Friday, November 8, 2013

മരണത്തിലേക്കൊരു ജീവിതദൂരം..


ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള
പാതയോരത്തിരുന്ന്
ഞാന്‍ വീക്ഷിക്കുകയായിരുന്നു,
കിട്ടിയ വഴികളിലൂടെയുത്സാഹത്തോടെ
പായുന്ന മണ്ണിന്റെ മക്കളെ.

അമ്പലങ്ങളും പള്ളികളും
തകര്‍ക്കാനോടുന്നവരുടെ
നെറ്റിയില്‍ ഞാന്‍ കണ്ടൂ ,
മതമേതായാലും മനുഷ്യന്‍
നന്നായാല്‍ മതിയെന്നോരാപ്തവാക്യം

സഹോദരരക്തത്തിനായി
ആയുധവുമായി വഴിയിലെയിരുട്ടില്‍
പതിയിരിക്കുന്നവരുടെ തിരുനെറ്റിയിലു-
മെനിക്ക് കാണായോരാപ്തവാക്യം,
മാര്‍ഗ്ഗമേതായാലും ലക്ഷ്യമാണ്‌ പ്രധാനം..

പാവപ്പെട്ടവന്റെ വയറ്റത്തടിച്ചു
വയറു നിറയ്ക്കുന്ന
ദുരാത്മാക്കളുടെ മസ്തകത്തിലുമൊരു
മഹത് വചനം ഞാന്‍ കണ്ടു.
നിന്നെപ്പോലെയയല്‍ക്കാരനേയും സ്നേഹിക്കുക.

പിന്നെ.. വഴിയില്‍ നാട്ടിയ
ഒരുപാടൊരുപാട് ചൂണ്ടുപലകകള്‍
എനിക്ക് വ്യക്തമാക്കി..
ദൈവം കാരുണ്യവാനാണ്,
അഗതികള്‍ക്കാശ്രയമവന്‍ മാത്രം.

വിരോധാഭാസങ്ങള്‍ അനാവരണമാകുന്ന
ഈ പ്രയാണങ്ങള്‍ക്കിടെ മനസ്സ് നൊന്ത ചില
ആത്മരോദനങ്ങളുമെനിക്കു കേള്‍ക്കായി..
അത് സംസ്കൃതത്തിലും ഹീബ്രുവിലും
അറബിക്കിലുമായിരുന്നു.
മിഥ്യകളാം നിസ്തേജലക്ഷ്യങ്ങള്‍
നിറവേറ്റാനുള്ളോരീയോട്ടത്തില്‍,
മിക്കവാറുമൊരു കാര്യമവര്‍ മറന്നിരിക്കാം..
ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള
ഹ്രസ്വദൂര പാതയിലല്ലേ തങ്ങളുടെയീ സഞ്ചാരമെന്ന്.

മനുഷ്യന്‍ മണ്ണാകുന്നുവെന്നും
മണ്ണിലേക്ക് തന്നെ മടങ്ങുമെന്നും,
ജൈത്രയാത്രകളുടെ ലക്ഷ്യം ശ്യൂന്യഹസ്തമായ,
ജയഭേരികളുയരാത്ത, തമസ്സിലേക്കാണെന്നും
ആവര്‍ത്തിച്ചാവര്‍ത്തിക്കാനിനിയും
വരുമോയൊരു നവദൈവം?

- ജോയ് ഗുരുവായൂര്‍

2 comments:

  1. ഒരു യാത്രയില്‍ വെയിലില്‍ നിന്ന് മാറി ഒന്ന് തണലേല്‍കക്കുവാന്‍ ഒരു മരത്തതണലില്‍ വിശ്രമിക്കാനെടുക്കുന്നത്രയെ ഉള്ളൂ അത്രേ നമ്മുടെ ജീവിതം."മധ്യമിങ്ങനെ കാണുന്ന നേരത്തെന്തിനു.."

    ReplyDelete
    Replies
    1. ശ്രീ ഷറഫ്ദ്ദീന്‍ വളരെ നന്ദി ഈ വായനയ്ക്കും അഭിപ്രായത്തിനും

      Delete