Friday, November 8, 2013

മരിക്കാത്ത മോഹങ്ങള്‍


വ്യാഴത്തില്‍ നിന്നും ചന്ദ്രനിലേക്കുള്ള സ്പേസ് കാര്‍ പുറപ്പെടാന്‍ മൂന്നു മിനിറ്റ് വൈകും. ജോനാഥന്‍ ചെസ്ലോക് അസ്വസ്ഥനായി സ്പേസ് സ്റ്റേഷന്‍റെ ലോഞ്ചിംഗ് പ്ലാട്ഫോര്‍മിലെ പാസഞ്ചര്‍ ലോബിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി. കോട്ടിന്‍റെ പോക്കറ്റില്‍ നിന്നും ഒരു ചെറിയ പ്ലാസ്റ്റിക്‌ പേടകം എടുത്തു തുറന്ന് ആവശ്യത്തിനുള്ള വിറ്റാമിന്‍ ഗുളികകള്‍ ഉണ്ടോ എന്ന് അയാള്‍ ഉറപ്പു വരുത്തി.

ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ ഏകദേശം വൈകീട്ട് ഏഴു മണി കഴിഞ്ഞു എട്ടു മിനിട്ടും ഒമ്പത് സെക്കന്റും. നീണ്ട യാത്രയുടെ ഫലമായി ആന്തരാവയങ്ങള്‍ക്ക് സംഭവിച്ച അസ്വസ്ഥത ജോനാഥന്‍റെ മുഖത്തു നിഴലിച്ചിരുന്നു. സ്പേസ് സ്റ്റേഷനിലെ ഡോക്റ്റര്‍മാര്‍ എല്ലാ യാത്രക്കാരെയും വാതാനുകൂലിത ചേമ്പറിലേക്ക് നയിച്ച്‌ ഇന്‍ജക്ഷനും ചില മരുന്നുകളും കൊടുത്ത് നിശ്ചിത സമയം ഉറങ്ങാന്‍ നിര്‍ദ്ദേശം നല്‍കി. കാലാവസ്ഥാവ്യതിയാനത്തോട് ശരീരത്തെ സംയോജിപ്പിക്കാനുള്ള പ്രതിവിധികള്‍.

പുലര്‍ച്ച മൂന്ന് മണി കഴിഞ്ഞു രണ്ടു മിനിട്ട് ഒരു സെക്കന്റിനു ഭൂമിയിലെ ഫ്രഞ്ച് ഗയാനക്ക് പുറപ്പെടുന്ന സ്പേസ് ബസ്സില്‍ ഇരിക്കുമ്പോള്‍ ജോനാഥന്‍റെ മനസ്സില്‍ ചിന്തകളുടെ വേലിയേറ്റം ഉണ്ടായി. തന്‍റെ മകള്‍ എലീന തന്നെ സ്വീകരിക്കാന്‍ സ്പേസ് സ്റ്റേഷനില്‍ ഉണ്ടാവും. പത്തു വര്‍ഷത്തിനു ശേഷം ഉള്ള കണ്ടു മുട്ടല്‍. ദിവസവും കോസ്മോ ചാറ്റ് നടത്താറുണ്ടെങ്കിലും നേരിട്ട് കാണുമ്പോള്‍ ഉള്ള പ്രത്യേകത അളവറ്റതാണല്ലോ. ആറു വര്‍ഷം മുമ്പുണ്ടായ സ്പേസ് കാര്‍ അപകടത്തില്‍ അവളുടെ അമ്മ മിഷേല്‍ വേര്‍പ്പിരിഞ്ഞു പോകുമ്പോള്‍ അവള്‍ക്കു വയസ്സ് പത്തായിരുന്നൂ. ടൌഗ്ലാസ് സ്പേസ് റിസര്‍ച്ച് സെന്ററിലെ ജൂനിയര്‍ ഗവേഷകയായി ജോലി ചെയ്യുകയായിരുന്നു അപ്പോള്‍ എലീന. ഇപ്പോള്‍ അവിടത്തെ സീ.ഇ.ഓ ആണവള്‍. ഈ പ്രാവശ്യം എന്തായാലും അവളെ ഒരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കണം. വിവാഹം എന്ന സംഭവം പഴഞ്ചന്‍ തലമുറയിലെ അനാചാരമായി ലോകം അവഹേളിച്ചു തള്ളുന്നുണ്ടെങ്കിലും തന്‍റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ഒരു പേരക്കുട്ടിയെ ലാളിക്കാനുള്ള തന്‍റെ ഉള്ളിന്‍റെ ഉള്ളിലെ അടങ്ങാമോഹം പൂവണിയിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗമില്ലല്ലോ. ശരാശരി മനുഷ്യായുസ്സ് മുപ്പത്തി അഞ്ചു വയസ്സ് എന്ന് ഇന്നലെ കണ്ട ഇ-ന്യൂസിലെ സര്‍വെയില്‍ താന്‍ ശ്രദ്ധിച്ചതാണ്. അപ്പോള്‍ കുഴിയിലേക്ക് കാലു നീട്ടിയിരിക്കുന്നവരുടെ ഗണത്തില്‍ ഈ മുപ്പത്തി രണ്ടു വയസ്സായ ജോനാഥന്‍ എന്ന താനും.

