Saturday, November 9, 2013

അന്തപ്പന്‍ റൌഡിയും പിള്ളേരും


അതാ കവലയില്‍ തടിച്ചു നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിന്‍റെ നടുക്ക് നിന്നും പൊടിപടലങ്ങള്‍ ‍ഉയരുന്നൂ.. 

ദൂരെ നിന്ന് അത് കണ്ടവരൊക്കെ ജിജ്ഞാസാഭരിതരായി അവിടേക്ക്  പായുന്നൂ. ഇടയ്ക്കിടെ "ദാനേ ഗുല്‍ബീ .. ദാനേ... ഗുല്‍ബീ.." എന്നിങ്ങനെയുള്ള അട്ടഹാസങ്ങളും കേള്‍ക്കാം അത് കേട്ടാല്‍ പരിചയ സമ്പന്നര്‍ക്ക്  ഉടനെ മനസ്സിലാവും അവിടെ അന്തപ്പന്‍  ചട്ടമ്പി ആരെയോ കാര്യമായി മേയുകയാണെന്ന്.

എല്ലാ ചട്ടമ്പികള്‍ക്കും ഉണ്ടാവുമല്ലോ ഓരോ വ്യക്തിമുദ്രകള്‍. അന്തപ്പന്‍ റൌഡിയുടെ മാസ്റ്റര്‍ പീസ്‌ ആണ് "ദാനേ ഗുല്‍ബീ " എന്ന അലര്‍ച്ച. തന്‍റെ ജോലി ചെയ്യുമ്പോള്‍  മറ്റുള്ള  ചട്ടമ്പികളെ  അപേക്ഷിച്ച് വളരെ നിശബ്ദന്‍‍ ആണ് അന്തപ്പന്‍ റൌഡി. പക്ഷെ കാര്യങ്ങള്‍ കടുപ്പമായാല്‍ പിന്നെ ഈ അലര്‍ച്ചയാണ്. ചെവിയുടെ ഫ്യൂസ് അടിച്ചു പോകുന്ന തരത്തിലുള്ള ഈ അലര്‍ച്ച കേട്ടാല്‍ തന്നെ എതിരാളി വിരണ്ടു പോകും. പിന്നെ നായകന് കാര്യങ്ങള്‍ വളരെ ഈസി ആവും.

ഒരു ചായക്കട, ഒരു മാടക്കട, ഒരു പല ചരക്കു കട, ഒരു പച്ചക്കറി കട, ഒരു ഉണക്ക മീന്‍ കട, ഒരു ചെറിയ പച്ച മീന്‍ ചന്ത, പിന്നെ രമണന്റെ ബാര്‍ബര്‍ ഷാപ്പ്, അലവിയുടെ ഇറച്ചിക്കട,  ചട്ടിയും കയറും കലങ്ങളും പാത്രങ്ങളും ഒക്കെ കിട്ടുന്ന ദേവസ്സിയുടെ പാത്രക്കട ഇത്രയും ആയാല്‍  അന്തപ്പന്‍  ചട്ടമ്പിയുടെ വിഹാര രംഗമായ വറുതുണ്ണി മാര്‍ക്കറ്റ് ആയി. അന്തപ്പന്‍ ചട്ടമ്പിയുടെ അപ്പന്‍ വറുതുണ്ണി ആയിരുന്നൂ ഈ ‘ സ്പെഷല്‍ ‍ഇക്കൊണോമിക് സോണിന്‍റെ തലതൊട്ടപ്പന്‍ ‍.  അങ്ങനെ ഈ സ്ഥലത്തിനു വറുതുണ്ണി ചന്ത എന്ന പേരും വന്നു. അപ്പന്‍ തട്ടിപ്പോയെങ്കിലും തന്‍റെ പേര് ചന്തക്ക് ഇടാനൊന്നും അന്തപ്പന്‍സ് തുനിഞ്ഞില്ല.  കാരണം മൂത്ത  മകനായ തനിക്കു അപ്പനില്‍ നിന്നും കിട്ടിക്കൊണ്ടിരുന്ന സ്നേഹവായ്പ്പുകള്‍ തന്‍റെ ചോര തുടിക്കും ഉണ്ടകണ്ണുകളില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ പൊടിക്കാതെയല്ലാതെ മൂപ്പില്‍സിനു ഓര്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. 


വറുതുണ്ണി മാപ്പിള കളരി ആശാന്‍ ആയിരുന്നൂ. നാട്ടിലെ പ്രമാണിയും എന്നാല്‍ ഉഗ്രപ്രതാപിയായ  ചട്ടമ്പിയും കൂടി ആയിരുന്നൂ. പക്ഷെ കളവില്‍ ചതി ഇല്ലാത്ത മനുഷ്യനും.  അന്തപ്പന്‍സിന്‍റെ അമ്മയായ ഏലിയാമ്മ ചേടത്തി തന്‍റെ ഭര്‍ത്താവിന്‍റെ മുഖത്തു നേരിട്ട് ഒന്ന് നോക്കുന്നത്  തന്നെ  രണ്ടാമത്തെ കൊച്ചു പിറന്നതിനു ശേഷം ആയിരുന്നൂ എന്ന് അവര്‍  തന്നെ പലയിടത്തും  പറയുമായിരുന്നൂ.  അത്രയ്ക്ക് ഭയഭക്തി  ആയിരുന്നൂ വീട്ടുകാര്‍ക്ക് വരെ വറുതുണ്ണിസിനോട്. പിന്നെ നാട്ടുകാരുടെ കാര്യം പറയാനുണ്ടോ?!. 


ശ്രീമാന്‍ അന്തപ്പന്‍.. വയസ്സ്.... അദ്ദേഹം പറയുന്നതനുസരിച്ച് ഒരു 52  കാണും. ഇത് മൂന്ന് നാല്  കൊല്ലമായി നാട്ടുകാര്‍ കേള്‍ക്കുന്നതും ആണ്.  വറുതുണ്ണി ചേട്ടനോടൊപ്പം ഇപ്പോള്‍ പരലോകത്ത്  ഹണി മൂണ്‍  ആഘോഷിക്കുന്ന ഏലിയാമ്മ ചേടത്തി   പറഞ്ഞിരുന്നതനുസരിച്ചു  പറയുകയാണെങ്കില്‍  വറുതിയും വസൂരിയും വെള്ളപ്പൊക്കവും വന്ന വര്‍ഷം ആണ് അന്തപ്പന്‍സിനെ പ്രസവിച്ചത്. സര്‍ക്കാര്‍ രേഖകകളില്‍ ഒക്കെ വയസ്സ് എഴുതുന്നവര്‍ അന്തപ്പന്‍  ചേട്ടന്‍റെ മുഖത്തൊന്നു സൂക്ഷിച്ചു നോക്കി ഒരു കമ്മച്ചത്തില്‍ ഒരു താങ്ങ് അങ്ങട് താങ്ങും അത്ര തന്നെ.


പിന്നെ ഒരു ചട്ടമ്പിക്കു ആവശ്യമായ അടിസ്ഥാനപരമായ എല്ലാ 'ഫീച്ചെര്സും' അന്തപ്പന്‍സിനു ഉണ്ട്. ചോരക്കണ്ണുകള്‍, കഷണ്ടിത്തല, കുടവയര്‍, പിരിച്ചു വച്ച കൊമ്പന്‍ ‍മീശ,  ആവശ്യത്തിലും  കൂടിയ പനമരം പോലുള്ള തടി ഇത്യാദി കാര്യങ്ങള്‍‍. അന്തപ്പന്റെ സഹോദരങ്ങള്‍ എല്ലാം ഭാഗം വച്ച് കിട്ടിയ സ്വത്തും വിറ്റു തുലച്ച് അന്തപ്പന്‍സിനെ വറുതുണ്ണി  ‘ഇക്കൊണോമിക്  സിറ്റിയില്‍‍’ ചവച്ചു തുപ്പി കടന്നു കളയുമ്പോള്‍‍,  സിറ്റിയുടെ കവാടത്തിലുള്ള  വറുതുണ്ണീസ്  കള്ള് ഷാപ്പും ഒരു വലിയ  തറവാട്ടു വീടും  പിന്നെ  പറക്കമുറ്റിയതും അല്ലാത്തതുമായ ആറേഴു   കൊച്ചുങ്ങളും (കൊച്ചു ങ്ങള്‍ എത്രയുണ്ട് എന്ന് ചോദിച്ചാല്‍.. അന്തപ്പന്‍സ് കൈ നിവര്‍ത്തി ചെറു വിരലില്‍ തുടങ്ങി എണ്ണം തുടങ്ങും.. ബേബി, ബാബൂ, ശോശന്ന, വര്‍ക്കി, തോമ, കൊച്ചു മേരി, മര്‍ഗിലി.. അവസാനം താടിയില്‍ കൈ കൊടുത്ത് ഒന്നു കൂടി ആലോചിച്ചിട്ട് പറയും ഏഴ് എന്ന്), പിന്നെ പത്തിരുപതു കോഴികളും രണ്ടു മൂരികളും ഒരു പശുവും തൊഴുത്തും  ഒരു കാളവണ്ടിയും  പത്തു പന്ത്രണ്ടു പറ കൃഷി നിലവും പിന്നെ  കൊച്ചന്നം ചേടത്തിയും (ഭാര്യ)  അല്ലാതെ മറ്റൊന്നും സ്വന്തമെന്നു പറയാന്‍ മൂപ്പില്സ്സിനു ഉണ്ടായിരുന്നില്ല.      
        
എന്നിരുന്നാലും വറുതുണ്ണി സിറ്റിയില്‍ ഒരു ഇല അനങ്ങണമെങ്കിലോ പട്ടി കുരക്കണമെങ്കിലോ  ഈച്ച പറക്കണമെങ്കിലോ വരെ അന്തപ്പന്‍ റൌഡിയുടെ അനുവാദം അനിവാര്യമാണ്. കൂര്‍ത്ത മുന പോലെ നില്‍ക്കുന്ന നിക്കറും മുളവടിയും കൂര്‍മ്പന്‍ തൊപ്പിയും ആയി വല്ലപ്പോഴുമൊക്കെ സിറ്റി സന്ദര്‍ശിക്കാറുള്ള പോലീസുകാര്‍ വരെ കുടിച്ച കള്ളിന്‍റെ കാശ് മേശയില്‍ വക്കാതെ വറുതുണ്ണീസ്  കള്ള് ഷാപ്പില്‍ നിന്നും ഇറങ്ങാറില്ല. 


ചന്തയില്‍ എത്തുന്ന മീനും ഇറച്ചിയും പച്ചക്കറിയും പലവ്യഞ്ചനങ്ങളും ഒക്കെ കവാടത്തില്‍  തന്നെയുള്ള വറുതുണ്ണീസ് കള്ള് ഷാപ്പ്‌ എന്ന 'സെയില്‍സ് ടാക്സ് ചെക്കു പോസ്റ്റില്‍' നികുതി അടച്ചു  'പ്രൊട്ടക്ഷന്‍‍ ഗ്യാരണ്ടീട്' ആക്കി തന്നെയാണ് വില്‍പ്പന നടത്തി വരുന്നത്. ഷാപ്പ്‌ ജീവനക്കാര്‍ക്ക് അങ്ങനെ ഒരു നിശ്ചിത ശമ്പളം ഒന്നും ഇല്ല. ഷാപ്പ് അടക്കുന്ന നേരത്ത് അന്തപ്പന്‍ റൌഡി നല്ല ഫിറ്റാണെങ്കില്‍ ജുബ്ബയുടെ പോക്കറ്റില്‍ കയ്യിട്ടു വാരി കിട്ടുന്നതു അതെ പടി എണ്ണി വരെ നോക്കാതെ  ജീവനക്കാര്‍ക്ക് കൊടുക്കും. അല്ലെങ്കിലോ, ഒരു ബീഡിക്കുറ്റി വരെ ആര്‍ക്കും കൊടുക്കുകയുമില്ല.  അന്നേരം 'ഇന്നല്ലെങ്കില്‍ നാളെ' എന്ന് പ്രത്യാശിച്ചു ചട്ടമ്പിയുടെ ‘റിസള്‍ട്ട് ഓറിയണ്ടട് സ്ടാഫ്' സ്പോട്ടില്‍ നിന്നും പിരിഞ്ഞു പോകും.     ‍     
         
