Friday, November 8, 2013

ഹണിമൂണ്‍

 
വാഗമണ്ണിലെ ചെങ്കല്‍‍പ്പാതയിലൂടെ ശ്രീജയുടെ കൈ പിടിച്ചു നടക്കുമ്പോള്‍ അവളുടെ മുഖത്തു പുതിയ സ്ഥലത്തിനോടുള്ള അപരിചിതത്വഭാവം നിഴലിക്കാതിരുന്നത് രമേഷ് ശ്രദ്ധിച്ചു. കടന്നു പോകുന്ന വഴിയിലുള്ള മനോഹരദൃശ്യങ്ങള്‍ അവള്‍ നിസ്സംഗതയോടെ വീക്ഷിക്കുന്നത് കണ്ടത് അവനെ കൂടുതല്‍ ആശ്ച്ചര്യവാനാക്കിയെങ്കിലും ചോദിക്കണമെന്ന് തോന്നിയില്ല.

രണ്ടു വര്‍ഷം മുമ്പ് വരണമാല്യം ചാര്‍ത്തി വീട്ടിലേക്കു കൊണ്ടുവരുമ്പോള്‍ കേവലം എട്ടും പൊട്ടും തിരിയാതിരുന്ന കുട്ടിയായിരുന്ന ശ്രീജയില്‍ അവളെ വിട്ടു നിന്ന തന്‍റെ രണ്ടു വര്‍ഷത്തെ മരുപ്രവാസ ജീവിതത്തിനിടയില്‍ സംഭവിച്ച പക്വത തനിക്കു മനസ്സിലാക്കാന്‍ സാധിച്ചില്ല എന്ന അപകര്‍ഷതാബോധം രമേഷിനെ കുറച്ചൊന്നു വേട്ടയാടാതിരുന്നില്ല. മരുഭൂമിയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ കഠിനജോലികള്‍ ചെയ്തു രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന ഏതാനും ദിവസത്തെ പരോള്‍ ജീവിതം ആസ്വദിക്കാന്‍ വരുന്ന താനുണ്ടോ അറിയുന്നു വ്യക്തികള്‍ക്കും നാടിനും നാട്ടുകാര്‍ക്കും ഒക്കെ ഉണ്ടാകുന്ന അവസ്ഥാന്തരങ്ങള്‍.. ഏതാനും മൂകനിമിഷങ്ങള്‍ അവരുടെ ഇടയിലൂടെ കടന്നു പോയി.

 "നമ്മുടെ ഹണിമൂണ്‍ എന്റെ അടുത്ത വരവിലാവാം ട്ടോ കുട്ടാ.."  വിവാഹാനന്തരം ലീവ് തീരാന്‍  ഉണ്ടായിരുന്ന ചുരുങ്ങിയ ദിവസങ്ങള്‍ക്കു ശേഷം യാത്ര പറയുമ്പോള്‍ അവളുടെ ചെവിയില്‍ മന്ത്രിച്ചത് അന്ന് തെല്ലു നാണം സ്ഫുരിക്കുന്ന മുഖത്തോടെയായിരുന്നു അവള്‍ ശ്രവിച്ചത്. എന്നാല്‍ ഒരു പ്രവാസിയുടെ അധോഗതിയുടെ തനിയാവര്‍ത്തനം എന്ന പോലെ അവസാന തവണ വന്നപ്പോഴും അപ്രതീക്ഷിതമായ ചിലവുകള്‍ വരുത്തിയ ധനക്കമ്മി ഹണിമൂണ്‍ സാക്ഷാല്‍ക്കാരത്തെ അട്ടിമറിക്കുകയായിരുന്നു. അതിന്റെ പ്രായശ്ചിത്തം എന്ന പോലെ ഏതോ ഒരു രാത്രിയിലെ തലയണമന്ത്രത്തിലുരുവായ വാഗ്ദാനമെന്നോന്നം ഒരു കമ്പ്യൂട്ടര്‍ നെറ്റ് കണക്ഷനോടെ ശ്രീജയ്ക്ക് സമ്മാനിച്ചു. ഇന്റെര്‍നെറ്റിലൂടെ നിസ്സാരമായ ചിലവില്‍ തന്നെ തേടിയെത്തുന്ന അവളുടെ വിളികള്‍ വൈകീട്ട് ജോലി ചെയ്തു തളര്‍ന്നു വരുന്ന തന്റെ കര്‍ണ്ണങ്ങള്‍ക്ക്  എന്നും കുളിരായി. ഫോണിലൂടെ കുറവല്ലാത്ത പണം ചിലവാക്കിയിരുന്ന തനിക്കു സാമ്പത്തീക ലാഭവും അവളുടെ നെറ്റ് ഫോണ്‍ വിളി ഉണ്ടാക്കി എന്നോര്‍ത്തു അവളുടെ വൈഭവത്തില്‍ അവന്‍ അഭിമാനപൂരിതനായി.

