Friday, November 8, 2013

ആനമുട്ട


"ദേ കൊച്ചപ്പേട്ടന്‍ വരണൂ.. ഓടിക്കോടാ.." മൈതാനത്തേക്ക്‌ പന്ത് കളിക്കാനായി പോകുന്ന വഴി എതിരെ ഓടി വന്ന റഫീക്ക് എന്റെ കയ്യും പിടിച്ചു വലിച്ചു പാതയരികിലുള്ള വണ്ണമുള്ള മുത്തുകുടിയന്‍ മാവിന്റെ പുറകില്‍ ഒളിച്ചു. നിമിഷങ്ങള്‍ക്കകം പുരാണത്തിലെ ഹനുമാന്‍ മലയും ചുമന്നു പോകുന്നത് പോലെ കയ്യില്‍ ഒരു വലിയ മണ്ണും കട്ടയുമായി കൊച്ചപ്പേട്ടന്‍ ദേഷ്യത്തോടെ എന്തോ പുലമ്പിക്കൊണ്ട് അത് വഴി പാഞ്ഞു പോയീ.

ബുദ്ധിസ്ഥിരതയില്ലാത്ത കൊച്ചപ്പേട്ടനെ കുട്ടികള്‍ പുറകെ നടന്നു കളിയാക്കല്‍ ഒരു പതിവാണ് .. നാല്‍പ്പതു വയസ്സോളമായിക്കാണൂമെങ്കിലും അവിവാഹിതനും അപസ്മാരം, ആസ്ത്മ ഇത്യാദി രോഗങ്ങളുടെ ആവാസകേന്ദ്രവും ആയിരുന്നു കൊച്ചപ്പേട്ടന്‍. കൊച്ചപ്പേട്ടന്റെ ‘പ്രൊഫെഷന്‍’ ആണ് തേങ്ങ പൊളിക്കല്‍. അതില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ ഏറിയ പങ്കും അദ്ദേഹത്തിന്‍റെ അനുജനും ഹോട്ടല്‍ ജോലിക്കാരനുമായ ഇട്ടൂപ്പേട്ടന്‍ പിടിച്ചു വാങ്ങും. അത് കൊടുത്തില്ലെങ്കില്‍ രാത്രി ചോറ് തരില്ല എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുമ്പോള്‍ കുട്ടികളുടെ മനസ്സുള്ള കൊച്ചപ്പേട്ടന്‍ വിരണ്ടു പൈസ എടുത്തു തന്റെ അനുജനെ ഏല്‍പ്പിക്കും. ഇട്ടൂപ്പേട്ടനോ അത് കിട്ടിയ വഴി നേരെ ഷണ്മുഖന്റെ ചാരായഷാപ്പിലെക്കും വച്ച് പിടിക്കും.

അനുജന്റെ പിടിച്ചു പറി കഴിഞ്ഞു ബാക്കി പൈസ വല്ലതും ഉണ്ടെങ്കില്‍ അത് ഒരു കിഴി കെട്ടി മുഷിഞ്ഞ വെള്ള മുണ്ടിന്റെ കോന്തലയില്‍ കെട്ടി ഭദ്രമായി വച്ച് നല്ല മൂഡു തോന്നുമ്പോള്‍ ശേഖരേട്ടന്റെ പെട്ടിക്കടയില്‍ നിന്നും ചുറ്റുവട്ടത്തില്‍ ഉള്ള കുട്ടികള്‍ക്ക് നാരാങ്ങസത്തും (നാരങ്ങ മിട്ടായി), കമ്മറ് കട്ടയും (കടിച്ചാല്‍ പൊട്ടാത്ത ഒരു തരം മിട്ടായി), കാരക്ക മിട്ടായിയും, കപ്പലണ്ടിയുമൊക്കെ വാങ്ങിക്കൊടുക്കും. അത് കൊടുക്കുമ്പോള്‍ ആ പുഴുപ്പല്ല് കാണിച്ചുള്ള ഒരു പ്രത്യേക ചിരി ഉണ്ട്. മനസ്സ് തുറന്നു ആഹ്ലാദഭരിതനായി അയാള്‍ ചിരിക്കുന്നത് കാണാന്‍ അന്നെനിക്കും വലിയ കൌതുകം ആയിരുന്നൂ.