പെട്ടെന്നാണ് ജോനാഥന്‍ സ്പേസ് ബസ്സിനകത്തെ മോണിറ്ററില്‍ രേഖപ്പെടുത്തി കൊണ്ടിരിക്കുന്ന വിവരങ്ങള്‍ ശ്രദ്ധിച്ചത്. ചിന്തകള്‍ക്കിടയില്‍ എപ്പോഴോ പേടകം ഭൂമിയിലേക്കുള്ള പ്രയാണം തുടങ്ങിയിരിക്കുന്നു. ഭൂമിയിലേക്കുള്ള ശേഷിച്ച ദൂരം, അവിടത്തെ കാലാവസ്ഥ, താമസിക്കാനുള്ള റിസോര്‍ട്ടുകളുടെ വിവരണങ്ങള്‍, സെല്‍ഫ് ഡ്രൈവിംഗ് എയര്‍ കാപ്സ്യൂളുകള്‍ വാടകയ്ക്ക് കിട്ടുന്ന കമ്പനികളുടെ വിവരങ്ങള്‍, ഇത്യാദി കാര്യങ്ങളൊക്കെ തെളിഞ്ഞു വന്നു കൊണ്ടിരുന്നത് നിസ്സംഗതയോടെ ജോനാഥന്‍ നോക്കി ഇരുന്നു.

വീണ്ടും എലീനയുടെ മുഖം മനസ്സിലെ കണ്ണാടിയില്‍. വിവാഹം കഴിച്ചു മൂന്നു മാസം ഒരു കുട്ടിയെ ഉദരത്തിലിട്ടു വളര്‍ത്തി പ്രസവിക്കാന്‍ അവള്‍ക്കു വിമുഖത. കിഡ്സ്‌ കെയര്‍ സെന്ററുകളില്‍ പാലിക്കപ്പെടുന്ന അനേക ലക്ഷം എക്സ്പെല്‍ഡ് ചില്‍ട്രന്‍സില്‍ നിന്നും പറ്റിയൊരെണ്ണത്തിനെ എടുത്തു മകന്‍ അല്ലെങ്കില്‍ മകള്‍ എന്ന ഒരു ബാന്നറും കൊടുത്ത് വളര്‍ത്തിയാല്‍ പോരേ എന്നവള്‍ രണ്ടു ദിവസം മുമ്പ് കോസ്മോ ചാറ്റിനിടയില്‍ ചോദിച്ചപ്പോള്‍ താന്‍ അവളോട്‌ കയര്‍ത്തത്‌ അവള്‍ മറന്നിരിക്കുമോ? ഈ പതിനാറു വര്‍ഷത്തിനിടയില്‍ അവള്‍ അച്ഛനമ്മമാരോടൊപ്പം ജീവിച്ചത് അഞ്ചോ ആറോ വര്‍ഷങ്ങള്‍ മാത്രം. എട്ടാം വയസ്സില്‍ സ്പേസ് എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ഹോസ്റ്റലില്‍ നിന്ന് അവള്‍ പുറത്തിറങ്ങി ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് മിഷേല്‍ വ്യാഴത്തില്‍ ജോലി ചെയ്തിരുന്ന തന്നോടൊത്ത് വസിക്കാനായി അവിടേക്ക് പുറപ്പെടുന്നത്. മൂന്നു വര്‍ഷം കഴിഞ്ഞു മകളെ കാണാനുള്ള അടങ്ങാത്ത ആഗ്രഹവുമായി ഭൂമിയിലേക്ക്‌ പുറപ്പെട്ട മിഷേല്‍ സഞ്ചരിച്ചിരുന്ന സ്പേസ് കാര്‍ അപകടത്തില്‍ പെടുകയായിരുന്നൂ. ഗ്രഹങ്ങളേയും ഉപഗ്രഹങ്ങളെയും വലയം ചെയ്തു കൊണ്ടിരിക്കുന്ന ബഹിരാകാശ ധൂളികളിലെ ഒരു അംശമായി അവളുടെ ചേതനയറ്റ ശരീരം ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നുണ്ടാവും എന്ന മനസ്സെരിച്ചില്‍ അയാളുടെ കണ്ണില്‍ നിന്നും ഉഗ്രതാപമുള്ള ഒരു തുള്ളി കണ്ണുനീര്‍ നെഞ്ചിലേക്ക് ഇറ്റി വീഴാന്‍ കാരണമാക്കി. മിഷേലിനെ അത്രമേല്‍ സ്നേഹിച്ചിരുന്നു ജോനാഥന്‍. തൊണ്ട വരണ്ടപ്പോള്‍ അയാള്‍ കീശയില്‍ നിന്നും ഒരു ഹയ്ഡ്രെറ്റിംഗ് കാപ്സൂള്‍ എടുത്തു വിഴുങ്ങി.

ഫ്രഞ്ച് ഗയാനയിലെ ലോഞ്ചിംഗ് പാഡില്‍ പേടകം ലാന്‍ഡ് ചെയ്തപ്പോഴുണ്ടായ ചെറിയൊരനക്കം ജോനാഥന് സ്ഥലകാലബോധം ഉണ്ടാക്കി. പാസഞ്ചര്‍ കെയര്‍ യൂണിറ്റിന്‍റെ പരിചരണം ഒക്കെ കഴിഞ്ഞു പുറത്തിറങ്ങിയ ജോനാഥന്‍റെ മുഖം സൂര്യകിരങ്ങളേറ്റ മഞ്ഞു കട്ട പോലെ തിളങ്ങി. ശൈത്യകാലം ആയതിനാല്‍ അന്തരീക്ഷ ഊഷ്മാവ് തൊണ്ണൂറ്റി രണ്ടേ ഉണ്ടായിരുന്നുള്ളൂ. അവിടെ ഒഴുകിയെത്തിയ ശീതക്കാറ്റില്‍ വാര്‍ദ്ധക്യം ബാധിച്ച ശരീരം വിറങ്ങലിക്കുന്നത് പോലെ തോന്നിയെങ്കിലും രക്തം രക്തത്തെ തിരയുന്ന തിരക്കില്‍ അതൊന്നും അദ്ദേഹം ഗൌനിച്ചില്ല. അതാ ദൂരെ നിന്നും കൊലുന്നനെ യുള്ള ഒരു പെണ്‍കുട്ടി മന്ദസ്മിതം തൂകിക്കൊണ്ട് സമീപത്തേക്ക് വരുന്നൂ.

"ഹായ് ഡാഡ്...." എലീന ഓടി വന്നു തന്‍റെ അച്ഛനെ കെട്ടിപ്പുണര്‍ന്നു. സന്തോഷവാത്സല്ല്യാതിരേകത്താല്‍ ജോനാഥന്‍റെ കണ്ണ് നിറഞ്ഞു. കുശലപ്രശ്നങ്ങള്‍ക്ക് ശേഷം അവള്‍ അയാളെ എയര്‍ കാപ്സ്യൂളുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ചുവപ്പും വെള്ളയും പച്ചയും ഇടകലര്‍ന്ന നിറങ്ങള്‍ കൊണ്ട് പെയിന്റു ചെയ്ത, സൌരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന തന്‍റെ എയര്‍ കാപ്സ്യൂള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് അവള്‍ പറഞ്ഞു. "ഡാഡ്.. സീ മൈ കാപ്സ്യൂള്‍.. ഐ ഗോട്ട് ഇറ്റ്‌ ഇന്‍ ലാസ്റ്റ് വീക്ക്‌ ഒണ്‍ലി"

രണ്ടു പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ഒരു കൊച്ചു ആകാശയാനം. റോഡിലൂടെ ഓടുന്ന വാഹനങ്ങള്‍ എല്ലാം തുലോം കുറവായിരിക്കുന്നൂ എന്ന് മാത്രമല്ല പെട്രോളിയത്തിന്‍റെ അസുലഭത മൂലം പുതിയതായി വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഒരു വ്യവസായശാലയും മിനക്കെടുന്നുമില്ല.

"ഇറ്റ്സ് വെരി നൈസ് മൈ ഡോള്‍.. ലെറ്റ്സ് ഗോ". വാഹനത്തില്‍ ഇരുന്ന് സീറ്റ് ബെല്‍റ്റ്‌ ധരിക്കവേ ജോനാഥന്‍ ഇത് പറഞ്ഞതോടെ എലീന നിയന്ത്രിക്കുന്ന കൊച്ചു പേടകം ആകാശത്തിലെക്കുയര്‍ന്നു പൊന്തി. ഏകദേശം ആയിരം അടി മുകളിലൂടെ അവര്‍ എലീനയുടെ വാസസ്ഥലം ലക്ഷ്യമാക്കി നീങ്ങി. താഴെയുള്ള ദൃശ്യങ്ങളില്‍ ഏറെയും വെള്ളം തന്നെ. ഗ്ലോബല്‍ വാര്‍മിംഗ് അധികരിച്ചതിന്‍റെ ഫലമായി ഇപ്പോള്‍ ഭൂമിയുടെ തൊണ്ണൂറു ശതമാനവും വെള്ളത്തിനടിയില്‍ ആയിരിക്കുന്നൂ. ജനം പുതിയ ഗ്രഹങ്ങള്‍ തേടിപ്പോയി താമസം ഉറപ്പിച്ചു തുടങ്ങിയിരിക്കുന്നൂ. ജോനാഥന്‍റെ ചിന്തകള്‍ തന്‍റെ ശൈശവത്തിലേക്ക് ഊളയിട്ടു. തന്‍റെ മുത്തച്ഛന്‍ 'ഗാരി ചെസ്ലോക്' തന്നെ മടിയിലിരുത്തി പറഞ്ഞു തന്നിരുന്ന കഥകള്‍ തന്‍റെ മകള്‍ക്കായി അയാള്‍ പറയാന്‍ തുടങ്ങി.

അദ്ദേഹത്തിന്‍റെ മുത്തച്ഛന്‍റെയും മുത്തച്ഛന്‍റെ കാലത്ത് ഗ്ലോബല്‍ വാര്‍മിംഗ് എന്ന പ്രതിഭാസത്തെ കുറിച്ച് കേട്ട് കേള്‍വി മാത്രമേ ഉണ്ടായിരുന്നുള്ളൂ പോലും! അന്തരീക്ഷ താപം നാല്‍പ്പതു ഡിഗ്രിയില്‍ കൂടുതല്‍ അനുഭവപ്പെടാറുമില്ല. ശീതകാലത്ത് താപമാനം മൂന്ന് ഡിഗ്രീ വരെയൊക്കെ എത്തും. എന്നിട്ട് കൂടി അവര്‍ തണുപ്പിനെ ചെറുക്കാന്‍ ഒരു ഷോള്‍ അല്ലാതെ മറ്റൊന്നും ധരിച്ചിരുന്നും ഇല്ലത്രെ.

"മൈ ഗോഡ്.. വാസ് ഇറ്റ്‌?" അത്ഭുതം കൂറി എലീനയിത് ചോദിച്ചപ്പോള്‍ ജോനാഥന്‍ ഒരു മന്ദസ്മിതത്തോടെ അതെ എന്ന് തല കുലുക്കി. വീണ്ടും ആ കഥകള്‍ തുടരുക എന്ന് അവള്‍ അപേക്ഷിച്ചതനുസരിച്ചു അയാള്‍ വീണ്ടും മനസ്സിനെ നൂറ്റാണ്ടുകള്‍ക്കു പുറകിലെ കേട്ടറിഞ്ഞ സംഭവ കഥകളിലേക്ക് പായിച്ചു.

അക്കാലത്തൊക്കെ ഒരു മനുഷ്യന്‍റെ ശരാശരി ആയുസ്സ് എഴുപതു മുതല്‍ എഴുപത്തി അഞ്ചു വരെയായിരുന്നൂ. അത് കേട്ട് അത്ഭുതം കൊണ്ട് എലീനയുടെ കണ്ണുകള്‍ വികസിച്ചു. ജോനാഥന്‍ തുടര്‍ന്നു.

വിദ്യാഭ്യാസവിപ്ലവത്തിന്‍റെ ദൂഷ്യഫലം എന്ന പോലെ മനുഷ്യമനസ്സുകള്‍ പ്രകൃതി നിയമങ്ങള്‍ക്കു വിരുദ്ധമായ ഉല്‍പ്പാദനരീതികളിലേക്ക് തിരിഞ്ഞു. നിബിഡമായ വനങ്ങള്‍ എല്ലാം വെട്ടി നശിപ്പിച്ചും വെള്ളക്കെട്ടുകള്‍ നികത്തിയും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ത്തി. തലങ്ങും വിലങ്ങും ശബ്ദമുയര്‍ത്തിപ്പാഞ്ഞ മോട്ടോര്‍ വാഹനങ്ങളും ഖനനം ചെയ്ത കല്‍ക്കരിയും പെട്രോളിയവും നാഫ്തയും ഒക്കെ എരിയിച്ച്‌ പ്രവര്‍ത്തിക്കുന്ന വ്യവസായശാലകളും അസംഖ്യം ശീതീകരിണികളും പുറത്തു വിട്ട കരിയും പുകയും കാഡ്മിയവും കാര്‍ബണ്‍ ഡൈ ഓക്സൈഡും ക്ലോറോഫ്ലൂറോ കാര്‍ബണും ഒക്കെ കാലക്രമേണ അന്തരീക്ഷത്തിനു മാത്രമല്ല മനുഷ്യന്‍റെ ജനിതകഘടനയിലും അധോഗമനമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. രോഗങ്ങളെ കൊണ്ടും ജനിതകവൈകല്യങ്ങളെ കൊണ്ടും മനുഷ്യകുലം നരകിക്കാന്‍ തുടങ്ങി. മനുഷ്യന്‍റെ ആയുസ്സ് കുറഞ്ഞു വരുന്നതോടൊപ്പം അന്തരീക്ഷത്തിലെ താപവും ഉയരാന്‍ തുടങ്ങി. ഖനനം അഹോരാത്രം തുടര്‍ന്നപ്പോള്‍ ഭൂമിക്കടിയില്‍ ഉള്ള പെട്രോളിയം സിംഹഭാഗവും തീര്‍ന്നു. അപ്പോള്‍ മനുഷ്യന്‍ അണുശക്തിയിലൂടെ ഊര്‍ജം ഉല്‍പ്പാദിപ്പിച്ചു തുടങ്ങി. ആറ്റങ്ങളുടെ വിഘടനവും സംയോജനവും നടക്കുമ്പോള്‍ വമിക്കുന്ന അതിഭയങ്കരമായ ഊര്‍ജത്തിനെ അവര്‍ തടയണ കെട്ടി തങ്ങള്‍ക്കു വഴങ്ങിക്കാന്‍ ഉള്ള ശ്രമങ്ങള്‍ക്കിടയിലും അദൃശ്യമായ അണുകിരണങ്ങള്‍ മനുഷ്യനൊരുക്കിയ ചട്ടക്കൂടുകളില്‍ നിന്നും അല്‍പ്പാല്‍പ്പം വിമുക്തമായിക്കൊണ്ടിരിക്കുന്നത് അവന്‍ അറിഞ്ഞില്ല. അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു.

പ്രപഞ്ചത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് പലയിടങ്ങളിലും അണുവിസ്ഫോടനങ്ങള്‍ നടന്നു കൊണ്ടിരുന്നൂ. അതില്‍ നിന്നും വമിച്ച വികിരണങ്ങള്‍ ജീവജാലങ്ങളുടെ പ്രത്യുല്‍പ്പാദന ശേഷിയും ആരോഗ്യവും കാര്‍ന്നു തിന്നുന്നതിന്‍റെ ഫലമായി ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് വംശനാശങ്ങള്‍ സംഭവിച്ചു തുടങ്ങി. അന്നുള്ളതിന്‍റെ നൂറില്‍ ഒന്ന് വൈവിധ്യങ്ങള്‍ ഇന്ന് ഈ ഭൂമുഖത്ത് ഇല്ല. മാത്രമല്ല കോണ്‍ക്രീറ്റ് കാടുകളും അണു വികിരണങ്ങളും വ്യവസായ ശാലകളും വാഹനങ്ങളും പുറത്തു വിടുന്ന അന്തരീക്ഷമാലിന്ന്യങ്ങള്‍ മറ്റൊരു ദുരന്തത്തിനു കൂടി വഴി വക്കുന്നത് അവര്‍ അറിഞ്ഞില്ല. അതാണ്‌, അന്തരീക്ഷത്തിലെ വര്‍ദ്ധിത താപം ഭൂമിയുടെ ഇരുധ്രുവങ്ങളിലും സഹസ്രാബ്ദങ്ങളായി ഉറഞ്ഞു കിടക്കുന്ന മഞ്ഞിനെ ഉരുക്കിത്തുടങ്ങിയ 'ഗ്ലോബല്‍ വാര്‍മിംഗ്' എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിഭാസം. ഇന്ന് അത് അതിന്‍റെ പാരമ്യത്തില്‍ എത്തിയിരിക്കുന്നൂ. ജോനാഥന്‍ പഴങ്കഥകള്‍ തുടര്‍ന്നു കൊണ്ടേയിരുന്നൂ.

"ഡാഡ്.. വീ ആര്‍ എബൌട്ട്‌ ടു ലാന്‍ഡ്" എലീന ജോനാഥനോട് പറഞ്ഞു. അടുപ്പ് കല്ലുകള്‍ കൂട്ടിയ പോലെ നിരന്നു കിടക്കുന്ന അനേകം കൊച്ചു വീടുകളുടെ ഒരു സമുച്ചയത്തെ ലക്ഷ്യമാക്കി പേടകം സാവധാനം താഴേക്കു കുതിച്ചു. പച്ച നിറം പൂശിയ ഒരു കൊച്ചു വീടിന്‍റെ പരന്ന മേല്‍ക്കൂരയില്‍ എലീന പേടകം ഇറക്കി. "ഡാഡ്.. ദിസ്‌ ഈസ്‌ മൈ ഡെന്‍" ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു. "ഹ ഹ ഹ.. ഗുഡ് മൈ ഡിയര്‍ ഡോള്‍" എന്ന് പറഞ്ഞു കൊണ്ട് അയാള്‍ അതില്‍ നിന്നും ഇറങ്ങി വീടിന്‍റെ അകത്തേക്കുള്ള പടികളിലൂടെ മകളെ അനുഗമിക്കാന്‍ തുടങ്ങുമ്പോള്‍ പടിഞ്ഞാറ് അസ്തമനസൂര്യന്‍ സ്വയം മുഖം മറയ്ക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നത് കാണാമായിരുന്നു.

ഗ്രഹങ്ങള്‍ തമ്മിലുള്ള സമയാന്തരത്തിന്‍റെ സ്വാധീനം മൂലം രാവിലെ വളരെ വൈകിയാണ് ജോനാഥന്‍ ഉണര്‍ന്നെഴുന്നേറ്റത്. കണ്ണ് തിരുമ്മി ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ ഗൃഹാതുരത ഉണര്‍ത്തുന്ന ഒരു കാഴ്ചയാണ് എതിരേറ്റത്. എലീന താന്‍ ഓമനിച്ചു വളര്‍ത്തുന്ന ഒരു ചുവന്ന റോസാച്ചെടിക്കു വെള്ളം ഒഴിക്കുന്നു. അവളുടെ അമ്മയ്ക്കും ചുവന്ന റോസാ പുഷ്പങ്ങള്‍ ജീവന്‍ ആയിരുന്നു. ആ ജനിതകകണത്തിന്‍റെ തനിയാവര്‍ത്തനം ഇതാ തന്‍റെ മുന്നില്‍ ചിറകു വിരിച്ചാടുന്നൂ. അവള്‍ റോസാചെടിക്ക് ഒഴിച്ച വെള്ളം തന്‍റെ ഹൃദയത്തിലാണ് കുളിര് കോരിയിട്ടത് എന്ന് ജോനാഥനു തോന്നി.

ശരീരവേദന വക വെക്കാതെ അയാള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. അതാ മേശപ്പുറത്തു ഒരു ചായ ഫ്ലാസ്ക്കും കപ്പും അതിനടുത്തൊരു കുറിപ്പും. ചായ കപ്പിലേക്ക് പകരും മുമ്പേ ജിജ്ഞാസയൊതുക്കാനാവാതെ അയാള്‍ ആ കുറിമാനമെടുത്തു വായിച്ചു.

"ഹായ് ഡാഡ്... ഗുഡ് മോര്‍ണിംഗ് ആന്‍ഡ്‌ ഹാവ് എ നൈസ് ഡേ വിത്ത്‌ യുവര്‍ ഡോള്‍...." എന്ന് തുടങ്ങുന്ന ഇംഗ്ലീഷില്‍ ഉള്ള ഒരു ചെറിയ കത്ത്. "ഞാന്‍ എന്റെ അച്ഛന്‍റെ ആഗമാനോദ്ദ്യേശവും സ്നേഹസമ്പന്നവും ഗൃഹാതുരവും ആയ അങ്ങയുടെ നല്ല മനസ്സും അറിയുന്നൂ. പ്രപഞ്ചത്തിനു മനുഷ്യന്‍ വരുത്തിയ വറുതികളെക്കുറിച്ച് അച്ഛന്‍ പറയുമ്പോള്‍ നഷ്ടബോധം തിളയ്ക്കുന്ന അങ്ങയുടെ മുഖത്തിന്‍റെ പ്രതിഫലനങ്ങള്‍ എന്‍റെ ഹൃദയത്തിന്‍റെ ആഴങ്ങളില്‍ പതിഞ്ഞു. വരും തലമുറയുടെ നല്ലഭാവിക്കു നാം സ്വാര്‍ത്ഥത വെടിഞ്ഞ് ജീവിക്കേണ്ടത് വളരെ അത്യന്താപേക്ഷിതമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അച്ഛന്‍ എന്നോടും മുത്തച്ഛന്‍ അച്ഛനോടും പറഞ്ഞ കഥകള്‍ ഒരിക്കലും നശിച്ചു പോകാതിരിക്കാന്‍ ഞാന്‍ അച്ഛന്‍റെ അനുസരണയുള്ള പാവക്കുട്ടി ആവാന്‍ തന്നെ തീരുമാനിച്ചു. ഇനിയെങ്കിലും മാനവകുലം ആത്മഹത്യാപരമായ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് അച്ഛന്‍റെ സ്വന്തം പാവക്കുട്ടി".

കത്ത് വായിച്ച് ആഹ്ലാദത്തിന്‍റെയും സമാധാനത്തിന്‍റെയും നെടുവീര്‍പ്പിടുമ്പോള്‍ മന്ദമാരുതന്‍റെ ലാളനത്തില്‍ ജനലഴികളുടെ അപ്പുറത്ത് നിന്നും തന്നെ നോക്കി തലയാട്ടി ചിരിക്കുന്ന ആ ചുവന്ന റോസാപുഷ്പ്പം ജോനാഥന്‍റെ ഹൃദയം കവര്‍ന്നു. 
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment