Friday, November 8, 2013

അലിഞ്ഞില്ലാതാകുന്ന കുപ്പിവളക്കിലുക്കങ്ങള്‍


വേലിയില്‍ പടര്‍ന്നു പൂത്ത മുല്ലപ്പൂക്കള്‍ നിശ്വസിച്ച സുഗന്ധം നാസാരന്ദ്രങ്ങളില്‍ തുളച്ചു കയറിയപ്പോള്‍ അറിയാതെ അവളെ ഓര്‍ത്തു.

ഏതോ ഒരു അവധി ദിനത്തില്‍ ഞാവല്‍മരത്തിന്റെ ചുവട്ടില്‍ വട്ടമിട്ടിരുന്നു കളിച്ചിരുന്ന കുമാരിക്കൂട്ടത്തില്‍ നിന്നും ഒരു ഞാവല്‍പ്പഴം പോലെ തന്റെ ഹൃദയത്തിലേക്ക് പതിച്ച നയനമന്ദസ്മിതം. അതിനു ഞാവല്‍പ്പഴത്തെക്കാള്‍ കറയായിരുന്നു.

പലവട്ടം അലക്കിത്തിരുമ്മിയിട്ടും മനസ്സില്‍ എന്നും ആ മധുരക്കറ കൂടുതല്‍ തെളിമയോടെ  മായാന്‍ മടിച്ചു നിന്നു. സര്‍പ്പക്കാവിനടുത്തുള്ള ആഞ്ഞിലിമരത്തെ തഴുകുന്ന കുളിര്‍ക്കാറ്റില്‍ ചെമ്പരത്തി ഇട്ടു കാച്ചിയ എണ്ണയുടെയുടെയും മുല്ലപ്പൂവിന്റെയും ഗന്ധം കലരുന്ന നിമിഷം അറിയാതെ കണ്ണുകള്‍ തുറക്കപ്പെടും. സായന്തനസൂര്യനെ സാക്ഷി നിര്‍ത്തിയുള്ള ആ ചന്ദ്രോദയത്തില്‍ കുപ്പിവളക്കിലുക്കങ്ങള്‍ പശ്ചാത്തല സംഗീതമൊരുക്കും.

നനുത്ത വിരലുകള്‍ പൂണൂലിനെ ഉലയ്ക്കുമ്പോള്‍ കാവില്‍ നിന്നും ഉരഗങ്ങളുടെ ശീല്‍ക്കാരം ഉയര്‍ന്നു തുടങ്ങും.. അത് കേട്ട് ആല്‍മരങ്ങളില്‍ നിന്നും കലപില കൂട്ടി അസ്തമന സൂര്യന് പുതയ്ക്കാനുള്ള കരിമ്പടവുമായി അനേകം വവ്വാലുകള്‍ വിദൂരതയിലേക്ക് പറന്നു അപ്രത്യക്ഷമാവും. ചുവന്നു തുടുത്ത സൂര്യമുഖം താഴ്ന്നു താഴ്ന്നു താഴികക്കുടങ്ങള്‍ക്കിടയിലൂടെ കട്ട പിടിച്ച ഇരുളിന്റെ ശീതളിമ തേടി താഴേക്കുള്ള പ്രയാണം തുടങ്ങും.. 

പെട്ടെന്നായിരിക്കും ആ ശംഖനാദം ഉയരുക. ഒരു നിമിഷം.. എല്ലാം നിശ്ചലം...അതിന്റെ മാറ്റൊലിയില്‍  കുപ്പിവളക്കിലുക്കങ്ങള്‍ അലിഞ്ഞലിഞ്ഞു നിശബ്ദമാകും.
                                                                                        - ജോയ് ഗുരുവായൂര്‍

No comments:

Post a Comment