Friday, November 8, 2013

ചരകങ്ങളും ശുശ്രുതങ്ങളും' – ഒരു വിചിന്തനം


ഗ്രാമം മുഴുവന്‍ രോഗകെടുതിയില്‍ ഉഴലുന്ന അവസ്ഥയില്‍ ആതുര ശുശ്രൂഷയെന്ന എന്ന ദൌത്യം കര്‍മ്മകുശലതയോടെ ഓടി നടന്നു ചെയ്യുന്ന ഭൂരിഭാഗവും അപ്പോത്തിക്കരിമാരുടെയും ആന്തരീകാത്മാവില്‍ ആത്യന്തികമായി നുരയുന്ന വികാരം ലാഭേച്ഛയായിരിക്കും എന്ന് ബുദ്ധിജീവികള്‍ക്കെന്നല്ല, ജീവിതഭാരം ഏറ്റിത്തളര്‍ന്ന   ക്ഷീണം പ്രദാനം ചെയ്ത ഉന്മാദാവസ്ഥയില്‍, മസ്തിഷ്ക്കത്തില്‍ നിന്നും ലഭിക്കുന്ന ചേതോവനികളെ നെല്ലും പതിരുമായി വേര്‍ത്തിരിക്കാന്‍ തെല്ലും  ബുദ്ധിവൈഭവം ഇല്ലാത്ത സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കും മനസ്സിലാകാതിരിക്കാവുന്ന വസ്തുതയല്ല. അപവാദങ്ങള്‍ വിരളമായി ഉണ്ടെന്നിരിക്കിലും. 

ഓടിക്കളിച്ചു വളര്‍ന്ന ഗ്രാമത്തിന്‍റെ ശീതളച്ഛായയില്‍ "ഈറ്റിംഗ് സ്റ്റയിലും ടേബിള്‍ മാന്നെര്‍സും" പഠിക്കാതെ, കാക്ക കൊത്തിയ മൂവാണ്ടന്‍ മാങ്ങയുടെ കാക്ക കൊത്താത്തയിടം ദേഹത്തൊന്നുരച്ചു ശുദ്ധി വരുത്തി കടിച്ചു പറിച്ചു തിന്നു ശീലമാക്കിയ, ‘സംസ്കാരശ്യൂന്ന്യരെന്നും',  'ബ്ലടി ഇന്ത്യന്‍സ്’ എന്നുമൊക്കെ പാശ്ചാത്ത്യരാലും, ചലനത്തിലും ഉറക്കത്തിലും  എന്തിനു പ്രാഥമികാവശ്യങ്ങളുടെ നിര്‍വഹണത്തില്‍ വരെ പാശ്ചാത്ത്യത ദര്‍ശിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മാതൃരാജ്യക്കാരാലും വിളിക്കപ്പെടുന്ന അത്തരക്കാരില്‍, ചാരായവും ഗന്ധകവും സിംഹഭാഗവും അടങ്ങുന്ന ഔഷധങ്ങള്‍ മൊത്തമായോ ഘട്ടങ്ങളായോ നിക്ഷേപിക്കുന്നത് കൊണ്ടോ അവരെ മള്‍ട്ടി നാഷണല്‍ ബ്രാന്‍ഡ് വ്യായാമ യന്ത്രങ്ങളുടെ സഹായത്താല്‍ ശാരീരികമായ കസര്‍ത്തുകള്‍ക്ക് വിധേയമാക്കുന്നത് കൊണ്ടോ അവര്‍ക്ക് പൂര്‍ണ്ണമായൊരു രോഗമുക്തി പ്രാപ്തമാകണമെന്നില്ല.

ചരകങ്ങളും ശുശ്രുതങ്ങളും ആധികാരികമായും വസ്തുനിഷ്ടവുമായും അപഗ്രഥനം ചെയ്തുള്ള പഠനത്തിന്‍റെ ഒടുക്കത്തില്‍ ഭാരതീയ സത്സംസ്കാര ശകലങ്ങളും അന്താരാഷ്ട്രീയ മാനുഷീക മൂല്യങ്ങളും ഇഴ ചേര്‍ത്തുണ്ടാക്കിയ, ജീവജാലങ്ങളോടും മനസ്സാക്ഷിയോടും ഉള്ള പ്രതിജ്ഞ, മനസ്സില്‍ കടുപ്പിച്ചു ആലേഖനം ചെയ്ത് ഒരു സാമൂഹ്യോന്നമനപോരാളിയെ പോലെ പുറത്തിറങ്ങുന്ന വൈദ്യഗണം, അവര്‍ ഏതു വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരായാലും, ഏതെങ്കിലുമൊരു വിധത്തില്‍ സമൂഹത്തില്‍ തനിക്കു അഹോരാത്രം ചികിത്സിക്കാനുള്ള പശ്ചാത്തലമൊരുങ്ങുന്നതില്‍ ഉന്മാദചിത്തരാവുന്നത് ലിഖിതവും അലിഖിതവുമായി തങ്ങള്‍ നെഞ്ചേറ്റിയ വാഗ്ദാനങ്ങള്‍ക്കും കര്‍മ്മപ്രതിബദ്ധതക്കും കളങ്കം ചാര്‍ത്തുന്ന വിധത്തിലുള്ള സ്ഥിതിവിശേഷമാണ് സംജാതമാക്കുക.

എന്തേ മറ്റുള്ളവരുടെ പോലെ ഡോക്റ്റര്‍മാര്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കണ്ടേ? അവര്‍ക്കും വരുമാനം വേണ്ടേ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ആയിരിക്കും എല്ലാവരുടെയും മനസ്സില്‍ ഇപ്പോള്‍ ഉയരുന്നുണ്ടാവുക. വേണം, തീര്‍ച്ചയായും വേണം.. അതിനു സാധാരണക്കാരനെ പിഴിയാതെ സാധിക്കില്ലേ? രോഗിയെ 'ബിസിനസ് കസ്റ്റമര്‍' ആയി കാണുന്ന ഇന്നത്തെ ഭൂരിഭാഗവും വൈദ്യന്മാരുടെ മെന്റാലിറ്റിക്ക് എതിരാണ് എന്റെ വിമര്‍ശനം. രോഗങ്ങള്‍ കൊണ്ട് അവശരായ പാവം രോഗികളെ ഈ പിഴിച്ചിലിന് കൂടി വിധേയരാക്കുന്ന ഡോക്റ്റര്‍മാരും പൊതു മുതല്‍ കൊള്ളയടിക്കുന്ന രാഷ്ട്രീയനപുംസകങ്ങളും കാട്ടുകള്ളന്മാരും തമ്മില്‍ എന്താണ് വ്യത്യാസം? 
രോഗശാന്തിക്ക് ഔഷധങ്ങള്‍ നല്‍കുന്ന ശമനത്തിന്‍റെ അടിത്തറയായി പ്രവര്‍ത്തിക്കുന്നത് ഒരു രോഗിക്ക്, തന്നെ ചികിത്സിക്കുന്ന ഡോക്ട്ടര്‍ നല്കുന്ന ആത്മവിശ്വാസവും സ്നേഹവും, അദ്ദേഹത്തില്‍ അവനുള്ള വിശ്വാസവും ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മറിച്ച്, രോഗിയെ ഒരു ഇരയായും രോഗാവസ്ഥയെ തനിക്കു ഐശ്വര്യങ്ങള്‍ കൊയ്യാനുള്ള വിളനിലവുമായി കണക്കു കൂട്ടുന്ന അപ്പോത്തിക്കരികള്‍ നമ്മുടെ നാടിനും സമൂഹത്തിനും ഒരു തീരാശാപം തന്നെ ആണ്.

