Friday, November 8, 2013

പ്രത്യാശകള്‍ മരിക്കുന്നില്ല


പ്രത്യാശകള്‍ മരിക്കുന്നില്ല
കൌണ്‍സല്ലിംഗ് കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ പ്രീതി രമേഷിന്റെ മുഖത്തേക്ക് അയാളറിയാതെ സൂക്ഷിച്ചു നോക്കി. പതിവിനു വിപരീതമായ ഒരു പ്രസന്നത രമേഷിന്റെ മുഖത്തു പരിലസിച്ചിരുന്നത് അവളുടെ മനസ്സില്‍ പ്രതീക്ഷയുടെ നാളങ്ങള്‍ കൊളുത്തി. കോഴിക്കോട് ബസ് സ്ടാണ്ടിലെ ഹോട്ടലില്‍ നിന്നും ലഘു ഭക്ഷണം കഴിച്ചു തൃശ്ശൂരിലേക്കുള്ള ബസ്സില്‍ അയാളോട് ചേര്‍ന്നിരുന്നു സംസാരിക്കുമ്പോഴും അയാള്‍ വിധേയനായ കൌണ്‍സല്ലിംഗിനെ കുറിച്ച് ഒരു വാക്ക് പോലും അവള്‍ അയാളോട് ചോദിച്ചില്ല. അത് പ്രതികൂലമായി അയാളുടെ വ്യക്തിത്വത്തെ ബാധിച്ചെങ്കിലോ എന്ന വേവലാതിയായിരുന്നു അവള്‍ക്ക്. എത്രയോ വിഫലങ്ങളായ കൌണ്‍സല്ലിംഗുകള്‍ അവള്‍ കണ്ടിരിക്കുന്നു. 'ഈശ്വരാ ഇതെങ്കിലും എന്റെ രമേശേട്ടന്റെ മനസ്സിനെ അനുകൂലമായി ബാധിക്കണേ'  എന്ന മൌന പ്രാര്‍ത്ഥനയില്‍, വിദൂരതയിലേക്ക് കണ്ണ് നട്ടെന്നോണം ചിന്താമഗ്നനായി ഇരുന്നിരുന്ന രമേഷിന്റെ ചുമലില്‍ തല ചായ്ച്ചു കൊണ്ട് കൊണ്ട് അവള്‍ ഇരുന്നു. സുപരിചിതമല്ലാത്ത വഴികളിലൂടെ ബസ്സ് നീങ്ങിക്കൊണ്ടിരുന്നു.
**********************************************
പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളില്‍ നിന്നും പത്താം ക്ലാസ് നല്ല മാര്‍ക്കോടെ ജയിച്ചു കലാലയ ജീവിതത്തിലേക്ക് ആദ്യമായി കാലുകുത്തിയ ദിവസം തന്നെ രമേശ്‌ തന്റെ ജീവിതത്തിലേക്ക് കടന്നു വരികയായിരുന്നു. രാഷ്ട്രീയ സംഘട്ടനത്തില്‍ പരിക്ക് പറ്റി ചോരയൊലിപ്പിക്കുന്ന മുഖവുമായി അന്ന് തന്റെ ക്ലാസ് റൂമിലേക്ക്‌ ഓടിക്കയറിയ രമേശ്‌, ക്ലാസിലെ അവസാന ബഞ്ചില്‍ ഇരുന്നിരുന്ന തന്റെ പുറകില്‍ ആണ് പ്രാണരക്ഷാര്‍ത്ഥം ഒളിച്ചിരുന്നത്‌. ഭയചകിതയായ താന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പിന്‍തുടര്‍ന്നു വന്നിരുന്ന  പ്രതിയോഗികള്‍ കാണാതിരിക്കാന്‍ രക്തം പുരണ്ട കൈകള്‍ കൊണ്ട് തന്റെ കൈകളില്‍ പിടിച്ചു വലിച്ചു ബലമായി ബഞ്ചില്‍ വലിച്ചിരുത്തി. ഒരു തരം അറപ്പും അമ്പരപ്പും അവജ്ഞയുമായിരുന്നു ആ ആദ്യ കൂടിക്കാഴ്ച്ച തന്നില്‍ ഉളവാക്കിയിരുന്നത്. ദയനീയവും നന്ദിപുരസരവുമായ വേദന കലര്‍ന്ന പുഞ്ചിരിയോടെ അയാള്‍ അവിടെ നിന്നും ഓടിപ്പോയപ്പോള്‍ നിസ്സംഗമായി നോക്കി നിന്നത് ഓര്‍ക്കുന്നു.

പിന്നീട് എല്ലാ ദിവസവും രമേശ്‌ തന്നെ കാണാന്‍ ശ്രമിച്ചു. ആദ്യമാദ്യമുണ്ടായിരുന്ന ഭീതിയും വെറുപ്പും വഴിയെ പ്രണയത്തിലേക്ക് വഴിമാറി. ഒരു ദിവസം കണ്ടില്ലെങ്കില്‍ ആ ദിവസം അപൂര്‍ണ്ണമാണ് എന്ന തോന്നല്‍. ആയിടയ്ക്കാണ് കോളേജ് മാഗസിന്‍ എഡിറ്റര്‍ ആയി രമേശ്‌ ഇലക്ഷനില്‍ ജയിക്കുന്നത്. തന്റെ ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന കവയിത്രിയെ ഉണര്‍ത്തിയതും രമേശായിരുന്നു. ദിവസവും കുറിക്കുന്ന പ്രണയ കവിതകള്‍ സമയം കിട്ടുമ്പോഴൊക്കെ ആരും കാണാതെ വായിച്ചു രസിക്കല്‍ ആയിരുന്നു തങ്ങളുടെ വിനോദം. എന്നാല്‍ അനസ്യൂതം തുടര്‍ന്ന് കൊണ്ടിരുന്ന രമേഷിന്റെ അക്രമോത്സുകമായ രാഷ്ട്രീയപ്രവര്‍ത്തനവും റാഗിംഗ് തുടങ്ങിയ കൃസൃതികളും  അതൊക്കെ യുവാക്കള്‍ക്ക് ചേര്‍ന്ന ധീരപ്രവര്‍ത്തികള്‍ ആയി മാത്രമേ അപ്പോള്‍ തനിക്കു കാണാനായിരുന്നുള്ളൂ. ജീവിതത്തില്‍ ആദ്യമായി ഒരു ആണ്‍കുട്ടിയുമായി ഉണ്ടായ അടുപ്പത്തില്‍ താന്‍ സ്വയം മറക്കുകയായിരുന്നു.  ജീവിതത്തില്‍ ഒരിക്കലും പ്രണയസുഖം  അനുഭവിക്കാത്തവര്‍ ആദ്യപ്രണയത്തില്‍ അന്ധരായിരിക്കും. വ്യത്യസ്ത ജാതിക്കാരായ ഞങ്ങള്‍ നാട്ടുകാരെയും വീട്ടുകാരെയും വെറുപ്പിച്ചു രെജിസ്ടര്‍ വിവാഹം വഴി ഒന്നായപ്പോള്‍ ഏക മകളായ തന്നെ പൊന്നു പോലെ സംരക്ഷിച്ച മാതാപിതാക്കളുടെ വിലാപങ്ങള്‍ പോലും രമേഷിലുള്ള ആത്മവിശ്വാസത്തിന്റെ മുന്നില്‍ തനിക്കു അനുഭവവേദ്യമായില്ല.    

