞേ... കൊള്ളാം.. എനിക്കിനി പറ്റാനായി ബാക്കിയെന്തിരിക്കുന്നു... എടീ .. എന്റെ അമ്മ... അല്ല നിന്നെ പ്രവിക്കാത്ത നിന്റെ അമ്മ... നമ്മളെയൊക്കെ വിട്ടു പോയെടീ... നിന്നെ ഒരു നോക്ക് കാണാന്‍ എത്ര കൊതിച്ചിരുന്നു അമ്മ.. നിന്നെത്തേടി ഞാന്‍ എവിടെയൊക്കെ അലഞ്ഞു.. നോ സുഗീ.. ഐ കുഡ് നോട്ട്  ഫയിന്റ്റ് യു എനി വേര്‍... ഐ കുഡ് നോട്ട്  ഫയിന്റ്റ്..."

നെറ്റിയില്‍ കൈകൊണ്ടു അടിച്ചു കൊണ്ട് വീണ്ടും അയാള്‍ കരഞ്ഞു. ഈ പ്രാവശ്യം അതിന്റെ സ്വരം ഇരട്ടിയായി. പിന്നെ സങ്കടം സഹിക്ക വയ്യാതെ കരഞ്ഞു കൊണ്ട് അയാള്‍ ഉമ്മറപ്പടിക്കല്‍ ഉള്ള മരത്തൂണില്‍ തലയിടിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ഒരു കൈ കൊണ്ട് അയാളെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

"വേണ്ടാ.. നീ എന്നെ തൊടണ്ടാ... നിന്റെ ശരീരവും മനസ്സും തന്നെ അശുദ്ധമാകും..  നീ അറിയുന്ന നന്ദു അല്ല ഇന്ന് ഞാന്‍.. എനിക്കിന്ന് ആദര്‍ശങ്ങള്‍ ഇല്ല തത്വശാസ്ത്രങ്ങള്‍ ഇല്ല.. മോഹങ്ങള്‍ ഇല്ല.. സംസ്കാരം തന്നെ കൈമോശമായിരിക്കുന്നൂ... വല്ലവന്റെയും എച്ചില്‍പ്പട്ടിയായി നാണോം മാനോം ഇല്ലാതെ ജീവിക്കുന്നു... മനസ്സാക്ഷി നഷ്ടപ്പെട്ടവന് എന്ത് നാണം എന്ത് മാനം.. ഹ ഹ ഹ ഹ"

എന്താ അപ്പോള്‍ ചെയ്യേണ്ടത് എന്നറിയാതെ അവള്‍ പകച്ചു നിന്നു. ഈ രംഗങ്ങള്‍ കണ്ടു അനീഷ്‌ മോനും ഏകദേശം കരച്ചിലിന്റെ വക്കത്ത് എത്തിയിരിക്കുന്നു. ആ തണുത്ത അന്തരീക്ഷത്തിലും സുഗതയുടെ നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു.

പൊടുന്നനെ നിസ്സംഗത മാറി രൌദ്രഭാവം പൂണ്ട നന്ദു അവളുടെ അടുത്തേക്ക് നടന്നടുത്തു.. അവന്റെ ആ ഭാവം കണ്ടു അവളുടെ ഹൃദയത്തില്‍ കൊള്ളിയാന്‍ മിന്നി.. എന്തും സംഭവിക്കാം.. തനിക്ക് ആകെ അവശേഷിക്കുന്ന ഒരു അത്താണി എന്ന് മനസ്സില്‍ നിരൂപിച്ച വ്യക്തി ഇതാ തന്നെ ആക്രമിക്കാനെന്ന പോലെ തന്റെ അടുത്തേക്ക്‌ നടന്നടുക്കുന്നു. എന്താ ചെയ്യേണ്ടേ എന്ന് ഒരു നിമിഷം ശങ്കിച്ച്. പിന്നെ എന്തെങ്കിലുമാവട്ടെ എന്ന് കരുതി കുഞ്ഞിനെ താഴെ വച്ച് അവള്‍ കണ്ണുകള്‍ അടച്ചു അവനു വിധേയയാവാന്‍ തയ്യാറായി നിന്നു.

നന്ദകുമാര്‍ വന്നു അവളുടെ മുടിക്ക് കുത്തിപ്പിടിച്ചു ആക്രോശിച്ചു.

"എന്താടി നിനക്ക് അവന്‍ പോരാതെ വന്നോ?.. പണക്കാരന്‍... മുതലാളി..... വാ.. ഞാന്‍ ഉണ്ട് നിന്‍റെ ശരീരത്തിന്‍റെ ആഗ്രഹങ്ങള്‍ തീര്‍ക്കാന്‍.. ഹ ഹ ഹ ഹ ഹ... വരൂ..  ബ്ലഡി ബിച്.... കം ടു മി ..കം..കം...  അയാള്‍ ഭ്രാന്തമായി അവളെ പിടിച്ചു വലിച്ചു..

പെട്ടെന്ന് മനസ്സിലെ ഏതോ ആജ്ഞാശക്തിയുടെ സന്നിവേശം എന്ന പോലെ അവള്‍ അവന്‍റെ കരണത്തില്‍ സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞടിച്ചു.. അപ്രതീക്ഷിതമായ ആ പ്രതികരണത്തില്‍ അമ്പരന്നു നില്‍ക്കവേ അവളുടെ ശക്തമായ തള്ളലില്‍ അവന്‍ അടിതെറ്റി നിലത്തു വീണു.

പന്ത്രണ്ടു വര്‍ഷമായി നിരന്തരം ആ നീചന്റെ ആക്രമണം അനുഭവിച്ചിരുന്നപ്പോഴും അയാള്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും താന്‍ ഇളക്കിയിരുന്നില്ല. പക്ഷെ, നന്ദു.. അവനില്‍ നിന്നും ഇങ്ങനെയൊരു പ്രതികരണം ഉണ്ടായപ്പോള്‍ തന്‍റെ അവനോടുണ്ടായിരുന്ന സ്നേഹവാത്സല്ല്യങ്ങള്‍ സുഷുപ്തി വിട്ടുണര്‍ന്നു. തന്റെ മനസാക്ഷിയാണ് ഇത് തന്നെക്കൊണ്ട് ചെയ്യിച്ചത്.

തലകുമ്പിട്ടു അവള്‍ നിലത്തിരുന്നു തേങ്ങുമ്പോള്‍ മുതിര്‍ന്ന കുട്ടി അമ്മേ അമ്മേ എന്ന് കരഞ്ഞു കൊണ്ട് അവളുടെ മുഖം  പിടിച്ചു ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.  

കവിളില്‍ ഒരു നനുത്ത കരസ്പര്‍ശം.. അവള്‍ കണ്ണുകള്‍ തുറന്നു. അയാള്‍ രണ്ടു കൈകളും അവളുടെ തോളുകളില്‍ വച്ച് നിര്‍ന്നിന്മേഷനായി അവളെ നോക്കുന്നു.

"എന്താ പറ്റിയെ എന്റെ കുട്ടിക്ക്?.. ഈ നേരത്ത് ഈയൊരവസ്ഥയില്‍ കടന്നു വരാന്‍ മാത്രം നിന്നെ ആരാ നിന്നെ ഉപദ്രവിച്ചേ?..  പറയൂ വേഗം.. ഈ നന്ദുവിനോട് പറയൂ.. ഞാന്‍ ഉണ്ട് സുഗീ നിന്റെ കൂടെ.. നിന്റെ പഴയ നന്ദു തന്നെ.. പറയൂ.." 

ഒരു പ്രത്യാക്രമണം പ്രതീക്ഷിച്ചു വിധിക്ക് കീഴടങ്ങാന്‍ തയ്യാറായി കരഞ്ഞു വിതുമ്പി തലയും കുനിച്ചു തറയില്‍ ഇരുന്ന സുഗത തന്റെ കാതുകളെയും കണ്ണുകളെയും വിശ്വസിക്കാനാവാതെ തരിച്ചു പോയി...

അടിയേറ്റ ആഘാതത്തില്‍ സ്ഥലകാലബോധം വന്ന നന്ദുവിന്റെ മുഖത്തു അപ്പോള്‍ കളിയാടിയിരുന്ന ഭാവങ്ങള്‍ അവളെ പന്ത്രണ്ടു കൊല്ലം മുമ്പു അവര്‍ കറങ്ങി നടന്ന കലാലയത്തിലെക്കും കുസൃതികള്‍ പൊട്ടി വിരിഞ്ഞിരുന്ന പ്രവര്‍ത്തി പരിചയ  ക്ലാസുകളിലെക്കും ഒക്കെ കൂട്ടിക്കൊണ്ടു പോയി. അതെ ഈ നന്ദുവിനെ ആണ് തനിക്കു പരിചയം. താന്‍ അന്വേഷിച്ചു വന്നതും ഈ നന്ദുവിനെ തന്നെ. 

പിറ്റേ ദിവസം രാവിലെ ഉണരുമ്പോള്‍ ആ വയസ്സന്‍ കുന്നിവാകമരത്തിന്റെ ശിഖരങ്ങള്‍ക്കിടയിലൂടെ കടന്നു വന്നിരുന്ന ഉദയസൂര്യ കിരണങ്ങള്‍ പ്രത്യാശയുടെയും സുരക്ഷിതത്വത്തിന്റെയും വാത്സല്യത്തിന്റെയും  ഊഷ്മളത തന്റെ മനസ്സിലും ഹൃദയത്തിലും പകരുന്നതായി സുഗതയ്ക്ക് അനുഭവപ്പെട്ടു. 

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment