Friday, November 8, 2013

സംവൃതാനുരതി

 
സംവൃതാനുരതി
നിന്റെ പേര് ഞാന്‍ പറയാത്തത്, 
ചിലപ്പോള്‍ നിന്നെ ഓര്‍മ്മയില്ലാതെയും,
പേരും മുഖവും മറന്നത് കൊണ്ടും, 
ആണെന്ന് നീ കരുതുന്നുണ്ടാവും?
 
അറിയാമെനിക്കു നിന്റെയുള്ളിലുരുകുമാ,
അസ്വസ്ഥഹൃദയത്തില്‍ വേവലാതികള്‍.
സുഹൃത്തെ വിഷമിക്കണ്ടാ..
ഒറ്റു കൊടുക്കില്ല ഒരിക്കലും,   
ഹൃദിസ്ഥമാണെങ്കിലും നിന്റെ പേര്‍.

കപടമാണെന്നറിഞ്ഞിട്ടും നിന്റെയാ,
കണ്ണുകളില്‍ തിളങ്ങിയിരുന്ന പ്രകാശം,
എന്റെ കലുഷിതമാം മനസ്സിലൊരിത്തിരി, 
സാന്ത്വനത്തിന്‍ രശ്മികള്‍ വിതറിയിരുന്നു.
നിന്റെ ശരീരത്തിന്റെ വ്യാധികള്‍ക്ക് നീ,
എന്നില്‍ ഔഷധം കണ്ടെത്തുമ്പോഴും നീയെനിക്കൊരു
ഇടപാടുകാരന്‍ മാത്രമായിരുന്നില്ല.

മാസ്മരീകമായ നിന്റെ കാന്തിയില്‍ നിന്നും,
അനുവാദമാരായാതെ ഞാനും ഒരിത്തിരി കുളിര്‍,
എന്റെ മനസ്സിലെ ആധികളിലേക്ക് പകര്‍ന്നിരുന്നു.
നിന്നെയുമായി ചിലവഴിച്ച നിമിഷങ്ങളൊക്കെയും,
അസുലഭങ്ങളുടെ പട്ടികയില്‍ ഞാനെഴുതി വച്ചു.

പ്രതീക്ഷിക്കാനും അവകാശപ്പെടാനുമാവില്ലെങ്കിലും,
ആശകള്‍ മുരടിച്ച എന്റെ മനസ്സ്,
നിന്നില്‍ നിന്നിത്ര മാത്രം ആഗ്രഹിച്ചു.
ആ മനം മയക്കും പുഞ്ചിരിയും,
നിന്നില്‍ നിന്നും നീയറിയാതെയൊഴുകും,
ആ വാത്സല്യത്തിന്‍ കൊച്ചരുവികളും. 

നിന്നോടെനിക്ക് പ്രണയമുണ്ടായിരുന്നില്ല നീരസവും,
സഹതാപത്തിലുരുവായ സ്നേഹം മാത്രം.
കാരണം എന്റെ കണ്ണുകള്‍ക്ക്‌ നേരെ വന്ന,  
നിന്മുഖത്തിനു ക്രൌര്യവര്‍ണ്ണമായിരുന്നില്ല.
ഞാന്‍ ശ്വസിച്ച നിന്‍ നിശ്വാസങ്ങള്‍ക്ക്,
പീഡനത്തിന്റെ കൃഷ്ണതയും.   

ഇത് വരെയും എന്റെ ചൂട് തേടിയണഞ്ഞ,
ജനാശനന്മാരില്‍ ഒരിക്കലും കാണാത്ത,
നിന്‍ നിഷ്ക്കളങ്ക ഭാവമീ മനസ്സ് വരണ്ട,
വേഴാമ്പലിനൊരു മൃഗതൃഷ്ണയായ്.
സാഹചര്യങ്ങളൊരുക്കിയ ഈ കെണിയില്‍,
ശ്വാസം മുട്ടി മരിക്കുന്ന നാള്‍ വരെയും നിനക്കായി,
ഇനിയും ഈ വാതായനങ്ങള്‍ തുറന്നിടും

എന്നോടൊപ്പം പങ്കിട്ട നിമിഷങ്ങള്‍ ഒരായിരം
ദുസ്വപ്നങ്ങളായി നിന്നെയാക്രമിക്കും 
എന്ന് നീയൊരിക്കലും ആശങ്കപ്പെടേണ്ട,
പശ്ചാത്തപിക്കേണ്ട.. എന്നോട് ചെയ്തെന്നു
നീ കരുതുന്ന സാമൂഹ്യതിന്മയെക്കുറിച്ചു ..
എന്നെ പ്രതി നിന്റെ മേലൊരു തരി മണ്ണ്
വീഴാതിരിക്കാന്‍ ആണല്ലോ..
സമൂഹം പാപക്കറ നിറച്ചയെന്‍ ഹൃദയത്തിലെ,
ആരും കടന്നെത്താത്തൊരിരുണ്ട മൂലയില്‍
പാതിവ്രത്യത്തിന്‍ ചുവന്ന പട്ടില്‍ പൊതിഞ്ഞു.
നിന്റെ പേര് ഞാനെഴുതി ഒളിപ്പിച്ചിരിക്കുന്നത്,

നീ അനുവദിച്ചാലും ഇല്ലെങ്കിലും,
നീയൊരിക്കലും അറിയാതെ,
നിന്റെ മനസ്സിനെ നൊമ്പരപ്പെടുത്താതെ,
നിനക്കൊട്ടും ഇഷ്ടമില്ലെന്നാലും,
എന്റെ സ്വപ്നത്തിലെ രാജകുമാരനായ്,
വാഴിക്കും നിന്നെ,
എന്റെ മനസ്സിലും ഹൃത്തിലും,
എണ്ണ തീരുമീ മണ്‍ചെരാതില്‍,
പടുതിരി കത്തിയമരും വരെ.  
                              - ജോയ് ഗുരുവായൂര്‍

No comments:

Post a Comment