നല്ല ഗുണവും ആരോഗ്യവും ഉള്ള വിത്തുകള്‍ ഏതു മണ്ണില്‍ വീണാലും മുളച്ചു തഴച്ചു വളരും. അല്ലാത്തത്, അതിനു അനുയോജ്യമായ കാലാവസ്ഥയുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചാല്‍ മാത്രമേ മുള പൊട്ടുകയുള്ളൂ എന്ന് പറയുന്ന പോലെ, മാതാപിതാക്കള്‍ തന്‍റെ മകന്‍ അല്ലെങ്കില്‍ മകള്‍ 'കൊമ്പും കുഴലും' കഴുത്തിലിട്ട് ഗമയോടെ നടക്കുന്നതും അവരുണ്ടാക്കുന്ന പണം കൊണ്ട് അവരുടെയൊപ്പം വിദേശയാത്രകള്‍ നടത്തുന്നതും ഒക്കെ സ്വപ്നം കണ്ട്, ഗുണനിലവാരപരിശോധനാ പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ വരെ പേരില്ലാത്ത കരുമാടിക്കുട്ടന്മാരെയും കുട്ടപ്പിമാരെയും, മദ്രാസ്സിലും മണിപ്പാലിലും മധുരയിലും മാര്‍ത്താണ്ഡത്തും ഉള്ള പ്രൈവറ്റ് മെഡിക്കല്‍ കോളേജുകളില്‍ വന്‍ തുക മുടക്കി അഡ്മിഷന്‍ വാങ്ങിക്കൊടുത്ത്, പാസ്സായാലും  ഇല്ലെങ്കിലും എങ്ങനെയെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി, പാമ്പ് കളിക്കാരെ പോലെ, സ്റ്റെതസ്ക്കോപ്പും കഴുത്തിലിട്ട് അവര്‍ മെഡിക്കല്‍ 'എത്തിക്സ്' നു വിരുദ്ധമായ കാര്യങ്ങളില്‍ വ്യാപൃതരായി ഇറക്കിയ പൈസ തിരിച്ചു പിടിക്കാനും കൂടുതല്‍ ഉണ്ടാക്കാനുമായി പാവപ്പെട്ടവരുടെ അജ്ഞത മുതലെടുത്ത്‌ അവരെ മൊത്തമായും ഘട്ടംഘട്ടമായും മള്‍ട്ടി നാഷണല്‍ കമ്പനികളുടെ മരുന്നുകളാകുന്ന രാസപദാര്‍ത്ഥങ്ങള്‍ തീറ്റിച്ചും, അനാവശ്യമായി, താന്‍ മാസപ്പടി പറ്റുന്ന സ്ഥലങ്ങളില്‍ നിന്നും C. T. സ്കാന്‍ ചെയ്യിപ്പിച്ചും, കൈക്കോട്ടില്‍ (മണ്‍വെട്ടി) കണ്ണുനീര്‍ത്തുള്ളി വീഴ്ത്തി അവര്‍ ഉണ്ടാക്കുന്ന ചില്ലറപ്പണത്തില്‍ കഴുകദൃഷ്ടിയിട്ടു, പാവപ്പെട്ടവരെ കൊല്ലാക്കൊല ചെയ്യുന്നതു ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നിത്യ സംഭവങ്ങളാണ്.

നമ്മുടെ ചികിത്സാചാര്യന്മാരായ ചരകനും ശുശ്രുതനും ഇവര്‍ക്കൊക്കെ മാപ്പ് കൊടുക്കുമോ? 

- ജോയ് ഗുരുവായൂര്‍

2 comments:

 1. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം മാറ്റുക
  ഇത് കാശു കൊടുത്തു വാങ്ങിയാലെ ഇവിടെ
  ഇടാൻ പറ്റൂ അല്ലെങ്കിൽ എട്ടിന്റെ പണി കിട്ടും മാഷെ!
  അവിടെ ത്തന്നെ ഫ്രീ ഫോട്ടോകൾ കിട്ടും നോക്കുക

  ReplyDelete
 2. മാറ്റാം സര്‍... താങ്ക്സ്

  ReplyDelete