ഈ പ്രാവശ്യം ലീവില്‍ വന്നപ്പോള്‍ അപ്രതീക്ഷിതമായി ശ്രീജയില്‍ വന്ന ഉണര്‍വ്വും അറിവും പുരോഗമനഭാവവും രമേഷിനെ വിസ്മയഭരിതനാക്കി. തനിക്കു പോലും അറിയാത്ത ലോകത്തില്‍ നടക്കുന്ന പല കാര്യങ്ങളും എന്നല്ല മാര്‍ക്കറ്റിലെ പലവ്യന്ജനങ്ങളുടെ വിലനിലവാരം വരെ അവള്‍ക്കു ഗ്രാഹ്യം.

"എവിടുന്നാടീ നിനക്ക് പെട്ടെന്നിത്രയൊക്കെ വിവരം?.." നര്‍മ്മഭാവത്തില്‍ അവന്‍ ചോദിച്ചു.

"ഈ കുന്ത്രാണ്ടം പിന്നെ എന്തിനാ എനിക്ക് വാങ്ങി ത്തന്നെ?..ഹി ഹി" കമ്പ്യൂട്ടര്‍ ചൂണ്ടിക്കാണിച്ചു ചിരിച്ചു കൊണ്ട് ശ്രീജ പറഞ്ഞത് കേട്ട് രമേഷ് മന്ദഹസിച്ചു.

"ഹാ.. മോനേ... അവള്‍ക്കെപ്പോഴും ആ കുന്ത്രാണ്ടത്തില്‍ കുത്തിക്കൊണ്ടിരിക്കലാ ജോലി.. ഒരു പെണ്ണിനെ കെട്ടിക്കൊണ്ട് വന്നൂന്ന് പറഞ്ഞിട്ട് ഇവടെ നിക്കൊരുപകാരോം ഇല്ല്യ.. അടുപ്പില് കഞ്ഞി വേവണെങ്കില്‍ ഈയുള്ളവള്‍ വല്ലോം ചെയ്യണം.. ഹും.." ഉമ്മറത്തിരുന്നു സംഭാഷണം ശ്രദ്ധിച്ചു കൊണ്ടിരുന്ന അമ്മായിയമ്മയുടെ അവസരത്തിലുണ്ടായ ആക്രമണം അവളെ ചൊടിപ്പിച്ചു.

"ശ്ശൊ.. ഇതിനെ കൊണ്ട് തോറ്റു..."    എന്ന് പറഞ്ഞു അവള്‍ ചവിട്ടിത്തുള്ളിക്കൊണ്ട് അടുക്കളയിലേക്കു പോയി. എന്താ പ്രതികരിക്കേണ്ടത് എന്നറിയാതെ അന്തര്‍മുഖനായി രമേഷ് കട്ടിലില്‍ ഇരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം കിട്ടിയ ഈ ലീവിന് വരുമ്പോള്‍ സാമ്പത്തീകമായി അല്‍പ്പം പുരോഗതി പ്രാപിച്ചിരുന്നു. ഹണിമൂണ്‍ സ്വപ്‌നങ്ങള്‍ വീണ്ടും മനസ്സില്‍ ഉയര്‍ന്നു വന്നത് അതിന്റെ പ്രതിസ്ഫുരണങ്ങള്‍ മാത്രം.