അന്തപ്പന്‍ ചട്ടമ്പി ഒരു വാടക ഗുണ്ടയൊന്നുമല്ല. ഇടയ്ക്കിടെ വറുതുണ്ണി സിറ്റിയുടെ ദൈന്യംദിന പ്രവര്‍ത്തനത്തിന് അലോസരം ഉണ്ടാക്കുന്ന തരത്തില്‍ 'അന്തപ്പന്‍  ടാക്സ്'  അടക്കാതെ കാളവണ്ടികളില്‍ കച്ചവടത്തിന് എത്തുന്ന ചില മലബാറി മാപ്പിളമാരും തിരുക്കൊച്ചി  അച്ചായന്മാരുമൊക്കെ ആണ് അന്തപ്പന്സിന്‍റെ ബ്ലഡ് പ്രഷര്‍ കൂട്ടുന്നതും ഇടയ്ക്കിടെ അദ്ദേഹത്തിന്‍റെ കയ്യിന്‍റെ തരിപ്പ് മാറ്റാന്‍ അവസരമുണ്ടാക്കി കൊടുക്കുകയും ചെയ്യുന്നത്. 


അത്തരക്കാരെ ശ്രദ്ധയില്‍ പെട്ടാല്‍  ഉടനെ അങ്ങോട്ട്‌ ചെന്ന് ആദ്യമൊരു ചോദ്യം ഉണ്ട്. "എന്തൂട്ടാണ്ടാ പന്നീ നനക്കിവ്ടെ കാര്യം? ഇത് സ്ഥലം വേറ്യാട്ടാ.. വേഗം വിട്ടോ.. വിട്ട് പിടിച്ചോ.. "  മുമ്പില്‍ ‍അപ്രതീക്ഷിതമായി അവതരിക്കുന്ന രാക്ഷസ രൂപം കണ്ട വഴി ഭൂരിഭാഗം  പേരും കൂടും  കുടുക്കയുമെടുത്ത് പെട്ടെന്ന് തന്നെ സ്കൂട്ട് ആവും  എങ്കിലും ചില ഹതഭാഗികള്‍ അന്തപ്പന്‍റെ  "ദാനേ ഗുല്ബി" യും ആസ്വദിച്ചു, 'ഡിസ്മാന്ടില്‍ട്'  ആവാതെ പോകാറും ഇല്ല. എത്ര എതിരാളികള്‍ ഉണ്ടെങ്കിലും അന്തപ്പന്‍ ചട്ടമ്പിക്കു പുല്ലാണ്. അപ്പന്‍ വറുതുണ്ണി മാപ്പിള പരമ്പരാഗത  കളരി  ഗുരുക്കള്‍  ആയിരുന്നെങ്കില്‍ ഇദ്ദേഹം സ്വയമായി വികസിപ്പിച്ചെടുത്ത ചില  'ഐറ്റങ്ങള്‍‍'  ഇറക്കിയാണ്  എതിരാളികളോട് മല്ലിടുന്നത്. 


അതില്‍ ഒന്നാമത്തേത്‌ വില്ല് പിടുത്തം - - തലയില്‍ കെട്ടിയ കള്ളിന്‍റെ വാട ഉള്ള മുഷിഞ്ഞ  തോര്‍ത്തുമുണ്ട് വലിച്ചൂരി എതിരാളിക്ക് ഒന്നു ചിന്തിക്കാന്‍ പോലും അവസരം കൊടുക്കാതെ  അയാളുടെ കഴുത്തില്‍ കുരുക്കി അയാളെ വില്ല് പോലെ വളച്ചു തോര്‍ത്തുമുണ്ടിന്‍റെ രണ്ടറ്റവും  കാലു കൊണ്ട് ചവിട്ടിപ്പിടിച്ച് വളഞ്ഞു നില്‍ക്കുന്ന നടുംപുറത്തു തമ്പോറു കൊട്ടുന്നത് പോലെ തന്‍റെ  മുട്ടുകൈ കൊണ്ട് ചാര്‍ത്തിക്കൊടുക്കല്‍... ഒട്ടു മിക്ക എതിരാളികളും ഒന്നാമത്തെ  മുറക്ക് ശേഷം  തന്നെ  ചട്ടമ്പിയോട് 'താങ്ക്സ്' പറഞ്ഞു ഉടനെ വിട്ട് പിടിക്കും. 


അടുത്ത മുറയാണ്‌ "കത്തരപ്പൂട്ട്‌" - എതിരാളിയുടെ കയ്യും കാലും തന്‍റെ കൈകളും കാലുകളും  കൊണ്ട് ഒരു പ്രത്യേക രീതിയില്‍ ആമത്താഴിട്ട് ഒരൊറ്റ പിടുത്തം.. വേദന സഹിക്കാതാവുമ്പോള്‍ എതിരാളി നിലവിളിച്ചാലൊന്നും ചട്ടമ്പി അയച്ചു കൊടുക്കുകയില്ല. എതിരാളിയുടെ താഴെയുള്ള  മണ്ണ് നനയുന്നത് കാണുന്ന നിമിഷം വരെ ആ പിടുത്തം തുടരും. ആ മുറ കഴിയുമ്പോള്‍ "അലയിന്മെന്റ്റ്" പോയ കാളവണ്ടി പോലെ ആടിയാടി ഒരിക്കല്‍‍ പോലും തിരിഞ്ഞു നോക്കാതെ എതിരാളി സ്ഥലം വിടും. 


മൂന്നാമത്തെ മുറ - ഫൌള്‍ : നിനച്ചിരിക്കാത്ത നേരത്ത് എതിരാളിയുടെ  മുട്ടുകാലിനിട്ടു ഒരു ചവിട്ടും അയാള്‍ നിലം പതിച്ച വഴി ചക്ക വീഴുന്നത് പോലെ അയാളുടെ മുകളിലേക്കൊരു വീഴ്ചയും.  ഏകദേശം ഒരു പഞ്ചസാര ചാക്കിന്‍റെ ഭാരം ഉള്ള ചട്ടമ്പിയുടെ തിരുശരീരം പതിച്ച വഴി  'സാന്‍ഡ് വിച്ച്' അമര്‍ത്തുമ്പോള്‍ ചീസ് പുറത്തേക്കു തുറിക്കുന്നതു പോലെ എതിരാളി എന്തെങ്കിലുമൊക്കെ  പുറത്തേക്കു തുറിപ്പിച്ചിരിക്കും.. അതോടെ സംഭ്രമവും  മാനഹാനിയുമൊക്കെയായി അയാള്‍ പൊടുന്നനെ സ്ഥലം വിട്ടോളും. 


അടുത്തതാണ് കാവടിയാട്ടം - ഒന്നില്‍ കൂടുതല്‍ എതിരാളികള്‍ ഉള്ളപ്പോഴാണ് ഈ അടവ് ചട്ടമ്പി പുറത്തിറക്കുക. തലേക്കെട്ട് ഊരി അരയില്‍ വരിഞ്ഞു കട്ടി കണ്ണുകള്‍ ഇറുക്കി അടച്ചു രണ്ടു കയ്യും നിവര്‍ത്തി പിടിച്ചു കൊണ്ട് തൃശ്ശൂര്‍ പറമ്പന്തള്ളി ശഷ്ടിക്കു രണ്ടെണ്ണം അടിച്ച ചേട്ടന്മാര്‍ പൂക്കാവടിയും തലയില്‍ വച്ച് തിരിയുന്നത് പോലെ ഒരു പമ്പരം  കണക്കെയുള്ള തിരിച്ചിലാണ്.  അപ്പോഴാണ്‌ പൊടിപടലങ്ങള്‍ പൊന്തുന്നത്‌. ഇടയ്ക്കിടെ "ദാനേ ഗുല്‍ബീ" വിളിയും.. ചട്ടമ്പിയുടെ തടിച്ച ഉരുക്ക് കൈകള്‍ ഇട തടവില്ലാതെ കറങ്ങുന്ന ഫാനിന്‍റെ ലീഫുകള്‍ക്കിടയില്‍ വിരല്‍ ഇട്ട കണക്കു എതിരാളിയുടെ ശരീരങ്ങളില്‍ 'അന്‍ലിമിറ്റഡ്' ആയി വീണു കൊണ്ടിരിക്കും. അലര്‍ച്ചകളും താഡനവും ഒക്കെ മുറക്ക് നടക്കുന്നതിനിടയില്‍ എപ്പോഴെങ്കിലും എതിരാളികള്‍ ഒന്നാലെ നിലം പതിച്ചിരിക്കും അല്ലെങ്കില്‍ ഓടി രക്ഷപ്പെട്ടിരിക്കും. എന്നാലും അന്തപ്പന്‍  ചട്ടമ്പി കറക്കം  നിര്‍ത്തില്ല ! അത് ഒരു കോഴ്സ് അല്ലെങ്കില്‍ ഡോസ് പോലെയാണ്. നിശ്ചിത  സമയം കഴിഞ്ഞാല്‍ മാത്രമേ ചട്ടമ്പി കണ്ണുകള്‍ തുറന്നു  പതിയെ പതിയെ സ്ലോ ആക്കി കൊണ്ട് വന്ന് കറക്കം നിര്‍ത്തുകയുള്ളൂ.  കറക്കം നിന്ന വഴി ഷാപ്പിലെ കുറുപ്പ് ഒരു കുപ്പി കള്ളുമായി  മുന്നിലുണ്ടാവണം.. അത് വാങ്ങി  മിനറല്‍ വാട്ടര്‍ ‍കുടിക്കുന്ന പോലെ നിര്‍ത്താതെ ഒരു കുടിയും  കാലിക്കുപ്പി തിരിച്ച് കുറുപ്പിന്‍റെ കയ്യിലേക്ക് ഒരു ഏറും.


ഇനിയാണ് ചട്ടമ്പിയുടെ വീക്നസുകള്‍ അറിയേണ്ടത്. രാത്രിയിലെ ഇരുട്ട് ചട്ടമ്പിക്കു ചെറുപ്പം മുതലേ പേടിയാണ്. രാത്രി ഒമ്പത് മണിക്ക് ശേഷം വീട്ടില്‍ നിന്നും  പുറത്തിറങ്ങണമെങ്കില്‍ കൊച്ചന്നം ചേടത്തിയോ മറ്റു ആരെങ്കിലുമോ കൂട്ടിനില്ലെങ്കില്‍  പുള്ളിക്കാരന്‍ അനങ്ങാപ്പാറ നയം സ്വീകരിക്കും. പിന്നെ, ഒന്നാംതരം തീറ്റപ്പ്രിയന്‍ -  അന്തിക്കള്ള്, കരിമീന്‍ പൊരിച്ചത്, പോത്തിറച്ചി  ഉലത്തിയത്,  തവളക്കാല്‍ പൊരിച്ചത്, കൂര്‍ക്ക തോരന്‍ വച്ചത് എന്നിവ കണ്ടാല്‍ വിടില്ല.