വിവാഹം കഴിഞ്ഞു കൂട്ടുകാരുടെ സഹായത്തോടെ ഒരു വീട് വാടകക്കെടുത്തു താമസം തുടങ്ങി. അത് സ്വപ്നതുല്യമായ ജീവിതം തന്നെയായിരുന്നു. രമേഷിന് യാതൊരു വിധത്തിലും ഉള്ള ന്യൂനതകളും തനിക്കു തോന്നിയിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം രമേശ്‌ കൂട്ടുകാര്‍ക്കുള്ള വിരുന്നു നല്‍കാന്‍ ഉള്ള ഒരുക്കത്തില്‍ ഒരു പാട് സാധനങ്ങള്‍ എല്ലാമായി വീട്ടില്‍ വന്നു. "നമ്മുടെ വിവാഹത്തിന്റെ പാര്‍ട്ടി  ആണ് ഇന്ന്. വലിയ നേതാക്കന്മാര്‍ ഒക്കെ വരും . അല്‍പ്പസ്വല്‍പ്പം മദ്യം ഒക്കെ എല്ലാവരും കഴിക്കും. എന്റെ പൊന്ന് മുഖം വീര്‍പ്പിച്ചു എല്ലാം കുളമാക്കല്ലേ പ്ലീസ്. ഇന്നത്തേക്ക് മാത്രം നീ ഒന്ന് ക്ഷമിക്കണം". എന്നുള്ള ഒരു അപേക്ഷയും. മദ്യത്തിന്റെ മണം എന്തെന്ന് വരെ ശരിക്ക് നിശ്ചയമില്ലാതിരുന്ന താന്‍ പാര്‍ട്ടി കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയ ആ രാത്രിയില്‍ ഞെട്ടിക്കുന്ന ആ സത്യം അറിഞ്ഞു. രമേശന്‍ ഒരു സ്ഥിരം മദ്യപാനിയായിരുന്നു എന്നും, അത് വരെ കിടക്കറ  പങ്കിടുമ്പോഴൊക്കെ രമേഷിന്റെ വായില്‍ നിന്നും ഒഴുകിയിരുന്ന ഗന്ധം മദ്യത്തിന്റെതായിരുന്നു എന്ന നഗ്നസത്യവും! കൂട്ടുകാരോടൊത്ത് പാന്‍ മസാല കഴിക്കുന്നതിന്റെ ഗന്ധമാണ് അതെന്നു തന്നെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയായിരുന്നു രമേശ്‌ അത് വരെ. ഹൃദയം തകര്‍ന്നു പോയ നിമിഷം.

അന്ന് താന്‍ ഒന്നും അതിനെക്കുറിച്ച് ആരാഞ്ഞില്ല. പിറ്റേ ദിവസവും ഇത് ആവര്‍ത്തിച്ചപ്പോള്‍ താന്‍ ചോദിച്ചു. "രമേശ്‌.. രമേഷിനെ മാത്രം വിശ്വസിച്ചു കൊണ്ട് ഇറങ്ങി വന്നവളാണ് ഞാന്‍. രമേശ്‌ ഇങ്ങനെ കുടിച്ചാല്‍ നമുക്ക് എന്താണ് ഒരു ഭാവിയുള്ളത്?" ഇത് കേട്ട വഴി രമേശ്‌ പറഞ്ഞ തര്‍ക്കുത്തരത്തില്‍ മനസ്സില്‍ ആദ്യ വെള്ളിടി മുഴങ്ങി. പിന്നെ പിന്നെ ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടിയ രീതിയില്‍ എന്നും കുപ്പി വാങ്ങിക്കൊണ്ടു വന്നു വീട്ടിലിരുന്നുള്ള കുടിയായി. മനസ്സില്‍ ദൈവസമാനമായി കുടിയിരുത്തിയിരുന്ന രമേശ്‌ എന്ന വ്യക്തിത്വത്തിനു അനുദിനം പോറല്‍ എറ്റു തുടങ്ങി. സ്നേഹസമാധാനപരമായ  ജീവിതത്തില്‍ കല്ല്‌ കടികള്‍ തുടങ്ങി. പ്രത്യേകിച്ച് ജോലികള്‍ ഒന്നും ഇല്ലാതിരുന്ന രമേശ്‌ തന്റെ ആഭരണങ്ങള്‍ പണയം വച്ച് ചിലവുകളും ധൂര്‍ത്തും ചെയ്യാന്‍ തുടങ്ങി. വേവലാതികള്‍ മാത്രം ഉള്ള ജീവിതമായിരുന്നു പിന്നത്തേത്. ജീവിക്കാന്‍ നിവൃത്തിയില്ലാതെ ടൌണിലെ ഒരു ജൌളിക്കടയില്‍ ക്ലാര്‍ക്ക് ആയി താന്‍ ജോലിക്ക് നിന്നു. എന്നാല്‍ രമേഷിന് അതൊന്നും ഒരു മാനക്കേടായി തോന്നിയില്ല. കടയില്‍ വരുന്ന തന്റെ ബന്ധുക്കാരെ കാണുമ്പോള്‍ താന്‍ അനുഭവിച്ചിരുന്ന മാനസീക സംഘര്‍ഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തത് തന്നെ.