ഹണിമൂണ്‍ ആഘോഷിക്കാന്‍ വാഗമണ്ണിലേക്ക്  പോയാലോ എന്ന് താന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അധികം താല്‍പ്പര്യം ഒന്നും കാണിക്കാതെ അവള്‍ തലയാട്ടിയത്‌ എന്തായിരിക്കും? ഇപ്പോള്‍ സദാസമയവും ഇന്റെര്‍നെറ്റിന്റെ ലോകത്ത് വിഹരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന അവള്‍ ചില സമയങ്ങളില്‍ തനിക്കു സമയാസമയങ്ങളില്‍ ആഹാരവും മരുന്നുകളും തരുന്നതിനും എന്തിനു തന്നോട് കിന്നാരം പറയുന്നത് വരെയും മറന്നു പോകുന്ന അവസ്ഥ സംജാതമായ രീതിയില്‍ അവള്‍ അതിനു അടിമപ്പെട്ടിരിക്കുന്നു. നാല് ചുമരുകള്‍ക്കുള്ളില്‍ എങ്ങോട്ടും പോകാതെ ഇന്റര്‍നെറ്റ്‌ വലയത്തില്‍ ബന്ധിതമായി കിടക്കാന്‍ ആണ് അവള്‍ക്കു താല്‍പ്പര്യം. തനിക്കാണെങ്കില്‍ ഇതിനെക്കുറിച്ച്‌ ഒരു പിടിപാടുമില്ല. വിദ്യാസമ്പന്നയായ അവള്‍ അതില്‍ കുത്തിക്കുറിക്കുന്നത് ഒന്നും മനസ്സിലാക്കാനുള്ള വിവരം കേവലം ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ തനിക്ക് ഇല്ല താനും.. ങാ.. എന്തെങ്കിലുമാവട്ടെ..

നടന്നു നടന്നു ചെറിയൊരു കയറ്റം ആരംഭിച്ചു. പെട്ടെന്നാണ് പാതയരുകിലുള്ള ഒരു അത്തിമരത്തില്‍ ഇരുന്നു അത്തിപ്പഴങ്ങള്‍ തിന്നുന്ന ഒരു മലയണ്ണാന്‍ രമേഷിന്റെ ശ്രദ്ധയില്‍ പെട്ടത്.

"ഡീ നോക്കൂ നോക്കൂ എന്തൊരു ഭംഗി അല്ലെ?.."  തിരിഞ്ഞു നോക്കിയപ്പോള്‍ തല കുമ്പിട്ടു കൊണ്ട് മൊബൈലില്‍ എന്തോ കുത്തിക്കൂട്ടി നടന്നിരുന്ന അവള്‍ പെട്ടെന്ന് തലയുയര്‍ത്തി നോക്കി.

"കൊള്ളാലോ ഇത്.. അല്ലെ ചേട്ടാ..." വീണ്ടും അവള്‍ തല മൊബൈലിലെക്ക് താഴ്ത്തി.

അവളുടെ പ്രതികരണത്തില്‍ തോന്നിയ ഒരു കൃത്രിമത്വം ഉണ്ടാക്കിയ ഈര്‍ഷ്യ അവന്‍ പുറത്തു കാണിച്ചില്ല. "ഹും.." എന്ന് മൂളുക മാത്രം ചെയ്തു അവള്‍ക്കു മുമ്പില്‍ അവന്‍ നടന്നു.

ഭൂമിയിലെ ആ പച്ചപ്പരവതാനിയുടെ ദൃശ്യവിസ്മയം ആസ്വദിക്കാനും ക്യാമറയില്‍ ഒപ്പിയെടുക്കാനും എത്തുന്ന ധാരാളം വിദേശ സഞ്ചാരികള്‍ അവരെ കടന്നു പോയിക്കൊണ്ടിരുന്നു. അതും ഒരു വിശേഷ കാഴ്ച തന്നെയായിരുന്നു.

സീസണ്‍ ആയതിനാല്‍ വിനോദസഞ്ചാരികളുടെ തിരക്കായിരുന്നു എല്ലാ ഹോട്ടലുകളിലും. രണ്ടു ദിവസത്തെ താമസം പരിപാടിയിട്ടാണ് രമേഷ് വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നത്. ശ്രീജയ്ക്ക് അവിടമൊക്കെ മുജ്ജന്മത്തിലെന്ന പോലെ ചിരപരിചിതം ആണെന്ന  ഭാവത്തിലായിരുന്നു ശ്രീജയുടെ ഓരോ ചലനവും.

