Friday, November 8, 2013

ജ്ജ് ബല്ലാത്ത പഹയന്‍..

ജ്ജ് ബല്ലാത്ത പഹയന്‍....
സെന്‍റ് തോമസ്‌ പ്രൈമറി പള്ളിക്കൂടത്തിലെ രണ്ടാം ക്ലാസ്സിലെ മൂന്നാം ബെഞ്ചിലെ നാലാമന്‍ ആയിരുന്നു വിനോദ് പാലക്കല്‍ രാമുണ്ണി നായര്‍ എന്ന കുള്ളനായ വിദ്യാര്‍ഥി. വിനോദിന്‍റെ അച്ഛന്‍ രാമുണ്ണി നായര്‍ നാട്ടിലെ ഒരു പ്രമാണിയും മുഖ്യമായ സര്‍ക്കാര്‍ ഉദ്യോഗം ഉള്ളയാളും എന്നല്ല.. ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ കൂടി ആയിരുന്നു.

വിനോദിന്‍റെ ഗുണഗണങ്ങള്‍ പറയാന്‍‍ ഒരു പാടുണ്ട്. ഞങ്ങളുടെ ക്ലാസ്സിലെ എല്ലാ വിഷയങ്ങള്‍ക്കും എല്ലാ പ്രാവശ്യവും തോല്‍‍ക്കുന്ന ഒരേയൊരു വിദ്യാര്‍ഥി. ഉയരം വളരെ കുറഞ്ഞിരുന്നാലും വാചകമടിയില്‍ ഒന്നൊന്നര വീരന്‍‍. ഞങ്ങളുടെ സ്കൂളിലെ കുട്ടികള്‍ മാത്രമോ.. ഹെഡ് മിസ്ട്രസ് വരെ അവന്‍റെ വാചകമടിയില്‍‍ വീണു പോയിട്ടുണ്ട്! ക്ലാസ്സില്‍  എത്ര മണ്ടനായാലും ഓരോ അദ്ധ്യാപകരേയും കയ്യിലെടുക്കാന്‍ അവനു ഓരോ 'നേക്' ഉണ്ട്. അവന്‍റെ അടുത്തിരിക്കുന്ന കുട്ടി എന്ന നിലക്ക് അവന്‍റെ പ്രധാന ഇര ഞാന്‍ തന്നെയായിരുന്നു. അവന്‍ പൊടിപ്പും തൊങ്ങലും വെച്ച് കാച്ചുന്ന പൊങ്ങച്ചങ്ങള്‍ ഞാനും കൂട്ടുകാരും വളരെ കൌതുകത്തോടെ കേട്ടിരുന്നിട്ടുണ്ട്. ആ വാക്ചാതുരിയില്‍ ഒരു പ്രത്യേകത ഉണ്ടായിരുന്നു. എല്ലാം ശരിക്ക് നടന്ന പോലെ തന്നെ പറയും. കള്ളനെ നമ്പിയാലും കുള്ളനെ നമ്പാന്‍ പാടില്ല എന്ന പഴമൊഴിയൊന്നും അന്ന് ഞങ്ങള്‍‍ക്കറിയില്ലല്ലോ.

സ്കൂള്‍  പരിസരത്തുള്ള കതിരടിപ്പാടം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനു കൂടാന്‍, ക്ലാസ്സ്‌ റൂമില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ടാറിട്ട റോഡിലൂടെ ഉത്സവലഹരിയില്‍ മുങ്ങി അമ്പലപ്പറമ്പിലേക്ക് നീങ്ങുന്നവരുടെ സാന്ദ്രത ഉച്ചയായപ്പോഴേക്കും കൂടി കൂടി വന്നിരുന്നത് ഇളകിത്തിരിയുന്ന മരജനലഴികളില്‍ ‍ പിടിച്ചു ഞാനും വിനോദും തെല്ലു അക്ഷമതയോടെ തന്നെയാണ് വീക്ഷിച്ചു കൊണ്ടിരുന്നത്. കാരണം മറ്റൊന്നുമല്ല ഇടവക പൂരം പ്രമാണിച്ച് അന്ന് ഉച്ച വരെയേ സ്കൂള്‍‍ ഉള്ളൂ. എങ്ങനെയെങ്കിലും ഒന്ന് മണിയടിച്ചു കിട്ടാന്‍ വേണ്ടിയുള്ള കാത്തിരിപ്പില്‍ ആയിരുന്നു എല്ലാവരും തന്നെ.