ഒരു ദിവസം മദ്യപിച്ചു വന്ന രമേഷിന്റെ വിലക്കിനെ മറി കടന്നു ജോലിക്ക് പോയ തന്നില്‍ സംശയത്തിന്റെ കരിനിഴല്‍ ആരോപിച്ചു കൊണ്ട് രമേശ്‌ തന്നെ വഴക്ക് പറഞ്ഞ നിമിഷം മനസ്സില്‍ പ്രതിഷ്ടിച്ച രമേശ്‌ എന്ന വ്യക്തിത്വത്തിന്റെ മരണം വാസ്തവത്തില്‍ സംഭവിക്കുകയായിരുന്നു.   ഇനി ഒരു പ്രതീക്ഷയും ബാക്കിയില്ല എന്ന ബോധത്തില്‍ താനും രമേഷിനെ വിമര്‍ശിച്ചു സംസാരിക്കാന്‍ തുടങ്ങി. ചോദിക്കുമ്പോഴൊക്കെ പൈസ കൊടുക്കാതിരുന്നപ്പോള്‍ രമേശ്‌ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകി പൈസ സമ്പാദിക്കാന്‍ തുടങ്ങി. എന്നും രാത്രി വരുമ്പോള്‍ ആരെങ്കിലുമൊക്കെ ഉണ്ടാവും കൂട്ടത്തില്‍. കൂലിത്തല്ലും മറ്റും പ്ലാന്‍ ചെയ്യല്‍ ആയിരിക്കും മിക്കവാറും ദിവസങ്ങളില്‍. ചില ദിവസങ്ങളില്‍ ചോറും വിളമ്പി കാത്തിരുന്നിട്ടും വീട്ടില്‍ രമേശ്‌ എത്താതായി. ജീവിതം നരകതുല്ല്യം ആയി. ആത്മഹത്യയെ കുറിച്ച് കാര്യമായി ചിന്തിക്കാന്‍ തുടങ്ങിയ ദിവസങ്ങളില്‍ ഒരു ദിവസം അതിരാവിലെ കാലില്‍ എന്തോ ചുറ്റി വരിഞ്ഞിരിക്കുന്നത് പോലെ തോന്നി താന്‍ ഞെട്ടിയുണര്‍ന്നു. കണ്ണുകളെ വിശ്വസിക്കാനായില്ല. തന്റെ പാദങ്ങള്‍ പുണര്‍ന്നു കൊണ്ട് രമേശ്‌ കരയുന്നു. തലേ രാത്രിയില്‍ രമേശ്‌ നന്നായി കുടിച്ചിരുന്നു.

"മോളെ ഇനി ഞാന്‍ നിന്നെ ഒരിക്കലും കഷ്ടപ്പെടുത്തില്ല.  നമുക്ക് ഒരു മാനസീക രോഗ ഡോക്റ്ററെ കാണാന്‍ പോകാം. എനിക്ക് എന്റെ മുകളിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതായി ഞാന്‍ മനസ്സിലാക്കുന്നു. ഇതേ വരെ ഞാന്‍ ചെയ്ത എല്ലാ തെറ്റുകള്‍ക്കും ഇതാ ഞാന്‍ മാപ്പ് ചോദിക്കുന്നു. എന്റെ മോള്‍ എന്നോട് ക്ഷമിക്കില്ല്യെ? എന്റെ മോള്‍ ക്ഷമിച്ചില്ലെങ്കില്‍ പിന്നെ എനിക്ക് വേറെ ആരും ഇല്ല്യ. പറയൂ ക്ഷമിച്ചു എന്നൊരു വാക്ക്.."  ആ ഒരു നിമിഷത്തില്‍ എല്ലാം അലിഞ്ഞു പോയി. രമേഷിന്റെ മുഖം എടുത്തു മടിയില്‍ വച്ച് മുടിയില്‍ തലോടുമ്പോള്‍ തന്റെ കണ്ണുനീര്‍ ധാരധാരയായി വീണു ആ മുടി നനച്ചു. ആ നെറ്റിയില്‍ ഒരു ചുംബനം കൂടി നല്‍കിയപ്പോള്‍ രമേഷിന്റെ മുഖം പ്രസന്നമായി. അന്ന് തന്നെ ഒരു ഡോക്റ്ററെ കണ്ടു കൌണ്‍സല്ലിംഗ് നടത്തി ഒരു പുതിയ മനുഷ്യനായി വീട്ടിലേക്കു വരുന്ന വഴി രമേശ്‌ തന്നെ മുന്‍ക്കയ്യെടുത്തു വീട്ടിലേക്കുള്ള പച്ചക്കറികളും മറ്റും വാങ്ങിയപ്പോള്‍ താന്‍ എത്രയോ സന്തോഷിച്ചു.

എന്നാല്‍ ആ സന്തോഷം അധികകാലം നീണ്ടു നിന്നില്ല. കാലക്രമേണ വീണ്ടും രമേശ്‌ പഴയ വഴികളിലേക്ക് തിരിച്ചു പോയി. അതിനിടയില്‍ താന്‍ ഗര്‍ഭിണിയായി. അപ്പോള്‍ ഗര്‍ഭചിദ്രം ചെയ്യാന്‍ വേണ്ടി രമേശ്‌ തന്നെ നിര്‍ബന്ധിപ്പിച്ചു. എന്നാല്‍ താന്‍ ശക്തമായി അതിനെതിരെ നിലകൊണ്ടു. ഒരു മകള്‍ തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നു. അയല്‍വീട്ടുകാരിയായ രാധ ചേച്ചിയുടെ സഹായം അന്ന് ആരോരുമില്ലാത്ത തനിക്കു തുണയായി. പ്രസവത്തിനും പ്രസവാനന്തരക്രിയകള്‍ക്കും അവര്‍ ചെയ്ത വ്യക്തിപരമായും സാമ്പത്തീകവും (അവരുടെ ഭര്‍ത്താവ് അറിയാതെ) ആയ സഹായങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധ്യമല്ല. അതിന്റെ പേരില്‍ അവര്‍ക്കെതിരെ വിമര്‍ശനങ്ങളുമായി രമേശ്‌ കടന്നു വന്നപ്പോള്‍ ശരിക്കും മനസ്സ് തകര്‍ന്നു പോയി. അച്ഛനമ്മമാരെയും ബന്ധുക്കളെയും ഒക്കെ വെറുപ്പിച്ചതില്‍ പശ്ചാത്താപം തോന്നി. അവരുടെ സ്നേഹവാത്സല്ല്യത്തില്‍ ഒരു രാജകുമാരിയെ പോലെ കഴിയേണ്ടിയിരുന്ന താന്‍ ഇന്ന് ഭിക്ഷക്കാരേക്കാള്‍ ദയനീയമായ നിലയില്‍ എത്തിയതോര്‍ത്തു കുറെ വിലപിച്ചു.  കരയാന്‍ കണ്ണുനീര് പോലും ഇല്ലാത്ത അവസ്ഥയില്‍ താന്‍ ഉഴറി.

വീണ്ടും പലതവണ പശ്ചാത്താപവിവശനായി രമേശ്‌ തന്നെ സമീപിക്കുമായിരുന്നപ്പോഴൊക്കെ പ്രതീക്ഷയുടെ വെള്ളി വെളിച്ചം തന്നില്‍ ഉദിക്കുമായിരുന്നു. എന്നാല്‍ മാനസീകമായി മരണം സംഭവിച്ച ആ വ്യക്തിത്വത്തിന് വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ഒരിക്കലും സാധിച്ചില്ല. ഇന്നിതാ വീണ്ടും ഒരു അഗ്നിപരീക്ഷയുടെ ഭാഗമായി ഞങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്യുന്നു. അലക്ഷ്യമായി എവിടെക്കെന്നില്ലാതെ  മിഴി നട്ടു കൊണ്ട് ഇരുന്നിരുന്ന രമേഷിന്റെ നീട്ടി വളര്‍ത്തിയ മുടി കാറ്റില്‍ പറന്നു തന്റെ മുഖത്തടിച്ചു കൊണ്ടിരുന്നത് ഒരു സ്നേഹസാന്ത്വനം പോലെ അവള്‍ക്കു തോന്നി.     
************************************************
ര്ര്‍ണിംഗ് ര്ര്‍ണിംഗ്..
മുറ്റത്തു കളിച്ചു കൊണ്ടിരുന്ന മൂന്നു വയസ്സുകാരിയായ അമ്മൂട്ടി പത്രക്കാരന്‍ ഗേറ്റില്‍ നിന്നും അകത്തേക്ക് എറിഞ്ഞ പത്രത്തിനായി ഓടി. എന്നും പത്രം അവള്‍ക്കു തന്നെ എടുക്കണം എന്ന ഒരു വാശിയാണ് അമ്മൂട്ടിക്ക്. പത്രം എടുത്ത അമ്മൂട്ടിയുടെ മുഖം അതിശയം കൊണ്ട് വിടര്‍ന്നു.

"അമ്മേ.. അമ്മേ.. ദേ അച്ഛന്റെ ഫോട്ടോ ഇതില്‍..! "അടുക്കളയില്‍ ചായ അനത്തിക്കൊണ്ടിരുന്ന പ്രീതി പുറത്തേക്ക് ഓടി വന്നു പത്രം വാങ്ങി നോക്കി.

"ഈ വര്‍ഷത്തെ മികച്ച സിനിമാ കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് 'ഋതുഭേദങ്ങള്‍' എന്ന സിനിമക്ക് വേണ്ടി കഥ രചിച്ച ശ്രീ. രമേശ്‌ കൃഷ്ണന്"

ശീതീകരിച്ച മുറിയില്‍ സുഖസുഷുപ്തിയിലായിരുന്ന രമേഷിനെ കുലുക്കിയുണര്‍ത്തിക്കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കാന്‍ ശ്രമിച്ച അവളെ അവന്‍ തന്റെ മാറിലേക്ക്‌ വലിച്ചു ചേര്‍ത്തു പുതപ്പിനുള്ളിലാക്കി ആലിംഗനം ചെയ്തു.
ദൂരെയെങ്ങോ നിന്നും നേരം വൈകിയുണര്‍ന്ന ഒരു പൂവന്‍ കോഴിയുടെ കൂവല്‍ ജനലിലൂടെ ഒഴുകി വരുന്നുണ്ടായിരുന്നു. 
                                                                                               - ജോയ് ഗുരുവായൂര്‍

No comments:

Post a Comment