"രമേഷേട്ടാ.. ആ ഹോട്ടല്‍ തരക്കെടില്ലാന്നു തോന്നുന്നു.. " നാലും കൂടിയ കവലയില്‍ നിന്നും കുറച്ചു ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരു ടൂറിസ്റ്റ് ഹോം ചൂണ്ടിക്കാണിച്ചു അവള്‍ അഭിപ്രായപ്പെട്ടപ്പോള്‍ രമേഷ് നോക്കാം എന്ന ഭാവത്തില്‍ തലകുലുക്കി. മുറി എടുക്കാനായി റിസപ്ഷനില്‍ നിന്ന നേരം അതിലെ പോയൊരു റൂം ബോയ്‌ അവളെ നോക്കി മന്ദഹസിച്ചുവോ?.. ഹേയ്.. ഇല്ല.. തന്‍റെ ഓരോ തോന്നലുകളെയ്.. നിഷ്കളങ്കമായ മുഖഭാവത്തോടെ സെറ്റിയില്‍ പത്രത്തിലേക്ക് തല കുമ്പിട്ടു ഇരുന്ന ശ്രീജയെ വിളിച്ചു ബാഗുമെടുത്ത്  മുമ്പില്‍ നടന്ന ഒരു റൂം ബോയുടെ പുറകെ ലിഫ്റ്റ്‌ ലക്ഷ്യമാക്കി നീങ്ങി.

മനോഹരമായൊരു മുറിയായിരുന്നു അത്. ബാല്‍ക്കണിയിലേക്ക് തുറക്കുന്ന വീതിയുള്ള ചില്ല് വാതില്‍ തുറന്നാല്‍ പച്ചമൂടിക്കിടക്കുന്ന മൊട്ടക്കുന്നുകള്‍ മനം കവരും. ദൂരെ ഉയരമുള്ളൊരു മലയുടെ നിറുകയില്‍ തഴുകിക്കൊണ്ട് വെണ്‍മേഘ ശകലങ്ങള്‍ തെന്നി നീങ്ങുന്നു. സായന്തന സൂര്യന്‍ അവയില്‍ കുങ്കുമവര്‍ണ്ണം കൊടുക്കാന്‍ പരിശ്രമിക്കുന്നുണ്ടായിരുന്നു. രണ്ടു പേരും കൂടി വിദൂരതയിലേക്ക് മിഴികള്‍ നട്ടു കൊണ്ട് അല്‍പ്പ നേരം അവിടെ നിന്നു.

"എന്ത് രസമാ അല്ലെ കുട്ടാ ഇതൊക്കെ?.." രമേഷ് മൌനം ഭഞ്ജിച്ചു.

"അതെ നല്ല രസം" വീണ്ടും അവള്‍ മൌനിയായി.

"ഞാന്‍ ഒന്ന് കുളിച്ചു ഫ്രഷ്‌ ആവട്ടെ?.. നീ അപ്പോഴേക്കും ഇതൊക്കെ കണ്ടു ആസ്വദിക്കൂ.."  എന്ന് പറഞ്ഞു രമേഷ് കുളി മുറിയിലേക്ക് പോകുമ്പോള്‍ അവന്റെ മനസ്സ്  അവളുടെ നിര്‍വികാരതയുടെ കാരണം തേടി.

കുളി കഴിഞ്ഞു വരുമ്പോള്‍ ശ്രീജ കിടക്കയില്‍ കമിഴ്ന്നു കിടക്കുന്നത് കണ്ടു.

"ഹലോ ഡാര്‍ലിംഗ്.. എന്ത് കിടപ്പാ ഇത്?.. എണീക്കൂ പോയി കുളിച്ചു ഫ്രഷ്‌ ആയി വരൂ.. നമുക്ക് പുറത്തൊക്കെ ഇറങ്ങി ഒന്ന് അടിച്ചു പൊളിക്കണ്ടേ?.. വേഗമാവട്ടെ കുട്ടാ.."

രമേഷിന്റെ ശബ്ദം അപ്പോഴും സ്മൈലികളുടെ താഴ്വരയില്‍ അലഞ്ഞു തിരിഞ്ഞിരുന്ന അവളുടെ മനസ്സിനെ സ്വപ്നാടനത്തില്‍ നിന്നും ഉണര്‍ത്തി.

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment