Friday, November 8, 2013

ഓര്‍മ്മയിലെ കറുകപ്പൂക്കള്‍

 
കടപ്പാവുട്ട മരം (മല്ലിക മുട്ടി)
 
"പിഷാരടിച്ചേട്ടാ.. വണ്ടി ഒന്ന് കോളെജിലേക്ക് വിടൂ.. " കോഴിക്കോട് നിന്നും ഗുരുവായൂരിലേക്കുള്ള യാത്രയില്‍ അരികന്നിയൂര്‍ എത്തിയപ്പോള്‍ കാറിലെ പിന്‍സീറ്റില്‍ ഇരുന്നിരുന്ന പ്രൊ. നീലിമ നമ്പ്യാര്‍ ഡ്രൈവറോടു പറഞ്ഞു.

"നാളെയല്ലേ കുട്ടീ ജോയിന്‍ ചെയ്യേണ്ട ദിവസം? ഗസ്റ്റ് ഹൌസില്‍ പോയി റസ്റ്റ്‌ എടുത്തു യാത്രാക്ഷീണം ഒക്കെ മാറ്റി നാളെ രാവിലെ വന്നാ പോരെ?.. ഇപ്പോഴാണെങ്കില്‍ സമയം സന്ധ്യയാവാറുമായി. അവിടെ ഇപ്പോള്‍ കോളേജ് അല്ലാതെ അകത്തു ആരും കാണില്ല്യല്ലോ?"   

പിഷാരടിയുടെ ചോദ്യത്തിന് അര്‍ത്ഥഗര്‍ഭമായ ഒരു മൌനം ആയിരുന്നു ഉത്തരം. അത് മനസ്സിലാക്കി അയാള്‍ വണ്ടി കുന്നിന്മുകളിലെ ആ കോളെജിലേക്കുള്ള ചെറിയ റോഡിലേക്ക് തിരിച്ചു.  

മൊട്ടക്കുന്നിനെ പൊതിഞ്ഞു നില്‍ക്കുന്ന കടപ്പാവുട്ട മരങ്ങളെ തഴുകി വരുന്ന കാറ്റിനു പഴുത്ത കടപ്പാവുട്ടപ്പഴങ്ങളുടെ പഴയ അതേ നേര്‍ത്ത ഗന്ധം .

 
നീണ്ട ഇരുപതു വര്‍ഷത്തിനു ശേഷം വീണ്ടും... ഒരിക്കലും പ്രതീക്ഷിച്ചതല്ല പിപ്പറ്റും ബ്യൂററ്റും ആദ്യമായി പിടിച്ചു രാസപരീക്ഷണങ്ങള്‍ക്ക് ഹരിശ്രീ കുറിച്ച ഇവിടത്തെ രസതന്ത്ര വിഭാഗത്തിന്റെ മേധാവിയായി താന്‍ തിരിച്ചെത്തുമെന്ന്.
ഓടു മേഞ്ഞ പഴയ കെമിസ്ട്രി ലാബ്‌ പൊളിച്ച് അവിടെ ഒരു ആറു നില കെട്ടിടം പണിതിരിക്കുന്നു. താഴത്തെ നില മൊത്തത്തില്‍ ലബോറട്ടറി തന്നെ.

വലത്ത് വശത്തുള്ള ഓടു മേഞ്ഞ 'നാലുകെട്ട്' ഇപ്പോഴും ഉണ്ട്.... ലേഡീസ് ഹോസ്റ്റല്‍...

കുപ്പിവളക്കിലുക്കങ്ങള്‍ക്കൊടുവില്‍ ആയിരമായിരം മധുരസ്വപ്നങ്ങള്‍ നെയ്തു പെണ്മനസ്സുകള്‍ ശാന്തമായി രാവുറങ്ങിയിരുന്ന പാര്‍പ്പിടം.

വര്‍ഷങ്ങള്‍ക്കു മുമ്പേ അത് പ്രവര്‍ത്തനരഹിതമായിരിക്കണം. ക്രീം നിറത്തിലുണ്ടായിരുന്ന ചുമരുകളെല്ലാം പൂപ്പലും പന്നലും പിടിച്ചു പച്ചച്ചു കിടക്കുന്നു. 
 
കണ്ണട ഊരി സാരിത്തലപ്പു കൊണ്ട് ഒന്ന് തുടച്ചു പ്രോ. നീലിമ നമ്പ്യാര്‍ ദൂരെ നിന്നും ഒരു വിഹഗവീക്ഷണം നടത്തി.
 
ചുവന്ന പൂക്കള്‍ ഉണ്ടാവുന്ന ആ പൂമരം വളര്‍ന്നു ഒരു വടവൃക്ഷമായി. അതെ, ചില്ലകള്‍ക്കിടയിലൂടെ കാണുന്ന ആ ചില്ല് പൊട്ടി വിജാഗിരിയില്‍ നിന്നും വിട്ടു തൂങ്ങിക്കിടക്കുന്ന ജാലകപ്പാളിയുള്ള  മുറി തന്റേതു തന്നെ. 

ഓര്‍മ്മകള്‍ക്ക് എന്ത് സുഗന്ധം.

ദൂരെയുള്ള ബോയ്സ് സ്പോര്‍ട്സ് ഹോസ്റ്റലില്‍ നിന്നും അതിരാവിലെ പ്രാക്ടീസിനായി ഗ്രൌണ്ടിലേക്കെത്തുന്ന ആണ്‍കുട്ടികളെ വീക്ഷിച്ചു കൊണ്ട് കയ്യില്‍ കടുംകാപ്പിയുമായി താനും താരയും ആ ജനലിനു പുറകില്‍ ഇപ്പോഴും നില്‍ക്കുന്നുവോ?

ഓര്‍ക്കുമ്പോള്‍ ഒരു കുളിര്..

കെമിസ്ട്രി ബ്ലോക്കിന്റെ പുറകിലുള്ള കടപ്പാവുട്ടക്കാടുകള്‍ ഇപ്പോഴും അതെ പോലെയുണ്ട്. ഗൃഹാതുരത്വം നീലിമയെ അങ്ങോട്ട്‌ നയിച്ചു 
ആരും ചെന്നെത്താത്ത ആ കടപ്പാവുട്ട ചുവടുകളില്‍ പച്ചപ്പരവാതാനി വിരിച്ച കറുകപ്പുല്ലുകള്‍ മനസ്സില്‍ പ്രണയം കോരി നിറയ്ക്കുന്നു.  കുനിഞ്ഞു ഒരു കറുകയിതള്‍ പറിച്ചെടുത്തു. സൂക്ഷ്മമായ അതിലെ പൂക്കള്‍ അവളെ നോക്കി പരിചയഭാവത്തില്‍ പുഞ്ചിരി തൂകി. 

സാബു... സാബു വര്‍ഗ്ഗീസ്.. കള്ളന്‍.... എവിടെയായിരിക്കും അവനിപ്പോള്‍?..
അതോര്‍ത്തപ്പോള്‍ നീലിമയുടെ ചുണ്ടില്‍ ഒരു ഗൂഡമന്ദസ്മിതം വിരിഞ്ഞു.

അപ്പോള്‍ മരങ്ങളെ തഴുകിയെത്തിയ കള്ളമാരുതന്‍ ചില്ലകള്‍ കുലുക്കിപ്പൊഴിപ്പിച്ച പഴുത്തു കറുത്ത കടപ്പാവുട്ടപ്പഴങ്ങളുടെ ഒരിക്കല്‍ ചിരപരിചിതമായിരുന്ന ദുര്‍ഗന്ധം അവളെ ഗതകാലത്തിലെ വര്‍ണ്ണക്കാഴ്ച്ചകളിലേക്ക് നയിച്ചു.  

- ജോയ് ഗുരുവായൂര്‍ 
------------------------------------------------------------------------------------------------------------------------
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസി കുടുംബത്തിലെ ഒരു ജനുസ്സാണ് പാവുട്ട. 300ൽ അധികം സ്പീഷിസുകൾ ഈ വിഭാഗത്തിലുണ്ട്. ഇവ നിത്യഹരിതമായവയും അല്ലാത്തവയും ഇവയിൽ കാണപ്പെടുന്നു. ഏഷ്യയിലും ആഫ്രിക്കയിലും ഉഷണമേഖലയിലും ഉഷ്ണമേഖലയോട് അടുത്ത പ്രദേശങ്ങളിലും ഇവ വളരുന്നു. ഇന്ത്യയില്‍ കൂടുതലായും കാണപ്പെടുന്ന പാവുട്ടകളെ കടപ്പാവുട്ട എന്നും മല്ലികമുട്ടി എന്നും വിളിക്കപ്പെടുന്നു.

No comments:

Post a Comment