സുധയുടെ (സുധാകരന്‍) ഹോട്ടലില് ഇടയ്ക്കിടെ മേശ തുടക്കാനും പാത്രം കഴുകാനുമൊക്കെ നില്‍ക്കാറൂള്ളതിനാല്‍ രാവിലത്തെ പ്രാതലും ഉച്ചഭക്ഷണവും ഇടയ്ക്കിടെ ചായയും എല്ലാം സൌജന്യമായി കൊച്ചപ്പെട്ടന് കിട്ടിയിരുന്നൂ.. സംസാരിക്കുമ്പോള്‍ ഒരു കുഴച്ചിലുള്ള കൊച്ചപ്പേട്ടനെ കൊണ്ട് കുട്ടികള്‍ എപ്പോഴും എന്തെങ്കിലുമൊക്കെ പറയാന്‍ നിര്‍ബന്ധിതനാക്കും. പിന്നെ അവര്‍ അത് കേട്ട് ചിരിച്ചു അയാളെ പരിഹസിക്കാന്‍ തുടങ്ങുമ്പോള്‍ ക്ഷിപ്പ്രകോപിയായ കൊച്ചപ്പേട്ടന്‍ കിട്ടിയതെടുത്ത് അവര്‍ക്ക് നേരെ ഏറിയും. ചിലപ്പോള്‍ പിന്തുടര്‍ന്ന് അടിക്കാനായി ഓടിയെത്തുകയും ചെയ്യും. പിന്നെ ദേഷ്യം സഹിക്കാനാവാതെ കവലയില്‍ പോയി നിന്ന് ഇങ്ങനെ പിറുപിറുത്തു കൊണ്ടിരിക്കും. ഒരിക്കല്‍ ഇങ്ങനെ കൊച്ചപ്പേട്ടനെ 'പ്രോവോക്' ചെയ്തതിനു അപ്പച്ചന്റെ കയ്യില്‍ നിന്നും എനിക്കും എന്റെ ചേട്ടനും വയറു നിറച്ചു തല്ലു കിട്ടിയിട്ടും ഉണ്ട് എന്നത് വിസ്മര്‍ത്തവ്യമല്ല.

കൊച്ചപ്പേട്ടനോട് ഞങ്ങള്‍ കാണിച്ചിട്ടുള്ള അതിക്രമങ്ങള്‍ ചില്ലറയൊന്നുമല്ല. ഒരു ദിവസം ഉച്ചയൂണും കഴിഞ്ഞു വീടിന്റെ ഉമ്മറത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന പുള്ളിക്കാരന്റെ മുണ്ടിന്റെ ഒരറ്റം ചാക്കുനൂല് കൊണ്ട് തിണ്ണയോട് ചേര്‍ന്നുള്ള തൂണില്‍ ബന്ധിച്ചതിനു ശേഷം കാലിനരികിലായി ഒരു കടലാസ്സു പടക്കം വച്ച് അതിന്റെ തിരി ഒരു എരിയുന്ന ചന്ദനത്തിരിയുടെ മുകളില്‍ വച്ച് (ടൈം ബോംബ്‌ പോലെ) ഞങ്ങള്‍, അശോകനും സുബൈറും സുരേഷും റഫീക്കും ജോണ്‍സനും ഞാനും അടങ്ങുന്ന കുട്ടി സംഘം, മുന്നിലുള്ള വീടിന്റെ ചായ്പ്പില്‍ ഒളിച്ചിരുന്ന് രംഗം വീക്ഷിച്ചു കൊണ്ടിരിന്നു. ചന്ദനത്തിരി എരിഞ്ഞെരിഞ്ഞു പടക്കത്തിന്റെ തിരിയുമായി സമ്പര്‍ക്കത്തിലായതും പുക വമിപ്പിച്ചു അത് പൊട്ടലും ഒരുമിച്ചു കഴിഞ്ഞു. നല്ല ഉറക്കത്തിലായിരുന്ന കൊച്ചപ്പേട്ടന്‍ ഞെട്ടി വിരണ്ടു എഴുന്നേറ്റു ഒരു ഓട്ടം വച്ച് കൊടുത്തു. എന്നാല്‍ ചാക്ക് നൂല് കൊണ്ട് തൂണില്‍ ബന്ധിച്ചിരുന്നതിനാല്‍ ലുങ്കി പറിഞ്ഞു തൂണില്‍ തൂങ്ങിക്കിടന്നു. പൊതുവേ അടിവസ്ത്രമൊന്നും ധരിക്കാന്‍ വലിയ ശുഷ്കാന്തി കാണിക്കാത്ത പുള്ളിക്കാരന്റെ ആ അവസ്ഥ ഊഹിക്കാവുന്നതല്ലേ ഉള്ളൂ.

മറ്റൊരു ദിവസം ഒരു തേക്കിലയില്‍ ചാണകം പൊതിഞ്ഞ് ഒരു വേപ്പിലത്തണ്ട് പുറത്തേക്കു കാണിച്ചു കെട്ടി (ഇഞ്ചിയും പച്ചമുളകും വേപ്പിലയുമൊക്കെ പച്ചക്കറിക്കടക്കാര് പൊതിയുന്ന കൂട്ട്) അദ്ദേഹം വരുന്ന വഴിയില്‍ ഇട്ടു ഞങ്ങള്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. പ്ലാന്‍ ചെയ്ത പോലെ തന്നെ അദ്ദേഹം വരുന്ന വഴി അത് കാണുകയും ജിജ്ഞാസയോടെ അതെടുത്തു തുറന്നു നോക്കി പിന്നെ ദേഷ്യപ്പെട്ടു അതെടുത്ത് കുറ്റിക്കാട്ടിലേക്ക് ഒരൊറ്റ ഏറു വച്ച് കൊടുത്തു. അത് ചെന്ന് വീണതോ ഈ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനറും തന്മയത്ത്വത്തോടെ അത് പൊതിഞ്ഞവനുമായ സുബൈറിന്റെ തലയിലും.. അവനോടു ചേര്‍ന്നിരുന്ന സുരേഷിന്റെ മുഖത്തും ഹ ഹ ഹ.. അതാ പറയുന്നേ പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്ന്..

എത്ര കോപിച്ചാലും പിറ്റേ ദിവസ്സം കണ്ടു മുട്ടുമ്പോള്‍ ഫോര്‍മാറ്റ്‌ ചെയ്ത ഫ്ലോപ്പി ഡിസ്ക് പോലെ, തലേ ദിവസത്തെ സംഭവങ്ങളൊന്നും അദ്ദേഹത്തിന്‍റെ മനസ്സില്‍ ഉണ്ടാവില്ല. വീണ്ടും പതിവ് സ്റ്റൈലില്‍ "ഡാ അന്റെ പേര് എന്താണ്ട?" എന്ന് ചോദിക്കും. എത്ര പ്രാവശ്യം പറഞ്ഞു കൊടുത്താലും ഓര്‍മ്മ നില്‍ക്കാതെ അദ്ദേഹം എന്നും ഇങ്ങനെ കുട്ടികളോട് പേര് ചോദിക്കും. കുട്ടികളില്‍ അദ്ദേഹത്തിന്‍റെ അനുജന്റെ മൂത്ത മകളായ ലീനയുടെ പേര് മാത്രമേ കൊച്ചപ്പെട്ടന് കാണാപാഠം അറിയൂ. അവളെ അയാള്‍ക്ക്‌ വലിയ സ്നേഹവും ആണ്. അവള്‍ ഞങ്ങളുടെ ഗ്രൂപ്പില്‍ ഉള്ള കാരണം ആണ് കൊച്ചപ്പേട്ടന്റെ സ്നേഹം ഞങ്ങള്‍ക്ക് കൂടി നുകരാനാവുന്നത് എന്നും പറയാം.

കൊച്ചപ്പേട്ടനെ കണ്ട വഴി കുട്ടികള് പിന്നാലെ നടന്നു "കൊച്ചപ്പേട്ടാ.. കൊച്ചപ്പേട്ടാ.. നാരങ്ങ സത്ത് വാങ്ങിത്തര്വോ?..എന്ന് ചോദിക്കും.. അത് കേള്‍ക്കുമ്പോള്‍ ഒരു പുഞ്ചിരിയാണ് അദ്ദേഹത്തിന്‍റെ മുഖത്തു തെളിയുന്നതെങ്കില്‍ ഉറപ്പിക്കാം കയ്യില്‍ ചില്ലറ ഉണ്ട്, മിട്ടായി ഇതാ കിട്ടാന്‍ പോകുന്നൂ.. അഥവാ അദ്ദേഹത്തിന്‍റെ കയ്യില്‍ പൈസ ഇല്ലാത്ത നേരം ആണെങ്കില്‍ കുട്ടികളുടെ അപേക്ഷ കേട്ട ഭാവമേ നടിക്കാതെ മുന്നോട്ടു നടക്കും.. കുട്ടികളുണ്ടോ വിടാന്‍ പോകുന്നൂ പുറകെ നടന്ന് "കൊച്ചപ്പേട്ടാ.. കൊച്ചപ്പേട്ടാ.. നാരങ്ങ സത്ത് വാങ്ങിത്തര്വോ?.."കൊച്ചപ്പേട്ടാ.. കൊച്ചപ്പേട്ടാ.. നാരങ്ങ സത്ത് വാങ്ങിത്തര്വോ?.. എന്നിങ്ങനെ പറഞ്ഞു ചൊറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ പുള്ളിക്കാരന്റെ 'കണ്ട്രോള്‍' വിടും. അപ്പോള്‍ അദ്ദേഹം പറയുന്ന സ്ഥിരമായ ഒരു ഉത്തരമുണ്ട്... "ങാ.. നിങ്ങക്ക് ഞാന്‍ ആനമുട്ട വാങ്ങിത്തരാം.." അതല്ലേ കുട്ടികള്‍ക്കും കേള്‍ക്കേണ്ടത്... ഇത് കേട്ട വഴി പൊട്ടിച്ചിരിച്ചു കൊണ്ട് കുട്ടികള്‍ തങ്ങളുടെ ഉദ്ദേശം നടന്നല്ലോ എന്ന ചാരിതാര്‍ത്ഥ്യത്തില്‍ ഓടിയകലും.

ഇനിയും ഒരു പാടൊരുപാട് രസകരമായ സംഭവങ്ങള്‍ ഇദ്ദേഹവും കുട്ടികളുമായി ഉള്ള കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട് എല്ലാം ഇവിടെ പ്രസ്താവിക്കാന്‍ ആവില്ലല്ലോ. പിന്നെയൊരിക്കല്‍ ആവട്ടെ.

അദ്ദേഹം കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് ഒരുപാട് വര്‍ഷങ്ങളായെങ്കിലും ചില നേരങ്ങളില്‍ ഇപ്പോഴും അദ്ദേഹത്തിന്‍റെ ഈ സ്ഥിരം 'ഡയലോഗ്' ഓര്‍ത്ത്‌ ചിരിക്കാതിരിക്കാനാവില്ല.

                                                                                                   - ജോയ് ഗുരുവായൂര്‍

No comments:

Post a Comment