പിന്നെ കുട്ടികളോടുള്ള പ്രിയം‍.. രണ്ടെണ്ണം അടിച്ച നേരത്ത് വല്ല കുട്ടികളെയും  എങ്ങാനും കണ്ടാല്‍ അവരെ പ്രായ വ്യത്യാസം നോക്കാതെ എടുത്തു തോളില്‍ വച്ച് കളയും.  പിന്നെ നേരെ  മാടക്കടയില്‍ കൊണ്ട് പോയി അവര്‍ക്ക് നാരങ്ങ മിട്ടായി, ഉപ്പു സോഡാ, സര്‍ബത്ത് ഇത്യാദി സാധനങ്ങള്‍ അവരുടെ ഇഷ്ടാനുസരണം വാങ്ങിക്കൊടുക്കും. ഫ്രീ ആയിട്ടല്ല, കടക്കാരന് അതിന്‍റെ കാശും കൃത്യമായി കൊടുക്കും.


ഒരു ദിവസം അന്തപ്പന്‍ ചട്ടമ്പി അടിച്ചു പൂക്കുറ്റി ആയി ഷാപ്പിന്‍റെ മുമ്പില്‍ നില്‍ക്കുമ്പോഴുണ്ട് പുള്ളിക്കാരന്‍റെ ഒരു അകന്ന ബന്ധുവിന്‍റെ ഇളയ മകളും  വിവാഹിതരായി അധിക ദിവസം  ആവാത്തതുമായ അന്നക്കുട്ടിയും അവളുടെ കെട്ട്യോനും അത് വഴി വരുന്നൂ.. അവരെ കണ്ട വഴി അന്തപ്പന്‍സിന്‍റെ വാത്സല്ല്യം കരകവിഞ്ഞോഴുകീ. ഓടിച്ചെന്നു രണ്ടിനെയും രണ്ടു കൈകള്‍ കൊണ്ട് ഒരു പൊക്കലും തന്‍റെ തോളുകളില്‍ വക്കലും ഒരുമിച്ചു കഴിഞ്ഞു. പിന്നെ അര മണിക്കൂര്‍ നേരത്തേക്ക് "ദാനേ ഗുല്‍ബീ " യും വിളിച്ചുള്ള ഒരു കറക്കമാണ്.


നാട്ടുകാരുടെ മുമ്പില്‍ നാണിച്ച് അവശരായ നവദമ്പതികള്‍ അവരെ താഴെ 'ലാന്‍ഡ്‌ ‌' ചെയ്യിപ്പിച്ച നിമിഷം തന്നെ ജീവനും കൊണ്ട് ഓടി മറഞ്ഞു. അപ്പോള്‍ ഓടുന്ന അവരെ നോക്കി മീശയും  തടവിക്കൊണ്ട്  ചുണ്ടില്‍  സംതൃപ്തിയുടെ ചിരി തെളിയിച്ചു കൊണ്ട് ഒരു പറച്ചിലും..‍.. "കുറുപ്പച്ചാ.. ങ്ങള് കണ്ടോ.. മ്പടെ പിള്ളേരാ.. ഹ ഹ ഹ ഹ ഹ... അപ്പു മാഷ്‌ടെ സ്കൂളിലെ പിള്ളേര്‍ക്ക് അവര്‍ മാഷും ടീച്ചറും ഒക്കെ ആവും.... എന്നാ അന്തപ്പന് ഇവര്‍ ഇപ്പ്ളുംന്‍റെ സൊന്തം കുട്ട്യോളാ... ഹ ഹ ഹ ഹ ഹ ഹ.." 

- ജോയ് ഗുരുവായൂര്‍ 

2 comments:

 1. അപ്പപ്പാ
  അന്തപ്പാ!

  ReplyDelete
  Replies
  1. ഹ ഹ ഹ അജിത്‌ ജീ... കൊള്ളാം...

   Delete