അപ്പോഴാണ്‌ ഉത്സവത്തിനു എഴുന്നെള്ളിക്കാന്‍ വേണ്ടി ഒരു ഇടത്തരം ആനയെ അത് വഴി കൊണ്ടുപോകുന്നത് കണ്ടത്. "കണ്ടോ കണ്ടോ എന്‍റെ ആന പോകുന്നത്? എന്‍റെ അച്ഛന്‍ ഇന്നലെ വാങ്ങിയ ആനയാ അത്.." വിനോദ് ആ പറഞ്ഞത് കേട്ട് ഞെട്ടി നില്‍‍ക്കവേ.. വീണ്ടും അവന്‍ തുടര്‍‍ന്നു.. "സംശയം ഉണ്ടെങ്കില്‍ ‍നിങ്ങള്‍ എന്‍റെ പറമ്പില്‍ ഒന്ന് വന്നു നോക്കൂ. അഞ്ചാറു ആനകള്‍ ഇപ്പോഴും അവിടെ നില്‍‍പ്പുണ്ട്." ഈ പുളുവൊക്കെ അടിച്ചിട്ട് ഇതെല്ലാം ചീള് കേസുകള്‍ എന്ന രീതിയിലുള്ള ഒരു മുഖഭാവത്തോടെ അവന്‍റെ ഒരു മാതിരിയുള്ള ആ നില്‍പ്പും കണ്ടാല്‍ ആരും വിശ്വസിച്ചു പോകും.

"എന്നാല്‍ അതൊന്നു കണ്ടിട്ട് തന്നെ കാര്യം" ഞാന്‍ മനസ്സിലുറച്ചു. അവന്‍ വളരെ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും അവന്‍റെ ഒപ്പം വീട്ടിലേക്കു വരാന്‍ എന്നെ ക്ഷണിച്ചു. അവിടെയെത്തിയ എനിക്ക് എന്‍റെ കണ്ണുകളെ തന്നെ വിശ്വസിക്കാനാവാത്ത കാഴ്ചയാണ് എന്നെ എതിരേറ്റത്! ദാ മുറ്റത്തു നില്‍‍ക്കുന്നു പട്ടയും തട്ടിക്കൊണ്ടു (പനം പട്ടയാണ് കേട്ടോ) അഞ്ചാറു കരിവീരന്മാര്‍ ..! ഞാന്‍ അത്ഭുതത്തോടെ നോക്കി നില്‍‍ക്കെ വിജയഭാവത്തോടെ എന്നെ ഒന്ന് നോക്കി അവന്‍ ‍ അകത്തേക്ക് ഓടി. പിന്നെ ഞാനും നിന്നില്ല ഉള്ള ശക്തിയെടുത്ത്‌ പുറത്തേക്കു ഓടി.. . അതിനിടെ വിനോദിന്‍റെ അമ്മ ഉമ്മറക്കോലായില്‍ നിന്ന് വാത്സല്ല്യപൂര്‍വ്വം എന്നെ കാപ്പി  കുടിക്കാന്‍ വിളിച്ചതൊക്കെ പിറ്റേ ദിവസം അവന്‍ "പറയുമ്പോഴാണ്".. ഞാന്‍ അറിയുന്നത് തന്നെ..! 


വീട്ടിലേക്കുള്ള വഴിയില്‍ അവന്‍ മറ്റൊന്നും എന്നോട് തട്ടി വിട്ടിരുന്നു.. അവന്‍റെ വീട്ടില്‍ എല്ലാ ഞായറാഴ്ചയും ആനയിറച്ചി ആണ് പാചകം ചെയ്യാറ്.. "ഹോ എന്തൊരു ടേസ്റ്റ് ആണെന്നറിയാമോ." എനിക്ക് വേണമെങ്കില്‍‍, ഞായറാഴ്ച അവന്‍റെ വീട്ടിലേക്കു ചെല്ലുകയാണെങ്കില്‍ തരാം എന്ന് വരെ പറഞ്ഞു അവന്‍‍. എന്‍റെ നിഷ്ക്കളങ്കത കൊണ്ട് ഞാന്‍ അപ്പോള്‍ അവനോടു ചോദിച്ചു "കോഴിയിറച്ചിയേക്കാളും നല്ല രുചിയാണോ?" അപ്പോള്‍ അവന്‍ പറഞ്ഞു..." നീ ഒരു മണ്ടന്‍ തന്നെ..എടൊ വിദേശ രാജ്യത്തൊക്കെ പ്രധാനമായി ഉപയോഗിക്കുന്നത് ആനയിറച്ചി അല്ലേ?" അവന്‍റെ വാക്കുകളില്‍ എന്തോ കഴമ്പുണ്ടെന്ന് അപ്പോഴെനിക്കു തോന്നിയതില്‍ എന്‍റെ പ്രായവും അപ്പോഴത്തെ അപഗ്രഥന ശേഷിയും കണക്കിലെടുക്കുമ്പോള്‍‍ അത്ഭുതപ്പെടാനില്ലല്ലോ..

പിറ്റേ ദിവസം ഞാന്‍ ഇക്കാര്യം സഹപാഠികളുടെ ഇടയില്‍ പ്രസിദ്ധപ്പെടുത്തിയതും കൂടിയായപ്പോള്‍ അവനു അവരുടെ ഇടയില്‍ ആരാധകര്‍ ഒട്ടേറെ കൂടി.. അതില്‍ നിന്നും ലഭിച്ച ഊര്‍ജത്തിലും ആത്മവിശ്വാസത്തിലും ദിവസേന ഓരോ നുണക്കഥകള്‍ എങ്കിലും മെനയാതെ അവന്‍ പള്ളിക്കൂടത്തിന്‍റെ പടി കേറാറില്ല. അഥവാ മുന്‍‍കൂട്ടി പ്ലാന്‍ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ തന്നെ അത്യാവശ്യം ഒരു വെടിക്കുള്ള ചെറുവക ബഡായികള്‍ അവന്‍റെ ചുണ്ടില്‍ സദാ മന്ദസ്മിതസമാനമായി തന്നെ തത്തിക്കളിച്ചിരുന്നത് കൊണ്ട് അതവനൊരു വിഷയവുമായിരുന്നില്ല. അവന്‍ ഓരോരോ നുണകള്‍ വച്ചു കാച്ചുമ്പോഴും അവന്‍ ‍ ഗര്‍‍വില്‍ എന്‍റെ നേരെ ഒന്ന് നോക്കും. എന്നിട്ട് പറയും "നിങ്ങള്‍ക്ക് വിശ്വാസം വരുന്നില്ലെങ്കില്‍ ജോയിയോട്‌ ചോദിക്ക്". ആനക്കാര്യം പറഞ്ഞതുപോലെ അവന്‍ അന്ന്  ആനകളെ എനിക്ക് ‍കാട്ടിതന്നതല്ലേ അത് കൊണ്ട് ഞാന്‍ എല്ലാം തലകുലുക്കി സമ്മതിക്കും.

അവന്‍റെ വീര കഥകള്‍ കേള്‍‍ക്കുമ്പോള്‍ സ്കൂള്‍ ഗേറ്റിനു മുമ്പില്‍ പലയിടത്തും പഞ്ചറായി, മുഴച്ച ടയറുകളുള്ള നാലുചക്രം ഉന്തുവണ്ടിയില്‍ വറുത്ത കപ്പലണ്ടിയും ഉപ്പിലിട്ട നെല്ലിക്കയും കച്ചവടം ചെയ്തിരുന്ന അസാമാന്യ വിക്കല്‍ ഉള്ള ഉമ്പായി കാക്കപറയും "എടാ ജ്ജ് ജ്ജ് ജ്ജ് ഒരു....ബ ബ ബ ല്ലാത്ത .." അത്രയും പറഞ്ഞു ആശാന്‍ നിര്‍‍ത്തും.തുടര്‍‍ന്ന് പറയാന്‍ വിക്കല്‍ കൊണ്ട് പുള്ളിക്കാരന് പറ്റാറില്ല.

അക്കാലത്താണ് അവന്‍റെ ഒരു അമ്മാവന്‍റെ മകന്‍ രാജേഷ് മണ്ണാര്‍‍ക്കാട് നിന്നും സ്കൂള്‍ മാറി ഈ സ്കൂളില്‍ ചേര്‍‍ന്നത്‌. അവനാണെങ്കില്‍ പഠിക്കാന്‍  കേമനും സ്വഭാവത്തില്‍ ഇദ്ദേഹത്തിന്‍റെ നേരെ എതിര്‍ സ്വഭാവക്കാരനും.. ഒരു ദിവസം ഞങ്ങളുടെ എല്ലാം മുന്നില്‍ വിനോദ് വീരവാദം നടത്തിക്കൊണ്ടിരിക്കുകയാണ്. "എന്‍റെ വല്യമ്മാവന്‍ വല്ല്യ നായാട്ടുകാരനാ... ഒരു ദിവസം ഞാനും കൂടെ പോയി നായാട്ടിന് പുലിയും കരടിയും ഒക്കെ ഉള്ള ഒരു കാട്ടിലേക്ക്. എനിക്ക് പേടിയൊന്നും തോന്നിയില്ല. അമ്മാവന്‍റെ കയ്യില്‍ തോക്കല്ലേ ഉള്ളത്.." ഞങ്ങളെല്ലാം കൌതുകത്തോടെ കേട്ടുകൊണ്ടിരിക്കുകയാണ്.
"അങ്ങനെ ഞങ്ങള്‍ നടന്നു നടന്നു ഒരിടത്തെത്തിയപ്പോള്‍ ഒരു മുരള്‍‍ച്ച ! ആരാ?... സാക്ഷാല്‍ പുലി... പുലി എന്‍റെ അടുത്തെത്തിയത് കുറച്ചു ദൂരെ നിന്നിരുന്ന അമ്മാവന്‍ കണ്ടു പുലിയും ഞാനും മുഖാമുഖം നോക്കി നില്‍ക്കുകയാണ്. എന്‍റെ കൂസലില്ലായ്മ കണ്ടാകണം പുലി ഒന്ന് ഞെട്ടി". വീര കഥകള്‍‍ കേട്ട് ഞങ്ങള്‍ എല്ലാം ശ്വാസം അടക്കിപ്പിടിച്ചിരിക്കയാണ്. അപ്പോള്‍ അവന്‍ തുടര്‍ന്നൂ.. " ഒന്നുകില്‍ പുലി എന്നെ പിടിച്ചു വിഴുങ്ങും അല്ലെങ്കില്‍ പുലിയെ ഞാന്‍  കൊല്ലണം. തോക്കും കയ്യില്‍ പിടിച്ചു അമ്മാവന്‍ വിറച്ചു നില്‍‍ക്കയാണ്‌. പുലിയാണെങ്കില്‍ വായും പൊളിച്ചു എന്‍റെ നേരെ നടന്നടുത്തു. പിന്നെ ഞാന്‍  മറ്റൊന്നും നോക്കിയില്ല വലതു കൈ പുലിയുടെ വായിലേക്ക് കടത്തി, എന്‍റെ കൈ അങ്ങേ അറ്റം വരെ പോയി. പുലി ഞെട്ടിത്തരിച്ചു നില്‍‍ക്കെ എനിക്ക് പുലിയുടെ വാലില്‍ പിടുത്തം കിട്ടി. പിന്നെ ഞാന്‍ ഒരൊറ്റ വലി. പുലിയാകെ പുറം മറിഞ്ഞു പോയില്ലേ..." ഞങ്ങളുടെ മുന്നില്‍ അവന്‍ വലിയ ഒരു ധീരനായി നില്‍‍ക്കെ പിറകില്‍ നിന്നും ഒരു ശബ്ദം.. രാജേഷാണ്..."എടാ പിള്ളേരെ നിങ്ങള്‍‍ക്കൊന്നും വേറെ പണി ഇല്ലേ ഇവന്‍റെ പുളുവടി കേള്‍‍ക്കാന്‍‍.. പുലി പോയിട്ട് രാത്രി ഒരു എലിയുടെ ശബ്ദം കേട്ടാല്‍ പെടുക്കുന്നവനാ ഇവന്‍‍ . അതുവരെ പൊങ്ങച്ച ബലൂണില്‍ കയറി ഒരു പാട് ഉയരെ എത്തി നിന്ന അവന്‍റെ ഗ്യാസ് പോയി പൊട്ടിയ ബലൂണ്‍ പോലെ ചീറ്റിപ്പോയി. രാജേഷിന്റെ അച്ചനായിരുന്നല്ലോ വിനോദിന്‍റെ അമ്മാവന്‍. അപ്പോള്‍ ഇവനൊന്നും എതിര്‍ത്തു വാദിക്കാനും പറ്റാതായി.   


ഇങ്ങനെ വിനോദിന്‍റെ ഓരോ നുണകളും പുതിയ അവതാരത്തിന്‍റെ  പ്രമാദമായ വെളിപ്പെടുത്തലുകളില്‍ എട്ടു നിലയില്‍ പൊട്ടാന്‍ തുടങ്ങിയപ്പോള്‍‍ ഇദ്ദേഹത്തിന്‍റെ മാര്‍ക്കറ്റ്‌ വാല്യൂ ഒട്ടേറെ കുറഞ്ഞെന്നു മാത്രമല്ല പില്‍‍ക്കാലത്ത്‌ കൂട്ടുകാരുടെ ഇടയില്‍ "പൊളിമാമന്‍‍" എന്ന വിളിപ്പേരും വിനോദിന് കിട്ടി.

വിനോദിന്‍റെ അച്ഛന്‍ ക്ഷേത്ര കമ്മിറ്റിയിലെ പ്രധാനി ആയിരുന്നതിനാല്‍, ഉത്സവത്തിനു എഴുനെള്ളിക്കാന്‍ കൊണ്ട് വന്നിരുന്ന ആനകളെ തത്കാലത്തേക്ക് തളച്ചിരുന്നത് ഇവരുടെ പറമ്പിലായിരുന്നു എന്ന വെളിപാട് പിന്നീടല്ലേ ഞങ്ങളുടെ ചെറിയ ബുദ്ധികള്‍‍ക്ക് ഉണ്ടായത്..! ഇതും കൂടി ആയപ്പോള്‍ അവന്‍  പറയുന്നത് ആരും ഒട്ടും വിശ്വസിക്കാതെയായി.. സത്യം പറഞ്ഞാല്‍ പോലും.. എന്നല്ലേ പറയേണ്ടൂ..!

അങ്ങനെയിരിക്കെയാണ് ഒരു വെള്ളിയാഴ്ച്ച ദിവസം ഉച്ചക്ക് ഉണ്ണാന്‍ വീട്ടിലേക്കു പോയ വിനോദ് അതാ ഓടിക്കിതച്ചു ക്ലാസ്സിലേക്ക് ചാടിവീഴുന്നു... എല്ലാവരും പരിഭ്രമത്തോടെ അവനെ നോക്കുന്നതിനിടയില്‍ അവന്‍റെ വായില്‍ നിന്നും ഒരു വിധത്തില്‍ രണ്ടക്ഷരം വെളിയിലേക്ക് വീണു. "ആ..ന ...” …… “ എന്‍റെ പുറകിലായി.. മദം പൊട്ടിയ ആന… വരുന്നുണ്ട് എല്ലാവരും സൂക്ഷിച്ചോ ഒളിച്ചോ....  ഇപ്പോള്‍ എത്തും ഇവിടെ .. “സത്യമാണ് ഞാന്‍ പറയുന്നത് നിങ്ങള്‍ ദയവായി എന്നെ വിശ്വസിക്കൂ” ഇത് അടുത്ത പുളുവടിയാണെന്നും പറഞ്ഞു ഞങ്ങള്‍ നിസ്സാരമായി തള്ളികളയാന്‍ പുറപ്പെട്ടപ്പോള്‍ ഉണ്ടെടോ അതാ സാക്ഷാല്‍ ഒരു ഗജവീരന്‍ ചിന്നം വിളിച്ചു കൊണ്ട് റോഡിലൂടെ പാഞ്ഞു വരുന്നൂ. മദം പൊട്ടിയൊരു ആന..!
ഭയവിഹ്വലരായി എല്ലാവരും കിട്ടിയിടങ്ങളില്‍ സ്വയം മറയ്ക്കാനുള്ള ശ്രമത്തിനിടയില്‍ ഒരാഴ്ച മുമ്പ് മാവില്‍ വലിഞ്ഞു കയറി വീണു കാലില്‍  വലിയൊരു പ്ലാസ്ട്ടറും ഇട്ടു കാലനക്കാന്‍ വയ്യാതെയിരുന്ന എന്നെക്കാള്‍ ടെന്‍‍ഷന്‍ അന്ന് ആ ക്ലാസ്സില്‍ ആരും അനുഭവിച്ചിട്ടുണ്ടാവില്ല.. വിവരം അറിഞ്ഞു പള്ളി സ്കൂളിന്‍റെ ഗേറ്റ് കപ്യാര്‍ തക്കസമയത്തു തന്നെ പൂട്ടിയിരുന്നതിനാല്‍ ഗേറ്റില്‍ പിടിച്ചു ഒന്ന് രണ്ടു പ്രാവശ്യം കുലുക്കി നോക്കിയെങ്കിലും കൂടി അത് തല്ലിപ്പൊളിച്ചു അകത്തേക്ക് കടക്കാനുള്ള "മൂഡ്‌" കിട്ടാതെ...നേരെ റോഡിലൂടെ തന്നെ ഭീകരമായി ചിന്നം വിളിച്ചു കൊണ്ട് വച്ച് പിടിച്ചു പോകുന്ന മദയാനയെ ഭയത്താല്‍ മുഖം പൊത്തി പിടിച്ച കൈവിരലുകള്‍‍ക്കിടയിലൂടെ ഒരു നടുക്കത്തോടെയന്നു അന്ന് ഞാന്‍ കണ്ടത്.

ആന പോയി കുറേക്കഴിഞ്ഞിട്ടും വിനോദിനെ കാണാനില്ല. അപ്പോഴതാ ഒരു കരച്ചില്‍ ഉയര്‍ന്നു കേള്‍ക്കുന്നൂ .. സ്കൂള്‍ കോമ്പൌണ്ടിലുള്ള ഒരു മുരുക്ക് മരത്തില്‍ നിന്നാണ്. നിറയെ മുള്ളുള്ള ആ മുരുക്കിന്‍ മരത്തിന്‍റെ  നെറുകയിലെത്തി നില്‍‍ക്കുന്നു നമ്മുടെ വീരകഥാപാത്രം വിനോദ്. ആന ചിന്നം വിളിച്ചപ്പോള്‍ എങ്ങനെ അതില്‍ കയറിക്കൂടിയെന്നൊന്നും അവനും അറിയില്ല. ഇപ്പോള്‍ മുള്ള് കുത്തിയിട്ട് അവനു ഇറങ്ങാന്‍ വയ്യ. നോക്കണേ ! പിന്നെ ഏണി കൊണ്ട് വന്നു വളരെ പ്രയാസപ്പെട്ടാ അവനെ ഇറക്കിയത്. അതോടെ അവന്‍റെ മുഴുവന്‍ കാറ്റും പോയി. പിന്നെ ഒരിക്കലും അവന്‍ പുളുവടിച്ചിട്ടില്ല.

അവന്‍റെ ഈ വീര കഥകള്‍ എല്ലാം പറഞ്ഞറിഞ്ഞ ഉമ്പായി കാക്ക അല്‍പ്പം പരിഹാസത്തോടെ അന്ന് അവനോടു പറഞ്ഞു..."ജ്ജ് ജ്ജ് ജ്ജ് ആളൊരു ബ ബ ബല്ലാത്ത പ പ പ പഹയന്‍ ത ത ത തന്നെ ട്ടാ..." 

                                                                                                      -ജോയ് ഗുരുവായൂര്‍

No comments:

Post a Comment